ചിത്രങ്ങള്‍ പയ്യന്നൂരില്‍ സേവാഭാരതി നടത്തുന്ന ക്യാമ്പിന്റെതാണോ…?

സാമൂഹികം

വിവരണം

Sandheep Raman

എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും to ENTE AROOR എന്‍റെ അരൂര്‍

എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് 2019 ഓഗസ്റ്റ് 12 ന്  പോസ്റ്റ് ചെയ്തിട്ടുള്ള ഏതാനും ചിത്രങ്ങളാണ് ഇവിടെ നൽകിയിട്ടുള്ളത്.  “ഇത് കല്യാണ സദ്യയല്ല, പയ്യന്നൂരിലെ സേവാ ഭാരതി ക്യാമ്പ്.” എന്ന അടിക്കുറിപ്പോടെ പ്രളയ ദുരിതാശ്വാസ ക്യാംപിൽ നിന്നുമുള്ള ഏതാനും ചിത്രങ്ങളാണിത്.

archived linkFB post

പ്രളയദുരിത മുഖത്ത് സേവാഭാരതി അടക്കമുള്ള സന്നദ്ധ സംഘടനകൾ സ്വന്തം ജീവൻപോലും കണക്കിലെടുക്കാതെ ദുരിത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കാഴ്ചകളും വാർത്തകളും നാം ദിവസവും വാർത്താ മാധ്യമങ്ങൾ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും അറിഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ   സേവാഭാരതി ഇത്തരത്തിൽ ഒരു പ്രളയ ദുരിതാശ്വാസ ക്യാമ്പ് പയ്യന്നൂരിൽ സംഘടിപ്പിച്ചിട്ടുണ്ടോ..? ഇതിനെപ്പറ്റി സേവാഭാരതി വാർത്ത നൽകിയിട്ടുണ്ടോ..? നമുക്ക് അറിയാൻ ശ്രമിക്കാം. 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിന്റെ വസ്തുത അറിയാൻ വാർത്താ മാധ്യമങ്ങൾ പരിശോധിച്ചാൽ ഇപ്പോൾ വിവരമൊന്നും ലഭ്യമാകുകയില്ല. കാരണം പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് രണ്ടു മണിക്കൂർ കഴിഞ്ഞിട്ടേയുള്ളു. അതിനാൽ സാമൂഹിക മാധ്യമങ്ങൾ വഴി തിരയുകയാണ് കൂടുതൽ സൗകര്യപ്രദം. ഓരോ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സേവാഭാരതി സംഘത്തിൽ മിക്കവാറും ഗ്രൂപ്പുകൾക്ക്  ഫേസ്‌ബുക്ക് പേജുകൾ ഉണ്ട്. അതിനാൽ ഞങ്ങൾ സേവാഭാരതിയുടെ വിവിധ പേജുകളിൽ വാർത്ത അന്വേഷിച്ചു. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത അവർ ഒരു പേജിലും പ്രസിദ്ധീകരിച്ചതായി കാണാൻ കഴിഞ്ഞില്ല. 

ഇതേ പോസ്റ്റ് മറ്റൊരു പ്രൊഫൈലില്‍ പ്രസിദ്ധീകരിച്ചിരുന്നു. പോസ്റ്റിന് ഏകദേശം 4500 റോളം ഷെയറുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ ഈ ലേഖനം തയ്യാറാക്കുന്ന സമയത്ത് അത് നീക്കം ചെയ്തതായി മനസ്സിലാക്കാന്‍ കഴിഞ്ഞു.

തുടർന്ന് ഞങ്ങൾ പോസ്റ്റിനു ലഭിച്ച കമന്റുകൾ പരിശോധിച്ചപ്പോൾ അതിൽ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ കൈതപ്രം ഗോകുലം ഓഡിറ്റോറിയത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ക്യാമ്പിന്റെ ഫോട്ടോയാണിത്…” എന്നൊരു കമന്റ് കണ്ടു. അതിനെ തുടർന്ന് ഞങ്ങൾ പാണപ്പുഴ പഞ്ചായത്തിലെ കൈതപ്രം ഗോകുലം ഓഡിറ്റോറിയത്തിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിച്ചു നോക്കി. ഓഡിറ്റോറിയം ഉടമയുമായി സംസാരിച്ചു “ഇത് പഞ്ചായത്തും നാട്ടുകാരും എല്ലാവരും ചേർന്ന് നടത്തുന്ന ക്യാമ്പാണ്. പെട്ടെന്ന് അടിയന്തിര സാഹചര്യം വന്നപ്പോൾ പെട്ടെന്ന് ഓഡിറ്റോറിയത്തിൽ ക്യാമ്പ് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.  ഞാന്‍ പൂര്‍ണ്ണ സമ്മതത്തോടെ ഓഡിറ്റോറിയം നല്കി. സേവാഭാരതിയും മറ്റു സന്നദ്ധ സംഘടനകളും ക്യാംപിനു വേണ്ട സഹായ സഹകരണങ്ങൾ നൽകിക്കൊണ്ട് മുന്നിലുണ്ടായിരുന്നു.ക്യാമ്പ് ഇന്ന്‍ അവസാനിച്ചു .”

പാണപ്പുഴ പ്രദേശത്തെ ദുരിതാശ്വാസ ക്യാംപിന്‍റെ ചുമതലയുള്ള വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് രാമചന്ദ്രനുമായി ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയാണ്-

പാണപ്പുഴയിലെ ശ്രീഗോകുലം ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് 10ന് അതായത് രണ്ട് ദിവസം മുന്‍പ് സര്‍ക്കാര്‍ നേതൃത്വത്തില്‍ തുടങ്ങിയ ക്യാംപാണ് സേവാ ഭാരതിയുടെ ക്യാംപ് എന്ന പേരില്‍ പ്രചരിക്കുന്നത്. ഇവിടെ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയത് സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തിലാണ്. ക്യാംപ് സന്ദര്‍ശിച്ച ശേഷം സിവില്‍ സപ്ലൈസ് വകുപ്പാണ് ഭക്ഷ്യവസ്തുക്കള്‍ ആവശ്യാനുസരണം എത്തിച്ചു നല്‍കിയത്. പിന്നീട് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തന്നെ ക്യാംപ് മുന്നോട്ട് പോയി. കൈതപ്രം ഭാഗത്ത് വീടുകളില്‍ വെള്ളം കയറിയതെ തുടര്‍ന്നാണ് ക്യാംപ് തുറക്കാനുള്ള സാഹചര്യമുണ്ടായത്. ഓഡിറ്റോറിയം ക്യാംപായി നല്‍കാമെന്ന് ഉടമ പറഞ്ഞതോടെയാണ് അവിടെ ആരംഭിക്കാന്‍ തീരുമാനിച്ചത്. സേവാ ഭാരതിയുമായി ക്യാംപ് പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. വീടുകളിലെ വെള്ളം കുറഞ്ഞതോടെ 12ന് വൈകിട്ട് 3 മണിക്ക് ക്യാംപ് പിരിച്ചു വിട്ടു എന്നും എല്ലാവര്‍ക്കും സര്‍ക്കാര്‍ വക കിറ്റ് വിതരണം ചെയ്ത ശേഷമാണ് വിട്ടതെന്നും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് രാമചന്ദ്രന്‍ വ്യക്തമാക്കി.

തുടർന്ന് ഞങ്ങൾ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റായ പിസി പ്രീതയുടെ സംസാരിച്ചു. “ഈ ക്യാമ്പ് ഏതെങ്കിലും സംഘടനകളുടെ  അല്ല. ദുരന്തം വന്നപ്പോൾ മറ്റു ഭിന്നതകളൊന്നുമില്ലാതെ എല്ലാവരും കൂട്ടായ്മയോടെ പരസ്പരം സഹായിക്കാനാണ് ഈ ക്യാംപിൽ എത്തിച്ചേർന്നത്. ഇതിൽ രാഷ്ട്രീയമോ മതമോ ഒന്നുമില്ല. ഒരു സംഘടനയുടെയും നേതൃത്വത്തിലാണ് ക്യാമ്പ്. മറിച്ച്  ഇതൊരു കൂട്ടായ്മ മാത്രമാണ്.”

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഈ ക്യാമ്പ് കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തില്‍ കൈതപ്രം ഗോകുലം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചതിന്റെതാണ്. പോസ്റ്റില്‍ അവകാശവാദം ഉന്നയിക്കുന്നത് പോലെ പയ്യന്നൂരില്‍ സേവാഭാരതി സംഘടിപ്പിച്ചതിന്‍റേതല്ല. സേവാഭാരതി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ട്. എന്നാല്‍ പയ്യന്നൂരില്‍ അവര്‍ ദുരിതാശ്വാസ  ക്യാമ്പ് നടത്തുന്നതായി ഞങ്ങളുടെ അന്വേഷണത്തില്‍ വിവരങ്ങള്‍ ഒന്നുംതന്നെ ലഭിച്ചിട്ടില്ല.

നിഗമനം

ഈ പോസ്റ്റില്‍ നല്കിയിരിക്കുന്നത് പൂര്‍ണ്ണമായും തെറ്റായ വിവരമാണ്. പ്രസ്തുത ചിത്രങള്‍ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തില്‍ കൈതപ്രം ഗോകുലം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ നിന്നുമുള്ളതാണ്. പയ്യന്നൂരില്‍ സേവാഭാരതി നടത്തുന്ന ദുരിതാശ്വാസ ക്യാമ്പിന്‍റേതല്ല. അതിനാല്‍ തെറ്റായ വിവരണമുള്ള ഈ പോസ്റ്റു പ്രചരിപ്പിക്കാതിരിക്കാന്‍ മാന്യ വായനക്കാര്‍ ശ്രമിക്കുക.

Avatar

Title:ചിത്രങ്ങള്‍ പയ്യന്നൂരില്‍ സേവാഭാരതി നടത്തുന്ന ക്യാമ്പിന്റെതാണോ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •