യുവ അഭിഭാഷകയെ നടുറോഡില്‍ മര്‍ദ്ദിക്കുന്നത് ബിജെപി നേതാവല്ല, യാഥാര്‍ഥ്യം ഇതാണ്…

രാഷ്ട്രീയം | Politics

സ്ത്രീകൾ പൊതുഇടങ്ങളിൽ ഉപദ്രവിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതുമായ സംഭവങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വ്യാപകമായതോടെ ധാരാളമായി പുറത്തുവരുന്നുണ്ട്. കർണാടകയില്‍ സ്ത്രീയെ പരസ്യമായി തല്ലുന്ന ഒരു സംഭവം ഇപ്പോൾ വൈറലാകുന്നുണ്ട്.

പ്രചരണം 

ബിജെപി നേതാവ് നടുറോഡിൽ വനിത അഭിഭാഷകയെ മർദ്ദിക്കുന്നു എന്നാണ് പ്രചരണം. ഇതിനു തെളിവായി വീഡിയോയും നൽകിയിട്ടുണ്ട്.  വീഡിയോയിൽ ഒരാൾ യുവതിയെ നിർദാക്ഷിണ്യം മർദ്ദിക്കുന്നത് കാണാം. മർദ്ദിക്കുന്നത് ബിജെപി നേതാവാണ് എന്ന് ആരോപിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “വനിതാ അഭിഭാഷകയെ പട്ടാപകൽ പൊതുമധ്യത്തിൽ മർദിച്ച് ബി ജെ പി നേതാവ്,പോലീസിന്റെ എട്ടിന്റെ പണി…”

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഉപദ്രവിക്കുന്ന വ്യക്തി  ബിജെപി നേതാവല്ല എന്ന് വ്യക്തമാക്കുന്ന സൂചനകൾ ലഭിച്ചു.  

വസ്തുത ഇങ്ങനെ

ഞങ്ങള്‍ വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ പല മാധ്യമങ്ങളും സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന് കണ്ടു. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ഇങ്ങനെ: ബാഗൽകോട്ടിൽ ഒരാള്‍ വനിതാ അഭിഭാഷകയെ കൈയേറ്റം ചെയ്യുന്നതിന്‍റെ വീഡിയോ ശനിയാഴ്ച വൈറലായി. അഭിഭാഷകയായ സംഗീത ഷിക്കേരിയുടെ അയൽവാസിയായ മഹന്തേഷ് ചോളചഗുഡ്ഡ സ്വത്ത് തർക്കത്തിന്‍റെ പേരിൽ അവരെ മർദിക്കുന്നതായി വീഡിയോയിൽ കാണാം. മഹന്തേഷിന്‍റെയും സംഗീതയുടെയും കുടുംബങ്ങൾ നേരത്തെയും വഴക്കിട്ടിരുന്നു. യുവതിയെ ആക്രമിച്ച കേസിൽ മഹന്തേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാഗൽകോട്ടിലെ നവനഗറിലെ ഹോർട്ടികൾച്ചർ സർവകലാശാലയിലെ ഫോട്ടോഗ്രാഫറാണ് പ്രതി. ഭർത്താവ് സഹായം അഭ്യർത്ഥിച്ചിട്ടും ആരും യുവതിയെ രക്ഷിക്കാൻ എത്തിയില്ല. 

ബിജെപി നേതാവ് രാജു നായകർ സംഗീതയുടെ കുടുംബത്തിന്‍റെ വീട് വിലയ്ക്ക് വാങ്ങി. വീട്ടുകാരുടെ സമ്മതമില്ലാതെ അമ്മാവൻ വീട് വിറ്റുവെന്ന് സംഗീത ആരോപിച്ചു. തർക്കം കോടതിയിലാണ്. 

സിവിൽ തർക്കക്കേസുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് മഹന്തേഷ് അഭിഭാഷയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. അഭിഭാഷക തന്നെ ശല്യപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്‌തതായി മഹന്തേഷ് അവകാശപ്പെട്ടു. സംഗീതയെ മർദ്ദിച്ചുവെന്ന കുറ്റത്തിന് മഹന്തേഷിനെ പോലീസ് അറസ്റ്റ് ചെയ്തു, സംഗീതയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രാദേശികദേശീയ മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നാൽ യുവതിയെ ഉപദ്രവിക്കുന്ന വ്യക്തി ബിജെപി നേതാവാണെന്ന് റിപ്പോര്‍ട്ടുകളില്‍ ഒന്നിലും പരാമർശമില്ല. അതിനാൽ ഞങ്ങൾ ബാഗൽകോട്ട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവിടെ നിന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ ലക്ഷ്മൺ ഞങ്ങൾക്ക് നൽകിയ വിശദീകരണം ഇങ്ങനെയാണ്: “മർദ്ദിച്ച വ്യക്തി ബിജെപി നേതാവല്ല. ഇരു വീട്ടുകാരും തമ്മില്‍ വസ്തു ഇടപാടിനെക്കുറിച്ച് ഒരു തർക്കം നിലനിന്നിരുന്നു. മഹന്തേഷിന്റെയും സംഗീതയുടെയും കുടുംബങ്ങൾ നേരത്തെയും വഴക്കുകള്‍ നടന്നിട്ടുണ്ട്.  മഹന്ദേഷ്  ബിജെപി നേതാവാണ് എന്ന പ്രചരണം തെറ്റാണ്. ഇയാള്‍ ഇവിടെ ഒരു ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ ഫോട്ടോഗ്രാഫറാണ്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ജയിലിലാക്കിയിരിക്കുകയാണ്. ഇയാളുടെ  ബന്ധുവായ മറ്റൊരാള്‍ ബിജെപിയുടെ പ്രാദേശിക നേതാവാണ്.” 

കർണാടകയിൽ നിന്ന് പലരും സംഭവത്തെ അപലപിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട് വനിതാ അഭിഭാഷക ആശുപത്രിയിൽ കിടക്കുന്ന ദൃശ്യങ്ങളും പലരും ട്വീറ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിലെ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്.  യുവഅഭിഭാഷകയെ നടുറോഡിൽ മർദ്ദിക്കുന്നത് ബിജെപി നേതാവല്ല ഇയാൾ ഒരു യൂണിവേഴ്സിറ്റിയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന വ്യക്തിയാണ്. വസ്തു വില്‍പ്പനയെ കുറിച്ചുള്ള തർക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:യുവ അഭിഭാഷകയെ നടുറോഡില്‍ മര്‍ദ്ദിക്കുന്നത് ബിജെപി നേതാവല്ല, യാഥാര്‍ഥ്യം ഇതാണ്…

Fact Check By: Vasuki S 

Result: False