FACT CHECK: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല…

നിയമം രാഷ്ട്രീയം

വിവരണം 

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ച മാത്രമാണുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരുക്കങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത് കോവിഡ് മഹാമാരിക്കിടയിലാണ്. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പിന് ചില നിയന്ത്രണങ്ങള്‍ ഉണ്ടാകും. 

തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്. “ഇപ്രാവശ്യം വീട്ടിലിരുന്ന് വോട്ടു ചെയ്യുവാനുള്ള സൗകര്യം സർക്കാർ ഒരുക്കുന്നു, ഏറെ സഹായകരം” എന്നാ തലക്കെട്ടിലെ വാര്‍ത്തയുടെ ഉള്ളടക്കവും അത് തന്നെയാണ്. അതായത് എല്ലാവര്‍ക്കും വീട്ടിലിരുന്നു തന്നെ വോട്ടു രേഖപ്പെടുത്താന്‍ കഴിയും. നേരത്തെ കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും മാത്രമായിരുന്നു ഈ സൗകര്യം പ്രഖ്യാപിച്ചത്, എന്നാല്‍ എല്ലാവര്‍ക്കും ഇത് ലഭ്യമാകും എന്നാണ് നല്‍കിയിട്ടുള്ളത്.

primereel | archived  link

എന്നാല്‍ ഈ പ്രചരണം തെറ്റാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാളെ മാത്രമേ പ്രഖ്യാപിക്കൂ. പ്രചാരണത്തെ കുറിച്ചും യാഥാര്‍ത്ഥ്യത്തെ കുറിച്ചും കൂടുതല്‍ അറിയാം

വസ്തുതാ വിശകലനം

പോസ്റ്റിലെ വിവരണം ഇങ്ങനെ പോകുന്നു: “…എന്നാൽ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു കൊണ്ട് വോട്ടിംഗ് തന്നെ മൂന്നു ദിവസങ്ങൾ ആക്കിയിരിക്കുകയാണ്, അതോടൊപ്പം മുൻപ് ക്വാറന്റനിൽ കഴിയുന്ന ആളുകൾക്കും, പോസിറ്റീവായ ആളുകൾക്കും തപാൽ വോട്ട് രേഖപ്പെടുത്താം എന്ന് ആയിരുന്നു പറഞ്ഞത്, പക്ഷേ അത് അത്ര പ്രാവർത്തികം ആവുകയില്ല എന്ന് കണ്ടുകൊണ്ട് സർക്കാർ തീരുമാനം മാറ്റിയിരിക്കുകയാണ്, എന്നു വെച്ചിട്ടുണ്ടെങ്കിൽ അവരുടെ വീട്ടിലേക്ക്, അല്ലെങ്കിൽ അവർ ഉള്ള സ്ഥലത്തേക്ക് ഉദ്യോഗസ്ഥർ എത്തുകയും ഇഷ്ടമുള്ള പാർട്ടിക്ക് അവർക്ക് വീട്ടിലിരുന്ന് തന്നെ വോട്ട് ചെയ്യാൻ സാധിക്കുന്നു….”

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് തദ്ദേശ സ്വയംഭരണ  തെരഞ്ഞെടുപ്പ് നടത്തിപ്പിന്‍റെ ചുമതല. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരനുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചിരുന്നു. അദ്ദേഹം നല്‍കിയ വിശദീകരണം ഇങ്ങനെയാണ്: “വോട്ടര്‍മാര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. മിക്കവാറും നാളെ പൂര്‍ത്തിയാകും എന്ന് കരുതുന്നു. കോവിഡ് രോഗികള്‍ക്കും ക്വാരന്റൈനില്‍ കഴിയുന്നവര്‍ക്കും മാത്രമാണ് ഇളവ് നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ സാക്ഷ്യപ്രകാരം അവര്‍ക്ക് വോട്ടു ചെയ്യാം. എങ്ങനെയാണ് സംവിധാനം എന്നത് സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കും തീരുമാനിക്കുക. ഏതായാലും നാളെ ഇതിന്‍റെ മുകളില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതുന്നു. മറ്റാര്‍ക്കും ഇളവുകള്‍ ഉണ്ടായിരിക്കില്ല. മുന്‍കാലങ്ങളില്‍ എങ്ങനെയാണോ ഉണ്ടായിരുന്നത് അതുപോലെ തന്നെ ആയിരിക്കും. അതായത് ഭിന്നശേഷിക്കാര്‍, മറ്റു പ്രശ്നങ്ങള്‍ ഉള്ളവര്‍ തുടങ്ങിയ ആര്‍ക്കും ഇളവുകള്‍ ബാധകമല്ല. മാര്‍ഗരേഖ തയ്യാറായി കഴിഞ്ഞാല്‍ അത് വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിക്കും, എല്ലാ ജില്ലാ ആസ്ഥാനങ്ങള്‍ക്കും കൈമാറും, മാധ്യമങ്ങളിലും നല്‍കും.”

ഞങ്ങളുടെ അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇതുവരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വോട്ടര്‍മാര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിക്കാന്‍ പോകുന്നതേയുള്ളൂ. ഇപ്പോള്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളെ കുറിച്ച് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഔദ്യോഗിക സ്ഥിരീകരണമില്ലാതവയാണ്. 

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നേ ദിവസം വരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നാളെ ഇതിന്മേല്‍ തീരുമാനവും പ്രഖ്യാപനവും ഉണ്ടാകും എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്.

Avatar

Title:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •