അക്ഷയ കേന്ദ്രം വഴിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെ പറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്

സാമൂഹികം

വിവരണം

സര്‍ക്കാര്‍  പദ്ധതികളെ പറ്റി നിരവധി പ്രചാരണങ്ങള്‍ സാമൂയ മാധ്യമങ്ങളില്‍ കണ്ടുവരാറുണ്ട്. സര്‍ക്കാരിന്‍റെ  ചില പദ്ധതികള്‍ക്കുള്ള അപേക്ഷ സമര്‍പ്പണം അക്ഷയ കേന്ദ്രങ്ങള്‍ വഴി ചെയ്യാന്‍ സൗകര്യമുള്ളതിനാല്‍ അക്ഷയ കേന്ദ്രങ്ങളുടെ പേരുകൂടി ഉള്‍പ്പെടുത്തിയാണ്  ഇത്തരത്തിലെ പല വാര്‍ത്തകളും പ്രചരിപ്പിക്കുന്നത്. 

സര്‍ക്കാര്‍  ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഒരു വാര്‍ത്ത ഇപ്പോള്‍ ഇത്തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍  പ്രചരിക്കുന്നുണ്ട്. ഇതിന്‍റെ വസ്തുത അന്വേഷിച്ച് വായനക്കാരില്‍ ചിലര്‍ ഞങ്ങളുടെ വാട്ട്സ് അപ്പ് ഫാക്റ്റ് ലൈന്‍ നമ്പരായ 9049053770 ലേയ്ക്ക് ഇത്തരത്തിലെ ചില പോസ്റ്റുകള്‍ അയച്ചിരുന്നു.  

“അറിയിപ്പ് –പുതുതായി ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിന് സെപ്റ്റംബര്‍ മാസം അവസാനവും ഒക്ടോബര്‍ മാസം ആദ്യവും അക്ഷയ സെന്‍റര്‍ വഴി അവസരം ലഭിക്കുന്നതാണ്. എപിഎല്‍ ബിപിഎല്‍ വേര്‍തിരിവില്ലാതെ റേഷന്‍ കാര്‍ഡുള്ള എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭിക്കുന്നതിനുള്ള അര്‍ഹതയുണ്ട്.  അക്ഷയ സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യുക!! ഈ മെസ്സേജ് പരമാവധി ഷെയര്‍ ചെയ്യുക!! ആവശ്യമുള്ളവര്‍ ഈ പദ്ധതിയില്‍ അംഗമാവുക!!” ഇതാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന അറിയിപ്പ്. 

ഇതേ പോസ്റ്റുകള്‍ ഫെസ്ബുക്കിലും പ്രചരിക്കുന്നതായി കണ്ടെത്തി.

archived linkFB post

എന്നാല്‍ ഇത് വെറും വ്യാജ പ്രചരണം മാത്രമാണെന്ന് ആദ്യമേ തന്നെ അറിയിക്കട്ടെ. 

വസ്തുത ഇതാണ്

ഞങ്ങള്‍ അറിയിപ്പിനെ പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇതേ പോസ്റ്റ് 2019 മുതല്‍ പ്രചരിക്കുന്നുണ്ടെന്ന് മനസ്സിലായി.

archived linkfacebook

അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ അറിയിച്ചത് ഇത് ഏറെ നാള്‍ മുമ്പ് മുതലുള്ള വ്യാജ പ്രചരണമാണെന്നാണ്. “കുറേ അന്വേഷണങ്ങള്‍ ഞങ്ങള്‍ക്ക് ദിവസേന ലഭിക്കാറുണ്ട്. ഇത്തരത്തില്‍ യാതൊരു അറിയിപ്പോ നിര്‍ദ്ദേശമോ ഞങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് മറ്റൊരു സ്കീം ഇവിടെ ഉണ്ട്. ” 

സംസ്ഥാന ഐടി മിഷന്‍ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍  ഇത് വെറും വ്യാജ പ്രചരണമാണെന്നുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ട്. 

archived linkkerala state it mission

ഈ പ്രചരണം 2019 ല്‍ നടന്നപ്പോഴും അവര്‍ ഇത് വ്യാജ വാര്‍ത്തയാണെന്നുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. 

archived linkfacebook

സര്‍ക്കാരിന്‍റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളെ പറ്റിയുള്ള വിവരങ്ങള്‍ ആശാ വര്‍ക്കര്‍മാരില്‍ നിന്നോ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നോ അതുമല്ലെങ്കില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നോ ലഭിക്കും. 

കേരളത്തിലെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് ഏജൻസി (ചിയാക്) അവരുടെ സാമൂഹിക ആരോഗ്യ ഇൻഷുറൻസ് പദ്ധതി അക്ഷയയുമായി സംയോജിപ്പിച്ചിട്ടുണ്ട്. ബിപി‌എൽ കുടുംബങ്ങളാണ് പദ്ധതിക്ക് അര്‍ഹര്‍.  ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള നോഡൽ ഏജൻസികളാണ് അക്ഷയ കേന്ദ്രങ്ങൾ.

ബിപി‌എൽ , നിര്‍ധന  തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും പദ്ധതിയില്‍ വരിക്കാരാകുന്ന മറ്റ് കുടുംബങ്ങൾക്കും പദ്ധതി കവറേജ് നൽകും. എപിഎല്‍ കാര്‍ഡുടമകള്‍ അക്ഷയ വഴി നല്‍കുന്ന ഈ പദ്ധതിക്ക് അര്‍ഹരല്ല. 

സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ സംയോജിച്ച് നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളെ പറ്റിയുള്ള വിവരങ്ങള്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെ  വെബ് സൈറ്റില്‍ ലഭ്യമാണ്. 

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് തെറ്റായ അറിയിപ്പാണ്. കാലങ്ങളായി പ്രചരിക്കുന്ന വ്യാജ പ്രചരണം മാത്രമാണിത്. അതിനാല്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കാതിരിക്കുക.

Avatar

Title:അക്ഷയ കേന്ദ്രം വഴിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെ പറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്

Fact Check By: Vasuki S 

Result: False