FACT CHECK: സാമൂഹ്യ മാധ്യമങ്ങളിലെ ഈ കാന്‍സര്‍ പ്രതിരോധ മുന്നറിയിപ്പിന് ഡോ. വി പി ഗംഗാധരനുമായി യാതൊരു ബന്ധവുമില്ല…

ആരോഗ്യം

വിവരണം

പ്രശസ്ത ഡോക്ടര്‍ വി പി ഗംഗാധരന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. ചികിത്സാ രംഗത്ത് മാത്രമല്ല, പുസ്തക രചനകളിലൂടെ സാഹിത്യ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കാന്‍സര്‍ ചികിത്സാ രംഗത്ത് അദ്ദേഹം അവസാന വാക്കാണ്‌. ഇന്‍റര്‍വ്യൂകളിലും അനുഭവക്കുറിപ്പുകളിലൂടെയും അദ്ദേഹം ഹൃദയസ്പര്‍ശിയായ ചികിത്സാ അനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 

ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തിന്‍റെ ചിത്രവും അതിന്‍റെ മുകളില്‍ കാന്‍സര്‍ പ്രതിരോധത്തിനുള്ള അദ്ദേഹത്തിന്‍റെ  ചില മുന്നറിയിപ്പുകളുമായി ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. 

archived linkFB post

പോസ്റ്റില്‍ നല്‍കിയിട്ടുള്ള വാചകങ്ങള്‍ ഇങ്ങനെയാണ്: ഇത് എല്ലാവരിലും എത്തിക്കൂ… 

ഓണ്‍കോളജി (കാന്‍സര്‍ സ്പെഷ്യലിസ്റ്റ്)  ഇദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക. 

അശ്രദ്ധയോടെയല്ലാതെ ആരും കാന്‍സര്‍ കൊണ്ട് മരിക്കരുത് !

*(1) പഞ്ചസാര മാറ്റി നിര്‍ത്തുക.

പഞ്ചസാര ഇല്ലെങ്കില്‍ കാന്‍സര്‍ പടരില്ല.

 തനിയെ നശിക്കും. 

*(2) അടുത്തത് ഒരു ചെറുനാരങ്ങ മൊത്തം ചൂടുവെള്ളത്തില്‍ പിഴിഞ്ഞ് ഒരു ഗ്ലാസ്സ് ദിവസേന ഭക്ഷണത്തിന് മുമ്പ് ഒരു മാസം മുതല്‍ മൂന്നു മാസം വരെ നിത്യേന കഴിക്കുക. ഇത് കീമോ തെറാപ്പിയേക്കാള്‍ 1000 തവണ ഗുണകരമാണെന്ന് (മെരിലാന്‍ഡ് കോളേജ് ഓഫ് മെഡിസിന്‍ പഠനങ്ങള്‍ തെളിയിക്കുന്നു. 

*(3) അടുത്തത് രാവിലെയും രാതിയും മൂന്നു സ്പൂണ്‍ വീതം ഓര്‍ഗാനിക് വെളിച്ചെണ്ണ കഴിക്കുന്നത്  കാന്‍സര്‍ അകറ്റും. 

താങ്കള്‍ക്ക് ഇതില്‍ ഏതെങ്കിലും ഒരു രീതി തെരഞ്ഞെടുക്കാം. 

sugar നിര്‍ബന്ധമായും ഒഴിവാക്കുക 

രണ്ടു വര്‍ഷത്തില്‍ അധികമായി ഞാന്‍ ഈ വിഷയം എല്ലാവരെയും ധരിപ്പിക്കുന്നു. 

താങ്കളുടെ എല്ലാ വേണ്ടപ്പെട്ടവര്‍ക്ക് കൂടെ ഈ അത്യാവശ്യ വിഷയം അറിയിക്കുക 

god bless you all 

enjoy your wonderful day 

നമ്മുടെ വിരല്‍ തുമ്പ് കൊണ്ട് മറ്റുള്ളവര്‍ക്ക് ഉപകാരമാവട്ടെ 

ഞങ്ങള്‍ ഈ പ്രചാരണത്തെ പറ്റി അന്വേഷിച്ചു. ഇത് തെറ്റാണെന്ന് കണ്ടെത്തി. ഞങ്ങളുടെ അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാം 

വസ്തുതാ വിശകലനം

ഡോ. വി പി ഗംഗാധരന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ കാന്‍സര്‍ മുന്‍ കരുതലുകള്‍ ഏതാണ്ട് 2017 മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാട്ട്സ് അപ്പ് വഴിയാണ് ഇപ്പോള്‍ പോസ്റ്റ് വീണ്ടും പ്രചരിച്ചു തുടങ്ങിയിട്ടുള്ളത്. 

തന്‍റെ പേരില്‍ വ്യാജ മുന്നറിയിപ്പ് പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ഡോ. വി പി ഗംഗാധരന്‍ ഇതേ പോസ്റ്റിനെതിരെ 2018 ജനുവരിയില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. 

ഇതേപ്പറ്റി മനോരമ  പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ഇവിടെ നല്‍കുന്നു: 

അദ്ദേഹം പോലീസില്‍ പരാതി നല്‍കിയതിന്‍റെ വിവരങ്ങള്‍:

24 ന്യൂസ്‌ ഓണ്‍ലൈന്‍  ഇതേപ്പറ്റി വാര്‍ത്ത നല്‍കിയിരുന്നു. 

ഈ പോസ്റ്റ് വ്യാജമാണെന്നും വിശ്വസിക്കരുതെന്നുമുള്ള നിര്‍ദ്ദേശവുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ ഡോ. ഷിംന അസീസ്‌ തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കാര്യങ്ങള്‍: 

വി.പി ഗംഗാധരൻ സാറിന്റെ പേരിൽ കാൻസറിനുള്ള അദ്‌ഭുതചികിത്സ എന്ന മൂന്ന്‌ പോയിന്റുകളുമായൊരു മെസേജ്‌ സോഷ്യൽ മീഡിയ കൈയടക്കിയിരിക്കുന്നു. പേരെടുത്തൊരു കാൻസർ രോഗവിദഗ്‌ധന്റെ ഫോട്ടോ പിറകിലൊട്ടിച്ചാൽ കിട്ടുന്ന വിശ്വാസ്യത ഓർത്താവണം ഗംഗാധരൻ സർ മനസ്സാവാചാ അറിയാതൊരു കാര്യം അദ്ദേഹത്തിന്റെ പേരിൽ പ്രചരിക്കുന്നത്‌.

ഉള്ളതങ്ങ്‌ പറയാം.

– പഞ്ചസാര കഴിച്ചില്ലെങ്കിൽ കാൻസർ പടരില്ല എന്ന ആദ്യ പോയിന്റ്‌. പഞ്ചസാര ആയാലും ചോറായാലും ചപ്പാത്തിയായാലും കാർബോഹൈഡ്രേറ്റ് വിഭാഗത്തിലെ എന്ത് സാധനമായാലും ശരീരത്തിലെത്തിയാൽ ഒടുക്കം ഗ്ലൂക്കോസായി മാറും. ശരീരത്തിന്റെ സകലപ്രവർത്തനങ്ങൾക്കുമുള്ള ഇന്ധനമാണ്‌ ഗ്ലൂക്കോസ്‌. ആമാശയത്തിലെത്തുമ്പോൾ പഞ്ചസാരത്തരി പെറുക്കിയെടുത്ത്‌ ‘ഹായ്‌ നമുക്ക്‌ കാൻസറിന്‌ തിന്നാൻ കൊടുക്കാം’ എന്ന്‌ തീരുമാനിക്കാനുള്ള മെക്കാനിസം അവിടെയില്ല. അസംബന്ധമാണിത്‌. പഞ്ചസാര കഴിക്കാതിരുന്നാൽ കാൻസർ തടയാനാവില്ല.

ചെറുനാരങ്ങ പിഴിഞ്ഞ്‌ കുടിച്ചാൽ ധാരാളം വൈറ്റമിൻ സി കിട്ടും. കൂട്ടത്തിൽ കുറച്ച്‌ ധാതുലവണങ്ങളും ഇങ്ങ്‌ പോരും. പണ്ട്‌ ലിനസ്‌ പോളിങ്ങ്‌ എന്ന ഇരട്ട നോബൽ സമ്മാനജേതാവ്‌ വൈറ്റമിൻ സി അധിക അളവിൽ ഉപയോഗിക്കുന്നത്‌ ജലദോഷം മുതൽ കാൻസർ വരെ തടയുമെന്ന്‌ പ്രചരിപ്പിച്ചിരുന്നു. മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ അന്നേ ശാസ്‌ത്രലോകം അത്‌ തള്ളിക്കളഞ്ഞതാണ്‌. അതിന്റെ പുതിയ വേർഷനായ നാരങ്ങ പിഴിഞ്ഞ്‌ കുടിക്കൽ പ്രചരിപ്പിച്ച ശ്രീനിവാസൻ ചെറിയൊരു ആരോഗ്യപ്രശ്‌നം വന്നപ്പോൾ ചെന്നു കിടന്നത്‌ സൂപ്പർസ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ്‌. ഗംഗാധരൻ സാറിന്റെ ചിത്രത്തോടെയുള്ള ഈ മെസേജ്‌ വിശ്വസിച്ച്‌ കീമോതെറാപ്പിയേക്കാൾ 1000 മടങ്ങ്‌ ‘ഫലപ്രദമായ’ നാരങ്ങ പിഴിഞ്ഞ്‌ കുടിക്കലിനെ ഏറ്റെടുത്ത്‌ കീമോതെറാപ്പി ഒഴിവാക്കി രോഗിയുടെ ജീവൻ അപകടത്തിലായാൽ മെസേജ്‌ നിർമ്മാതാവ്‌ ഉത്തരം പറയുമോ ! അതിന്‌ ഇജ്ജാതി മെസേജൊക്കെ ആര്‌ പടച്ചു വിടുന്നെന്ന്‌ ആർക്കറിയാമല്ലേ? ‘സാമൂഹ്യസേവനം’ ചെയ്യുന്ന സാമൂഹ്യവിരുദ്ധർ. ഇത്തരം കപടപ്രചാരകരെ കണ്ടുപിടിച്ച്‌ പൂട്ടുന്ന നിയമനടപടിയാണ്‌ വേണ്ടത്‌. ആരോടു പറയാനാണ്‌ !!

മൂന്ന്‌ സ്‌പൂൺ ഓർഗാനിക്‌ വെളിച്ചെണ്ണ രാവിലേം വൈകുന്നേരോം കുടിച്ചോളാൻ പറഞ്ഞിട്ടുണ്ട്‌. എല്ലാ വെളിച്ചെണ്ണയും ഓർഗാനിക്കല്ലേ? വിർജിൻ കോക്കനട്ട്‌ ഓയിലാണോ എന്തോ ഉദ്ദേശിച്ചത്‌… അതോ വീട്ടിൽ തന്നെ ഉണ്ടാക്കിയ വെളിച്ചെണ്ണയോ. ഇനി വെളിച്ചെണ്ണ വിറ്റുപോകാൻ വല്ല കൊപ്രക്കച്ചവടക്കാരനും ഉണ്ടാക്കിയ മെസേജാണോ ആവോ !

അടിസ്‌ഥാനരഹിതമാണ്‌ ഈ പറഞ്ഞതും. ദയവ്‌ ചെയ്‌ത്‌ ഇത്തരം മെസേജുകളുടെ ഉള്ളടക്കം ചിന്തിച്ച്‌ മനസ്സിലാക്കാൻ ശ്രമിക്കുക.

ഗംഗാധരൻ സാറിനെപ്പോലെ കാൻസർ ചികിത്സാരംഗത്തെ ഒരു അതികായന്റെ പേര്‌ ഇതിലേക്ക്‌ വലിച്ചിഴച്ച ആ മഹദ്‌വ്യക്‌തിത്വം ജനജീവിതം അപകടത്തിലേക്ക്‌ തള്ളി വിടുന്നത്‌ തടയാനുള്ള ശ്രമമാണ്‌ ഇവിടെയുള്ള ഈ കുറിപ്പ്‌.

ദയവായി ഇത്തരം കുപ്രചരണങ്ങളിലും അശാസ്‌ത്രീയതയിലും മയങ്ങി വീഴരുത്‌. നിങ്ങൾക്ക്‌ രോഗമുണ്ടാക്കുന്ന പ്രമുഖരെല്ലാം അവർക്ക്‌ രോഗം വരുമ്പോൾ ഓടുന്നത്‌ ലോകത്ത്‌ കിട്ടാവുന്നതിൽ ഏറ്റവും മികച്ച ചികിത്സ ഉള്ളിടത്തേക്കാണ്‌. ഹെഗ്‌ഡേയും ശ്രീനിവാസനുമെന്നല്ല, ജീവനിൽ കൊതിയുള്ള ആരും ഇത്‌ തന്നെ ചെയ്യും.

എന്നിട്ടും പഠിക്കാതെ നമ്മൾ മെസേജുകൾ ഫോർവാർഡ്‌ ചെയ്‌തുകൊണ്ടേ ഇരിക്കും.

കൊതിയോടെ വായിച്ചു തീർത്ത ഗംഗാധരൻ സാറിന്റെ പുസ്‌തകത്തിന്റെ പേരാണ്‌ ഓർമ്മ വരുന്നത്‌, “ജീവിതമെന്ന അദ്‌ഭുതം”. നശിപ്പിക്കരുത്‌… 🙏

പോസ്റ്റില്‍ നല്കിയിരിക്കുന്ന കാന്‍സറിനെ തിരെയുള്ള മുന്നറിയിപ്പ് ഡോ. വി പി ഗംഗാധരന്‍ നല്‍കിയതല്ല. അദ്ദേഹത്തിന്‍റെ പേരില്‍ നടത്തുന്ന വ്യാജ പ്രചരണം മാത്രമാണിത്. പ്രചാരണത്തിനെതിരെ അദ്ദേഹം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പുകള്‍ കൊണ്ട് കാന്‍സറിനെ തടുക്കാനോ ചെറുക്കാനോ കഴിയുമെന്ന് ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. 

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്: വി പി ഗംഗാധരന്‍ കാന്‍സര്‍ പ്രതിരോധിക്കാന്‍ നല്‍കിയ മുന്നറിയിപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന  പോസ്റ്റിലെ വിവരങ്ങള്‍ അദ്ദേഹം നല്‍കിയതല്ല. പോസ്റ്റിന് ഡോ. വിപി ഗംഗാധരനുമായി യാതൊരു ബന്ധവുമില്ല. 

Avatar

Title:സാമൂഹ്യ മാധ്യമങ്ങളിലെ ഈ കാന്‍സര്‍ പ്രതിരോധ മുന്നറിയിപ്പിന് ഡോ. വി പി ഗംഗാധരനുമായി യാതൊരു ബന്ധവുമില്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •