FACT CHECK: ലോകാരോഗ്യ സംഘടനയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്…

ആരോഗ്യം ദേശീയം

പ്രചരണം

കോവിഡ് മഹാമാരി രാജ്യത്തെ പല സംസ്ഥാനങ്ങളെയും ലോക്ക് ഡൌണിലേയ്ക്ക് കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം ഇന്ത്യ ഒട്ടാകെ 3704893 കേസുകളാണ് ഇന്നേ ദിവസം വരെ പോസിറ്റീവ് ആയി ചികിത്സയില്‍ ഉള്ളത്. വ്യാപന നിരക്ക് കുറച്ചു കൊണ്ടുവരുക എന്നതാണ് സംസ്ഥാനങ്ങള്‍ക്ക് മുന്നിലുള്ള ആദ്യ വഴി. രോഗ വ്യാപനം തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും ആരോഗ്യ സംഘടനകളില്‍ നിന്നും വിവിധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.

ലോകാരോഗ്യ സംഘടന നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്ന പേരില്‍ ഒരു സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.  

ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റില്‍ ലോകാരോഗ്യ സംഘടനയുടെതായി നല്‍കിയിരിക്കുന്ന സന്ദേശം ഇങ്ങനെയാണ്: 

* അടുത്ത 72 മണിക്കൂർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ വലുതായിരിക്കും *

* ലോകാരോഗ്യ സംഘടന ഐസിഎംആർ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകുന്നു *

*ഇന്ത്യക്കാർ‌ മെച്ചപ്പെടുന്നില്ലെങ്കിൽ‌ “കമ്മ്യൂണിറ്റി എക്സ്ചേഞ്ച്” എന്നർ‌ത്ഥമുള്ള “മൂന്നാം ഘട്ടത്തിലേക്ക്” ഇന്ത്യ പ്രവേശിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന ഐ‌സി‌എം‌ആർ റിപ്പോർട്ട് ചെയ്യുന്നു.*

*ഇന്ത്യ മൂന്നാം ഘട്ടത്തിലേക്കോ സാമൂഹിക വിപുലീകരണത്തിലേക്കോ പോയാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ജനസാന്ദ്രത കൂടുതലുള്ളതിനാൽ ഇന്ത്യയിൽ ദിവസവും 50,000 (അമ്പതിനായിരം) മരണങ്ങൾ സംഭവിക്കാം*

_*എല്ലാ പൗരന്മാരും 72 മുതൽ 108 മണിക്കൂർ വരെ പുറത്തു ഇറങ്ങാതെ അകത്തു ഇരുന്നു*_ *എന്തെങ്കിലും ചെയ്യാൻ അഭ്യർത്ഥിക്കുന്നു*

*കാരണം നാളെ ഇന്ത്യ കോവിഡ് 19 മൂന്നാം ഘട്ടത്തിലേക്ക് പോകാൻ ഇടയാകാതെ, ദയവായി എല്ലാവരെയും അകത്ത് തുടരാൻ പ്രോത്സാഹിപ്പിക്കുക.*

*ഉചിതമെങ്കിൽ, ഇന്ത്യയിലുടനീളം പങ്കിടുക.*

*നഗര ആശുപത്രികളിൽ സ്ഥാനമില്ല, റഫറലുകളില്ല, സ്റ്റാറ്റസ് ഇല്ല, അംഗീകാരമില്ല, പണമില്ല! സ്വയം പരിരക്ഷിക്കുക എന്നതാണ് ഏക പരിഹാരം.*

_*എല്ലാ കുടുംബാംഗങ്ങളും ദയവായി ശ്രദ്ധിക്കുക:*_

01 *ആമാശയം ശൂന്യമാക്കരുത്*

02 *ഉപവസിക്കരുത് അഥവാ ഭക്ഷണം കഴിക്കാതിരിക്കരുത്.*

03 *ദിവസവും ഒരു മണിക്കൂർ തീർച്ചയായും സൂര്യപ്രകാശം ആസ്വദിക്കുക.*

04 *കഴിവുള്ളടത്തോളം എസി ഉപയോഗിക്കാതിരിക്കക.*

05 *ചെറുചൂടുള്ള വെള്ളം മാത്രം കുടിക്കുക.*

06 *ഓരോ പച്ചക്കറികളിലും അര ടീസ്പൂൺ പൊടിച്ച ഇഞ്ചി ചേർക്കുക.*

07 *കറുവപ്പട്ട ഉപയോഗിക്കുക.*

08 *രാത്രിയിൽ ഒരു കപ്പ് പാൽ ചേർത്ത് ഒരു ടീസ്പൂൺ മഞ്ഞൾ കുടിക്കുക.*

09 *വീട്ടിൽ കർപ്പൂരവും ഗ്രാമ്പൂവും ഉപയോഗിച്ച് പുകയ്ക്കുക.*

10 *രാവിലെ ചായയിൽ ഗ്രാമ്പൂ ചേർത്ത് തിളപ്പിക്കുക.*

11 *പഴങ്ങളിൽ ഓറഞ്ച് മാത്രം കഴിക്കുക.*

*നിങ്ങൾക്ക് കൊറോണയെ തോൽപ്പിക്കണമെങ്കിൽ, ഇതെല്ലാം ചെയ്യുക.*

*പാലിൽ മഞ്ഞൾ ചേർത്ത് കഴിച്ചാൽ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.*

*കഴിയുമെങ്കിൽ എല്ലാവരോടും ഈ പോസ്റ്റ് കഴിയുന്നത്ര പങ്കിടാൻ ഞാൻ ആവശ്യപ്പെടുന്നു.*

_*നന്ദി.*

archived linkFB post

ഇത് വ്യാജ സന്ദേശമാണ് എന്നും ലോകാരോഗ്യ സംഘടനയോ ഐ സി എം ആറോ ഇങ്ങനെയൊരു സന്ദേശം നല്‍കിയിട്ടില്ല എന്നും ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ പ്രചാരണത്തെ കുറിച്ച് കൂടുതലറിയാന്‍ ലോകാരോഗ്യ സംഘടനയുടെ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രസ്തുത സന്ദേശം തെറ്റാണ് എന്നറിയിച്ചുകൊണ്ട് ലോകാരോഗ്യ സംഘടന നടത്തിയ ഒരു ട്വീറ്റ് ലഭിച്ചു. 2021 ഏപ്രില്‍ ആറിനാണ് ട്വീറ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

ഇക്കാര്യം വ്യക്തമാക്കി എഎന്‍ഐ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഏപ്രില്‍ 15 ഓടെ 50000 കോവിഡ് മരണങ്ങള്‍ ഉണ്ടാകുമെന്ന പ്രചരണം ശ്രദ്ധയില്‍ പെട്ടപ്പോഴാണ് അവര്‍ ട്വീറ്റ് ചെയ്തത്. അതായത് ഈ പ്രചരണം ഏപ്രില്‍ മാസം മുതല്‍ പ്രചരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം. ലോകാരോഗ്യ സംഘനയുടെ കൂടെ ഐ സി എം ആറിന്‍റെ പേരുകൂടി ഇതില്‍ ചേര്‍ത്തിരിക്കുകയാണ്. സന്ദേശത്തില്‍ ബാക്കിയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആധികാരികതയില്ലാത്തതാണ്. കോവിഡ് രോഗത്തിന് ചികിത്സയായോ പ്രതിവിധിയായോ നിര്‍ദ്ദേശങ്ങളെ കരുതാനാകില്ല. 

കഴിഞ്ഞ 14 ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകൾ ഒരു നിർദ്ദിഷ്ട ഉറവിടവുമായി ബന്ധിപ്പിക്കാൻ കഴിയാത്തതും പരസ്പര ബന്ധമില്ലാത്ത ഒന്നിലധികം കേസുകൾ ഉള്ളതുമായ അവസ്ഥയിൽ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ സംഭവിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. സംസ്ഥാനങ്ങളും രാജ്യങ്ങളും സ്വയം ഉചിതമായി ഈ അവസ്ഥ വർഗ്ഗീകരിക്കുകയാണ് ചെയ്യുന്നത്. കമ്യൂണിറ്റി ട്രാന്‍സ്മിഷന്‍ അഥവാ സാമൂഹ്യ വ്യാപനം ഇന്ത്യയില്‍ നേരിയ തോതില്‍ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ കഴിഞ്ഞ കൊല്ലം വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യാപനം കൂടിയ ഇപ്പൊഴത്തെ സാഹചര്യത്തില്‍ സമൂഹ വ്യാപനം ഇല്ലാതെ രാജ്യമെന്ന് ഇന്ത്യ സ്വയം മുദ്രകുത്തുന്നു എന്നൊരു വാര്‍ത്ത ഹിന്ദു ഇന്നലെ നല്‍കിയിട്ടുണ്ട്.  

പോസ്റ്റിലെ പ്രചരണം ആത്യന്തികമായി തെറ്റാണെന്ന് അനുമാനിക്കാം

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ലോകാരോഗ്യ സംഘടന പ്രചാരണത്തില്‍ നല്‍കിയതുപോലെ ഒരു പ്രസ്താവന നടത്തിയിട്ടില്ല. പോസ്റ്റില്‍ ആരോഗ്യ സംരക്ഷണത്തെ കുറിച്ച് നല്‍കിയ അറിയിപ്പുകള്‍ കോവിഡ് ചികിത്സയ്ക്കോ പ്രതിരോധത്തിനോ ഉപയോഗിക്കാവുന്നതല്ല. കോവിഡ് രോഗലക്ഷണം കണ്ടെത്തിയാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ എത്രയും വേഗം വിദഗ്ദ്ധ വൈദ്യ സഹായം തേടുക 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ലോകാരോഗ്യ സംഘടനയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •