
വിവരണം
മുന്‍ ഡിജിപി സെന്‍കുമാര്‍ നിലപാടുകളും അഭിപ്രായങ്ങളും തന്റെ സാമൂഹ്യ മാധ്യമ അക്കൌണ്ടുകളിലൂടെ പതിവായി തുറന്നു പറയാറുണ്ട്. അതിനാല്‍ അദ്ദേഹം വാര്‍ത്തകളില്‍ സ്ഥിരമായി ഉണ്ടാകാറുമുണ്ട്. ഇതിനു മുമ്പ് അദ്ദേഹത്തെ കുറിച്ച് സാമൂഹ മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രചരിച്ചപ്പോള്‍ അതിന്റെ മുകളില്‍ ഞങ്ങള്‍ അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ലേഖനം താഴെയുള്ള link തുറന്ന് വായിക്കാം
ഇപ്പോള്‍ മറ്റൊരു വാര്‍ത്ത അദ്ദേഹത്തിനെ പറ്റി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. കേരത്തിലെ മുന്‍ ഡിജിപി സെന്‍ കുമാര്‍ തമിഴ്നാട് ഗവര്‍ണ്ണര്‍ ആയി നിയമിതനാകാന്‍ പോകുന്നു എന്നതാണ് വാര്‍ത്ത.
വിര്‍ച്വല്‍ ടൈംസ് എന്ന ഒരു പത്രത്തിന്റെ സ്ക്രീന്‍ ഷോട്ടിന്റെ രൂപത്തിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഈ വാര്‍ത്ത സത്യമാണോ എന്ന് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ക്ക് വാട്ട്സ് അപ്പില്‍ സന്ദേശം ലഭിച്ചു.
ഞങ്ങള്‍ ഈ പ്രചാരണത്തെ പറ്റി അന്വേഷിച്ചപ്പോള്‍ പൂര്‍ണ്ണമായും വ്യാജ പ്രചരണം മാത്രമാണിതെന്ന് വ്യക്തമായി. വിശദാംശങ്ങള്‍ പറയാം
വസ്തുതാ വിശകലനം
ഞങ്ങള്‍ ഈ പ്രചാരണത്തെ പറ്റി അന്വേഷിക്കാനായി ‘വിര്‍ച്വല്‍ ടൈംസ് നാഷണല്‍ ഈവനിംഗ് ഇംഗ്ലീഷ് ഡെയിലി’ എന്ന മാധ്യമത്തെ പറ്റി ആദ്യം അന്വേഷിച്ചു. എന്നാല്‍ ഇങ്ങനെയൊരു പത്രം നിലവിലില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഗൂഗിളോ മറ്റ് സെര്‍ച്ച് എന്‍ജിനുകളോ ഉപയോഗിച്ച് അന്വേഷിക്കുമ്പോള്‍ വാര്‍ത്ത മാധ്യമളെ കുറിച്ചുള്ള വിവരണങ്ങള്‍ കൃത്യമായി ലഭിക്കാറുണ്ട്. എന്നാല്‍ വിര്‍ച്വല്‍ ടൈംസ് എന്നൊരു മാധ്യമം നിലവിലില്ലാത്തതാണ്.
വാര്‍ത്ത നല്കിയ പേജിന്റെ പൂര്‍ണ്ണരൂപം ഇവിടെ കാണാം.
കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാനായി ഞങ്ങള്‍ ടി പി സെന്‍ കുമാറുമായി ബന്ധപ്പെട്ടു. “ഇത് വ്യാജ വാര്‍ത്തയാണ്. പ്രചരണം ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നെ പറ്റിയുള്ള പ്രധാനപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ എന്റെ സാമൂഹ്യ മാധ്യമ അക്കൌണ്ടുകള്‍ പരിശോധിച്ചാല്‍ മതിയാകും.”
കുറച്ചുകൂടി വ്യക്തതയ്ക്കായി ഞങ്ങള്‍ ബിജെപി സംസ്ഥാന ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഓഫീസ് സെക്രട്ടറി ഗിരീഷ് നല്കിയ മറുപടി ഇങ്ങനെയാണ്. “ഇത് വ്യാജ പ്രചാരണമാണ്. പാര്‍ട്ടി നേതൃത്വം എടുക്കുന്ന ഔദ്യോഗിക തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരണത്തിനു നല്‍കാറുണ്ട്. കൂടാതെ ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഞങ്ങള്‍ നല്‍കും. അല്ലാതെ പ്രചരിക്കുന്നതൊക്കെ ആധികാരികത ഇല്ലാത്ത വാര്‍ത്തകളാണ്”.
സെന്‍ കുമാറിനെ പറ്റി നല്‍കിയിരിക്കുന്ന പ്രസ്തുത വാര്‍ത്തയുടെ ഉള്ളടക്കം ശ്രദ്ധിച്ചാല്‍ തന്നെ ഇത് വ്യാജമായി സൃഷ്ടിച്ചതാണ് എന്ന് എളുപ്പം മനസ്സിലാകും. അതിലെ ഒരു വാചകം ഇങ്ങനെയാണ്: “ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രി പ്രണബ് മുഖര്‍ജിയുടെ സര്‍ക്കാര്‍ ഡിജിപി സെന്‍ കുമാറിനെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്” എന്നാണ്.
പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് കൃത്രിമമായി സൃഷ്ടിച്ച വ്യാജ സ്ക്രീന്‍ ഷോട്ടില്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയാണ്.
നിഗമനം
മുന്‍ ഡിജിപി ടി. പി.സെന്‍കുമാറിനെ തമിഴ്നാട് ഗവര്‍ണറായി നിയമിക്കും എന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്ന മാധ്യമം നിലവിലില്ലാത്തതാണ്. വ്യാജ സ്ക്രീന്‍ ഷോട്ടാണ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്.

Title:മുന്‍ ഡിജിപി സെന്‍കുമാര്‍ തമിഴ്നാട് ഗവര്‍ണറായി ചുമതലയേല്‍ക്കുമെന്ന് വ്യാജ പ്രചരണം..
Fact Check By: Vasuki SResult: False
