നരേന്ദ്ര മോദിയുടെ പേരിൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വസ്തുതകളുടെ യാഥാർഥ്യം…

രാഷ്ട്രീയം

വിവരണം

Janatha Today

എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 7 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “മറ്റെന്തും പറയൂ.. ചിലപ്പോൾ അംഗീകരിച്ചു തരാം.പക്ഷേ നരേന്ദ്ര ദാമോദർ ദാസിന്റെ മനുഷ്യത്വത്തെ കുറിച്ചു മാത്രം ഞങ്ങളോട് വാചാലരാവരുത്.നിങ്ങള്ക്ക് ടീവി ചാനലുകളിൽ ലൈവ് വന്ന് കൊണ്ടിരുന്ന ഇന്ന് രാവിലത്തെ ഇസ്സ്റോയിലെ പ്രകടനവും സോഷ്യൽ മീഡിയയിലെ തള്ളലും കണ്ട് കോരിത്തരിക്കാം.. പക്ഷേ നരേന്ദ്ര മോഡിയെ അയാളുടെ കൗശലത്തെയും,ചരിത്രത്തെയും പഠിച്ചുകൊണ്ട് തന്നെ അയാൾ മനുഷ്യത്വമുള്ളവനാണ് എന്ന് പറഞ്ഞാൽ ചരിത്രം ചിലപ്പോൾ ഞങ്ങളോട് ക്ഷമിച്ചേക്കില്ല.

എങ്ങിനെ ക്യാമറയെ യൂസ് ചെയ്യണം., എങ്ങിനെ ആളുകളുടെ വൈകാരികതയെ മുതലെടുക്കാം എന്ന നരേന്ദ്ര മോദിയുടെ കൗശലം എത്രയോ തവണ ലോകത്തിനു മുൻപ് അഴിഞ്ഞു വീണിട്ടുണ്ട്.

സംഭവം നടന്നു ആഴ്ചകൾക്കു ശേഷം ഗുജറാത്തിലെത്തിയ ശ്രീ വാജ്‌പേയ് പോലും അവസ്ഥകൾ കണ്ട് കരഞ്ഞു പോയപ്പോൾ.. പിടഞ്ഞു വീണ് മരിച്ചവർ മോഡിക്ക് എന്നും വെറും പട്ടികുട്ടികൾ ആയിരുന്നു. അത്രയേ വില ഉണ്ടായിരുന്നുള്ളൂ..

പിന്നീടൊരിക്കൽ വേദിയിൽ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ 24മണിക്കൂറും കൂടെയുണ്ടായിരുന്ന അംഗരക്ഷകൻ കാൽ ചുവട്ടിൽ ഹൃദയാഘാതം വന്ന് പിടഞ്ഞു വീണപ്പോൾ അന്നും ഒരു പട്ടിയുടെ വില പോലും കൊടുക്കാതെ, തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ പ്രസംഗം തുടരുന്ന മോഡിയുടെ മനുഷ്യത്വം ഇന്നും യു ട്യൂബ് ചാനലിൽ ഓടി ക്കൊണ്ടിരിക്കുന്നു..

So.. അത്തരം മനുഷ്യത്വ കഥകൾ ഇവിടെ വേണ്ടാ.. കാരണം ഞങ്ങൾക്കായാളെ അറിയാം.. വളരെ നന്നായി.” എന്ന വിവരണത്തോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത്  മോഡി ഐഎസ്ആർഒ യുടെ ചെയർമാനെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ചിത്രമാണ്.  നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: കാമറയെ എങ്ങനെ യൂസ് ചെയ്യണമെന്ന് മറ്റാരേക്കാൾ നന്നായി അറിയുന്ന മോദിയുടെ മനുഷ്യത്വ അപദാന കഥകൾ അതുകൊണ്ട് തൽക്കാലം നിർത്തിയേക്ക്. ഗുജറാത്ത് കലാപം കഴിഞ്ഞതിനു ശേഷം മാധ്യമ പ്രവർത്തകർ ഇതേ മോദിജിയോട് ചോദിച്ചു, 2000 മനുഷ്യർ മൃഗീയമായി കൊല്ലപ്പെട്ട കലാപത്തെ കുറിച്ച് അങ്ങേയ്ക്ക് എന്താണ് പറയാനുള്ളത്…? ഓടിക്കൊണ്ടിരിക്കുന്ന കാറിനടിയിൽ പട്ടിക്കുട്ടികൾ പെട്ടുപോയാൽ ഞാനത് ശ്രദ്ധിക്കാറില്ല എന്നതായിരുന്നു നരേന്ദ്ര മോദിസിമ്പിളായി പറഞ്ഞത്. 2000  ലധികം മനുഷ്യരെ പറ്റിയാണീ പറയുന്നത് എന്ന് കേട്ടപ്പോൾ സത്യത്തിൽ ഞങ്ങൾ മരവിച്ചു പോയി എന്ന് ‘ദ ഹിന്ദു ‘ ദിനപ്പത്രം പിറ്റേന്ന് എഡിറ്റോറിയലെഴുതി.”

FacebookArchived Link

ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് പ്രധാനമായും രണ്ട്  അവകാശവാദങ്ങളാണ്. ഒന്ന്. സ്വന്തം അംഗരക്ഷകൻ പിടഞ്ഞു വീണപ്പോൾ ശ്രദ്ധിക്കാതെ മോഡി പ്രസംഗം തുടർന്നു.

രണ്ട് .  “ഓടിക്കൊണ്ടിരിക്കുന്ന കാറിനടിയിൽ പട്ടിക്കുട്ടികൾ പെട്ടുപോയാൽ ഞാനത് ശ്രദ്ധിക്കാറില്ല” എന്ന് മോഡി ഒരു ഇന്റർവ്യൂവിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.  നമുക്ക് ഈ രണ്ട് അവകാശവാദങ്ങളുടെ യാഥാർഥ്യം അറിയാൻ ശ്രമിക്കാം. 

വസ്തുതാ വിശകലനം 

 ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദങ്ങളുടെ കീ വേർഡ്‌സ്  ഉപയോഗിച്ച് തിരഞ്ഞു നോക്കി. ഈ രണ്ടു സന്ദർഭങ്ങളെ കുറിച്ചും വന്ന വാർത്തകൾ ഞങ്ങൾക്ക് ലഭിച്ചു. 

നമുക്ക് ആദ്യത്തെ അവകാശവാദത്തെ പറ്റി തിരഞ്ഞു നോക്കാം  റോയിട്ടേഴ്‌സ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഡി പ്രസ്തുത പരാമർശം നടത്തി എന്ന് പറയപ്പെടുന്നത്. 2013  ജൂലൈ 12 ന് ആണ് ഇന്റർവ്യൂ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്റർവ്യൂവിന്റെ പൂർണ്ണരൂപം വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.  അന്ന് നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഇന്റർവ്യൂവർ മോദിയോട് ചോദിച്ചത് ഇങ്ങനെയാണ് : “സംഭവിച്ചു പോയതോർത്ത്  പശ്ചാത്തപിക്കുന്നുണ്ടോ..? മോദിയുടെ ഉത്തരം ഇതായിരുന്നു: ഞാൻ നിങ്ങളോട് പറയും. ഇന്ത്യയിലെ സുപ്രീം കോടതി ഇന്ന് ലോകത്തിലെ മികച്ച കോടതിയായി കണക്കാക്കപ്പെടുന്നു. (എസ്‌ഐടി )എന്ന ഒരു പ്രത്യേക അന്വേഷണ സംഘത്തെയും വളരെ മിടുക്കരായ  ഉദ്യോഗസ്ഥരെയും സുപ്രീം കോടതി അന്വേഷണ ചുമതലഏൽപ്പിച്ചു. ഏജൻസി റിപ്പോർട്ട് നൽകി. ആ റിപ്പോർട്ടിൽ, എനിക്ക് പൂർണ്ണമായും ക്ളീൻ ചിറ്റ് ആണ് അവർ നൽകിയത്. പൂർണ്ണമായും ക്ളീൻ ചിറ്റ് . മറ്റൊരു കാര്യം, ഏതെങ്കിലും വ്യക്തി ഒരു കാർ ഓടിക്കുകയാണെങ്കിൽ,ഞാൻ, അല്ലെങ്കിൽ  ഒരു ഡ്രൈവർ, മറ്റൊരാൾ ഒരു കാർ ഓടിക്കുന്നു എന്ന് വിചാരിക്കുക. , നമ്മൾ പിന്നിൽ ഇരിക്കുകയാണ്, അപ്പോൾ ഒരു നായ്ക്കുട്ടി ആണെങ്കിൽ പോലും ചക്രത്തിനടിയിൽ വന്നാൽ അത് വേദനാജനകമാണോ അല്ലയോ? തീർച്ചയായും അതെ. ഞാൻ ഒരു മുഖ്യമന്ത്രിയാണെങ്കിലും അല്ലെങ്കിലും, ഞാൻ ഒരു മനുഷ്യനാണ്. എവിടെയെങ്കിലും എന്തെങ്കിലും ദുരന്തമുണ്ടായാൽ, സങ്കടപ്പെടുന്നത് സ്വാഭാവികമാണ്.

archived link

ഇതാണ് റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ച ഇന്റർവ്യൂവിന്റെ പ്രസക്ത ഭാഗത്തിന്റെ പരിഭാഷ.  അല്ലാതെ പോസ്റ്റിൽ ആരോപിക്കുന്നത് പോലെ ഓടിക്കൊണ്ടിരിക്കുന്ന കാറിനടിയിൽ നായ്ക്കുട്ടികൾ പോയാൽ ഞാനത് ശ്രദ്ധിക്കാറില്ല എന്നല്ല നരേന്ദ്ര മോഡി പറഞ്ഞത്. റോയിട്ടേഴ്‌സ് എന്ന മാധ്യമത്തിനാണ് നരേന്ദ്ര മോഡി ഇന്റർവ്യൂ നൽകിയത്. അവർ പ്രസിദ്ധീകരിച്ച ഇന്റർവ്യൂവിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് പോലെയല്ല മോദിയുടെ പരാമർശം. പോസ്റ്റിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മറ്റൊരു തരത്തിലാണ് പരാമർശം നൽകിയിരിക്കുന്നത്. 

അതിനാൽ പോസ്റ്റിലെ അവകാശവാദം പൂർണ്ണമായും തെറ്റാണ് എന്ന് നമുക്ക് ഉറപ്പിക്കാം 

ഇനി രണ്ടാമത്തെ അവകാശവാദം : മോദി വേദിയിൽ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ അംഗരക്ഷകൻ കുഴഞ്ഞു വീണിട്ടും ശ്രദ്ധിക്കാതെ പ്രസംഗം തുടർന്നു .

ഞങ്ങൾ ഇതേപ്പറ്റി ഓൺലൈനിൽ അന്വേഷിച്ചപ്പോൾ തന്നെ ഈ കാര്യത്തെ പറ്റി വസ്തുതാ അന്വേഷണം നടത്തിയ വെബ്‌സൈറ്റുകളുടെ  വിവരങ്ങളാണ് ആദ്യം ലഭ്യമായത്. 

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞങ്ങൾക്ക് യഥാർത്ഥ വീഡിയോ ലഭിച്ചു, 2013 ആഗസ്റ്റ് 15 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഈ സംഭവം നടന്നതെന്ന് കണ്ടെത്തി,  നരേന്ദ്ര മോദിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ  തത്സമയം സംപ്രേഷണം ചെയ്ത രണ്ട് മണിക്കൂർ മുപ്പത് മിനിറ്റ് പ്രസംഗത്തിന്റെ ഭാഗമായാണ് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പ്രസംഗം ഭുജിലെ 67-ാമത് സ്വാതന്ത്ര്യദിന പതാക ഉയർത്തൽ പരിപാടിയുടെ ഭാഗമായിരുന്നുവെന്ന് വിവരണം പറയുന്നു.

എന്നാൽ യൂട്യൂബ് ചാനലിലെ ക്ലിപ്പിൽ ഈ ദൃശ്യങ്ങൾ അത്രയ്ക്ക് വ്യക്തമല്ല. കാരണം പോലീസ് ഉദ്യോഗസ്ഥർ സ്റ്റേജിൽ വീഴുമ്പോൾ ക്യാമറ മറ്റെവിടെയോ പാൻ ചെയ്യുകയായിരുന്നു.

‘പ്രധാനമന്ത്രി മോദി തന്റെ ബോധരഹിതനായ അംഗരക്ഷകനെ അവഗണിക്കുന്നു’ എന്ന വിവരണത്തോടെ വീഡിയോ ആദ്യമായി സോഷ്യൽ മീഡിയയിൽ പങ്കിട്ടത് എപ്പോഴാണെന്നും ഞങ്ങൾ തിരഞ്ഞു. 

2014 ഏപ്രിൽ 10 ന് യൂട്യൂബിൽ ഏറ്റവും പഴയ വീഡിയോ അപ്‌ലോഡ് ഞങ്ങൾ കണ്ടെത്തി, “മോദി പ്രസംഗിക്കുമ്പോൾ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ വേദിയിൽ വീഴുമ്പോൾ, മോദി അതിനു പ്രാധാന്യം നൽകാതെ പ്രസംഗം തുടരുന്നു.” എന്നതാണ് വിവരണം. 

വേദിയിൽ ബോധരഹിതനായയാൾ ഒരു സുരക്ഷാ ഉദ്യോഗസ്ഥനല്ല, മറിച്ച് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും പോലീസ് ഡയറക്ടർ ജനറലുമായിരുന്ന അമിതാഭ് പഥക്ക് ആയിരുന്നു. ഡിജിപിയ്ക്ക് വേദിയിൽ തന്നെ അടിയന്തര വൈദ്യചികിത്സ നൽകി. അന്ന് അദ്ദേഹം ജീവിതത്തിലേയ്ക്ക് മരണത്തിൽ നിന്നും തിരിച്ചുവന്നു. എന്നാൽ നിർഭാഗ്യകരമായി, പഥക്ക് ഒരാഴ്ചയ്ക്ക് ശേഷം കുടുംബത്തോടൊപ്പം തായ്‌ലൻഡിൽ അവധിക്കാലം ചെലവഴിക്കുന്നതിനിടയിൽ ഹൃദയാഘാതം മൂലം മരിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.

TOIArchived Link

ഉയർന്ന രക്തസമ്മർദ്ദവും പഞ്ചസാരയുടെ അളവും കാരണം 58 കാരനായ പഥക് മുഖ്യമന്ത്രിയുടെ തൊട്ടുപിന്നിൽ തളർന്നു വീഴുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ബുധനാഴ്ച അവധിക്കാലം ആഘോഷിക്കാൻ പോകാൻ ഡോക്ടർമാർ അദ്ദേഹത്തിന്  അനുവാദം നൽകിയിരുന്നു. അവിടെ വച്ച് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയും നീന്തൽക്കുളത്തിൽ കുഴഞ്ഞു വീഴുകയുകയുമാണുണ്ടായത്.

നരേന്ദ്ര മോഡി പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ കുഴഞ്ഞു വീണത് അദ്ദേഹത്തിൻ്റെ അംഗരക്ഷകൻ ആയിരുന്നില്ല.   ഗുജറാത്ത് ഡിജിപി ആയിരുന്നു. ഉദ്യോഗസ്ഥന് വേദിയിൽ തന്നെ പ്രഥമ ശുശ്രുഷ നൽകിയിരുന്നു. അദ്ദേഹത്തിൻ്റെ ജീവന് ആപത്തൊന്നും അന്ന് സംഭവിച്ചതുമില്ല. ഇതാണ് യാഥാർഥ്യം.

പോസ്റ്റിലെ രണ്ടാമത്തെ വാദം തെറ്റാണെന്ന്  അന്വേഷണത്തിൽ നിന്നും വ്യക്തമായി കഴിഞ്ഞു. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന പ്രധാന രണ്ട് അവകാശവാദങ്ങളും തെറ്റാണ്. യഥാർത്ഥ വസ്തുത തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പോസ്റ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന കാറിനടിയിൽ പട്ടിക്കുട്ടികൾ പെട്ടുപോയാൽ ഞാനത് ശ്രദ്ധിക്കാറില്ല എന്നല്ല  നരേന്ദ്ര മോഡി പരാമർശിച്ചത്. യഥാർത്ഥ പരാമർശം മുകളിൽ നൽകിയിട്ടുണ്ട്. നരേന്ദ്ര മോദി വേദിയിൽ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ കുഴഞ്ഞു വീണത് അംഗരക്ഷകൻ ആയിരുന്നില്ല. അതിനാൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:നരേന്ദ്ര മോദിയുടെ പേരിൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വസ്തുതകളുടെ യാഥാർഥ്യം…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •