കണ്ണൂരില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലത്തിന്‍റെ മാതൃകയാണോ ചിത്രത്തിലുള്ളത്?

രാഷ്ട്രീയം | Politics

വിവരണം

പല ദിശകളിലേക്ക് ചുറ്റിത്തിരിഞ്ഞ് നീളുന്ന മേല്‍പ്പാലങ്ങളും അതിലൂടെ പായുന്ന വാഹനങ്ങളുടെ ചിത്രവും ചേര്‍ത്ത് ഇത് സിംഗപ്പൂരിലോ അമേരിക്കയിലോ അല്ല.. പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തിലെ കണ്ണൂരില്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലത്തിന്‍റെ മാതൃകയാണ്.. എന്ന പേരില്‍ ഒരു പോസ്റ്റ് കൊണ്ടോട്ടി സഖാക്കള്‍ എന്ന പേജില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളിവായി പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 84ല്‍ അധികം ഷെയറുകളും 88ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്-

Facebook PostArchived Link

എന്നാല്‍ ചിത്രത്തില്‍ കാണുന്നത് കണ്ണൂരില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലത്തിന്‍റെ മാതൃകയാണോ? കണ്ണൂരില്‍ ഇത്തരമൊരു പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം റിവേ‌ഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തപ്പോള്‍ പാലങ്ങളിലൂടെ വാഹനങ്ങള്‍ പോകുന്ന അതെ ചിത്രത്തിന്‍റെ യഥാര്‍ഥ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞു. ചൈനയിലെ ഷാങ്ഹായി നഗരത്തിലെ ഫ്ലൈ ഓവറിലൂടെ വാഹനങ്ങള്‍ പോകുന്ന വീഡിയോയാണിത്. ഷട്ടര്‍സ്റ്റോക്ക് വീഡിയോയില്‍ നിന്നും യഥാര്‍ഥ വീഡിയോ ലഭിച്ചു. അതിന്‍റെ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ചാണ് കണ്ണൂരില്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലത്തിന്‍റെ മാതൃക എന്ന് അവകാശപ്പെട്ടിരിക്കുന്നത്.

ഷട്ടര്‍സ്റ്റോക്ക് വീഡിയോ (Screenshot) –

കണ്ണൂരില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാന്‍ ഏതെങ്കിലും ബ്രഹത്പദ്ധതികള്‍ പ്രഖ്യാപിക്കുകയോ അതിന് രൂപരേഖ പുറത്തിറക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് അറിയാന്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായും ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ ഇത്തരമൊരു പദ്ധതിയെ കുറിച്ച് പ്രഖ്യാപനവും മറ്റും നടത്തിയിട്ടില്ലെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച മറുപടി.

നിഗമനം

ചൈനയിലെ ഷാങ്ഹായി നഗരത്തിലെ ഫ്ലൈഓവറിന്‍റെ ചിത്രം ഉപയോഗിച്ചാണ് കണ്ണൂരില്‍ നിര്‍മ്മിക്കാന്‍ പോകുന്ന മേല്‍പ്പാലത്തിന്‍റെ മാതൃക എന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കണ്ണൂരില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലത്തിന്‍റെ മാതൃകയാണോ ചിത്രത്തിലുള്ളത്?

Fact Check By: Dewin Carlos 

Result: False