FACT CHECK: സ്ത്രീ സുരക്ഷയ്ക്കായുള്ള ഈ മുന്നറിയിപ്പ് സംസ്ഥാന പോലീസിന്‍റെതല്ല…

സാമൂഹികം

വിവരണം 

സംസ്ഥാന പോലീസ് നീതി-നിയമ വ്യവസ്ഥകള്‍ സംരക്ഷിക്കുന്നതില്‍ മാത്രമല്ല, ജനങ്ങളുടെ ജീവന്‍റെ സുരക്ഷയ്ക്ക് ഭീഷണിയായി വരുന്ന എല്ലാ അപകടങ്ങള്‍ക്കുമെതിരെ മുന്‍ കരുതലുകള്‍ സ്വീകരിക്കുന്ന കാര്യത്തിലും മുന്‍പന്തിയിലാണ്. പ്രകൃതി ദുരന്തങ്ങളോ അല്ലെങ്കില്‍ അതുപോലെയുള്ള അടിയന്തിര സാഹചര്യങ്ങളോ ഉണ്ടാകുമ്പോള്‍ സംസ്ഥാന പോലീസ് മാധ്യമങ്ങള്‍ വഴി പല മുന്നറിയിപ്പുകളും പൊതു ജനങ്ങള്‍ക്ക് കൈ മാറാറുണ്ട്. 

എന്നാല്‍ പോലീസ് മുന്നറിയിപ്പിന്‍റെ രൂപത്തില്‍ പല വ്യാജ പ്രചാരണങ്ങളും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രച്ചരിക്കാരുണ്ട്. ഈ മുന്നറിയിപ്പുകള്‍ പാലിക്കുന്നത് കൊണ്ട് ദോഷങ്ങള്‍ ഒന്നുമില്ലെങ്കിലും ഇവ പോലീസ് നല്കിയതല്ല എന്നതാണ് സത്യം.

അത്തരത്തിലെ ഒരു പ്രചാരണമാണ് ഇവിടെ കൊടുത്തിട്ടുള്ളത്. 

നോട്ടിസ് രൂപത്തിലുള്ള പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് ഇങ്ങനെ: പോലീസിന്‍റെ മുന്നറിയിപ്പ്… 

സ്കൂള്‍, കോളേജ്, ഓഫീസ് പോകുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ പോകുന്ന വഴിയില്‍ ഏതെങ്കിലും കുട്ടികള്‍ കരഞ്ഞുകൊണ്ട്  തന്‍റെ കൈയ്യിലുള്ള അഡ്രസ്‌ കാണിച്ച് കൊണ്ടുവിടുമോന്ന്‍ ചോദിച്ചാല്‍ ആ അഡ്രസില്‍ കൊണ്ടുപോകാതെ നേരെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കൊണ്ടുചെന്നാക്കുക. കാരണം ഇങ്ങനെ കരയുന്ന കുട്ടികളുടെ പിറകില്‍ ഗുണ്ടകളുടെ ഒരു വലിയ കൂട്ടമുണ്ട്. ഇങ്ങനെ കുട്ടികള്‍ കൊണ്ടുവരുന്ന സ്ത്രീകളെ കടത്തുകയും പീഡനം അങ്ങനെ നിഷ്ടൂരമായ പല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. ഇത് അവരുടെ പുതിയൊരു തന്ത്രമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ നല്ലതിന് വേണ്ടി സഹോദരികള്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ദുരന്തം വരാതെ മുന്നറിയിപ്പായിരിക്കട്ടെ. സ്ത്രീകളുടെ സുരക്ഷയ്ക്കായ് കഴിവതും ഷെയര്‍ ചെയ്ത് സഹായിക്കുക. കേരള പോലീസിന്‍റെ ലോഗോയും പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്. 

archived linkFB post

പോലീസിന്‍റെ പേരിലുള്ള ഈ വ്യാജ പ്രചാരണത്തെ കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണ ഫലങ്ങള്‍ നിങ്ങളോട് പങ്കുവയ്ക്കാം 

വസ്തുതാ വിശകലനം 

ഞങ്ങള്‍ ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ പലരും ഈ പോസ്റ്റ് പങ്കുവയ്ക്കുന്നതായി കണ്ടു. 

മുന്നറിയിപ്പ് എന്ന നിലയില്‍ ഉപകാരപ്രദമാണെങ്കിലും ഇത് പോലീസ് നല്‍കിയിട്ടുള്ളതാണോ എന്നറിയാനായി ഞങ്ങള്‍ കേരളാ പോലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ തിരഞ്ഞു. എന്നാല്‍ ഇങ്ങനെയൊരു അറിയിപ്പ് നല്‍കിയതായി കാണാനില്ല. വീഡിയോ രൂപത്തിലും പോസ്റ്റര്‍ രൂപത്തിലുമെല്ലാം പല മുന്നറിയിപ്പുകളും അവരുടെ പേജില്‍ കാണാന്‍ സാധിക്കും. 

അതിനാല്‍ വാര്‍ത്തയുടെ വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ സംസ്ഥാന പോലീസ് മീഡിയ വിഭാഗം ഡെപ്യുട്ടി ഡയറക്ടര്‍ പി വി പ്രമോദ് കുമാറുമായി സംസാരിച്ചു. സംസ്ഥാന പോലീസ് ആസ്ഥാനത്ത് നിന്നും ഇങ്ങനെ ഒരു അറിയിപ്പ് ഇതുവരെ നല്‍കിയിട്ടില്ല എന്നാണ് അദ്ദേഹം നല്‍കിയ മറുപടി. ആധികാരികതയ്ക്ക്‌ വേണ്ടി സംസ്ഥാന പോലീസിന്‍റെ ഔദ്യോഗിക ലോഗോ ചേര്‍ത്ത് ഈ സന്ദേശം പ്രചരിപ്പിക്കുന്നതാകാം.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന മുന്നറിയിപ്പ് സന്ദേശം സംസ്ഥാന പോലീസ് നല്‍കിയതല്ല. പോസ്റ്റിന്‍റെ ആധികാരികതയ്ക്കായി ആരോ പോലീസിന്‍റെ പേരില്‍ പ്രചരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. 

Avatar

Title:സ്ത്രീ സുരക്ഷയ്ക്കായുള്ള ഈ മുന്നറിയിപ്പ് സംസ്ഥാന പോലീസിന്‍റെതല്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •