രാഹുല്‍ ഗാന്ധിയുടെ ജനന സമയത്ത് ലേബര്‍ റൂമിലുണ്ടായിരുന്ന മലയാളി നഴ്‌സിനെതിരെ നടക്കുന്ന പ്രചരണങ്ങള്‍ സത്യമോ കളവോ?

രാഷ്ട്രീയം

വിവരണം

രാഹുല്‍ ഗാന്ധി പെറ്റു വീണത് വയനാട്ടുകാരിയുടെ കൈകളിലേക്ക് എന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി എത്തിയതോടെയാണ് രാജമ്മ എന്ന സ്ത്രീ സോണിയ ഗന്ധി രാഹുലിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രസവിക്കുമ്പോള്‍ നഴ്‌സായി ജോലി ചെയ്തിരുന്നു എന്ന് പല മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ 48 വയസ് പ്രായമുള്ള രാഹുല്‍ ജനിക്കുമ്പോള്‍ നഴ്‌സ് ആയിരുന്നു എന്ന് അവകാശപ്പെടുന്ന രാജമ്മയ്ക്ക് 55 വയസ് മാത്രമാണ് ഇപ്പോള്‍ പ്രായമെന്നാണ് പോരാളി ഷാജി എന്ന ഓപ്പണ്‍ ഗ്രൂപ്പില്‍ ഷൗക്കത്ത് നൗഷാദ് എന്ന വ്യക്തി ആരോപിക്കുന്നത്. 7 വയസ് മാത്രം പ്രായമുള്ള നഴ്‌സ് യുവതി എന്ന പരിഹാസത്തോടെയാണ് പോസ്റ്റ് പങ്കു വച്ചിരിക്കുന്നത്. ഇതുവരെ 200ല്‍ അധികം ഷെയറുകളും 1,000ല്‍ ഏറെ ലൈക്കുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പോസ്റ്റില്‍ അവകാശപ്പെട്ടിരിക്കുന്നതും ഉന്നയിക്കുന്നതുമായ കാര്യങ്ങള്‍ വസ്തുതപരമാണോ. എന്ത് അടിസ്ഥാനത്തിലാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നതെന്ന് പരിശോധിക്കാം.

Facebook PostArchived Link

വസ്‌തുത വിശകലനം

പ്രമുഖ ദിനപത്രമായ മലയാള മനോരമയും അവരുടെ ഓണ്‍ലൈന്‍ പതിപ്പായ മനോരമ ഓണ്‍ലൈനുമാണ് രാജമ്മയെ കുറിച്ചുള്ള ആര്‍ട്ടിക്കിള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ട് പ്രകാരം വയനാട് ബത്തേരി നായ്‌ക്കട്ടി സ്വദേശിനിയായ രാജമ്മ രാജപ്പനാണ് രാഹുല്‍ ഗാന്ധിയുടെ ജനന സമയത്ത് 1970 ജൂണ്‍ 19ന് ന്യൂ ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ ന‌ഴ്‌സായി ജോലി ചെയ്തിരുന്നത്. അന്ന് 23 വയസുകാരിയായിരുന്ന രാജമ്മ അച്ഛന്‍ രാജീവ് ഗാന്ധിക്കും മുത്തശിയും അന്ന് പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിക്കും കുഞ്ഞ് രാഹുലിനെ കൈമാറിയെന്നും ഓര്‍മ്മകുറിപ്പില്‍ പറയുന്നു. മാത്രമല്ല ഒരാഴ്ച്ചയോളം രാഹുലിനെ ശുശ്രൂഷിച്ചതായും രാജമ്മ ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്. രാജമ്മയ്ക്ക് ഇപ്പോള്‍ 72 വയസ് പ്രായമുണ്ടെന്ന് വ്യക്തമായി മനോരമ ലേഖനത്തില്‍ പറയുന്നുണ്ട്. 2019 ഏപ്രില്‍ 19ന് മനോരമ പ്രസിദ്ധീകരിച്ച ലേഖനത്തിന് പുറമെ ദേശീയ മാധ്യമമായ ഔട്ട്‌ലുക്ക് ഇന്ത്യ മാസികയുടെ ഓണ്‍ലൈന്‍ എഡീഷനും ഏപ്രില്‍ 30ന് ഇതെ വിഷയം ലേഖനമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമ്പോള്‍ ഏറെ പ്രസ്കതമായ ഈ വിഷയത്തെ കുറിച്ചുള്ള ലേഖനങ്ങളിലെല്ലാം രാജമ്മ എന്ന അന്നത്തെ ന‌ഴ്‌സിന്‍റെ പ്രായം 72 ആണെന്ന് വ്യക്തമാക്കുന്നുണ്ട്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് പോരാളി ഷാജി എന്ന ഗ്രൂപ്പില്‍ ഇത്തരമൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടതെന്നും പ്രചരിപ്പിക്കപ്പെട്ടതെന്നും വ്യക്തതയില്ല.

(രാജമ്മ രാജപ്പന്‍ – ചിത്രം – മലയാള മനോരമ(

Manorama Online Article
Archived Link
Outlook India ArticleArchived Link    


നിഗമനം

ആദ്യമായി രാജമ്മയുടെ ലേഖനം പ്രസിദ്ധീകരിച്ച ലേഖനത്തിലും പിന്നീട് റിപ്പോര്‍ട്ട് ചെയ്ത ഔട്ട്‌ലുക്കിലും എല്ലാ പ്രായം കൃത്യമായി വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ തികച്ചും വസ്തുത വിരുദ്ധമായ ആരോപണം മാത്രമാണിതെന്നും വിശദമായ വിശകലനത്തിനൊടുവില്‍ അനുമാനിക്കാന്‍ കഴിയുന്നതാണ്.

Avatar

Title:രാഹുല്‍ ഗാന്ധിയുടെ ജനന സമയത്ത് ലേബര്‍ റൂമിലുണ്ടായിരുന്ന മലയാളി നഴ്‌സിനെതിരെ നടക്കുന്ന പ്രചരണങ്ങള്‍ സത്യമോ കളവോ?

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •