FACT CHECK: ചെന്നിത്തലയ്ക്ക് സ്വപ്ന സുരേഷിനെ വിളിക്കാന്‍ രഹസ്യ ഫോണ്‍ എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം…

പ്രാദേശികം | Local രാഷ്ട്രീയം | Politics

വിവരണം 

സ്വര്‍ണ്ണ കടത്ത് കേസിന്‍റെ അന്വേഷണം ഉന്നത അന്വേഷണ ഏജന്‍സികള്‍ തുടരുകയാണ്. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം നിയമസഭാ സ്പീക്കര്‍ക്കെതിരെ ചരിത്രത്തിലാദ്യമായി സാമ്പത്തികമടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം പ്രമേയം പാസാക്കുകയും വോട്ടിനിടുകയും ചെയ്തു. എന്നാല്‍ വോട്ടില്‍ പ്രമേയം തള്ളപ്പെട്ടു. മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും പ്രചരിച്ച ഒരു വാര്‍ത്ത അറിയിക്കുന്നത് സ്പീക്കര്‍ തന്‍റെ മറ്റൊരു നമ്പരില്‍ നിന്ന് സ്വപ്ന സുരേഷിനെ വിളിച്ചു എന്നാണ്. ഈ പ്രചരണം ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്‍റെ പേരിലും പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ചെന്നിത്തലയ്ക്ക് സ്വപ്ന സുരേഷിനെ വിളിക്കാന്‍ രഹസ്യ ഫോണ്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ആണ് പ്രചരിക്കുന്നത്.

archived linkFB post

ഫാക്റ്റ് ക്രെസണ്ടോ  ഈ വാര്‍ത്തയെ  കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. തെറ്റായ പ്രചരണം ആണെന്ന് കണ്ടെത്തുകയും ചെയ്തു. 

പ്രചരണത്തെ കുറിച്ചും വസ്തുതയെ കുറിച്ചും വിശദമാക്കാം

വസ്തുതാ വിശകലനം 

ഞങ്ങള്‍ ഈ വാര്‍ത്തയെ കുറിച്ച് ഫേസ്ബുക്കില്‍  അന്വേഷിച്ചപ്പോള്‍ ഇതേ പ്രചരണം സ്പീക്കര്‍ ശ്രീരാമ കൃഷ്ണനെ കുറിച്ചും രമേശ്‌ ചെന്നിത്തലയെ കുറിച്ചും ഒരേപോലെ നടക്കുന്നുണ്ട് എന്ന് വ്യക്തമായി. 

facebook | archived link

ഇത് സംബന്ധിച്ച വാര്‍ത്തകള്‍ തിരഞ്ഞപ്പോള്‍ മനോരമ ന്യൂസ്‌ ചാനലിന്‍റെ നേരെ ചൊവ്വേ എന്ന അഭിമുഖ പരിപാടിയുടെ വീഡിയോ ലഭിച്ചു.  വീഡിയോയുടെ 14. 30 മിനിട്ട് മുതല്‍ ശ്രീരാമ കൃഷ്ണന്‍ ഉപയോഗിച്ചിരുന്നത് എന്ന് കസ്റ്റംസ് പരാമര്‍ശിച്ച ഒരു സിം കാര്‍ഡിനെ കുറിച്ച് പറയുന്നുണ്ട്. സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍ ഇത് ഉപയോഗിച്ചിരുന്നതാണ്. സ്പീക്കറുടെ സുഹൃത്ത് നാസറിനെ പോലീസ് അറസ്റ്റ് ചെയ്തു ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ അഭിമുഖം നടത്തുന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോണി ലൂക്കോസ് ചോദിക്കുന്നുണ്ട്. 

youtube | archived link

ഇതിനു മറുപടിയായി സ്പീക്കര്‍ പറയുന്നത് ഇങ്ങനെയാണ്: രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നാ നിലയില്‍ ഉപയോഗിക്കുന്ന പൊതു നമ്പര്‍ കൂടാതെ കുടുംബ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് മറ്റൊരു സിം എടുത്തത്. സിം എടുക്കാന്‍ നേരം ഐഡി ഇല്ലാതിരുന്നതിനാല്‍ മറ്റൊരാളുടെ പേരില്‍ എടുത്തു എന്നേയുള്ളു. കഴിഞ്ഞ ഏതാനും ആഴ്ചകളായി അത് ഉപയോഗിക്കുന്നില്ല. എന്‍റെ പെഴ്സണല്‍ നമ്പര്‍ മാത്രമാണത്. രഹസ്യ സിം അല്ല. മോദിയുടെ കൈയ്യില്‍ വരെ എന്‍റെ പെഴ്സണല്‍ നമ്പര്‍ ഉണ്ടെന്നു ഞാന്‍ പറയുന്നു. ഈ നമ്പരില്‍ നിന്ന് ഞാന്‍ സ്വപ്നയെ വിളിച്ചിട്ടുണ്ടാകും. അതില്‍ എന്താണ് തെറ്റ് എന്ന് മനസ്സിലാകുന്നില്ല. ഞാന്‍ എന്തെങ്കിലും കാര്യങ്ങള്‍ അനാവശ്യമായി പറഞ്ഞിട്ടുണ്ടോ എന്ന് മാത്രമാണ് അന്വേഷിക്കേണ്ടത്” ഇതായിരുന്നു വാര്‍ത്ത. 

പെഴ്സണല്‍ നമ്പറിനെ കുറിച്ചുള്ള വാര്‍ത്ത പിന്നീട് രഹസ്യ ഫോണ്‍ എന്ന നിലയില്‍ പ്രചരിക്കുകയാണ് ഉണ്ടായത്. ആദ്യത്തെ പ്രചരണം ഇങ്ങനെ ആയിരുന്നു: സ്പീക്കര്‍ക്ക് സ്വപ്നയെ വിളിക്കാന്‍ രഹസ്യ ഫോണ്‍. മാത്രമല്ല, നല്‍കിയിരിക്കുന്ന വാര്‍ത്തയുടെ ഉള്ളടക്കം സൂം ചെയ്ത് പരിശോധിച്ചാല്‍ സ്പീക്കറെ കുറിച്ചാണ് വാര്‍ത്ത എന്ന് കാണാന്‍ സാധിക്കും. 

പിന്നീട് ഇതേ പ്രചരണം എഡിറ്റ് ചെയ്ത് ചെന്നിത്തലയുടെ പേരില്‍ പ്രചരിപ്പിക്കുകയാണുണ്ടായത്. ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കാന്‍ ഞങ്ങളുടെ പ്രതിനിധി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ മീഡിയ മാനേജര്‍ സുമോദ് അറിയിച്ചത് ഇത് ചെന്നിത്തലയുടെ പേരില്‍ നടത്തുന്ന ദുഷ്പ്രചരണം മാത്രമാണ് എന്നാണ്. സ്പീക്കറുടെ പേരിലുള്ള പ്രചരണം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. എതിര്‍ രാഷ്ട്രീയ കക്ഷികള്‍ പോലും ഇങ്ങനെ ഒരു ആരോപണം അദ്ദേഹത്തിന്‍റെ പേരില്‍ ഉന്നയിച്ചിട്ടില്ല.” 

സ്പീക്കര്‍ ശ്രീരാമ കൃഷ്ണനെ കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത് സ്വലേ എന്നാ മാധ്യമം ആണെന്ന് അറിവ് കിട്ടിയതിനെ തുടര്‍ന്ന് ഞങ്ങള്‍ എഡിറ്റര്‍ ഉമ്മര്‍ കരിക്കാടുമായി സംസാരിച്ചു.സ്പീക്കര്‍ക്ക് സ്വപ്നയെ വിളിക്കാന്‍ രഹസ്യ ഫോണ്‍ എന്ന തലക്കെട്ടില്‍ സ്പീക്കറെ കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു എന്നും പ്രതിപക്ഷ നേതാവിനെ കുറിച്ച് ആരാണ് അതേ വാര്‍ത്ത എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത് എന്ന് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വ്യാജ പ്രചരണമാണെന്ന് വ്യക്തമായിട്ടുണ്ട്. 

നിഗമനം

പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്.. യഥാര്‍ത്ഥത്തില്‍ മാധ്യമങ്ങളാരും രമേശ്‌ ചെന്നിത്തലയെ കുറിച്ച് ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ല.

Avatar

Title:ചെന്നിത്തലയ്ക്ക് സ്വപ്ന സുരേഷിനെ വിളിക്കാന്‍ രഹസ്യ ഫോണ്‍ എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം…

Fact Check By: Vasuki S 

Result: False