
വിവരണം
രോഗങ്ങളെ പറ്റിയും ചികിത്സാ രീതികളെ പറ്റിയും സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പ്രചാരണങ്ങള്‍ നാം കാണാറുണ്ട്. പലപ്പോഴും ഇത്തരം പ്രചരണങ്ങള്‍ക്ക് വിശ്വാസ്യത നല്കാന് ഡോക്ടര്‍മാരുടെ പേരോ അല്ലെങ്കില്‍ രാഷ്ട്രീയ നേതാക്കളുടെ പേരോ വാര്‍ത്തയോടൊപ്പം ചേര്‍ക്കാറുണ്ട്. ഇത്തരത്തില്‍ അനേകം പ്രചാരണങ്ങളെ കുറിച്ച് ഞങ്ങള്‍ ഇതിനു മുമ്പും അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പ്രചരിച്ചു വരുന്ന ഒരു ശബ്ദ സന്ദേശം നിങ്ങള്‍ക്കെല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ടാകും.
വാട്ട്സ് ആപ്പ് വഴി പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയാണ്:
“ഇന്ന് വളരെ സങ്കടകരമായ ഒരു കാര്യം കാണേണ്ടിവന്നു കൊണ്ടാണ് വോയിസ് മെസ്സേജ് ഇടേണ്ടി വന്നത്. ഇന്ന് രാവിലെ എന്റെ മൂത്ത സഹോദരിയുടെ മകന്റെ ഭാര്യയെ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വരെ കൊണ്ട് പോകേണ്ടി വന്നു. അവിടെ എന്റെ ഒന്ന്-രണ്ട് അടുത്ത സുഹൃത്തുക്കൾ ഡോക്ടർമാർ ഉണ്ടായിരുന്നു.
അതിൽ ഒരു ഡോക്ടർ പറഞ്ഞു, “ഞാൻ ഒരാഴ്ച കാണിച്ചുതരാം. നിങ്ങളെപ്പോലെ ആളുകള്‍ ഇത് കാണുകയും ആളുകളോട് ഷെയർ ചെയ്യേണ്ടുന്നതും അത്യാവശ്യമാണ്. ഞാൻ ഒന്നര മണിക്കൂർ സമയം കണ്സല്ട്ടിംഗ് റൂമില്‍ ഇരുന്നു. ആ സമയത്ത് വളരെ 7 8 കുഞ്ഞിനെ രണ്ടു വയസ്സു മുതൽ 10 വയസ്സ് വരെയുള്ള പ്രായത്തിലുള്ള ഏകദേശം കുഞ്ഞുങ്ങളെ പരിശോധിച്ചു. അവര്‍ക്കെല്ലാം ബ്രെയിന്‍ ട്യൂമര്‍ ആയിരുന്നു. സാധാരണ വരുന്ന ട്യൂമറുകളെല്ലാം കാന്‍സറല്ല. എന്നാല്‍ കഴിഞ്ഞ ദിവസം പരിശോധിച്ചതില്‍ 100 ല്‍ 90 കുഞ്ഞുങ്ങള്‍ക്കും കാന്‍സര്‍ ആയിരുന്നു.
അദ്ദേഹം പറഞ്ഞത് ഈ അപകടം വരുത്തി വെക്കുന്നത് ആ കുഞ്ഞുങ്ങളെ മാതാപിതാക്കൾ തന്നെയാണ്. കുഞ്ഞുങ്ങൾക്ക് കളിക്കാനും ബഹളമുണ്ടാക്കുമ്പോള്‍ സന്തോഷിപ്പിക്കാനുമൊക്കെയായി നമ്മൾ കൊടുക്കുന്ന മൊബൈൽ ഫോണ്‍ ആണ് ട്യൂമറുകള്‍ ഉണ്ടാകാന്‍ കാരണം. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ആ കുഞ്ഞുങ്ങൾ മാരകമായ രോഗത്തിന് അടിമപ്പെടുന്നു കാരണക്കാർ എന്ന് പറയുന്നത് മാതാപിതാക്കള്‍ തന്നെയാണ്. കുഞ്ഞുങ്ങള്‍ ആയുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കാനായി മൊബൈല്‍ ഫോണ്‍ ദയവായി നല്‍കാതിരിക്കുക. സന്ദേശം മറ്റുള്ളവരിലേയ്ക്കും എത്തിക്കുക. “
ഈ സന്ദേശത്തിന്റെ ഉടമ എംപിയും മുസ്ലിം ലീഗ് ദേശീയ സംഘടനാ സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ ആണെന്നാണ് പോസ്റ്റിലെ വാദം.
എന്നാല്‍ ഈ ശബ്ദ സന്ദേശം ഇ ടി മുഹമ്മദ് ബഷീറിന്റെതല്ല.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ ഈ ശബ്ദ സന്ദേശത്തെ കുറിച്ച് അറിയാനായി ആദ്യം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും പി ആര് ഡപ്യുട്ടി ഡയറക്റ്റര്‍ സ്വപ്ന അറിയിച്ചത് ഇങ്ങനെയാണ്. ഈ സന്ദേശം ജനുവരി മുതല്‍ പ്രചരിക്കുന്നതാണ്. ഇത് വെറും വ്യാജ പ്രചാരണമാണ്. വ്യാജ പ്രചരണം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ ശ്രീചിത്ര വിശദീകരണം നല്‍കിയിരുന്നു. സന്ദേശത്തില്‍ പറയുന്നതുപോലെ ഇവിടെയുള്ള ഒരു ഡോക്ടര്‍മാരും ആര്‍ക്കും ബ്രെയിന്‍ ട്യൂമറിനെ പറ്റി ഇത്തരത്തില്‍ വാര്‍ത്തകളോന്നും കൈമാറിയിട്ടില്ല.ഇ മുഹമ്മദ് ബഷീറിന്റെ സന്ദേശം എന്ന പ്രചരണം തന്നെ വ്യാജമാണ്.”
കൂടുതല്‍ വ്യക്തതയ്ക്കായി ഫാക്റ്റ് ക്രെസന്റോ ഇ ടി മുഹമ്മദ് ബഷീറിന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അവിടെ നിന്നും അദ്ദേഹത്തിന്റെ പെഴ്സണല്‍ സ്റ്റാഫ് അംഗം അറിയിച്ചത് “ഇത് പൂര്‍ണ്ണമായും വ്യാജ പ്രചരണമാണെന്നാണ്. വോയിസ് ക്ലിപ്പില്‍ കേള്‍ക്കുന്നത് ഇ ടി മുഹമ്മദ് ബഷീറിന്റെ ശബ്ദമല്ല. പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നെ ഇത്തരം പ്രചരണങ്ങള്‍ ഞങ്ങള്‍ അവഗണിക്കുകയാണ്.”
പോസ്റ്റിലേത് വെറും വ്യാജ പ്രചരണമാണെന്ന് വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും വ്യാജ പ്രചരണം മാത്രമാണ്. ഇങ്ങനെയൊരു സന്ദേശം ഇ ടി മുഹമദ് ബഷീര്‍ എംപി നല്‍കിയിട്ടില്ല. ശ്രീചിത്രയില്‍ നിന്നും ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത ആര്‍ക്കും നല്‍കിയിട്ടില്ല.

Title:കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്കിയാല് ബ്രെയിന്‍ ട്യൂമറിനു സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് സന്ദേശം ഇ ടി മുഹമ്മദ് ബഷീര്‍ എംപി നല്‍കിയിട്ടില്ല
Fact Check By: Vasuki SResult: False
