
വിവരണം
Hari Kumar എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മെയ് 16 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് 2300 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. കൊല്ലം ചടയമംഗലത്ത് അടുത്ത കാലത്ത് നിർമാണം പൂർത്തിയാക്കിയ ജടായുപ്പാറയിൽ ജടായുവിനെപ്പോലെയുള്ള പക്ഷി വന്നിരുന്നു എന്ന പേരിലുള്ള ഒരു വീഡിയോയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “ഇന്നലെ ചടയമംഗലത്ത് #ജടായുപ്പാറയിൽ വന്നെത്തിയ പക്ഷിക്ക് #ജടായുവിനോട് #സാമ്യം”എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.
ജടായു നേച്ചർ പാർക്ക് എന്ന പേരിൽ കൊല്ലം ചടയമംഗലത്ത് സഞ്ചാരികൾക്കായി അടുത്തകാലത്ത് തുറന്നു കൊടുത്ത പിക്നിക് സ്പോട്ടിൽ ലോകത്തെ തന്നെ ഏറ്റവും വലിയ പക്ഷി ശില്പമാണുള്ളത്. ചുരുങ്ങിയ നാൾ കൊണ്ടുതന്നെ ഇവിടം സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായി മാറിക്കഴിഞ്ഞു. ജടായുപ്പാറയിൽ ഇങ്ങനെയൊരു പക്ഷി വന്നിരുന്നോ..? അത് ജടായു തന്നെയായിരുന്നോ…? നമുക്ക് അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഈ വീഡിയോ ഏറെ നാളായി വാട്ട്സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചു വരുന്നുന്നുണ്ട്.വീഡിയോയ്ക്ക് ലഭിച്ചിട്ടുള്ള കമന്റുകളിലും ഇക്കാര്യം പരാമശിക്കുന്നുണ്ട്. ഞങ്ങൾ വീഡിയോയിൽ നിന്നും പക്ഷിയുടെ ചിത്രം സ്ക്രീൻഷോട്ടെടുത്ത് ഗൂഗിൾ reverse image ഉപയോഗിച്ച് തിരഞ്ഞു നോക്കി. താഴെകാണുന്ന ഫലങ്ങൾ അതിന്റേതാണ്.

ആൻഡിയൻ കൊണ്ടോർ എന്ന കഴുകാൻ വർഗത്തിൽപ്പെട്ട പക്ഷിയാണിത് എന്നാണ് ഞങ്ങൾക്ക് കിട്ടിയ ഫലങ്ങളിൽ നിന്നും മനസ്സിലാകുന്നത്. അമേരിക്കയുടെ ഉപഭൂഖണ്ഡമായ തെക്കേ അമേരിക്കയിലെ ആൻഡസ് മലനിരകളോട് ചേർന്ന് കിടക്കുന്ന ഭൂപ്രദേശങ്ങൾ ആൻഡിയൻ സ്റ്റേറ്റുകൾ എന്നറിയപ്പെടുന്നു. കൊളംബിയ, വെനിസ്വേല,ഇക്വഡോർ, പേര്, ബൊളീവിയ, അർജന്റീന, ചിലി എന്നീ രാജ്യങ്ങളുടെ ചില പ്രദേശങ്ങളാണ് ഇതിൽ ഉൾപ്പെടുക. അവിടെയാണ് ഈ പക്ഷിയുടെ ജന്മദേശം. അതിനാലാണ് ആൻഡിയൻ കോണ്ടോർ എന്ന പേര് എന്നത്.
ലോകത്തിലെ പറക്കുന്ന പക്ഷികളിൽ ഏറ്റവും വലുതാണിത്. പൂർണ്ണ വളർച്ചയെത്തിയ ആൻഡിയൻ കോണ്ടോറിന് ചിറകു വിരിക്കുമ്പോൾ മൂന്നു മീറ്റർ നീളം വരും. 15 കിലോഗ്രാം തൂക്കവും 1.2 മീറ്റർ ഉയരവും ഉണ്ടാകും. 5500 അടി ഉയരത്തിൽ പറക്കാൻ സാധിക്കുമെങ്കിലും ശരീരഭാരം ഇവയെ ഏറെനേരം പറക്കാൻ അനുവദിക്കില്ല. അർജന്റീന, തെക്കൻ ചിലി എന്നിവിടങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. കൊളംബിയ, വെനസ്വേല, ഇക്വഡോർ എന്നിവിടങ്ങളിൽ നേരിയ തോതിൽ വംശനാശ ഭീഷണി നേരിടുന്നു.
archived link | chimuadventures |


ചത്തോ ചീഞ്ഞതോ ആയ ഭക്ഷണം. 50 വർഷം വരെ ആയുസ്സുണ്ട്. അപൂർവമായി 75 വർഷം ജീവിക്കുന്നവയുമുണ്ട്.


പോസ്റ്റിലെ വീഡിയോയിൽ കാണുന്നത് ജഡായുപ്പാറയല്ല. അർജന്റീനയിലെ ഒരു സ്ഥലമാണ്.
Denise vieira pinto എന്ന യൂട്യൂബർ 2014 ഏപ്രിൽ 12 ന് ഇതേ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ” പറന്നുയരാൻ ധൈര്യവും ഒപ്പം അൽപ്പം ഭയവും… വിട ചൊല്ലുന്ന വേളയിൽ ഇവാൻ നന്ദി പ്രകടിപ്പിക്കുകയാണ്. സംഗീതത്തിന്റെ സാനീധ്യമില്ലാതെതന്നെ കോരിത്തരിപ്പുണ്ടാക്കുന്ന നിമിഷങ്ങൾ. 2012 ൽ കാത്താമാർക്കയിൽ പറക്കാനാവാത്ത നിലയിൽ പോലീസ് കണ്ടെത്തിയ സയാനി എന്ന് പേരുള്ള ആൻഡിയൻ കോണ്ടോർ പക്ഷി ബ്യുണസ് ഐറിസിലെ ആൻഡിയൻ കോണ്ടോർ സംരക്ഷണ പദ്ധതി പ്രകാരം ലഭിച്ച പരിചരണത്തിന് ശേഷം കാത്താമാർക്കയിലെ സെറാ ഡി ആൻ കാസ്റ്റിയിലുള്ള പോർട്ടോസൂലെ ചരുവിൽ നിന്നും പറന്നുയരുന്നു. വിഷബാധയേറ്റതുമൂലം നിര്ജ്ജലീകരണവും ശരീരഭാരം നഷപ്പെടലും മൂലം വലയുകയായിരുന്നു സയാനി എന്നാണ് ആരോഗ്യ പരിശോധനകളിൽ വ്യക്തമായത്” എന്ന വിവരണം വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.
2014 ൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വീഡിയോയിൽ പറയുന്ന വിവരണം വിശ്വസനീയമാണ്. അർജന്റീനയിൽ ചിത്രീകരിച്ചതാണ് ഇത്. ഈ പക്ഷികളുടെ ജന്മദേശം ഈ പ്രദേശങ്ങളിലാണെന്ന് നമ്മൾ മനസ്സിലാക്കിയല്ലോ.
കൂടാതെ ഇതേ വീഡിയോയുടെ വസ്തുതാ പരിശോധന ടൈംസ് ഓഫ് ഇന്ത്യ നടത്തിയതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു. വായനക്കാർക്ക് സന്ദർശിക്കാവുന്നതാണ്.

archived link | times of india |
അതിനാൽ ഈ പോസ്റ്റിൽ പറയുന്ന വിവരം വസ്തുതാപരമായി തെറ്റാണെന്ന് ഉറപ്പിക്കാം.
ജടായുപ്പാറയുടെ ഒരു ലഘു വീഡിയോ താഴെ കൊടുക്കുന്നു
നിഗമനം
ഈ വീഡിയോയിൽ കാണിക്കുന്ന പക്ഷി കൊല്ലം ജടായുപ്പാറ നേച്ചർ പാർക്കിലെത്തിയ ജടായുവല്ല. അർജന്റീനയിൽ 2012 ൽ കണ്ടെത്തിയ ആൻഡിയൻ കോണ്ടോർ എന്ന കഴുകൻ വിഭാഗത്തിൽ പെട്ട പക്ഷിയാണ്. ജടായുവിന്റെ വീഡിയോ എന്ന പേരിൽ ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.
ചിത്രങ്ങൾ കടപ്പാട് : ഫേസ്‌ബുക്ക്, ഷട്ടർസ്‌റ്റോക്ക്
