ചിത്രത്തിലെ സുഡാനി പെൺകുട്ടിയെ ഏറ്റവും സുന്ദരിയായ സ്ത്രീയായും വിലപിടിപ്പുള്ള മോഡലായും തെരഞ്ഞെടുത്തോ…?

അന്തര്‍ദേശീയ കൌതുകം

വിവരണം 

B4blaze  എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 12 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. ആഫ്രിക്കൻ വംശജയായ ഒരു പെൺകുട്ടിയുടെ ചിത്രവും ഒപ്പം ഇംഗ്ളീഷിൽ  ഒരു വിവരണവുമാണ് പോസ്റ്റിലുള്ളത്. വിവരണത്തിന്‍റെ പരിഭാഷ ഇങ്ങനെയാണ് : തെക്കൻ സുഡാനിൽ നിന്നുമുള്ള ഒരു പെൺകുട്ടി ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായും ഏറ്റവും വിലപിടിപ്പുള്ള മോഡലായും തെരഞ്ഞെടുക്കപ്പെട്ടു. ഫാഷൻ ഫോട്ടോഗ്രാഫിയിൽ മണിക്കൂറിന് 15000 ഡോളറാണ് ഇവൾ ഇപ്പോൾ ഈടാക്കുന്നത്. വംശീയത പ്രചരിപ്പിക്കുന്നവരും നിറത്തിന്‍റെ പേരിൽ മറ്റുള്ളവരോട് വിവേചനം കാട്ടുന്നവരും കണ്ണ് തുറന്നു കാണുക ” 

archived linkFB post

ഈ പോസ്റ്റിൽ രണ്ടു വാദങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യത്തേത് സുഡാനിൽ നിന്നുള്ള ഈ പെൺകുട്ടി  ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തേത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മോഡൽ ഇതാണ് എന്നാണ്. ഈ രണ്ടു കാര്യങ്ങളും ശരിയാണോ എന്ന് നമുക്ക് പരിശോധിക്കാം 

വസ്തുതാ വിശകലനം 

ഞങ്ങൾ തെക്കൻ  സുഡാനിൽ നിന്നുമുള്ള മോഡലിനെ കുറിച്ച് ഗൂഗിളിൽ അന്വേഷിച്ചു. അവരുടെ പേര് നയാക്കിം ഗാറ്റ്വെച്ച് (Nyakim Gatwech) എന്നാണെന്ന്‍ വാര്‍ത്തകളില്‍ കാണുന്നു. ദക്ഷിണ സുഡാനീസ്-അമേരിക്കൻ മോഡലാണ് നയാക്കിം ഗാറ്റ്വെച്ച്. ഇരുണ്ട ചർമ്മത്തിന്‍റെ പേരിൽ  അവൾ ശ്രദ്ധ ആകർഷിക്കുകയും ഇൻസ്റ്റാഗ്രാമിൽ ജനപ്രിയമാവുകയും ചെയ്തു. 

 ഗാറ്റ്വെക്കിന്‍റെ മാതാപിതാക്കൾ ദക്ഷിണ സുഡാനിലെ മൈവൂട്ടിൽ ജീവിച്ചു പോന്നവരാണ്. ദക്ഷിണ സുഡാനിലെ ആഭ്യന്തര യുദ്ധത്തെ തുടർന്ന് അവർ നാറ്റ്കിം ​​ജനിച്ച എത്യോപ്യയിലെ ഗാംബെലയിൽ കുറച്ചുനാൾ താമസിച്ചിരുന്നു.  അവിടെ നിന്ന് അവർ കെനിയയിലേക്ക് കുടിയേറി അവിടെ അഭയാർഥിക്യാമ്പുകളിൽ താമസിച്ചു, ഒടുവിൽ അവള്‍ക്ക് 14 വയസ്സുള്ളപ്പോൾ നാറ്റ്കിം കുടുംബത്തോടൊപ്പം യുഎസിലേക്ക് കുടിയേറി, . ആദ്യം ന്യൂയോർക്കിലെ ബഫല്ലോയിൽ സ്ഥിരതാമസമാക്കിയ അവർ പിന്നീട് മിനസോട്ടയിലെ മിനിയാപൊളിസിലേക്ക് മാറി. തെക്കൻ സുഡാനിൽ ജനിക്കുകയോ ജീവിക്കുകയോ ചെയ്തിട്ടില്ലെങ്കിലും, അവൾ ഇപ്പോഴും സ്വയം ദക്ഷിണ സുഡാനിയായി കരുതുന്നു. സെന്‍റ് ക്ലൗഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഒരു ഫാഷൻ ഷോയിൽ പങ്കെടുത്ത ശേഷം അവൾ  മോഡലിംഗ് കരിയർ തെരെഞ്ഞെടുത്തു. 2017 ലെ ജിഗ്സ എന്ന ചിത്രത്തിന്‍റെ പ്രൊമോഷണൽ പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ടു. 

 ഇരുണ്ട ചർമ്മത്തിന്‍റെ  പേരില്‍ പ്രശസ്തയായ ഗാറ്റ്വെക്കിന് ‘ഇരുണ്ട മഹാറാണി’ എന്ന് വിളിപ്പേരുണ്ട്. ചർമ്മത്തിന്‍റെ ഇരുണ്ട നിറം കുറയ്ക്കുന്നതിന് ബ്ലീച്ചിംഗിനെ പ്രോത്സാഹിപ്പിക്കുന്ന ആളുകളിൽ നിന്നുള്ള ആത്മാഭിമാന പ്രശ്നങ്ങളും അഭിപ്രായങ്ങളും ഗാറ്റ്വെക്ക് അഭിമുഖീകരിച്ചു, എന്നാൽ അവളുടെ സൗന്ദര്യവും പിഗ്മെന്റേഷനും ആരാധകരുടെ സ്നേഹവും പിന്തുണയും നേടിയെടുത്തു. ഇൻസ്റ്റാഗ്രാമിൽ അവർക്ക് 450,000 ഫോളോവേഴ്‌സ് ഉണ്ട്. ഗ്വാറ്റ്വേക്കിനെ കുറിച്ച് നിരവധി വിവരണങ്ങൾ ഓൺലൈനിൽ ലഭ്യമാണ്. 

ഞങ്ങളുടെ അന്വേഷണത്തിനിടയിൽ ഒരു വെബ്‌സൈറ്റ് ലഭിച്ചു. nubianplanet എന്ന വെബ്‌സൈറ്റിൽ ഈ പോസ്റ്റിൽ പറയുന്ന വാദഗതികൾ നൽകിയിട്ടുണ്ട്. അതായത് ഏറ്റവും സുന്ദരിയും ഏറ്റവും വില പിടിപ്പുള്ളതുമായ മോഡൽ ആണ് ഈ സുഡാൻകാരി എന്ന്. എന്നാൽ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ചിത്രം പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രമല്ല. 

ഞങ്ങൾ ഈ  വെബ്സൈറ്റിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. ഇതൊരു മാർക്കറ്റിങ് വെബ്‌സൈറ്റാണ്. വെബ്‌സൈറ്റ് അധികൃതർ അവരെപ്പറ്റിയുള്ള വിവരണത്തിൽ വെബ്‌സൈറ്റിന്‍റെ ഉദ്ദേശം  നൽകിയിരിക്കുന്നത് ഇങ്ങനെയാണ്. ഞങ്ങളുടെ ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം സ്വത്ത് സൃഷ്ടിക്കാനും അവശേഷിക്കുന്ന വരുമാനം നേടാനുമുള്ള അവസരങ്ങൾ നൽകി ശാക്തീകരിക്കുക എന്ന ഒരു ഉദ്ദേശ്യത്തിനായാണ്  നൂബിയൻ പ്ലാനറ്റ് സൃഷ്ടിച്ചത്. ഞങ്ങളുടെ ഉൽ‌പ്പന്നങ്ങളിലും സേവനങ്ങളിലും അനുബന്ധ വിപണനക്കാരിലും ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾക്ക് സമ്പത്തും സാമ്പത്തിക ഭദ്രതയും സൃഷ്ടിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷവും ശൃംഖലയും നൽകാൻ ആഗ്രഹിക്കുന്നു.” ഏതു സംഘടനയാണ്  അല്ലെങ്കിൽ ഏതു രാജ്യമാണ് ഗാറ്റ്വെക്കിനെ ലോക സുന്ദരിയായി തെരെഞ്ഞെടുത്തത് എന്ന വിവരങ്ങൾ ഒന്നുംതന്നെ വെബ്‌സൈറ്റിൽ നൽകിയിട്ടില്ല. ഈ വെബ്‌സൈറ്റിലല്ലാതെ മറ്റൊരിടത്തും ഈ വിവരം കാണാൻ സാധിച്ചില്ല. 

archived linknubianplanet

ഗാറ്റ്വെക്ക് 15000 ഡോളർ മണിക്കൂറിന് പ്രതിഫലം വാങ്ങുന്നു എന്ന് മറ്റൊരു യൂട്യൂബ് ചാനലിൽ നൽകിയിട്ടുണ്ട്.

archived linkyoutube
archived linkice pop
archived linkinstagram

അതിൽ നൽകിയിരിക്കുന്ന ദൃശ്യങ്ങളും പോസ്റ്റിൽ നൽകിയിരിക്കുന്ന മോഡലിന്‍റെതല്ല. തുടർന്ന് ഞങ്ങൾ ചിത്രം  google reverse image ഉപയോഗിച്ച് പരിശോധിച്ചപ്പോൾ പോസ്റ്റിലെ ചിത്രത്തിൽ നൽകിയിരിക്കുന്ന മോഡലിന്‍റെ പേര് അനോക് യായ് anok yai എന്നാണെന്ന് അറിയാൻ കഴിഞ്ഞു. അനോകും സുഡാനിൽ നിന്നുള്ള മോഡൽ എന്നാണ് അറിയപ്പെടുന്നത്. 

ദക്ഷിണ സുഡാനീസ് വംശജയായ ഈജിപ്റ്റിൽ ജനിച്ച  അമേരിക്കൻ ഫാഷൻ മോഡലാണ് അനോക് യായ്. (ഡിസംബർ 20, 1997 ലാണ് അനോകിന്‍റെ ജനനം.) നവോമി കാമ്പ്‌ബെല്ലിന് ശേഷം ‘പ്രാഡ ഷോ’ ചെയ്യുന്ന  രണ്ടാമത്തെ ഇരുണ്ട നിറമുള്ള മോഡലാണ് അവർ, അങ്ങനെ ചെയ്യുന്ന ആദ്യത്തെ ദക്ഷിണ സുഡാനീസ് മോഡലും. നിലവിൽ  മോഡല്‍സ്. കോമിന്‍റെ   “ടോപ്പ് 50” മോഡലുകളിലൊന്നാണ് യായ്. അവൾ കൈറോയിൽ ജനിച്ചു, അവളുടെ കുടുംബം 2 വയസ്സുള്ളപ്പോൾ ന്യൂ ഹാംഷെയറിലെ മാഞ്ചസ്റ്ററിലേക്ക് മാറി. അമ്മ ഒരു നഴ്‌സാണ്, അച്ഛൻ ഈസ്റ്റർസീലിൽ ജോലിചെയ്യുന്നു;  സഹോദരി ആലിം അവളുടെ മാനേജരും സാമ്പത്തിക ഉപദേഷ്ടാവുമാണ്. വെസ്റ്റിലെ മാഞ്ചസ്റ്റർ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ അനോക് ഡോക്ടറാകാൻ ആഗ്രഹിച്ച് പ്ലൈമൗത്ത് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ബയോകെമിസ്ട്രി പഠിക്കുന്നു.  

 ഇങ്ങനെ അനോക്കിനെക്കുറിച്ച്  വിക്കിപീഡിയ  പ്രതിപാദിക്കുന്നു. അനോക് യായ്  എത്രയാണ് പ്രതിഫലം വാങ്ങുന്നത് എന്നതിനെ പറ്റി വിവരങ്ങളൊന്നും ലഭ്യമല്ല. 

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന  മോഡൽ ആരാണ് എന്നന്വേഷിച്ചപ്പോൾ കെന്‍റല്‍ ജെന്നർ എന്ന പേരുള്ള മോഡലാണ് എന്ന വിവരമാണ് ഞങ്ങൾക്ക് ലഭിച്ചത്. 22.5 മില്യൺ ഡോളറാണ് 12  മാസങ്ങൾ കൊണ്ട് കെന്‍റലിന് ലഭിച്ചത് എന്ന് Forbes മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. 

അമേരിക്കൻ മോഡലായ കെന്‍റല്‍ ഒരു റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് മോഡലിംഗ് രംഗം തെരഞ്ഞെടുക്കുകയായിരുന്നു. കെന്‍റലിനെപ്പറ്റി കൂടുതലറിയാൻ താഴെയുള്ള ലിങ്കുകൾ സന്ദർശിക്കുക.

archived linkwikipedia
archived linkforbes

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് പോസ്റ്റിലെ വിവരങ്ങൾ വസ്തുതാപരമായി തെറ്റാണ് എന്നാണ്. പോസ്റ്റിൽ നൽകിയിട്ടുള്ള ചിത്രത്തിലെ മോഡൽ അനോക് യായ് ആണ്. അവർ മണിക്കൂറിന്  15000 ഡോളർ പ്രതിഫലം വാങ്ങുന്ന തെക്കൻ സുഡാനി മോഡൽ അല്ല. തെക്കൻ സുഡാനി മോഡൽ എന്നറിയപ്പെടുന്ന നയാക്കിം ഗാറ്റ്വെച്ച് ആണ് മണിക്കൂറിന് 15000 രൂപ പ്രതിഫലം വാങ്ങുന്ന മോഡൽ. ലോകത്തിലെ ഏറ്റവും സുന്ദരിയായി ഇരുവരെയും തെരെഞ്ഞെടുത്തിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മോഡൽ അമേരിക്കക്കാരിയായ കെന്‍റല്‍ ജെന്നർ ആണ്. 

ലോകത്തെ ഏറ്റവും സൌന്ദര്യമുള്ള സ്ത്രീകളായി തെരെഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക താഴെയുള്ള വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ കാണാം.

archived linkesquire
archived linkstyle craze

നിഗമനം 

പോസ്റ്റിൽ പറയുന്ന വിവരങ്ങൾ എല്ലാംതന്നെ വസ്തുതാപരമായി തെറ്റാണ്. ചിത്രത്തിലുള്ള മോഡലിനെ ഭൂമിയിലെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീയായി തെരെഞ്ഞെടുത്തിട്ടില്ല. മണിക്കൂറിന് 15000 ഡോളര്‍ പ്രതിഫലം പറ്റുന്നത് സുഡാന്‍ രാജ്യത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന നയാക്കിം ഗാറ്റ്വെച്ച് എന്ന മോഡലാണ്.  ഏറ്റവും കൂടുതൽ ലോകത്ത് പ്രതിഫലം വാങ്ങുന്ന മോഡൽ അമേരിക്കയിൽ നിന്നുമുള്ള കെന്‍റല്‍ ജെന്നറാണ്. തെറ്റായ വിവരണമുള്ള ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:ചിത്രത്തിലെ സുഡാനി പെൺകുട്ടിയെ ഏറ്റവും സുന്ദരിയായ സ്ത്രീയായും വിലപിടിപ്പുള്ള മോഡലായും തെരഞ്ഞെടുത്തോ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •