
പ്രചരണം
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയപരമായി ഏറെ പ്രത്യേകതകളുള്ള സംസ്ഥാനമാണ് കാശ്മീര്‍. കശ്മീരുമായി ബന്ധപ്പെട്ട് ഈയിടെ പ്രചരിച്ചു തുടങ്ങിയ ഒരു വീഡിയോ ആണ് ഇവിടെ നൽകിയിട്ടുള്ളത്. വലിയ ജനക്കൂട്ടം ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നതും പോലീസ് ഇവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
വീഡിയോയ്ക്ക് ഒപ്പം നൽകിയ അടിക്കുറിപ്പ് ഇങ്ങനെയാണ് “POK യിൽ പാകിസ്ഥാനികളെ ഗോ ബാക്ക് അടിച്ചു കാശ്മീർ നിവാസികൾ 💪♥️”
അതായത് കാശ്മീരിലെ ജനങ്ങൾ പാക് അധീന കാശ്മീരിൽ നിന്നും പാകിസ്താനികളെ ഓടിച്ചു വിടുന്നു എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്. ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചു. എന്താണ് വീഡിയോയുടെ യാഥാർത്ഥ്യം എന്ന് പറയാം
വസ്തുത ഇതാണ്
ഞങ്ങള്‍ വാര്‍ത്തയെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ പാക് അധിനിവേശ കാശ്മീരില്‍ നടന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ലഭിച്ചു. പാക് അധീന കാശ്മീരില്‍ ഈയിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഇക്കാര്യം നിരവധി മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്താന്‍ തെഹരികി ഇന്‍സാഫ് ഭൂരിപക്ഷം നേടി. പാകിസ്താൻ അധിനിവേശ കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കൃത്രിമത്വം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആയിരക്കണക്കിന് പ്രകടനക്കാർ പാകിസ്താൻ അധിനിവേശ കശ്മീരിൽ (പിഒകെ) തെരുവിലിറങ്ങി.

ആകെ 45 സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇമ്രാൻ ഖാന്‍റെ പാകിസ്താൻ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി 25 സീറ്റുകൾ നേടിയപ്പോൾ പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) 11 സീറ്റുകളുമായി രണ്ടാം സ്ഥാനത്തും നിലവിലെ പാകിസ്താൻ മുസ്‌ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) ആറ് സീറ്റുകളും നേടി. ജൂലൈ 25 ന് നടന്ന തെരഞ്ഞെടുപ്പിൽ പിടിഐ സർക്കാർ വലിയ ഇടപെടൽ നടത്തിയതിനാൽ ജനങ്ങൾ അസ്വസ്ഥരായിരുന്നു, ഇതിൽ പ്രതിപക്ഷ പാർട്ടികൾ തമ്മിൽ ഏറ്റുമുട്ടലുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. പാക് അധീന കാശ്മീര്‍ നിയമസഭയിൽ ആകെ 53 അംഗങ്ങളുണ്ടെങ്കിലും 45 പേർ മാത്രമാണ് നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്നത്.
പോസ്റ്റിലെ അതേ വീഡിയോ പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് പാര്‍ട്ടി വൈസ് പ്രസിഡന്‍റ് മറിയം നവാസ് “ഇന്ന്, പി.ടി.ഐയുടെ വ്യാജ വിജയത്തിന്റെ ആദ്യ ദിവസം, ആസാദ് കശ്മീരിൽ ആദ്യമായി “സ്വതന്ത്ര കശ്മീർ” എന്ന മുദ്രാവാക്യം ഉയർത്തി. നിങ്ങൾ ഇപ്പോൾ ആളുകളുടെ വോട്ട് കവർന്നെടുക്കുമ്പോൾ അവരെ അടിച്ചമർത്തുമ്പോൾ സമാനമായ സംഭവങ്ങൾ ഉണ്ടാകുന്നു” എന്ന വിവരണത്തോടെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്.
കാശ്മീരും പാക്ക് അധീന കാശ്മീരും തമ്മിൽ വ്യത്യാസമുണ്ട്. ജമ്മു & കശ്മീർ എന്ന ഇന്ത്യന്‍ സംസ്ഥാനത്തിലെ ജനങ്ങളല്ല, പാക് അധീന കാശ്മീരിലെ അതായത് പാകിസ്താന്‍ നിയന്ത്രണത്തിലുള്ള കാശ്മീരിലെ ജനങ്ങൾ ആണ് ‘ആസാദി’യ്ക്ക് വേണ്ടി വീഡിയോയില്‍ മുറവിളി കൂട്ടുന്നത്. ഇന്ത്യയിലെ കാശ്മീരിന്‍റെ പടിഞ്ഞാറു ഭാഗത്ത് പാകിസ്താന്‍റെ അനധികൃത നിയന്ത്രണത്തിൻ കീഴിൽ സ്വയംഭരണ സംവിധാനങ്ങളുണ്ട് എന്ന് സങ്കൽപ്പക്കപ്പെടുന്ന ഒരു ഇന്ത്യൻ ഭൂപ്രദേശമാണ് പാക് അധീന കാശ്മീർ.
പാക് അധിനിവേശ കാശ്മീര്‍
‘1947 ഇന്ത്യൻ ഇൻഡിപെന്റ്ൻസ് ആക്ട്’ പ്രകാരം ഇന്ത്യയും, പാകിസ്ഥാനും രണ്ടു രാജ്യങ്ങളായി നിലവിൽവന്നു. 562ഓളം നാട്ടുരാജ്യങ്ങൾക്കു മേലുണ്ടായിരുന്ന ബ്രിട്ടീഷ് മേൽക്കോയ്മ അവസാനിക്കുകയും രാജ്യങ്ങൾ സ്വതന്ത്രമാകുകയും ഓരോ രാജ്യത്തിനും ഇന്ത്യയിലോ, പാകിസ്താനിലോ ചേരാനോ, അതല്ല ‘സ്റ്റാൻഡ് സ്റ്റിൽ’ ഉടമ്പടി ഒപ്പുവച്ച് സ്വതന്ത്രമായി നിൽക്കാനോ ഉള്ള അവകാശം നൽകപ്പെട്ടു. മഹാരാജാ ഹരിസിംഗ് പാകിസ്ഥാനുമായി ഒരു സ്റ്റാൻഡ് സ്റ്റിൽ കരാറിൽ ഒപ്പുവച്ചു. പാകിസ്ഥാൻ അത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ കാര്യങ്ങൾ ഒത്തുതീർപ്പാകുന്നതിന് മുമ്പുതന്നെ പാകിസ്ഥാൻ ‘സ്റ്റാന്‍റ് സ്റ്റിൽ’ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചുതുടങ്ങി. പാകിസ്താന്‍റെ ഭാഗമായ ‘നോർത്ത് വെസ്റ്റേൺ ഫ്രോണ്ടിയർ പ്രോവിൻസിൽ’നിന്ന് വൻതോതിൽ ആദിവാസികൾ ജമ്മു കാശ്മീർ സംസ്ഥാനത്തേയ്ക്ക് നുഴഞ്ഞുകയറി. പ്രദേശം പാകിസ്താന്റെ അധീനതയിലാക്കിയെടുക്കുക എന്നതായിരുന്നു ഈ നീക്കത്തിന് പിന്നിൽ.
പാക് നീക്കത്തെ പ്രതിരോധിക്കാനുള്ള സൈനികശക്തി രാജാ ഹരിസിംഗിന് ഉണ്ടായിരുന്നില്ല. ആ സാഹചര്യത്തിൽ അദ്ദേഹം ഇന്ത്യൻ പട്ടാളത്തിന്റെ സഹായംതേടി. സൈനികസഹായം നൽകുന്നതിന് മുന്നോടിയായി ഒരു കരാറിൽ ഒപ്പിടാൻ ഇന്ത്യ ഗവൺമെന്റ് ആവശ്യപ്പെട്ടു. അങ്ങനെ 1947 ഒക്‌ടോബർ 26ന് രാജാ ഹരിസിംഗ് ‘ഇൻസ്ട്രമെന്റ് ഓഫ് അക്‌സെഷനിൽ’ ഒപ്പുവച്ചു. ജമ്മു കാശ്മീരിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായിരുന്ന നാഷണൽ കോൺഫ്രൻസിന്‍റെയും, ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ളയുടെയും പൂർണ്ണ പിന്തുണ ഈ നീക്കത്തിന് ഉണ്ടായിരുന്നു. ഇന്ത്യൻ പട്ടാളം 1947 ഒക്‌ടോബർ 27 ന് കാശ്മീരിൽ എത്തി. നുഴഞ്ഞുകയറ്റക്കാരെ പിന്നോട്ടടിച്ചു, യുഎൻഒ ഇടപെട്ടു, വെടിനിർത്തൽ പ്രഖ്യാപിച്ചു. എന്നാൽ ജമ്മു കാശ്മീരിലെ ഒരു വലിയ ഭൂപ്രദേശം,തന്ത്രപ്രധാനമായ ജിൽജിത് ഉൾപ്പെടെ പാകിസ്താന്‍റെ അധീനതയിലായി. ഈ ഭൂപ്രദേശമാണ് ‘പാക് അധീന കാശ്മീർ’ എന്ന് അറിയപ്പെടുന്നത്.
പാക് അധീന കാശ്മീരില്‍ തെരഞ്ഞെടുപ്പ് കൃത്രിമം ആരോപിച്ച് ആയിരക്കണക്കിന് ആളുകൾ പാകിസ്താൻ സൈന്യത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. സംഭവത്തിന് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല. തെരഞ്ഞെടുപ്പിൽ 45 സീറ്റുകളിൽ 25 എണ്ണത്തിൽ ഇമ്രാൻ ഖാന്‍റെ പിടിഐ വിജയിച്ചതിനെ തുടർന്നാണ് പ്രതിഷേധം. ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം, തിരഞ്ഞെടുപ്പ് പ്രക്രിയയിൽക്രമക്കേട് ഉണ്ടായിയെന്നും പിടിഐക്ക് ഫലങ്ങൾ അനുകൂലമാക്കി എന്നും ആരോപിച്ച് പാകിസ്താൻ സൈന്യത്തിനെതിരെയും സര്‍ക്കാരിനെതിരെയും പ്രതിഷേധിച്ച് പാക് അധീന കാശ്മീരില്‍ നിന്നുള്ള ധാരാളം പൗരന്മാർ തടിച്ചുകൂടി. ഇതിന്‍റെ വീഡിയോ ആണ് പോസ്റ്റിലുള്ളത്.
പാക് അധീന കാശ്മീരില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടി വിജയിച്ചതില്‍ പ്രതിഷേധിക്കുന്ന ജനങ്ങളുടെതാണ് വീഡിയോ. ഇന്ത്യയിലെ കാഷ്മീരുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. പാക് അധീന കാശ്മീരില്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയായ പി ടി ഐ ഭൂരിപക്ഷം നേടിയതില്‍ പ്രതിഷേധിച്ച് തെരുവില്‍ ഇറങ്ങിയ പാക് അധീന കാശ്മീര്‍ നിവാസികളുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:“POK യിൽ പാകിസ്ഥാനികളെ ഗോ ബാക്ക് അടിച്ചു കാശ്മീർ നിവാസികൾ” എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്…
Fact Check By: Vasuki SResult: Misleading
