
വിവരണം
രാജ്യം യുദ്ധം പോലെയോ മഹാമാരി പോലെയോ ഉള്ള അടിയന്തര ഘട്ടങ്ങളിൽ കൂടെ കടന്നു പോകുമ്പോൾ രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പലതരത്തിലുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും പൊതുജനങ്ങൾക്കായി നൽകാറുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും പ്രതിരോധ വിഭാഗത്തിലെ ഉദ്യോഗസ്ഥരും നിയമ-ക്രമസമാധാന പാലകരും ഇക്കൂട്ടത്തില്‍ പെടും. ഇന്ത്യയില്‍, പ്രത്യേകിച്ചു കേരളത്തില്‍ പോലീസ് സേന ഇക്കാര്യത്തിൽ മുൻപന്തിയിലാണ്. ആധുനിക കാലഘട്ടത്തിൽ അവര്‍ വിവര സാങ്കേതികത പരമാവധി പ്രയോജനപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെയും പൊതുജനങ്ങൾക്കായി ഉള്ള നിർദ്ദേശങ്ങൾ പങ്കുവെക്കുന്നു
കഴിഞ്ഞ കുറച്ചു ദിവസമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു വാർത്തയാണ് താഴെ കൊടുത്തിരിക്കുന്നത്. കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിന്‍റെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. വാട്ട്സ് ആപ്പുവഴി പ്രചരിച്ചു വരുന്ന സന്ദേശത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ വായനക്കാരില്‍ ചിലര്‍ ഞങ്ങള്‍ക്ക് റിക്വസ്റ്റ് അയച്ചു. ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ അവിടെയും ഇതേ സന്ദേശം പ്രചരിക്കുന്നതായി കാണാന്‍ കഴിഞ്ഞു.

ലോക ഡൗൺ കാലം കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത്,കോവിഡിൽ നിന്നും എങ്ങനെ അകന്നു ജീവിക്കാം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള ചില പൊതു നിർദ്ദേശങ്ങളാണ് പോസ്റ്റിലുള്ളത്. എന്നാൽ ഈ സന്ദേശം കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് നൽകിയതല്ല എന്നു മാത്രമല്ല കേരളാ പോലീസിന് തന്നെ ഈ സന്ദേശവുമായി യാതൊരു ബന്ധവുമില്ല. ഇക്കാര്യം പോലീസ് വകുപ്പ് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. എന്താണ് യാഥാർത്ഥ്യം എന്ന് നമുക്ക് നോക്കാം
വസ്തുത വിശകലനം
ഞങ്ങൾ ഈ പോസ്റ്റിന് യാഥാർത്ഥ്യം അറിയാൻ കേരള പോലീസ് മീഡിയ സെല്ലുമായി ബന്ധപ്പെട്ടിരുന്നു. കേരള പോലീസ് മീഡിയ സെൽ ഡെപ്യൂട്ടി ഡയറക്ടർ പ്രമോദ് കുമാർ ഞങ്ങളെ അറിയിച്ചത് ഇത്തരത്തിൽ ഒരു സന്ദേശം പോലീസുകാർ പുറത്തിറക്കിയിട്ടില്ല എന്നാണ്. പോലീസിന്‍റെ പേര് ഇല്ലാതെയും ഈ സന്ദേശം പ്രചരിക്കുന്നുണ്ട്
കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിനെ പേരിൽ സന്ദേശം പ്രചരിക്കുന്നതായി കണ്ടതിനാൽ ഞങ്ങൾ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിന്‍റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു സന്ദേശം അവർ പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
സന്ദേശത്തിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ ഗുണപ്രദമാണെങ്കിലും ഇത് പോലീസ് പുറത്തിറക്കിയ സന്ദേശം അല്ല എന്നതാണ് സത്യം. സന്ദേശത്തിന് ആധികാരികതക്ക് ലഭിക്കുവാന്‍ വേണ്ടി പോലീസിന്‍റെ പേര് ഉപയോഗിച്ചിരിക്കുകയാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന സന്ദേശം കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിന്‍റെതല്ല. പൊതുവായി ആരോ എഴുതിയ സന്ദേശം കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിനെ പേരിൽ പ്രചരിപ്പിക്കുകയാണ്. ഈ വിവരം വായനക്കാരുടെ അറിവിലേക്കായി സമർപ്പിക്കുന്നു.

Title:ഈ സന്ദേശം കേരളാ പോലീസിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുകയാണ്…
Fact Check By: Vasuki SResult: False
