
തുടർച്ചയായി രണ്ടോ മൂന്നോ ദിവസം മഴ തുടർന്നാൽ തന്നെ കേരളത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മഴ ശക്തി പ്രാപിക്കുമ്പോൾ മുതൽ പലയിടങ്ങളിൽ നിന്നുള്ള വെള്ളക്കെട്ടിന്‍റെ വാർത്തകളും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രളയം ജനജീവിതം സ്തംഭനത്തിലാക്കിയപ്പോഴുള്ള ഒരു ചിത്രം കേരളത്തിലേത് എന്നവകാശപ്പെട്ട് ഇപ്പോൾ പ്രചരിപ്പിക്കുന്നുണ്ട്.
പ്രചരണം
കേരളത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നെതർലാൻഡ് മാതൃക സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചു കൊണ്ടാണ് പോസ്റ്റിലെ ചിത്രം നല്‍കിയിരിക്കുന്നത്. വെള്ളക്കെട്ട് രൂപപ്പെട്ടപ്പോൾ ഒരാൾ മുളകൊണ്ട് തട്ടുണ്ടാക്കി കിടക്ക പോലെ നിർമ്മിച്ച് അതിൽ കിടന്നുറങ്ങുന്ന ചിത്രമാണ് പ്രചരിക്കുന്നത്. കേരളത്തിൽ എവിടെയോ നിന്നുള്ള ചിത്രമാണ് ഇതെന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്. ഇത് സൂചിപ്പിച്ച് ചിത്രത്തിനൊപ്പമുള്ള വാചകങ്ങള്‍ ഇങ്ങനെ: വെള്ളപ്പൊക്കത്തെ നേരിടാൻ സംസ്ഥാനത്ത് നെതർലാൻഡ് മാതൃക തുടങ്ങി

എന്നാൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് ചിത്രം ഉപയോഗിച്ച് നടക്കുന്നതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ചില വാർത്താ മാധ്യമങ്ങൾ 2020 മുതൽ ഈ ചിത്രം വെള്ളപ്പൊക്കത്തെ കുറിച്ച് പ്രതിപാദിക്കുന്ന വാർത്തകളിൽ പ്രതീകാത്മക ചിത്രമായി ഉപയോഗിച്ചിട്ടുണ്ട് എന്ന് കണ്ടെത്താൻ കഴിഞ്ഞു. ആസ്സാമിലെ പ്രളയവുമായി ബന്ധപ്പെട്ട വാർത്തകളിലാണ് ചിത്രം കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്. ആസ്സാമിലെ വെള്ളപ്പൊക്കത്തിന്‍റെ ദൃശ്യങ്ങൾ എന്ന പേരിൽ പലരും ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
രണ്ടു വര്‍ഷമായി ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരത്തിലുണ്ട്.
ചിത്രം കേരളത്തിലെതല്ല എന്ന് ഉറപ്പിക്കാൻ സാധിയ്ക്കും. ആസ്സാമില്‍ 2020 ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നുള്ള ദൃശ്യമാണ് എന്ന് അനുമാനിക്കുന്നു.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പ്രളയത്തെ നേരിടാൻ മുള ഉപയോഗിച്ച് തട്ട് ഉണ്ടാക്കി അതിൽ വിശ്രമിക്കുന്ന വ്യക്തിയുടെ ചിത്രം കേരളത്തിൽനിന്നുള്ളതല്ല. ആസ്സാമില്‍ നിന്നുള്ളതാണ് എന്ന് അനുമാനിക്കുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഈ ചിത്രം കേരളത്തിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടതല്ല…
Fact Check By: Vasuki SResult: Misleading
