
മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്‍റെ പേരിലുള്ള ട്വീറ്റിന്‍റെ സ്‌ക്രീൻഷോട്ട് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. കുറിപ്പില്‍ അദ്ദേഹം കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ വിമര്‍ശിക്കുകയും നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്യുന്നു.
പ്രചരണം
“എനിക്കും വലിയ തീരുമാനങ്ങൾ എടുക്കാമായിരുന്നു, പക്ഷേ കോൺഗ്രസ് ഒരിക്കലും എന്‍റെ സ്വന്തം ഇഷ്ടപ്രകാരം ഒരു ജോലിയും ചെയ്യാൻ എന്നെ അനുവദിച്ചില്ല. നരേന്ദ്ര മോദി സ്വയം തീരുമാനങ്ങൾ എടുക്കുന്നു, അതുകൊണ്ടാണ് രാജ്യം പുരോഗമിക്കുന്നത്” എന്ന മട്ടിലുള്ള കാര്യങ്ങളാണ് ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗ് പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അംഗീകരിക്കുന്നു എന്നു വാദിക്കുകയാണ് പോസ്റ്റിലൂടെ ചെയ്യുന്നത്. ഹിന്ദിയിലുള്ള ട്വീറ്റിന്‍റെ പരിഭാഷയായി നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ: “മുൻ പ്രധാനമന്ത്രി ശ്രീമാൻ മൻമോഹൻസിംഗിന്റെ മനസ്സു തുറന്നുള്ള കുറിപ്പു , കക്ഷി രാഷ്ടീയം മറന്നു ഭാരതത്തിൽ മുഴുവൻ അലയടിക്കുകയാണ് .
*”എനിക്കും വലിയ വലിയ തീരുമാനങ്ങൾ നടപ്പിലാക്കുവാൻ കഴിയുമായിരുന്നു എന്നാൽ കോൺഗ്രസ് എന്റെ ഇഷ്ടപ്രകാരം ഒരു ജോലിയും ചെയ്യുവാൻ അനുവദിച്ചിരുന്നില്ല . നരേന്ദ്രമോദി തന്നത്താൻ തീരുമാനമെടുക്കുന്നതിനാലാണ് ദേശം പുരോഗതിയിലേക്കു പൊയ്ക്കൊണ്ടിരിക്കുന്നതു”*.
*”ഇന്നുഞാൻ തുറന്നുപറയട്ടെ , മോദിയെപ്പോലെയൊരു നേതാവോ പ്രധാനമന്ത്രിയോ ഭൂലോകത്തു വീണ്ടും ജനിച്ചെന്ന് വരില്ല”*”

എന്നാല്‍ മൻമോഹൻ സിങ്ങിന്‍റെ പേരിൽ വ്യാജ ട്വിറ്റർ ഹാൻഡിൽ ഉണ്ടാക്കി വ്യാജ കുറിപ്പ് പ്രചരിപ്പിക്കുകയാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
മൻമോഹൻ സിങ്ങിന്റെ ട്വീറ്റിന് പിന്നിലെ സത്യം പരിശോധിക്കാൻ ഞങ്ങള്‍ @Manmohan_5 എന്ന് തിരഞ്ഞപ്പോൾ, ആ പേരിൽ ഒരു ട്വിറ്റർ ഹാൻഡിൽ കണ്ടെത്താൻ കഴിഞ്ഞില്ല. കാരണം പ്രസ്തുത അക്കൌണ്ട് നിലവിലില്ല എന്നാണ് ട്വിറ്ററില്‍ കാണുന്നത്. മാത്രമല്ല, പ്രസ്തുത ട്വീറ്റിന്‍റെ ലിങ്ക് ഒരിടത്തും ലഭ്യമല്ല. സ്ക്രീന്‍ഷോട്ട് മാത്രമാണ് പ്രചരിക്കുന്നത്. അതിനാല്‍ തന്നെ ഇത് കൃത്രിമമാണെന്ന് നമുക്ക് അനുമാനിക്കാം.

സാമൂഹ്യ മാധ്യമങ്ങള്‍ക്ക് പ്രചാരം വര്‍ദ്ധിച്ചതോടെ ആളുകൾ കെട്ടിച്ചമച്ച കാര്യങ്ങളും ചിന്തകളും സെലിബ്രിറ്റികളുടെ പേരിൽ വ്യാജ ട്വിറ്റർ ഹാൻഡിലുകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്ന ന്ന ഒരു പ്രവണത ഉയർന്നുവന്നിട്ടുണ്ട്. പല ഉപയോക്താക്കളും അത് വിശ്വസിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ദേശീയ കൺവീനറായ, ഗുജറാത്തിൽ നിന്നുള്ള സരള്‍ പട്ടേൽ കോൺഗ്രസ് നേതാക്കളുടെ പേരിൽ വരുന്ന വ്യാജ അക്കൗണ്ടുകളെ കുറിച്ച് 2020 ല്‍ ഒരു കുറിപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.
ഞങ്ങളുടെ അന്വേഷണത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇല്ല. അദ്ദേഹത്തിന്‍റെ പേരിൽ പ്രചരിക്കുന്ന ഒരു ട്വിറ്റർ അക്കൗണ്ട് അദ്ദേഹത്തിന്‍റെ ഫാൻസ് കൈകാര്യം ചെയ്യുന്നതാണ്. ഇക്കാര്യം പേജില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗികമായി ഡോ. മൻമോഹൻസിംഗിന് ട്വിറ്റർ അക്കൗണ്ട് മാത്രമല്ല, സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ ഒന്നും അദ്ദേഹത്തിനില്ല എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമാകുന്നത്. പ്രചരിക്കുന്ന ട്വീറ്റ് മൻമോഹൻ സിങ്ങിന്‍റെതല്ല, വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിക്കുകയാണ്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് അക്കൗണ്ട് ഇല്ല മാത്രമല്ല അദ്ദേഹം സോഷ്യൽ മീഡിയകൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല അദ്ദേഹത്തിന്‍റെ പേരില്‍ വ്യാജ പ്രചരണം നടത്തുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:ഡോ. മന്‍മോഹന്‍ സിംഗിന്‍റെ പേരില്‍ പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണ്… അദ്ദേഹത്തിന് സാമൂഹ്യ മാധ്യമ അക്കൌണ്ടുകളില്ല…
Written By: Vasuki SResult: False
