താൻ രക്ഷപ്പെടുത്തിയ കുഞ്ഞിനെ സാമൂഹ്യ പ്രവർത്തക ദത്തെടുത്തു വളർത്തി ചിത്രത്തിലേതുപോലെ ആക്കിയോ..?

അന്തർദേശിയ൦ സാമൂഹികം

വിവരണം 

Rainbow മഴവില്ല് എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2018 മാർച്ച് 21 മുതൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പോസ്റ്റ് ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. പോസ്റ്റിന് ഇതിനോടകം തന്നെ 31000 ലധികം ഷെയറുകളുണ്ട്. “ലോകത്തെ മുഴുവൻ കരയിച്ച ആ ചിത്രം ആരും മറക്കില്ല.. ആ മിടുക്കന്റെ ഇപ്പോഴത്തെ ചിത്രം കണ്ടുനോക്കൂ..!!!” എന്ന അടിക്കുറിപ്പുമായി രണ്ടു ചിത്രങ്ങളാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ദാരിദ്ര്യവും അനാഥത്വവും പേറി മരണത്തിലേയ്ക്ക് നാടന്നടുക്കുകയായിരുന്ന കുരുന്നിന്‌ ദാഹജലം പകർന്നു കൊടുക്കുന്ന യുവതിയുടെ ചിത്രവും ഒപ്പം അതേ  യുവതി ഒരു കുഞ്ഞിനെ ചേർത്ത് പിടിച്ചിരിക്കുന്ന മറ്റൊരു ചിത്രവുമാണ് പോസ്റ്റിലുള്ളത്. ആദ്യത്തെ ചിത്രത്തിൽ കാണുന്ന കുട്ടിയെ യുവതി തെരുവിൽ നിന്നും വീണ്ടെടുത്ത് വളർത്തി രണ്ടാമത്തെ ചിത്രത്തിൽ കാണുന്നത് പോലെ ആക്കി എന്നാണ് പോസ്റ്റിലൂടെ അറിയിക്കുന്നത്.

archived link FB post

ഈ ചിത്രം ലോകമെമ്പാടും ഇതേ വിവരണവുമായി പ്രചരിച്ചിരുന്നു. ലോകമെമ്പാടുമുള്ള സുമനസ്സുകൾ യുവതിയെ പ്രകീർത്തിച്ചും  അവർക്കു നന്ദി പറഞ്ഞും ഇതേ ചിത്രം പ്രചരിപ്പിച്ച പോസ്റ്റുകളുടെ കമന്റ് ബോക്സുകൾ നിറച്ചു. എല്ലാ സാമൂഹിക മാധ്യമങ്ങളിലും ആദ്യത്തെ ചി ത്രവും പോസ്റ്റിൽ നൽകിയിരിക്കുന്ന രണ്ടു താരതമ്യ ചിതങ്ങളും  വൈറലായിരുന്നു. 

ലോകം മുഴുവൻ ഹൃദയത്തോട് ചേർത്ത് നിർത്തിയ ഈ ചിത്രങ്ങളിൽ കാണുന്ന കുട്ടിയെ ഈ യുവതി എടുത്തു വളർത്തിയോ..? ആദ്യത്തെ ചിത്രത്തിൽ അവർ വെള്ളം നൽകിയ കുട്ടി തന്നെയാണോ ഇത്..? ഏതായാലും നമുക്ക് ഈ വൈറൽ ചിത്രത്തിന്‍റെ എഴുതാപ്പുറങ്ങൾ ഒന്ന് അന്വേഷിച്ചു നോക്കാം. 

വസ്തുതാ വിശകലനം 

ഞങ്ങൾ പതിവ് പോലെ ഈ ചിത്രത്തിന്‍റെ ഗൂഗിൾ റിവേഴ്‌സ് ഇമേജ് പരിശോധന നടത്തുകയാണ് ആദ്യം ചെയ്തത്. വാർത്താ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഇതേ ചിത്രം ഇതേ വിവരണവുമായും മറ്റു ചില വിവരങ്ങൾ ചേർത്തും  നിരവധി തവണ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ചിത്രത്തിലുള്ള യുവതിയുടെ പേര് അഞ്ച റിഗ്രെൺ ലോവെൻ എന്നാണ്‌. അവർ നൈജീരിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ സ്ഥാപകയും സാമൂഹ്യ പ്രവർത്തകയുമാണ്. വിക്കിപീഡിയ സ്വീഡിഷ്   ഭാഷയിൽ ഇവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസക്ത ഭാഗങ്ങളുടെ പരിഭാഷ താഴെ കൊടുക്കുന്നു. “1978 ൽ ഡെൻമാർക്കിലെ ഫ്രഡറിക് ഷ്വെയ്ൻ എന്ന പട്ടണത്തിൽജനിച്ച  അഞ്ച നൈജീരിയയിൽ ദുർമന്ത്രവാദത്തിനിരയാകുന്ന കുട്ടികളുടെ ജീവനും ജീവിതവും സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്കായി അഞ്ച ജീവിതം സമർപ്പിച്ചിരിക്കുന്നു. 

2016 ൽ അന്ധവിശ്വാസത്തിന്‍റെ പേരിൽ ക്രൂശിക്കപ്പെട്ട ഒരു പിഞ്ചു കുഞ്ഞിനെ രക്ഷിക്കുന്ന വേളയിൽ എടുത്ത ഒരു ചിത്രത്തിലൂടെയാണ് അഞ്ച പ്രസിദ്ധയായത്.. മെലിഞ്ഞു ശോഷിച്ച്  പട്ടിണിയിലമർന്ന, ശരീരം മറയ്ക്കാൻ നാമമാത്ര വസ്ത്രം പോലുമില്ലാത്ത പിഞ്ചു കുഞ്ഞിന് അഞ്ച വെള്ളം കൊടുക്കുന്ന ചിത്രം ലോകമെമ്പാടും വൈറലായിരുന്നു. അഞ്ച അവനെ നൈജീരിയയിലെ തങ്ങളുടെ ശിശുക്ഷേമ കേബിന്ദ്രത്തിലെത്തിച്ചു. അവിടെ അവൻ അത്ഭുതകരമായി അതിജീവിച്ചു. ഹോപ്പ് എന്ന് അവനെ നാമകരണം ചെയ്തു. 

ഡേവിഡ് ഇമ്മാനുവേൽ ഉമേം ആണ് അഞ്ചയുടെ ജീവിതപങ്കാളി. ഡേവിഡ് ജൂനിയർ മകനാണ്.”

archived linkwikipedia

അഞ്ചയെ പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ അവരുടെ ഫേസ്‌ബുക്ക് ട്വിറ്റർ എന്നീ പേജുകളുടെ ലിങ്ക് ലഭിച്ചു. അതിൽ ഹോപ്പിനെ കണ്ടെത്തിയ കാര്യവും പിന്നീട് എന്താണ് തന്‍റെ സംഘടന അവനു വേണ്ടി ചെയ്തത് എന്നും അവർ ഫേസ്‌ബുക്ക് പേജിൽ വ്യക്തമാക്കിയിട്ടുണ്ട്. 

പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.

archived linkFB post

ഇക്കഴിഞ്ഞ ജനുവരി 30 ന് അഞ്ച  തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഹോപ്പിനെ പറ്റിയുള്ള ഓർമ്മകൾ പങ്കു വച്ചിരുന്നു.  പോസ്റ്റിന്‍റെ പ്രസക്ത ഭാഗങ്ങളുടെ പരിഭാഷ : “മരിച്ച അവസ്ഥയിൽ ജീവിച്ചിരിക്കേണ്ടി വരുന്നതിന്റെ ഭീകരത ലോകം മനസ്സിലാക്കുന്നത് കൃത്യമായി പറഞ്ഞാൽ ഇന്നേയ്ക്ക് മൂന്നു വര്ഷം മുമ്പാണ്, ഹോപ്പിന്‍റെ ചിത്രത്തിലൂടെ… 2016 ജാനുവരി 30 നാണ് ആഫ്രിക്കയിൽ നിലനിൽക്കുന്ന  ഇത്തരം അന്ധവിശ്വാസങ്ങളെ പറ്റി പുറംലോകം അറിയാൻ ഇടയായത്. സിനിമകളിലൂടെ നാം കണ്ട, വാമൊഴികളിലൂടെ നാം കേട്ട മന്ത്രവാദത്തെക്കുറിച്ചല്ല പറയുന്നത്. ഇവിടെ അന്ധവിശ്വാസമെന്നാൽ ഓരോ വർഷവും ആയിരക്കണക്കിന് നിഷ്കളങ്കരായ കുഞ്ഞുങ്ങളെ നിർദാക്ഷിണ്യം കൊന്നൊടുക്കലാണ്. വെറുതെ കൊല്ലുകയല്ല , മരണത്തിലൂടെ മാത്രം ആശ്വാസം ലഭിക്കുന്നത്ര മൃഗീയമായി, അതിക്രൂരമായി പീഡിപ്പിക്കും, നിങ്ങൾ സങ്കൽപ്പിച്ചു നോക്കുക.

അന്ന് ഞാൻ ഒറ്റയ്ക്കായിരുന്നില്ല. ഹോപ്പിനെ രക്ഷിക്കാനായത് ഞാൻ  മാത്രം വിചാരിച്ചിട്ടുമില്ല. ഡേവിഡ് ഇമ്മാനുവേൽ ഉമേമും സിദിബെ ഓരേക്കും ഞങ്ങളുടെ മുഴുവൻ ടീമും ചേർന്നാണ്. അതൊരു സംഘടിത പ്രവർത്തനമായിരുന്നു. ആഫ്രിക്കയിലെ കുഞ്ഞുങ്ങളെ രക്ഷിക്കാനെത്തിയ മാലാഖയല്ല ഞാൻ. 

ഇന്ന് ഹോപ്പ് ആരോഗ്യവും ശക്തിയും സർവോപരി ആത്മാഭിമാന ബോധവുമുള്ള കുട്ടിയായി മാറിക്കഴിഞ്ഞു.  നല്ല ബുദ്ധിശാലിയായ അവനിന്ന് സ്‌കൂളിൽ പോകാൻ ഇഷ്ടപ്പെടുന്നു. ദിവസവും എന്തെങ്കിലും കാര്യങ്ങൾ ജീവിതത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്നു..എന്തിലെങ്കിലും നിന്ന് ഗെയിമുകളും കളിപ്പാട്ടങ്ങളും നിര്‍മിക്കാൻ അവനറിയാം. അത്രയ്ക്ക് സർഗ്ഗശേഷിയും ഭാവനയുമുള്ള കുട്ടിയാണ്.  ഒന്നിനെയും ഭയമില്ല. ഞങ്ങൾ കണ്ടെടുക്കുമ്പോൾ മാനസികമായും ശാരീരികമായും ശൂന്യനായ കുട്ടിയായിരുന്നു അവനെന്ന് ഞാൻ തീർത്തു പറയുന്നു. ആ ദിവസം ചരിത്രമാണ്. 

സ്നേഹവും കരുതലും സംരക്ഷണവും നിറഞ്ഞ ചുറ്റുപാടുകൾ ലഭിച്ചാൽ ഏതു അവശനായ കുട്ടിയ്ക്കും ചാമ്പ്യനായി മാറാനാവും. 

ഡേവിഡിന്റെ നേതൃത്വത്തിലുള്ള ലാൻഡ് ഓഫ് ഹോപ്പിന്‍റെ പ്രവർത്തകരെ ലോകം തിരിച്ചറിയേണ്ടതുണ്ട്. മുറിപ്പെട്ട കുഞ്ഞു മനസ്സുകളെ, കുഞ്ഞു വ്രണിത ഹൃദയങ്ങളെ, തകർന്ന ആത്മവിശ്വാസങ്ങളെ, കുഞ്ഞി കണ്ണുകളാൽ മരണങ്ങൾക്ക് സാക്ഷികളാകേണ്ടി വന്നവരെ ജീവിതത്തിലേയ്ക്ക് തിരികെ പിടിക്കുക എന്നതാണ് ഏറ്റവും പ്രയാസമേറിയ കർമം. 

ലാൻഡ് ഓഫ് ഹോപ്പിലെ ജീവനക്കാരാണ് ഹോപ്പിനെ ഇന്നത്തെ നിലയിലേയ്ക്ക് കൊണ്ടുവന്നത്. അവരാണ് യഥാർത്ഥ ഹീറോകൾ.”

AFP എന്ന വെബ്‌സൈറ്റ് ഇതേ വാർത്തയുടെ വസ്തുതാ പരിശോധന നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived linkfactcheck afp

രണ്ടാമത്തെ ചിത്രത്തിൽ അഞ്ച  ചേർത്തുപിടിച്ചിരിക്കുന്നത് സ്വന്തം മകനായ ഡേവിഡ് ജൂനിയറിനെയാണ്. ഭർത്താവായ ഡേവിഡ് ഇമ്മാനുവേൽ ഉമേമും മകനായ ഡേവിഡ് ജൂനിയറുമൊത്തുള്ള നിരവധി ചിത്രങ്ങൾ അഞ്ച തന്‍റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. അതിനൊപ്പം പോസ്റ്റിൽ നൽകിയിട്ടുള്ള ചിതവുമുണ്ട്.

പോസ്റ്റ് താഴെ കാണാം. 

archived linkFB post

ഇതേപ്പറ്റി വാര്‍ത്ത പ്രസിദ്ധീകരിച്ച ചില മാധ്യമങ്ങളുടെ ലിങ്കുകള്‍ താഴെ കൊടുക്കുന്നു

archived linkpix 11
archived linkthe sun
archived linknaira land
archived linkFB post

TheCrackdam എന്ന ഫേസ്ബുക്ക് പേജില്‍ ഹോപ്പിന്‍റെ പരിവര്‍ത്തനം വ്യക്തമാക്കുന്ന ഒരു വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരിശോധനയിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. രണ്ടു ചിത്രങ്ങളിലും  ഉള്ളത് ഒരേ കുട്ടിയല്ല. നൈജീരിയയിൽ നിന്നും സാമൂഹ്യ പ്രവർത്തകയായ അഞ്ച  കണ്ടെടുത്ത കുഞ്ഞിനെ അവര്‍ ദത്തെടുത്തിട്ടില്ല. പകരം അവരുടെ നേതൃത്വത്തിലുള്ള ശിശുക്ഷേമ കേന്ദ്രത്തിൽ സംരക്ഷിക്കുകയാണ്. അവിടെ ഹോപ്പ് എന്ന് പേരിട്ടിരിക്കുന്ന കുട്ടി സ്‌കൂളിൽ ചേർന്ന് പഠിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം അവർ ഫേസ്ബുക് പേജിൽ പങ്കുവച്ചിട്ടുണ്ട്. അഞ്ച ചേർത്ത് പിടിച്ചിരിക്കുന്നത് അവരുടെ സ്വന്തം മകനെയാണ്. ഡേവിഡ് ജൂനിയർ എന്നാണ്  കുട്ടിയുടെ പേര്. പോസ്റ്റില്‍ നല്കിയ ചിത്രം തന്റെ ഫേസ്ബുക്ക് പേജില്‍ നിരവധി തവണ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും വ്യാജമായ വിവരമാണ്. സാമൂഹ്യ പ്രവർത്തകയായ അഞ്ച നൈജീരിയയിൽ നിന്നും രക്ഷിച്ചെടുത്ത കുഞ്ഞിനെ ദത്തെടുത്തിട്ടില്ല. സംരക്ഷിച്ചെടുത്ത കുഞ്ഞിന്‍റെ പിന്നീടുള്ള ചിത്രം എന്ന നിലയിൽ അഞ്ച  ഒരു കുഞ്ഞിനെ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രത്തിലുള്ളത് അവരുടെ യഥാർത്ഥ മകൻ തന്നെയാണ്.അത്രമേൽ പ്രീയങ്കരമായി തോന്നുന്ന ഈ ചിത്രം വസ്തുതയറിയാതെ പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:താൻ രക്ഷപ്പെടുത്തിയ കുഞ്ഞിനെ സാമൂഹ്യ പ്രവർത്തക ദത്തെടുത്തു വളർത്തി ചിത്രത്തിലേതുപോലെ ആക്കിയോ..?

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •