ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പെണ്‍മക്കളോടൊപ്പം പകര്‍ത്തിയ ഈ ചിത്രം സുപ്രീം കോടതി സമുച്ചയത്തില്‍ നിന്നുള്ളതല്ല, സത്യമിങ്ങനെ…

സാമൂഹികം

ശബരിമല സ്ത്രീപ്രവേശന കേസില്‍ സ്ത്രീകളെ കയറ്റാതിരിക്കുന്നത് ഭരണഘടനയുടെ ലംഘനമാണെന്ന നിലപാട് വിധിയില്‍ എഴുതിചേര്‍ത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി ‌വൈ ചന്ദ്രചൂഡ് മാധ്യമ വാര്‍ത്തകളില്‍ അന്ന് നിറഞ്ഞു നിന്നിരുന്നു. ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ ഒരു കുടുംബചിത്രം ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് 

പ്രചരണം

ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ മക്കൾ ഭിന്നശേഷിക്കാരാണ് എന്നും പിതാവിന്‍റെ ജോലിസ്ഥലം കാണാൻ അവർ ആഗ്രഹിച്ചപ്പോൾ വീൽചെയറിൽ ഇരുത്തി സുപ്രീംകോടതി സമുച്ചയത്തിൽ എത്തിച്ചേർന്നു  അവിടെ നിന്ന്  പകർത്തിയ കുടുംബചിത്രമാണ് കാണുന്നതെന്നും പോസ്റ്റിൽ അവകാശപ്പെടുന്നു. 

“Great Sir🙏💚 ഈശ്വരന് സമം നമ്മുടെ ഇന്ത്യയു ടെ പരമോന്നത നീതിപീഠം മഹത്തായ ബഹു. സുപ്രീം കോടതി.. ഇവിടെ ഒരു ഈശ്വരനുണ്ട്.. സാക്ഷാൽ ബഹു.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് എന്ന രണ്ടു പൊന്നോമന മക്കളുടെ അച്ഛൻ എന്ന മഹത് പുണ്യം🙏🌹

“മഹിയും പ്രിയങ്കയും”എന്നീ രണ്ട് പോന്നോമന കൾ. ഒരു ദിവസം അവരുടെ അച്ഛന്റെ ജോലി സ്ഥലം കാണാൻ ആഗ്രഹമുണ്ടെന്ന് അച്ഛനോട് പറഞ്ഞു. അതിനെന്താ കാണിച്ചു തരാമല്ലോ എന്ന് അച്ഛൻ അവർക്ക് വാക്കു നൽകി. തന്റെ പെൺമക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കു ന്നതിനായി അദ്ദേഹം കഴിഞ്ഞ ദിവസം അവരെ തന്റെ ജോലിസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോ യി. സുപ്രീം കോടതി ആയിരുന്നു അവരുടെ അച്ഛന്റെ ജോലി സ്ഥലം. ഈ അച്ഛന്റെ ജോലി സ്ഥലം കണ്ട് രണ്ടു പേരും സന്തോഷത്താൽ മതി മറന്നു പോയി. സത്യത്തിൽ ഈ മക്കളുടെ സന്തോഷങ്ങൾക്ക് അതിരില്ലായിരുന്നു. ഈ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പരമോന്നത നീതിപീഠം ബഹു.സുപ്രീം കോടതിയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസായ ഡി. വൈ ചന്ദ്ര ചൂഡ് ആണ് ഈ അച്ഛൻ. അമ്മ ശ്രീമതി കൽപന ചന്ദ്രചൂഡ്, ഈ രണ്ട് പെൺമക്കൾ ഇരിക്കുന്നതും യാത്ര ചെയ്യു ന്നതും വീൽ ചെയറിൽ തന്നെ. മഹിയും പ്രിയങ്ക യും ജന്മനാ ഭിന്നശേഷിക്കാരാണ്. വീൽചെയർ ഇല്ലാതെ അവർക്ക് നടക്കാൻ കഴിയില്ല. സുപ്രീം കോടതി സമുച്ചയത്തിൽ വച്ചാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്. ഇതിലെ നമ്മെ അത്ഭു തപ്പെടുത്തുന്ന കാര്യം ഇതൊന്നുമല്ല. ഇവിടെ അത് എന്തെന്ന് ചോദിച്ചാൽ ഇരുവരും ബഹു. ചന്ദ്രചൂഡ് ദമ്പതി കളുടെ ദത്തുപുത്രികളാണ് എന്നതാണ് മഹത്തായ കാര്യം. മനസിൻ്റെ നന്മയും, പ്രവർത്തിയും.. BIG SALUTE Sir🙏🌹”

FB postarchived link

എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ ഈ ചിത്രം പകർത്തിയത് സുപ്രീംകോടതി സമുച്ചയത്തിൽ നിന്നല്ല എന്ന് വ്യക്തമായി 

വസ്തുത ഇങ്ങനെ 

ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ രാഷ്ട്രപതി ഭവന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഇതേ ചിത്രം 2023 ഫെബ്രുവരി അഞ്ചിന് പ്രസിദ്ധീകരിച്ചതായി കാണാൻ കഴിഞ്ഞു.

 “രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ പ്രത്യേക ക്ഷണപ്രകാരം ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഡോ. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും സുപ്രീം കോടതി ജഡ്ജിമാരും രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനം സന്ദർശിച്ചു. @RBVisit” എന്ന അടിക്കുറിപ്പിലാണ് ചിത്രം നൽകിയിട്ടുള്ളത് ഇതോടൊപ്പം സന്ദർശനത്തിന്‍റെ മറ്റു ചിത്രങ്ങളുമുണ്ട്. 

ന്യായാധിപന്മാരുടെ രാഷ്ട്രപതി ഭവൻ സന്ദർശനത്തെ കുറിച്ച് പല മാധ്യമങ്ങളും റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. 

സുപ്രീം കോടതി ന്യായാധിപന്‍മാരുടെ രാഷ്ട്രപതി ഭവന്‍ അമൃത് ഉദ്യാന്‍ സന്ദര്‍ശനത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും ലഭ്യമാണ്. ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ കുട്ടികളെ ദൃശ്യങ്ങളില്‍ കാണാം. 

ജസ്റ്റിസ് ചന്ദ്രചൂഡ് തന്‍റെ മക്കളുമായി സുപ്രീംകോടതി സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ തിരഞ്ഞപ്പോള്‍  “നോക്കൂ, അവിടെയാണ് ഞാൻ ഇരിക്കുന്നത്’: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്‍റെ വളർത്തുമക്കളുമായി സുപ്രീം കോടതിയിൽ പര്യടനം നടത്തി” എന്ന തലക്കെട്ടില്‍ 2023 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഒരു മാധ്യമ റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് ലഭിച്ചു. 

“ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് (സിജെഐ), ധനഞ്ജയ വൈ ചന്ദ്രചൂഡ് വെള്ളിയാഴ്ച തന്‍റെ രണ്ട് വളർത്തുമക്കളെ സുപ്രീം കോടതി സന്ദർശിക്കാൻ കൊണ്ടുവന്നു. സുപ്രീം കോടതി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, രാവിലെ 10 മണിയോടെ ചീഫ് ജസ്റ്റിസ് ഭിന്നശേഷിക്കാരായ രണ്ട് പെൺമക്കളെ പൊതു ഗാലറിയിൽ നിന്ന് കോടതിമുറിയിലേക്ക് കൊണ്ടുവന്നു. രണ്ട് പെൺമക്കളുമൊത്ത് ചീഫ് ജസ്റ്റിസ് കോടതിയിൽ എത്തിയപ്പോൾ സുപ്രീം കോടതി ഇടനാഴിയിലെ അഭിഭാഷകർ അദ്ഭുതപ്പെട്ടു. 

ചന്ദ്രചൂഡ് പെൺമക്കളോട് “നോക്കൂ, അവിടെയാണ് ഞാൻ ഇരിക്കുന്നത്” എന്ന് പറയുന്നത് കേൾക്കാമായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. അഭിഭാഷകർ കേസുകൾ വാദിക്കുന്ന സ്ഥലത്തേക്കും തന്‍റെ ചേമ്പറും കോടതിമുറിയും കാണിച്ചുകൊടുക്കുന്നതിനൊപ്പം സിജെഐ അവരെ കൊണ്ടുപോയി എന്നാണ് വിവരം.

സിജെഐ ചന്ദ്രചൂഡ് 2022 നവംബർ 9 ന് ചുമതലയേറ്റു, 2024 നവംബർ 10 വരെ രണ്ട് വർഷത്തേക്ക് ഓഫീസിൽ തുടരും. അദ്ദേഹത്തിന് വളർത്തുമക്കളായ മഹി (16), പ്രിയങ്ക (20) എന്നിവരുൾപ്പെടെ നാല് മക്കളുണ്ട്. അദ്ദേഹത്തിന്‍റെ രണ്ട് മക്കളായ അഭിനവ്, ചിന്തൻ എന്നിവർ യഥാക്രമം ബോംബെ ഹൈക്കോടതിയിലും ലണ്ടനിലെ ബ്രിക്ക് കോർട്ട് ചേമ്പേഴ്സിലും അഭിഭാഷകരാണ്. ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പമുള്ളത് വളര്‍ത്തുമക്കളാണ് എന്നാണ് വാര്‍ത്തകള്‍ അറിയിക്കുന്നത്. 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ജസ്റ്റിസ് ഡി ‌വൈ ചന്ദ്രചൂഡ് തന്‍റെ വളര്‍ത്തുമക്കളോടൊപ്പം പകര്‍ത്തിയ ചിത്രം സുപ്രീം കോടതി സമുച്ചയത്തില്‍ നിന്നുള്ളതല്ല. രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനില്‍ നിന്നുള്ളതാണ്. ജനുവരിയില്‍ അദ്ദേഹം തന്‍റെ കുട്ടികളുമായി സുപ്രീംകോടതി സമുച്ചയത്തിലെത്തുകയും തന്‍റെ ഇരിപ്പിടം കാട്ടിക്കൊടുക്കുകയും ചെയ്തുവെന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ യഥാര്‍ത്ഥ  ചിത്രങ്ങള്‍ ലഭ്യമല്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പെണ്‍മക്കളോടൊപ്പം പകര്‍ത്തിയ ഈ ചിത്രം സുപ്രീം കോടതി സമുച്ചയത്തില്‍ നിന്നുള്ളതല്ല, സത്യമിങ്ങനെ…

Written By: Vasuki S 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •