
ഹൈന്ദവര്‍ പുണ്യ നഗരിയായി കരുതുന്ന വാരാണസിയില്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നിന്നും ഗംഗാ നദിയിലേക്ക് നേരിട്ട് എത്തിച്ചേരാനാകുന്ന കാശി വിശ്വനാഥ് ധാം എന്ന ഇടനാഴി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ വാർത്താ മാധ്യമങ്ങളിലും നാം കണ്ടിരുന്നു.
പ്രധാനമന്ത്രി ഉദ്ഘാടനവേളയിൽ കാശിയിൽ എത്തിയപ്പോൾ അദ്ദേഹം പൂജ നടത്തുന്ന വേളയില്‍ ക്യാമറയിലേക്ക് ദേഷ്യത്തോടെ നോക്കുന്ന തരത്തിലുള്ള ഒരു ചിത്രം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പേജില്‍ ന്യായീകരണ സ്വഭാവമുള്ള വിവരണത്തോടെ പങ്കുവെച്ചു എന്ന തരത്തില്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിന്റെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം ചിത്രത്തോടൊപ്പം നൽകിയെന്നു പറയപ്പെടുന്ന വിവരണം ഇങ്ങനെയാണ്: “ഭക്തിസാന്ദ്രമായ ഒരന്തരീക്ഷത്തിൽ ഏകാഗ്രമായ തന്റെ കർമ്മങ്ങൾക്കു തടസ്സം നിൽക്കുന്ന ഫോട്ടോ ഗ്രാഫറെ ശാസനാ ഭാവത്തോടെ രൂക്ഷമായി നോക്കുന്ന പ്രധാനമന്ത്രിയുടെ ഈ ചിത്രത്തെ പോലും പരിഹാസത്തിനായുപയോഗിക്കുന്ന നീചത്വത്തിന്റെ പേരാണ് മലയാളി.”

ഞങ്ങൾ ഈ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത്തരത്തിൽ ഒരു പോസ്റ്റ് കെ സുരേന്ദ്രൻ നൽകിയിട്ടില്ല എന്നും വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ് എന്നും വ്യക്തമായി.
വസ്തുത ഇങ്ങനെ
പലരും ഈ സ്ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ വ്യാപകമായി പങ്കുവയ്ക്കുന്നുണ്ട്.

ഞങ്ങൾ കെ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പേജില്‍ പ്രസ്തുത പോസ്റ്റ് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഞങ്ങൾ കെ.സുരേന്ദ്രനുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “ഇത്തരത്തിൽ ഒരു ചിത്രമോ വിവരണമോ ഞാൻ പോസ്റ്റ് ചെയ്തിട്ടില്ല. പൂർണ്ണമായും വ്യാജപ്രചരണമാണിത്. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നറിയില്ല. ഇത്തരത്തിൽ വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കി എന്റെ പേരിൽ പ്രചരിപ്പിക്കുകയാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുവാന്‍ ഒരുങ്ങുകയാണ്.”
കെ സുരേന്ദ്രന് ഇത്തരത്തില്‍ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല എന്നും വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ് എന്നും അന്വേഷണത്തില്‍ വ്യക്തമാകുന്നു
നിഗമനം
പോസ്റ്റില്‍ കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റായി നല്‍കിയിരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ടാണ്. കെ സുരേന്ദ്രന് ഇത്തരത്തില്‍ ഒരു പോസ്റ്റ് നല്‍കിയിട്ടില്ല. വ്യാജ പ്രചാരണത്തിന് എതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:പ്രധാനമന്ത്രിയുടെ വൈറല്‍ ചിത്രവുമായി കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്: സത്യമിതാണ്…
Fact Check By: Vasuki SResult: False
