സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റെ മകള്‍ ആലപിക്കുന്ന ഗാനത്തിന്‍റെ വൈറല്‍ വീഡിയോ ആണോ ഇത്?

സാമൂഹികം

വിവരണം

ബാലഭാസ്കറിന്റെ മകൾ തേജസ്വനി പാടുന്നു ഇനി ഒരിക്കലും കേൾക്കാൻ കിട്ടാത്ത ഗാനം.. എന്ന തലക്കെട്ട് നല്‍കി ഒരു കുട്ടി പാട്ട് പാടുന്ന വീഡിയോ കഴിഞ്ഞ കുറെ നാളുകളായി തന്നെ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പ് തുമ്പപ്പാടം എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക്  ഇതുവരെ 31,000ല്‍ അധികം ഷെയറുകളും 26,000ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. 2018ല്‍ അപ്‌ലോഡ‍് ചെയ്തിരിക്കുന്ന വീഡിയോ ഇപ്പോഴും വൈറലായി തന്നെ പ്രചരിക്കുന്നുണ്ട്.

Facebook PostArchived Link

എന്നാല്‍ വീഡിയോയില്‍ കാണുന്ന പാട്ടുപാടുന്ന കുട്ടി വയലിനിസ്റ്റ് ബാലഭാസ്ക്കറിനൊപ്പം വാഹനാപകടത്തില്‍ മരണപ്പെട്ട അദ്ദേഹത്തിന്‍റെ മകള്‍ തേജസ്വിനിയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന വീഡിയോയുടെ കമന്‍റില്‍ തന്നെ പലരും വ്യാജ പ്രചരണമാണെന്നും വീഡിയോയിലുള്ള കുട്ടി ബാലഭാസ്‌കറിന്‍റെ മകളല്ലിതെന്ന പ്രതികരണങ്ങള്‍ കുറിക്കുന്നുണ്ടായിരുന്നു. അങ്ങനെ കമന്‍റ് സെക്ഷന്‍ പരിശോധിച്ചപ്പോഴാണ് യഥാര്‍ഥത്തില്‍ വീഡിയോയിലുള്ള കുട്ടി ആരാണെന്നുള്ളതിനെ കുറിച്ചുള്ള ഒരു യൂട്യൂബ് വീഡിയോയുടെ ലിങ്ക് ലഭിച്ചത്. ഫോളോ ന്യൂസ് മലയാളം എന്ന യൂട്യൂബ് ചാനലില്‍ 2017 മെയ് 29ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണിത്. രുക്കുവിനെ കാണാന്‍ വാനമ്പാടി എത്തി.. കെ.എസ്.ചിത്ര രുക്കുവിനെ കാണാന്‍ എത്തിയെന്ന പേരിലാണ് വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പ്രശസ്‌ത യാഗിക കെ.എസ്.ചിത്രയുടെ മഞ്ഞള്‍ പ്രസാദവും എന്ന ഗാനം ആലപിക്കുന്ന കൊച്ച് പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും പിന്നീട് ഇത് ചിത്രയുടെ ശ്രദ്ധയില്‍പ്പെടുകയും ചിത്ര ഈ കുട്ടിയെ കുറിച്ചറിയാന്‍ ആഗ്രഹിക്കുന്ന് എന്നയൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവയ്ക്കുകയുമായിരുന്നു. 2016 ഡിസംബര്‍ 15നാണ് ചിത്ര കുട്ടിയുടെ പാട്ടുപാടുന്ന വീഡിയോ ആദ്യമായി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതെന്ന് ചിത്രയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. അതിന് ശേഷം 2017 മെയ് മാസത്തിലാണ് ചിത്ര കുട്ടിയെ നേരില്‍ കണ്ടെന്നും പേര് രുഗ്മിണി എന്നാണെന്നും അറിയിച്ചുകൊണ്ട് ചിത്രം ഉള്‍പ്പടെ പോസ്റ്റ് ചെയ്തത്. ഒപ്പം കുട്ടി ചന്ദനമണിവാതില്‍ എന്ന ഗാനം ആലപിക്കുന്ന വീഡിയോയും കമന്‍റ് ബോക്‌സില്‍ ചിത്ര പങ്കുവെച്ചിരുന്നു. കമന്‍റ് ബോക്‌സില്‍ പങ്കുവെച്ചിരിക്കുന്ന അതെ വീഡിയോയാണ് ബാലഭാസ്‌കറിന്‍റെ മകളുടെ ഒടുവിലെ ഗാനമെന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. കുട്ടിയുടെ പേര് രുഗ്മിണി എന്നാണെന്നും മരിച്ചു പോയ ബാലഭാസ്‌കറിന്‍റെ മകള്‍ തേജസ്വിനിയുമായി യാതൊരു ബന്ധവും ഈ കുട്ടിക്കില്ലെന്ന വസ്‌തുത ഇതോടെ വ്യക്തമായി കഴിഞ്ഞു.

യൂ ട്യൂബ് വീഡിയോ-

കുട്ടിയെ കുറിച്ച് അറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കെ.എസ്.ചിത്ര പങ്കുവെച്ച പോസ്റ്റ്-

രുഗ്മിണി എന്ന കുട്ടിയാണ് ഗാനം ആലപിച്ചതെന്നും കുട്ടിയെ നേരില്‍ കണ്ടെന്നും അറിയിച്ച് ചിത്ര ചിത്രം ഉള്‍പ്പടെ പങ്കുവെച്ച പോസ്റ്റ് ചെയ്തപ്പോള്‍-

കമന്‍റ് ബോക്‌സില്‍ ചന്ദനമണിവാതില്‍ എന്ന ഗാനം കുട്ടി ആലപിക്കുന്ന വീഡിയോയും ചിത്ര അപ്‌ലോഡ് ചെയ്തിരുന്നു-

നിഗമനം

വീഡിയോയില്‍ അവകാശവാദം ഉന്നയിക്കുന്നത് പോലെ ബാലഭാസ്കറിന്‍റെ മകളുമായി യാതൊരു ബന്ധവുമില്ലാത്ത കുട്ടിയുടെ ദൃശ്യങ്ങലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റെ മകള്‍ ആലപിക്കുന്ന ഗാനത്തിന്‍റെ വൈറല്‍ വീഡിയോ ആണോ ഇത്?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •