
വിവരണം
ശ്രീജിത്ത് പന്തളം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 21 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “കോട്ടയം മിയ ഖലീഫ കോളേജ് ABVP തൂത്തുവാരി ??” എന്ന അടിക്കുറിപ്പോടെ 2019 ഓഗസ്റ്റ് 21 നു ഫലം പ്രഖ്യാപിച്ച മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ” കോട്ടയം മിയ ഖാലിഫ കോളേജ് എബിവിപി തൂത്തുവാരി. 37 ൽ 76 സീറ്റും കാവിപ്പടയ്ക്ക്. വിജയിച്ച സംഘ ചുണക്കുട്ടികൾ ഗൂഗിൾ ആദരിക്കും. ഇത് സംഘത്തിന്റെ വിജയം. സംഘത്തിനോട് കളിക്കാൻ നീയൊന്നും വളർന്നിട്ടില്ല.” എന്നാണ് പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്ത.
archived link | FB post |
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാർത്തകൾ ഞങ്ങൾ ഈ ലേഖനം തയ്യാറാക്കുമ്പോൾ പുറത്തു വന്നു തുടങ്ങിയിട്ടേയുള്ളൂ. കൂടുതൽ കോളേജുകളിലും എസ്എഫ്ഐ സീറ്റുകൾ നിലനിർത്തി എന്നാണ് കൂടുതൽ വാർത്തകളും പുറത്തു വരുന്നത്.
കോട്ടയത്ത് മിയ ഖാലിഫ എന്ന കോളേജ് ഉണ്ടോ..? അവിടെ എബിവിപി 37 ൽ 67 സീറ്റ് നേടിയോ..? നമുക്ക് അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ കോട്ടയത്ത് ഈ പേരിൽ ഒരു കോളേജ് ഉണ്ടോ എന്ന് ആദ്യം തിരഞ്ഞു. എന്നാൽ ഈ പേരിൽ ഒരു കോളേജ് നിലവിലില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ഈ പേര് ഒരു പോൺ സിനിമാ താരത്തിന്റേതാണ്. തെറ്റിദ്ധരിപ്പിക്കാനായി ഈ പേര് പോസ്റ്റിൽ ഉപയോഗിച്ചിരിക്കുകയാണ്.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ തെരെഞ്ഞെടുപ്പിൽ കോന്നി എൻഎസ്എസ് കോളേജിൽ എബിവിപി മുഴുവൻ സീറ്റുകളിലും വിജയിച്ചു എന്ന വാർത്ത ഞങ്ങളുടെ അന്വേഷണത്തിൽ ലഭിച്ചു. “ധീര ബലിദാനി വിശാലിന്‍റെ കോളേജായ കോന്നി എന്‍.എസ്.എസ് കോളേജ് എസ്.എഫ്‌ഐയില്‍ നിന്നും തിരിച്ച് പിടിച്ച് എ.ബി.വി.പി. മഹാത്മാ ഗാന്ധി സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ എ.ബി.വി.പി വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. എസ്.എഫ്.ഐ യുടെ കുത്തക ക്യാമ്പസ്സുകളില്‍ വന്‍ അട്ടിമറി വിജയം നേടാന്‍ എ.ബി.വി.പിയ്ക്ക് സാധിച്ചിട്ടുണ്ട്. എസ്.എഫ്.ഐയുടെ കൈയ്യിലിരുന്ന കോന്നി എം.എം. എന്‍.എസ്.എസ് കോളേജില്‍ എ.ബി.വി.പി പാനല്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.” എന്ന വിവരണം വാർത്തയിൽ നൽകിയിട്ടുണ്ട്.
archived link | janmabhumi daily |
ഇത് വ്യാജപ്രചാരണത്തിനായി സൃഷ്‌ടിച്ച ഒരു പോസ്റ്റാണ് എന്നാണ് അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിയുന്നത്. കോട്ടയത്ത് മിയ ഖാലിഫ എന്ന പേരിൽ ഒരു കോളേജ് ഇല്ല. പത്തനംതിട്ട റാന്നിയിലുള്ള എൻഎസ്എസ് കോളേജിൽ എബിവിപി മുഴുവൻ സീറ്റും നേടി എന്ന് വാർത്തയുണ്ട്. ഈ പോസ്റ്റ് ഒഴികെ ഈ വാർത്ത മറ്റൊരു മാധ്യമങ്ങളിലും വന്നിട്ടില്ല.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും വ്യാജമായ വാർത്തയാണ്. കോട്ടയത്ത് പ്രസ്തുത പേരിൽ ഒരു കോളേജ് നിലവിലില്ല. പത്തനംതിട്ട എൻഎസ്എസ് കോളേജിൽ എബിവിപി മുഴുവൻ സീറ്റും നേടിയതായി വാർത്തകളുണ്ട്. അതിനാൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
