FACT CHECK: പ്രണയത്തിന്‍റെ പേരില്‍ സ്വസമുദായ നേതാക്കള്‍ യുവാവിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഉത്തരേന്ത്യയില്‍ സവര്‍ണ്ണര്‍ ദളിതരോട് ചെയ്യുന്നത് എന്ന പേരില്‍ പ്രചരിക്കുന്നു…

സാമൂഹികം

വ്യക്തികള്‍ക്ക് നേരെയുള്ള മനുഷ്യത്വ രഹിതമായ അക്രമത്തിന്‍റെ ചില ചിത്രങ്ങളും വീഡിയോകളും ഉത്തരേന്ത്യ യില്‍ നിന്നുമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു വരുന്നത് തെറ്റായതോ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതോ ആയ വിവരണത്തോടെയാണ്. ഇത്തരത്തില്‍ ചില വാര്‍ത്തകള്‍ക്ക് മുകളില്‍ ഞങ്ങള്‍ വസ്തുത അന്വേഷണം നടത്തിയിട്ടുണ്ട്. 

ഇപ്പോള്‍ അത്തരത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോയുടെ വിശദാംശങ്ങളാണ് ഇവിടെ നല്‍കിയിട്ടുള്ളത്. വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇതാണ്: 

“ഉത്തരേന്ത്യയില്‍ സവര്‍ണ്ണര്‍ ദളിതനെകൊണ്ട് ചെയ്യിക്കുന്ന സുന്ദരമായ ആചാരമാണിത്.

കാലിലെ ഷൂ ഊരി അതില്‍ വെള്ളമൊഴിച്ച് കുടിപ്പിക്കുക. ഇന്ത്യ രാമരാജ്യമായി പ്രഖ്യാപിക്കുമ്പോള്‍ ഇതിലും സുന്ദരമായ ആചാരങ്ങള്‍ പ്രതീക്ഷിക്കാം.ഇതിനേക്കാള്‍ സുന്ദരമായ ആചാരങ്ങള്‍ നിലനിന്നിരുന്ന നാടായിരുന്നല്ലൊ നമ്മുടെ കേരളം.വൈക്കം സത്യാഗ്രഹം ക്ഷേത്രത്തില്‍ കയറാനായിരുന്നില്ലല്ലോ…

ക്ഷേത്രത്തിന് മുന്നിലൂടെയുള്ള വഴിയില്‍ക്കൂടി സഞ്ചരിക്കാനായിരുന്നല്ലൊ.

ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ കീഴ്ജാതിക്കാര്‍ കിടന്ന് ഉരുളുന്ന സുന്ദരമായ ഒരാചാരം കര്‍ണ്ണാടകയില്‍ ഉണ്ടായിരുന്നു.ചടങ്ങിന്റെ പേര് മഡേ സ്നാന എന്നായിരുന്നു.രണ്ട് വര്‍ഷം മുന്‍പ് ഈ സുന്ദരമായ ആചാരം നിയമം മൂലം നിരോധിച്ചു.

ഇന്ത്യ സ്വതന്ത്രമായി വര്‍ഷം 73 പിന്നിട്ടിട്ടും നമ്മുടെ രാജ്യം വിദ്യാഭ്യാസപരമായി ഏറെ പുരോഗതി നേടിയിട്ടും ഇതൊരു വൃത്തിക്കെട്ട ആചാരമാണെന്ന് ബ്രാഹ്മണര്‍ക്കോ ബ്രാഹ്മണ സഭകള്‍ക്കോ വേദപണ്ഡിതന്മാര്‍ക്കോ ഹൈന്ദവ ആചാര്യന്മാര്‍ക്കോ തോന്നിയില്ല.അല്ല ആചാരങ്ങള്‍ അങ്ങിനെയാണല്ലൊ മാറ്റാന്‍ പാടില്ലല്ലോ.”

archived linkFB post

വടക്കേ ഇന്ത്യയില്‍ സവര്‍ണ്ണര്‍ ദളിതനെകൊണ്ട് ചെയ്യിക്കുന്ന ആചാരമാണിത് എന്നാണ് പോസ്റ്റിലൂടെ അറിയിക്കുന്നത്. എന്നാല്‍ ഇത് രാജസ്ഥാനില്‍ നടന്ന ഒറ്റപ്പെട്ട സംഭവമാണ്. 

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോയെ പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇത്  ഇന്ത്യയില്‍ വളരെ വളരെ വൈറലായ വീഡിയോ  ആണിത് എന്ന് മനസ്സിലായി. ചില ദേശീയ വാര്‍ത്താ മാധ്യമങ്ങള്‍ ഈ വീഡിയോയെ പറ്റിയുള്ള റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ  ജൂണ്‍ 17 ന്  പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇങ്ങനെയാണ്: 

“സ്വന്തം സമുദായത്തിലെ ഒരു പെൺകുട്ടിയുമായി സ്നേഹബന്ധമുണ്ടെന്ന് ആരോപിച്ച് സിറോഹിയിലെ ഒരു യുവാവിനെ മനുഷ്യത്വ രഹിതമായി അപമാനിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. സാമുദായിക  ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് യുവാവിനെ  സ്വസമുദായത്തിലെ ‘പഞ്ചുകൾ’ തന്നെയാണ് മർദ്ദിച്ചത്. 20 കാരനായ കാലുറാം ദേവസിയാണ് ആക്രമിക്കപ്പെട്ടത്. 

അഞ്ച് ദിവസം മുമ്പ് സിറോഹിയിലെ പാൽഡി എം പ്രദേശത്താണ് സംഭവം. യുവാവിനെതിരെ സമുദായ നേതാക്കൾ നടത്തിയ അതിക്രമത്തിന്റെ വീഡിയോ ചൊവ്വാഴ്ച വൈറലായതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞ ശേഷം പോലീസ് ആറുപേരെ കസ്റ്റഡിയിലെടുത്ത് സുമേർപൂർ പോലീസിന് കൈമാറി. അവിടെ സമുദായ പഞ്ചുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

paripoornanews | archived link

സുമേർപൂർ എസ്എച്ച്ഒ രവീന്ദ്ര സിങ്ങിന്‍റെ വാക്കുകളില്‍ യുവാവിനെ സുമർപൂരിൽ നിന്ന് സിറോഹിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യം ഖാപ് പഞ്ചകളുമായി  ബന്ധപ്പെടുത്താൻ എസ്എച്ച്ഒ വിസമ്മതിച്ചു. പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നതിനാൽ രോഷാകുലരായ  പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ അവരോടൊപ്പം കൊണ്ട് പോവുകയായിരുന്നു എന്നാണ് എസ്എച്ച്ഒ അറിയിച്ചത്.”

youtube | archived link

കൂടാതെ ഞങ്ങളുടെ പ്രതിനിധി സുമേര്‍പുര്‍ ഡി.വൈ.എസ്.പി ഭോമ റാമുമായി സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ക്കായി സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:   “ഈ കേസ് മൂന്നാലു മാസം പഴക്കമുള്ളതാണ്, ഈ സംഭവം സുമേർപൂരിൽ നിന്നാണ്. വിവാഹിതയായ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് യുവാവിനെ മർദ്ദിച്ചത്. സംഭവത്തിന് ജാതീയതയുമായി യാതൊരു ബന്ധവുമില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട എല്ലാ ആളുകളും സാധാരണയായി മൃഗസംരക്ഷണ ജോലികൾ ചെയ്യുന്ന ഗോത്ര വിഭാഗത്തിൽ പെട്ടവരാണ്. കേസിൽ ഇതുവരെ 10 മുതൽ 11 വരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.”

സ്വസമുദായത്തിലെ ഒരു പെണ്‍കുട്ടിയെ പ്രണയിച്ചതിന്‍റെ പേരില്‍ യുവാവിനോട്‌ സാമുദായിക നേതാക്കള്‍ (പഞ്ചുകള്‍) മനുഷ്യത്വ രഹിതമായി പെരുമാറുന്നതിന്‍റെ വീഡിയോ ആണിത്. സവര്‍ണ്ണ- ദളിത മാനങ്ങള്‍ ഒന്നും തന്നെയില്ല. സംഭവം കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു നടന്നത്. ഇപ്പോഴല്ല. 

നിഗമനം

പോസ്റ്റിലെ വീഡിയോ ഉത്തരേന്ത്യയില്‍ സവര്‍ണ്ണര്‍ ദളിതരെ ഉപദ്രവിക്കുന്നതിന്റെതല്ല. സ്വന്തം സമുദായത്തിലെ ഒരു പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ സാമുദായിക നേതാക്കള്‍ രാജസ്ഥാനിലെ സിരോഹിയില്‍ ഒരു യുവാവിനോട് മനുഷ്യത്വ രഹിതമായി പെരുമാറുന്നതിന്‍റെ ദൃശ്യങ്ങളാണ്. 

Avatar

Title:പ്രണയത്തിന്‍റെ പേരില്‍ സ്വസമുദായ നേതാക്കള്‍ യുവാവിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഉത്തരേന്ത്യയില്‍ സവര്‍ണ്ണര്‍ ദളിതരോട് ചെയ്യുന്നത് എന്ന പേരില്‍ പ്രചരിക്കുന്നു…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •