സർക്കാർ എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചുകൾ നിർത്തലാക്കി നിയമനങ്ങൾ കുടുംബശ്രീ വഴിയാക്കിയോ…?

രാഷ്ട്രീയം

വിവരണം 

Haris Edappalam Haris എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഡിസംബർ 4 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. പോസ്റ്റിലെ ചിത്രത്തിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് : എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ച് പിണറായി സർക്കാർ പൂട്ടി. രജിസ്റ്റർ ചെയ്ത 34  ലക്ഷം തൊഴിൽ രഹിതർ പെരുവഴിയിൽ. നിയമനങ്ങൾ കുടുംബശ്രീക്ക്. കുടുംബ ശ്രീ വഴി ആകുമ്പോൾ പാർട്ടി അനുഭാവികളെ നല്ലവണ്ണം തിരുകി കയറ്റാം.” ഒപ്പം മുഖ്യമന്ത്രിയുടെ ചിത്രവും പോസ്റ്റിലുണ്ട്. 

FB postarchived link

എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചുകൾ പിണറായി സർക്കാർ പൂട്ടിയെന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത. പകരം  നിയമനങ്ങൾ എല്ലാം ഇനി കുടുംബശ്രീ വഴി മാത്രമാണ് നടക്കുക എന്നും പോസ്റ്റിൽ വാദഗതി നൽകിയിട്ടുണ്ട്. എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചുകൾ എന്തിനാണ് സർക്കാർ പൂട്ടിയത്..? എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ വഴി നടന്നുകൊണ്ടിരുന്ന നിയമനങ്ങൾ കുടുംബശ്രീ വഴി ആക്കിയോ…? നമുക്ക് ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ തേടാം 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ കീ വേർഡ്സ്  ഉപയോഗിച്ച് ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞപ്പോൾ ഇത്തരത്തിൽ മാധ്യമ വാർത്തകളൊന്നും ഇതേവരെ  വന്നിട്ടില്ല എന്നാണു മനസ്സിലാക്കാൻ കഴിഞ്ഞത്. അതിനാൽ ഞങ്ങൾ വാർത്തയുടെ വാസ്തവമറിയാൻ സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഫിറോസ് ഞങ്ങളുടെ പ്രതിനിധിക്ക് നൽകിയ വിശദീകരണം ഇങ്ങനെയാണ്: ഈ വാർത്ത പൂർണ്ണമായും തെറ്റാണ്. എംപ്ലോയ്‌മെന്‍റ് അടച്ചു പൂട്ടുന്ന കാര്യം സർക്കാർ ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ല. യഥാർത്ഥത്തിൽ  ഉദ്യോഗാർഥികളുടെ പേര് രജിസ്റ്റർ ചെയ്യാനും തൊഴിലില്ലായ്മ വേതനം വാങ്ങിക്കാനും എന്ന നിലയിൽ നിന്നും എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചുകളെ   വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും മാർഗ്ഗനിർദ്ദേശങ്ങളും കരിയർ വികാസത്തിനുള്ള ക്ലാസ്സുകളും മറ്റും കൊടുക്കുന്ന നിലവാരത്തിലേക്ക് ഉയർത്തുകയാണ്. പേരാംബ്രയിൽ ഇത് നടപ്പിലാക്കിക്കഴിഞ്ഞു. എല്ലാ സ്ഥലങ്ങളിലേക്കും വൈകാതെ ഇത് വ്യാപിപ്പിക്കും

ഇനി നിയമനങ്ങൾ കുടുംബശ്രീ വഴിയാക്കി എന്ന ആരോപണത്തെ പറ്റി  വിശദമാക്കാം. സ്വീപ്പർ , സെക്യൂരിറ്റി ഗാർഡ് തുടങ്ങിയ തസ്തികകളിൽ താൽക്കാലിക നിയമങ്ങൾ  ഇടക്കാലത്ത് കുടുംബശ്രീ വഴി നടത്തിയിരുന്നു. എന്നാൽ ഇത് നിർത്തലാക്കിക്കൊണ്ട് ഡിസംബർ 4  ന് സർക്കുലർ ഇറക്കിയിരുന്നു

ഇക്കാര്യം വകുപ്പ് മന്ത്രി  അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

archived linkt p ramakrishnan minister

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ തെറ്റാണ് എന്നാണ്. എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചുകൾ ഇതുവരെ നിർത്തലാക്കിയിട്ടില്ല. ശുചീകരണ തൊഴിൽ വിഭാഗത്തിലേക്ക് മാത്രമാണ് കുടുംബശ്രീ വഴി നിയമനങ്ങൾ നടന്നിരുന്നത്. ഇത് 2005  മുതലുള്ള കീഴ്വഴക്കമായിരുന്നു എന്ന് തൊഴിൽ മന്ത്രിയുടെ ഓഫീസിൽ നിന്നും പറഞ്ഞിരുന്നു. അത് നിർത്തലാക്കിക്കൊണ്ടുള്ള സർക്കുലർ മന്ത്രാലയം  2019  ഡിസംബർ നാലിന് ഇറക്കിയിരുന്നു.  അതിനാൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വാദഗതി പ്രാബല്യത്തിലില്ലാത്തതാണ്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും തെറ്റായ വാർത്തയാണ്. എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചുകൾ സംസ്ഥാന സർക്കാർ ഇതുവരെ നിർത്തലാക്കിയിട്ടില്ല. അതിലൂടെയുള്ള നിയമനങ്ങളും നിർത്തലാക്കിയിട്ടില്ല. കുടുംശ്രീ വഴി നിയമനം നടത്തിയിരുന്നത് ശുചീകരണ തൊഴിലാളികളെയാണ്. ഒരു ഉത്തരവിലൂടെ ഈ നിയമനരീതി റദ്ദു ചെയ്തിട്ടുണ്ട്. അതിനാൽ പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ തെറ്റും പ്രാബല്യത്തിലില്ലാത്തതുമാണ്.

Avatar

Title:സർക്കാർ എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചുകൾ നിർത്തലാക്കി നിയമനങ്ങൾ കുടുംബശ്രീ വഴിയാക്കിയോ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •