കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്‍റെ പിതാവിനെ സന്ദര്‍ശിക്കുന്നു- ദൃശ്യങ്ങളുടെ സത്യമിതാണ്…

അന്തര്‍ദേശീയം

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രായമുള്ള ഒരു വ്യക്തിയെ സന്ദര്‍ശിക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

നിര്‍മ്മല സീതാരാമന്‍ സന്ദര്‍ശിക്കുന്ന വ്യക്തി അവരുടെ പിതാവാണ് എന്നാണ് ഒപ്പമുള്ള വിവരണത്തില്‍ അവകാശപ്പെടുന്നത്. വീഡിയോ ദൃശ്യങ്ങളില്‍ നിര്‍മ്മല പ്രായം ചെന്ന ഒരു വ്യക്തിയെ വീട്ടിലെത്തി സന്ദര്‍ശിക്കുന്നതും സംസാരത്തിനിടെ പലരും അദ്ദേഹത്തിന്‍റെ അടുത്തെത്തി കാല്‍ തൊട്ട് വണങ്ങുന്നതും കാണാം. കേന്ദ്ര മന്ത്രിയാണെങ്കിലും നിര്‍മ്മല സീതാരാമന്‍റെ വീട് ലാളിത്യമുള്ളതാണെന്നും പ്രായം ചെന്ന വ്യക്തി അവരുടെ പിതാവാണെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “നമ്മുടെ ഇന്ത്യൻ ധനകാര്യമന്ത്രി അവരുടെ പിതാവിനെ സന്ദർശിച്ചപ്പോൾ…അവരുടെ വീട് ശ്രദ്ധിക്കുക…എത്ര ലളിതമായ ജീവിതം. 🙏’

എന്നാല്‍ വീഡിയോയിലെ പ്രായം ചെന്ന വ്യക്തി നിര്‍മ്മലയുടെ പിതാവല്ലെന്നും അത് നിര്‍മ്മലയുടെ വീടല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഫേസ്ബുക്കിൽ കീവേഡ് അന്വേഷണം നടത്തി ഞങ്ങൾ പരിശോധിച്ചപ്പോള്‍  നിർമല സീതാരാമന്‍റെ ഫേസ്ബുക്ക് പേജിൽ ഇതേ വീഡിയോ ഡിസംബർ 3 ന് പങ്കുവച്ചതായി ഞങ്ങൾ കണ്ടെത്തി. 

കൊളോണിയൽ കാലഘട്ടത്തിലെ വിപ്ലവ തമിഴ് കവിയായ സുബ്രഹ്മണ്യ ഭാരതിയാറിന്‍റെ മരുമകനായ  കെ.വി. കൃഷ്ണനെയാണ് നിര്‍മ്മല സന്ദര്‍ശിക്കുന്നത്. 2022 ഡിസംബർ 3-ന് ഉത്തർപ്രദേശിലെ വാരണാസിയിലാണ് സന്ദർശനം നടത്തിയത്.  

അതിനോടൊപ്പം നൽകിയ വിവരങ്ങളിൽ, ഈ വീഡിയോ വാരണാസിയിലെ ശിവ മഠത്തിന്‍റെതാണെന്ന് പറഞ്ഞിട്ടുണ്ട്. മഹാകവി ഭാരതിയാർ 1900-ൽ വാരണാസി സന്ദർശിച്ചപ്പോൾ താമസിച്ച സ്ഥലമാണിത്. അതിനുശേഷം കാശിതമിഴ്സംഗമം എന്ന കൃതിയും അവിടെ എഴുതിയിട്ടുണ്ട്.

2022 ഡിസംബർ 4 ന് ഇതേ വീഡിയോ നിര്‍മ്മലയുടെ ഇൻസ്റ്റാഗ്രാം  അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

“ഇന്നലെ വാരണാസിയിലെ ശിവമഠം  സന്ദർശിച്ചു. മഹാകവി ഭാരതിയാരുടെ 96-കാരനായ അനന്തരവൻ ശ്രീ കെ.വി. കൃഷ്ണൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുമായി സംവദിച്ചു. #KashiTamilSangamam എന്ന ഹാഷ്ടാഗോടെയാണ് വീഡിയോ. ഡിസംബർ 3 ന്, അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും ഇതേ വീഡിയോ നല്കിയിട്ടുണ്ട്.  സീതാരാമന്‍റെ സന്ദർശനത്തെക്കുറിച്ചുള്ള തമിഴ് മലൈമലര്‍ റിപ്പോർട്ട് ഇവിടെ വായിക്കാം

ഡിസംബർ 2-ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിൽ, ഡിസംബർ 3-ന് വാരണാസിയിലെ ശിവമഠം ഉൾപ്പെടെയുള്ള പ്രധാന തമിഴ് സ്വാധീന കേന്ദ്രങ്ങൾ സന്ദർശിക്കാൻ ധനമന്ത്രി പദ്ധതിയിട്ടതായി പറയുന്നു. മഹാകവി ഭാരതിയാർ എന്നറിയപ്പെടുന്ന മഹാകവി സുബ്രഹ്മണ്യ മികവുറ്റ തമിഴ് സാഹിത്യകാരനും വിപ്ലവ കവിയും ആക്ടിവിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു. 1900-കളിൽ വാരണാസി സന്ദർശനവേളയിൽ അദ്ദേഹം ശിവമഠത്തിലാണ് തങ്ങിയത്. 2022 നവംബറിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും ഉത്തർപ്രദേശിലെ വാരണാസിയിൽ വെച്ച് കെ വി കൃഷ്ണനെ കാണുകയും അതിനെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഞങ്ങള്‍ നിര്‍മ്മല സീതാരാമന്‍റെ മാതാപിതാക്കളെ കുറിച്ച് തിരഞ്ഞു. അന്വേഷണത്തിൽ, എബിപി ന്യൂസിൽ നിർമലയുടെ മാതാപിതാക്കളായ സാവിത്രി സീതാരാമന്‍റെയും നാരായണൻ സീതാരാമന്‍റെയും ഫോട്ടോകൾ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് ലഭിച്ചു. 

2019 ജൂലൈ 5 നാണ് സംപ്രേക്ഷണം ചെയ്തിട്ടുള്ളത്. നിർമല സീതാരാമൻ ആദ്യ ബജറ്റ് അവതരിപ്പിച്ചപ്പോൾ എടുത്ത ചിത്രങ്ങളാണിതെന്നും അതിൽ പറഞ്ഞിട്ടുണ്ട്.

പോസ്റ്റിലെ പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഞങ്ങളുടെ ഹിന്ദി ടീം ഇതേ ഫാക്റ്റ് ചെക്ക് ചെയ്തിട്ടുണ്ട്: 

इस वीडियो में निर्मला सीतारमण अपने पिता से नहीं मिल रही हैं…

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍ സന്ദര്‍ശിക്കുന്നത് അവരുടെ പിതാവിനെയല്ല. മഹാകവി ഭാരതിയാരുടെ 96-കാരനായ അനന്തരവൻ ശ്രീ കെ.വി. കൃഷ്ണനെ വാരണാസിയിലെ ശിവമഠത്തിലെത്തി സന്ദര്‍ശിക്കുന്ന വീഡിയോ ദൃശ്യങ്ങളാണിത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്‍റെ പിതാവിനെ സന്ദര്‍ശിക്കുന്നു- ദൃശ്യങ്ങളുടെ സത്യമിതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *