ആമിർ ഖാൻ 15000 രൂപ ഒരു കിലോ ആട്ട മാവിൽ ഒളിപ്പിച്ചു വച്ച്‌ പാവങ്ങൾക്ക് വിതരണം ചെയ്യുന്നു എന്ന വാർത്ത വിശ്വാസ യോഗ്യമല്ല…

Coronavirus സാമൂഹികം

വിവരണം 

കഴിഞ്ഞു രണ്ടു-മൂന്നു ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് ബോളിവുഡ് നടൻ ആമിർ ഖാൻ കോവിഡ് ദുരിതാശ്വാസമായി ഒരു സർപ്രൈസ് സമ്മാനം നൽകിയെന്നത്. “അമീർ ഖാൻ ഓരോ കിലോ ഗോതമ്പുപൊടി പാവപ്പെട്ടവർക്ക് സൗജന്യമായി കൊടുത്തു.  ഒരു കിലോ ആയ കാരണം ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ളവർ മാത്രം പോയി വാങ്ങി കിട്ടിയവർ വീട്ടിൽവന്ന് കിറ്റ് തുറന്നപ്പോൾ 15,000 രൂപ വെച്ച് ഓരോ കവറിലും സിനിമയെ വെല്ലുന്ന ക്ലൈമാക്സ്👇” എന്ന വിവരണത്തോടെ ഒരു ടിക്ടോക് ആപ്പിൽ സൃഷ്‌ടിച്ച ഒരു വീഡിയോ ആണ് നൽകിയിട്ടുള്ളത്.

ഈ വാര്‍ത്തയുടെ ആധികാരികത അന്വേഷിച്ചു കൊണ്ട് നിരവധി സന്ദേശങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. 

archived linkFB post

വീഡിയോയിലെ ഹിന്ദിയിലുള്ള വിവരത്തിൽ ഇതേ കാര്യം തന്നെയാണ് വിശദീകരിക്കുന്നത്. എന്നാൽ ആമിർ ഖാനാണ് ഇതിനു പിന്നിൽ എന്ന് ഒരിടത്തും പറയുന്നില്ല. മാത്രമല്ല, പണം വെറുതെ മാവിൽ നിക്ഷേപിച്ച നിലയിലാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. ആമിർ ഖാനെപ്പോലെയുള്ള ഒരു വ്യക്തിയോ അല്ലെങ്കിൽ മറ്റ്  സന്നദ്ധ സംഘടനകളോ  പണം കവർ ചെയ്യാതെ ആഹാരക്ക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മാവിൽ അത്തരത്തിൽ നിക്ഷേപിക്കാൻ ഇടയില്ല. 

ഈ വീഡിയോയെ പറ്റി ഞങ്ങൾക്ക് ലഭിച്ച വിശദാംശങ്ങൾ വ്യക്തമാക്കാം. 

വസ്തുതാ വിശകലനം

വാർത്തയുടെ ആധികാരികത അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ചില ഓൺലൈൻ മാധ്യമങ്ങളുടെ വാർത്തകൾ  ലഭിച്ചു. ചിലതിൽ ഈ സംഭവം ഗുജറാത്തിലെ സൂററ്റിൽ ഒരു സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ നടന്നതാണ് എന്നും മറ്റു ചിലതിൽ ഈ പ്രത്യേക ദാനധർമ്മത്തിനു പിന്നിൽ  ആമിർ ഖാനാണെന്നും അവകാശപ്പെടുന്നു. ഏതായാലും മുഖ്യധാരാ മാധ്യമങ്ങളൊന്നും ഇങ്ങനെയൊരു വാർത്ത എവിടെയും പ്രസിദ്ധീകരിച്ചിട്ടില്ല. ഞങ്ങൾക്ക് ലഭിച്ച മറ്റൊരു വാർത്തയിൽ വാർത്തയുടെ ആധികാരികതയെ പറ്റി സംശയം പ്രകടിപ്പിക്കുന്നു. 

വാർത്തയുടെ ഉള്ളടക്കത്തിന്‍റെ പരിഭാഷ ഇങ്ങനെയാണ്: ഗുജറാത്തിലെ സൂററ്റിൽ  വാട്ട്‌സ്ആപ്പിൽ ഒരു വാർത്ത  വൈറലാകുന്നുണ്ട്, അതിൽ ഗുജറാത്തിലെ സൂറത്ത് നഗരത്തിൽ  പാവപ്പെട്ടവർക്ക് സംഭാവന ചെയ്ത ഒരു പായ്ക്ക് ആട്ട മാവിൽ 15000 രൂപയും ഒളിപ്പിച്ചു വച്ചിട്ടുണ്ട്. സൂററ്റിന്‍റെ ഈ ‘അതുല്യ സംഭാവന’ അടുത്തിടെ വാർത്തകളിൽ ഉണ്ടായിരുന്നു. പക്ഷേ, ഇത് യാഥാർത്ഥ്യമാണോ അതോ ഒരു കിംവദന്തിയാണോ എന്ന് സംശയിക്കുന്നു.? വാട്‌സ്ആപ്പിൽ വൈറലാകുന്ന ഒരു സന്ദേശത്തിൽ ഒരാൾ ട്രക്കുമായി എത്തി 1-1 കിലോ മാവ് ദരിദ്രർക്ക് നൽകുമെന്ന് പ്രഖ്യാപിച്ചതായി എഴുതിയിട്ടുണ്ട്. ധാരാളം ദരിദ്രർ അവിടെ തടിച്ചുകൂടി മാവുമായി മടങ്ങി. ആളുകൾ വീട്ടിൽ വന്ന് മാവ് പാക്കറ്റ് തുറന്നപ്പോൾ  15000   രൂപ മാവിനുള്ളിൽ നിന്ന് ലഭിച്ചു. 

എന്നാൽ എന്താണ് യാഥാർത്ഥ്യം? യഥാർത്ഥത്തിൽ, ഈ സന്ദേശം ആദ്യ കാഴ്ചയിൽ തന്നെ വ്യാജമായി തോന്നുന്നു. മാവ് ബാഗിൽ നിന്ന് വരുന്ന നോട്ടുകൾ യഥാര്‍ത്ഥമാണ്. രണ്ടാമതായി, സ്വയം പ്രഖ്യാപിത ദാതാവ് 1-1 കിലോ പാക്കറ്റ് മാവുമായി എത്തിയിട്ടുണ്ടെങ്കിൽ, സ്വാഭാവികമായും ആ പ്രദേശത്ത് ഒരു വലിയ ജനക്കൂട്ടം ഉണ്ടാകുമായിരുന്നു, കാരണം ആയിരക്കണക്കിന് പാക്കറ്റുകൾ ട്രക്കിൽ മാത്രമേ വരൂ. ലോക്ക് ഡൌൺ സമയത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നെങ്കിൽ പോലീസോ ഭരണകൂടമോ അത് ശ്രദ്ധിക്കുമായിരുന്നു. മാത്രമല്ല, വീഡിയോയിൽ കറന്‍സി നോട്ടുകള്‍ എടുക്കുന്ന രീതി കാണുകയാണെങ്കിൽ,  കൈകൾ രണ്ടും വ്യത്യസ്തമാണെന്നു വ്യക്തമായി കാണാം,  രണ്ട് കൈകളുടെ നിറത്തിലും വ്യത്യാസമുണ്ട്. സൂറത്ത് നിവാസിയായ വിവേക് ​​പലിവാളുമായി മീഡിയ വെബ്‌ഡൂണിയ സംസാരിച്ചപ്പോൾ, ഈ വിവരങ്ങൾ വാട്ട്‌സ്ആപ്പിൽ വൈറലായ വാര്‍ത്ത മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, വാട്ട്‌സ്ആപ്പിന് പുറമെ ഇത്തരത്തിലുള്ള വിവരങ്ങൾ മറ്റൊരു സ്രോതസ്സില്‍ നിന്നും ലഭിച്ചിട്ടില്ല. ഒരു ദാതാവിന്‍റെയും പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, മാവ് ലഭിച്ച ഒരാളെപ്പോലും കണ്ടെത്തിയിട്ടില്ല. 

ഈ സംഭവം വാട്ട്സ് ആപ്പിൽ  പ്രചരിച്ചതല്ലാതെ യഥാർത്ഥത്തിൽ സംഭവിച്ചതായി ഒരിടത്തു നിന്നും സൂചനകൾ ലഭിച്ചിട്ടില്ലെന്നാണ് ഗുജറാത്തിലെ ഞങ്ങളുടെ പ്രതിനിധിയുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്. സംഭവത്തെ പറ്റി ടിക്‌ടോക് വീഡിയോ മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. ഈ സംഭാവന ലഭിച്ചുവെന്ന്  ആരും ഇതുവരെ അവകാശപ്പെട്ട് ആരും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല.

മാത്രമല്ല, ആമിർ ഖാനുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ഇതുവരെ ഈ വാർത്തയ്ക്ക് യാതൊരു സ്ഥിരീകരവും ലഭിച്ചിട്ടില്ല. അതേപോലെ വാർത്ത നിഷേധിച്ചു കൊണ്ടുള്ള വിശദീകരണങ്ങളും ഒരിടത്തു നിന്നും വന്നിട്ടില്ല.

സെലിബ്രിറ്റികളുടെ പേരിൽ പലപ്പോഴും ഇത്തരത്തിൽ പല വ്യാജ വാർത്തകളും പ്രചരിക്കാറുണ്ട്. അത്തരത്തിൽ പല വാർത്തകളുടെയും വസ്തുതാ അന്വേഷണം ഞങ്ങൾ നടത്തിയിട്ടുണ്ട്. ഇതും അത്തരത്തിൽ പെട്ടതാണെന്ന് അനുമാനിക്കുന്നു. 

15000 രൂപ ഒരു കിലോ ആട്ട മാവിൽ ഒളിപ്പിച്ചു വച്ച്പാവങ്ങൾക്ക് ആമിർ ഖാൻ വിതരണം ചെയ്യുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത യാതൊരു സ്ഥിരീകരണവുമില്ലാത്തതാണ്.

നിഗമനം 

ആമിർ ഖാൻ 15000 രൂപ ഒരു കിലോ ആട്ട മാവിൽ  ഒളിപ്പിച്ചു വച്ച്‌  പാവങ്ങൾക്ക്  വിതരണം ചെയ്യുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വെറും കിംവദന്തിയാണെന്ന് അനുമാനിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലുള്ള പ്രചാരണമല്ലാതെ ഈ വാർത്തയ്ക്ക് ഒരിടത്തു നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതിനാൽ വാർത്ത വിശ്വസനീയമല്ല. ഇതേപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ ഞങ്ങൾ ലേഖനത്തിൽ ചേർക്കുന്നതാണ്.

അപ്ഡേറ്റ് :
ആമിർ ഖാൻ 15000 രൂപ കോവിഡ് ദുരിതാശ്വാസ മായി നൽകി എന്ന നിലയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു വരുന്ന അഭ്യൂഹങ്ങൾക്ക്‌ വിരാമമിട്ടു കൊണ്ട് ആമിർ തന്റെ ട്വിറ്റർ പേജിൽ വിശദീകരണം നൽകിയിട്ടുണ്ട്. അതിനാൽ വാർത്ത പൂർണ്ണമായും തെറ്റാണെന്ന് മാന്യ വായനക്കാരെ അറിയിക്കുന്നു.

Avatar

Title:ആമിർ ഖാൻ 15000 രൂപ ഒരു കിലോ ആട്ട മാവിൽ ഒളിപ്പിച്ചു വച്ച്‌ പാവങ്ങൾക്ക് വിതരണം ചെയ്യുന്നു എന്ന വാർത്ത വിശ്വാസ യോഗ്യമല്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •