ഫാസ്ടാഗിലെ പണം ഇങ്ങനെ മോഷ്ടിക്കാനാകില്ല. വൈറല്‍ ദൃശ്യങ്ങള്‍ സ്ക്രിപ്റ്റഡ് ആണ്… വസ്തുത അറിയൂ…

സാമൂഹികം

ഈയിടെ സാമൂഹ്യമാധ്യമങ്ങളിൽ ഒരു വീഡിയോ വൈറൽ ആയിട്ടുണ്ട്. ഫാസ്ടാഗ് വാലറ്റില്‍ നിന്നും ഡിജിറ്റല്‍ തട്ടിപ്പ് വഴി പണം നഷ്ടപ്പെടാന്‍ ഇടയുണ്ട് എന്നാണ് വീഡിയോ സന്ദേശം.

പ്രചരണം 

ട്രാഫിക് സിഗ്നലില്‍ നിർത്തിയിട്ടിരിക്കുന്ന കാറിന്‍റെ വിൻഡ് സ്ക്രീൻ തുടച്ചു വൃത്തിയാക്കുവാന്‍ എത്തിയ ചെറിയ പയ്യന്‍ സ്മാർട്ട് വാച്ച് ഉപയോഗിച്ച് തന്ത്രപരമായി ഫാസ്ടാഗിന്‍റെ ബാർ കോഡ് സ്കാന്‍ ചെയ്ത് പണം തട്ടി എന്നാണ് വീഡിയോ അറിയിക്കുന്നത്. ഫാസ്ടാഗ് ബാർകോഡില്‍ നിന്നും അനായാസം പണം തട്ടാൻ സാധിക്കുമെന്നും വീഡിയോ അവകാശപ്പെടുന്നു .

സ്മാർട്ട് വാച്ച് ധരിച്ചെത്തിയ കുട്ടി വിൻഡ് സ്ക്രീൻ തുടയ്ക്കുന്നതും ഈ സമയം സ്മാർട്ട് വാച്ച് ഉപയോഗിച്ച് സ്കാന്‍ ചെയ്യുന്നതും വീഡിയോയിൽ കാണാം.  യാത്രികര്‍ തട്ടിപ്പ്  മനസ്സിലാക്കി കുട്ടിയോട് ചോദിച്ചപ്പോൾ അവൻ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.  യാത്രികരില്‍ ഒരാള്‍ കുട്ടിയുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാനാകാതെ തിരിച്ചുവരുന്നതും ദൃശ്യങ്ങളിൽ കാണാം. സ്മാർട്ട് വാച്ച് ഉപയോഗിച്ച് ഫാസ്റ്റാഗ് ബാർകോഡ് സ്കാൻ ചെയ്യുമ്പോൾ പേടിഎം വാലറ്റില്‍ നിന്നും പണം നഷ്ടമാകുമെന്നാണ് യാത്രികനായ  യുവാവ് വിവരിക്കുന്നത്

പലരും ഒരു മുന്നറിയിപ്പായി ഈ വീഡിയോ വാട്സപ്പ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയാണ്. പേടിഎം വാലറ്റില്‍ ഫാസ്ടാഗിനായി  നിക്ഷേപിച്ചിരിക്കുന്ന പണം സ്മാർട്ട്ഫോൺ വഴി തട്ടിയെടുക്കാന്‍  സാധിക്കുമോ എന്ന് പലരും ആശങ്കപ്പെടുന്നുണ്ട്. 

archived link

എന്നാൽ  തീർത്തും തെറ്റായ പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഞങ്ങൾക്ക് ലഭ്യമായി 

വസ്തുത ഇങ്ങനെ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും (RBI) ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെയും (IBA) സംരംഭമായ നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഇന്ത്യയിൽ റീട്ടെയിൽ പേയ്‌മെന്‍റുകളും സെറ്റിൽമെന്‍റ് സംവിധാനങ്ങളും ഏകോപിപ്പിക്കുന്ന സംഘടനയാണ്. പ്രസ്തുത വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഉപഭോക്താക്കളുടെ പരിഭ്രാന്തി അകറ്റാന്‍ അവർ ഒരു കുറിപ്പ് ട്വിറ്റർ അക്കൗണ്ടിലൂടെ  പ്രസിദ്ധീകരിച്ചിട്ടുണ്ട്: 

ബാങ്കുകൾ ടോൾപ്ലാസ എന്നിവ ഉൾപ്പെടെ ഫാസ്ടാഗ് സംവിധാനം അതീവ സുരക്ഷിതമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. 

ഓരോ ടോൾ പ്ലാസകള്‍ക്കും പ്രത്യേക കോഡുണ്ട്. ലൊക്കേഷൻ അനുസരിച്ച് ജിയോ കോഡും ഉണ്ട്. മാത്രമല്ല ഇവ ഓരോ പ്രത്യേക ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കസ്റ്റമറുടെ അക്കൌണ്ടില്‍ നിന്നും നിര്‍ദ്ദിഷ്ട ഫാസ്ടാഗ് അക്കൌണ്ടിലേയ്ക്ക് മാത്രമേ പണം കൈമാറ്റം ചെയ്യപ്പെടുകയുള്ളൂ.  അല്ലാതെ ഫാസ്റ്റാഗ് ഉടമയായ വ്യക്തിയും മറ്റ് വ്യക്തികളുമായി ഈ അക്കൌണ്ടിലൂടെ ഇടപാട് സാധ്യമല്ല.

ഓരോ ട്രോൾ പ്ലാസക്കും അനുവദിച്ചിരിക്കുന്ന ഐപി അഡ്രസ് വഴി മാത്രമേ ഇന്‍റർനെറ്റ് കണക്ഷനും സാധ്യമാവുകയുള്ളൂ. കൂടാതെ ടോൾ പ്ലാസകളുടെ ജിയോ ലൊക്കേഷൻ പരിശോധിച്ച് ലൊക്കേഷനിൽ പെട്ട പ്ലാസകളിൽ മാത്രമേ പണം ഈടാക്കാൻ സാധിക്കുകയുള്ളൂ മറ്റൊരിടത്തും ഈടാക്കാൻ സാധ്യമല്ല. മാത്രമല്ല പണം അക്കൗണ്ടിൽനിന്നും എടുത്തു കഴിഞ്ഞാല്‍ അതിനുള്ള എസ്എംഎസ് സന്ദേശം ഉപഭോക്താവിന് ലഭിക്കുകയും ചെയ്യും. 

സാമൂഹ്യ മാധ്യമങ്ങളിൽ ഫാസ്റ്റാഗുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ തെറ്റാണെന്നും ഉപഭോക്താക്കൾ പരിഭ്രാന്തരാവേണ്ടതില്ല എന്നും പേടിഎം ട്വിറ്റർ / ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴി പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.

NETC ഫാസ്‌ടാഗ് ഇടപാട്, രജിസ്‌റ്റർ ചെയ്‌ത വ്യാപാരികൾക്ക് (ടോൾ & പാർക്കിംഗ് പ്ലാസ ഓപ്പറേറ്റർമാർ) മാത്രമേ ആരംഭിക്കാൻ കഴിയൂ, അവർ ബന്ധപ്പെട്ട ജിയോ ലൊക്കേഷനുകളിൽ നിന്ന് മാത്രം NPCI ഓൺബോർഡ് ചെയ്യുന്നു. NETC FASTag-ൽ ഒരു അനധികൃത ഉപകരണത്തിനും സാമ്പത്തിക ഇടപാടുകൾ നടത്താൻ കഴിയില്ല. ഇത് തികച്ചും സുരക്ഷിതമാണ്. എന്ന് NETC ഫാസ്‌ടാഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

വീഡിയോയിൽ നൽകിയിരിക്കുന്നത് പോലെ ഫാസ്റ്റാഗ് വാലറ്റില്‍ നിന്നും പണം നഷ്ടമാകുമെന്ന മട്ടില്‍ പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്ന് വ്യക്തമാക്കി പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

പ്രചരിക്കുന്ന വീഡിയോ യഥാർത്ഥത്തിൽ തമാശയ്ക്കായും അവബോധത്തിൽ വേണ്ടിയും ഹൃസ്വ ചിത്രങ്ങൾ നിർമ്മിക്കുന്ന baklol video  എന്ന  ഫേസ്ബുക്ക് പേജ് ചിത്രീകരിച്ചതാണ്. വീഡിയോ വൈറലാവുകയും ചര്‍ച്ചയ്ക്ക് ഇടയാക്കുകയും ചെയ്തതോടെ  ഇപ്പോൾ ഈ വീഡിയോ അവരുടെ ഫേസ്ബുക്ക് പേജിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഈ ഫേസ്ബുക്ക് പേജില്‍ സമാനമായ നിരവധി വീഡിയോകള്‍ നല്‍കിയിട്ടുണ്ട്. ലാലൻടോപ് എന്ന മാധ്യമം പേജിന്‍റെ അഡ്മിൻ പങ്കജ് ശർമ്മയുമായി ബന്ധപ്പെട്ടിരുന്നു. ലാലന്‍ടോപ് പ്രതിനിധിയോട് പങ്കജ്  ശർമ അറിയിച്ചത് ഇങ്ങനെയാണ്: 

“ഫാസ്ടാഗ് വീഡിയോ പൂർണ്ണമായും സ്ക്രിപ്റ്റ് ചെയ്തതാണ്, ഇതിന്‍റെ ഉദ്ദേശ്യം അവബോധം പ്രചരിപ്പിക്കുക മാത്രമാണ്. ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് പലയിടത്തും കേട്ടിട്ടുണ്ടായിരുന്നതിനാൽ ഫാസ്ടാഗ് തട്ടിപ്പിനെക്കുറിച്ച് ഞങ്ങൾ ഒരു വീഡിയോ ചെയ്തു. ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന താടിയുള്ള ആളുടെ പേര് അനുഭവ് ഗോലിയ എന്നാണ് അനുഭവ് കാസ്‌റ്റ് ചെയ്‌തതിനാൽ കുട്ടിയെ കുറിച്ച് എനിക്ക് കൂടുതൽ അറിയില്ല.  അനുഭവിന്‍റെ കൂടെയുള്ളത് ഹൃത്വിക് എന്നയാളാണ്.”

വിനോദത്തിനും അബോധത്തിനുമായി ചിത്രീകരിച്ച വീഡിയോ ആണ് ഫാസ്റ്റാഗ് വാലറ്റില്‍ നിന്നും പണം ഡിജിറ്റൽ തട്ടിപ്പ് വഴി നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്ന പേരിൽ പ്രചരിക്കുന്നത്.  

നിഗമനം 

പോസ്റ്റിലെ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്.  ഇത് യഥാർത്ഥത്തിൽ വിനോദത്തിനായുള്ള സാമൂഹ്യ മാധ്യമ ചാനൽ ചിത്രീകരിച്ച വീഡിയോ ആണ്. ഫാസ്ടാഗ് വാലറ്റില്‍ നിന്നും ഇത്തരത്തിൽ പണം നഷ്ടപ്പെടില്ലെന്ന് പേടിഎം, ഫാസ്റ്റാഗ്, NPCI തുടങ്ങിയവ ഔദ്യോഗികമായി അറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഫാസ്ടാഗിലെ പണം ഇങ്ങനെ മോഷ്ടിക്കാനാകില്ല. വൈറല്‍ ദൃശ്യങ്ങള്‍ സ്ക്രിപ്റ്റഡ് ആണ്… വസ്തുത അറിയൂ…

Fact Check By: Vasuki S 

Result: False