കന്നുകാലികൾ പ്രളയത്തിലകപ്പെട്ട ദൃശ്യങ്ങൾ കേരളത്തിൽ വൈറലാകുന്നു….

സാമൂഹികം

വിവരണം 

Jagratha TV എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 10 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് വെറും മൂന്നു മണിക്കൂർ സമയം കൊണ്ട്  300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കുറേ പശുക്കൾ തൊഴുത്ത് പോലെയുള്ള ഒരിടത്ത് കെട്ടിയിട്ട നിലയിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. “ഈ സ്ഥലം അറിയാവുന്നവരിലേയ്ക്ക് എങ്ങനെയെങ്കിലും ഷെയർ ചെയ്ത് എത്തിക്കു.. ?” എന്ന അടിക്കുറിപ്പ് വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.

archived linkFB post

കേരളത്തിൽ മഴ ശക്തി പ്രാപിച്ചതോടെ പലയിടത്തും വൻ പ്രളയക്കെടുതികളുടെ  റിപ്പോർട്ടുകൾ നാം കണ്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷത്തേതിനേക്കാൾ ഭീകരമാണ് പലയിടത്തെയും അവസ്ഥ. ഉരുൾ പൊട്ടലിന്റെയും നദികൾ കരകവിഞ്ഞൊഴുകുന്നതിന്റെയും റോഡുകൾ തകരുന്നതിന്റെയും നിരവധി ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

 കഴിഞ്ഞ വർഷത്തേത് ഏതാണെന്നോ ഈ വർഷത്തേത് ഏതാണെന്നോ ഒട്ടുംതന്നെ തിരിച്ചറിയാൻ പറ്റാത്തത്ര സമാനതയുള്ളതാണ് ചിത്രങ്ങളും വീഡിയോകളും. സാമൂഹ്യ പ്രവർത്തകരും സർക്കാരും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകളിൽ പ്രളയമെത്തുമ്പോൾ വളർത്തു മൃഗങ്ങളുടെ കെട്ടുകൾ അഴിച്ചു വിട്ട് അവയെ മോചിപ്പിക്കണമെന്നും അല്ലെങ്കിൽ പ്രളയത്തിൽ നിസ്സഹായരായി അവയുടെ ജീവൻ നഷ്ടപ്പെടുമെന്നും  പറയുന്നുണ്ട്. അതിനു പിന്നാലെയാണ് ഈ വീഡിയോ നാം കാണുന്നത്. ഈ വീഡിയോ കേരളത്തിൽ നിന്നുള്ളതാണോ..? നമുക്ക് വീഡിയോയുടെ വിശദാംശങ്ങൾ അറിയാൻ ശ്രമിക്കാം 

വസ്തുതാ വിശകലനം 

ഞങ്ങൾ invid ടൂളുപയോഗിച്ച് വീഡിയോയുടെ കീ ഫ്രയിമുകൾ വേർതിരിച്ച ശേഷം അവയിൽ ചില ഫ്രയിമുകൾ yandex എന്ന ചിത്ര പരിശോധന ടൂളുപയോഗിച്ച് തിരഞ്ഞു നോക്കി. എന്നാൽ കാര്യമായ  ഫലങ്ങൾ ഒന്നും തന്നെ ലഭ്യമായില്ല. 2019 ജൂലൈ 30 ന് movisis എന്ന മാധ്യമം ഇന്ത്യയിലെയും പാകിസ്ഥാനിലെയും പ്രളയത്തിന്റെ  ചിത്രങ്ങൾ എന്ന വിഭാഗത്തിൽ കുറച്ച് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ ഇതേ വീഡിയോയിൽ  നിന്നുമുള്ള രണ്ടു മൂന്നു സ്ക്രീൻഷോട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മറ്റു വിവരണങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല. ഇത് ഇന്ത്യയിലേതാണോ അതോ പാകിസ്ഥാനിലേതാണോ എന്നൊന്നും വ്യക്തമല്ല. പാക് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചതായതിനാൽ ഈ വീഡിയോ പാകിസ്ഥാനിലേതാണോ എന്ന് ഞങ്ങൾക്ക് സംശയം തോന്നി. തുടർന്ന് ഞങ്ങൾ കൂടുതൽ സൂക്ഷ്മമായി അന്വേഷിച്ചു. അപ്പോൾ വീഡിയോയിൽ നിന്നുള്ള സ്ക്രീൻഷോട്ട് ഉപയോഗിച്ച മറ്റൊരു ചിത്രം എക്സ്പ്രസ്സ് പികെ  എന്ന പാക് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് ലഭ്യമായി. ഉർദു ഭാഷയിലുള്ള വെബ്‌സൈറ്റിൽ ചിത്രത്തെപ്പറ്റിയുള്ള വിവരണം ഉർദുവിൽ നൽകിയിട്ടുണ്ട്. ഞങ്ങൾ അത് ഗൂഗിൾ ട്രാസ്‌ലേറ്ററിന്റെ സഹായത്തോടെ പരിഭാഷപ്പെടുത്തി.

അത് ഇങ്ങനെയാണ് :

“വെള്ളപ്പൊക്കത്തിൽ കന്നുകാലി വിപണി മുങ്ങി.

കന്നുകാലി വിപണിയിൽ വെള്ളം  നിറഞ്ഞതോടെ കച്ചവടക്കാർ പ്രതിസന്ധിയിലായി.

സ്റ്റാഫ് റിപ്പോർട്ടർ ചൊവ്വാഴ്ച 30 ജൂലൈ 2019

വിപണി പ്രതിസന്ധിയുടെ  ആഘാതം വ്യാപാരികൾക്കും ബിസിനസുകാർക്കും സഹിക്കേണ്ടി വന്നു, വിപണിയിൽ നിന്ന് ഡ്രെയിനേജ് ആരംഭിച്ചു. 

കറാച്ചി: സൂപ്പർ ഹൈവേയിൽ  കശാപ്പ് മൃഗങ്ങളുടെ മാർക്കറ്റ് അഡ്മിനിസ്ട്രേഷന്റെ പിടിപ്പില്ലായ്മ  വ്യാപാരികൾക്ക് കനത്ത നഷ്ടമുണ്ടാക്കി. 

മഴയെത്തുടർന്ന് സൂപ്പർ ഹൈവേ കന്നുകാലി വിപണന സംവിധാനം തകരുകയും  വ്യാപാരികൾ മൃഗങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. കാളകളെയും പശുക്കളെയും രക്ഷിക്കാനുള്ള ശ്രമങ്ങളിൽ കച്ചവടക്കാർ  ഏർപ്പെട്ടു.

കന്നുകാലി മാർക്കറ്റ് മാനേജ്‌മെന്റ് കരാറുകാരൻ  പമ്പുകളുടെ സഹായത്തോടെ വെള്ളം ഒഴുക്കാൻ ശ്രമിച്ചുവെങ്കിലും കന്നുകാലി വിപണിയിൽ മഴവെള്ളം അടിഞ്ഞുകൂടിയതിനാൽ ചെളിയിൽ  പശുക്കളും കാളകളുമായി വ്യാപാരികൾ ബുദ്ധിമുട്ടി. അഞ്ചാംപനി, മീസിൽസ് രോഗ ഭീതീ ഇവിടങ്ങളിലുണ്ട്.

കന്നുകാലി മാർക്കറ്റിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച്, കശാപ്പ്  മൃഗങ്ങളെ വിൽക്കുന്നതിനുള്ള വിവിധ ബ്ലോക്കുകളിൽ നിന്ന് ഇറക്കിവിടുന്നു,  പകൽ മഴയാണ് കാരണം. ഇത് മൂലം വിദേശത്തുനിന്നുള്ള കച്ചവടക്കാർക്ക് കടുത്ത പ്രശ്നങ്ങളും പ്രയാസങ്ങളും നേരിടേണ്ടിവന്നു. മൃഗങ്ങളെ രോഗബാധിതരാകാതിരിക്കാൻ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്ന പ്രക്രിയ ആരംഭിച്ചു.  രാത്രിയിൽ കന്നുകാലി വിപണിയിൽ മൃഗങ്ങൾ വിവിധ ബ്ലോക്കുകളിൽ വെള്ളം അടിഞ്ഞുകൂടിയ ചെളിയിൽ നിൽക്കുന്നുണ്ടായിരുന്നു വ്യാപാരികൾ കടുത്ത മാനസിക ബുദ്ധിമുട്ടിലാണ്.

മഴയെക്കുറിച്ച് മുൻ‌കൂട്ടി റിപ്പോർട്ടുകൾ നൽകിയിട്ടും കന്നുകാലി വിപണിയുടെ നടത്തിപ്പ് കരാറുകാരനോടുള്ള താൽപ്പര്യക്കുറവ് മൂലമാണ്  പ്രശനങ്ങളുണ്ടായതെന്നു ആരോപണമുണ്ട്. എല്ലാ നികുതികളും ഫീസുകളും അടച്ചിട്ടും കന്നുകാലി വിപണിയിലെ വ്യാപാരികളും മാത്രമേ സഹിക്കേണ്ടി വന്നുള്ളൂവെന്ന് വ്യാപാരികൾ പറഞ്ഞു.

കന്നുകാലി വിപണി ശ്രദ്ധിക്കണമെന്നും കച്ചവടക്കാർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. . ട്രാക്ടറുകളുടെയും പമ്പുകളുടെയും സഹായത്തോടെ കന്നുകാലി മാർക്കറ്റ് മാനേജ്മെന്റ് ഡ്രെയിനേജ് പ്രക്രിയ ആരംഭിച്ചു.”

ഇത്രയും  കാര്യങ്ങൾ വാർത്തയിൽ നൽകിയിട്ടുണ്ട്. കറാച്ചിയിൽ കശാപ്പ് കന്നുകാലികളുടെ മാർക്കറ്റിൽ വെള്ളം കയറിയ വാർത്ത വേറെയും പാക് മാധ്യമങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ വീഡിയോയുടെ ഉറവിടം അന്വേഷണത്തിൽ ലഭിച്ചിട്ടില്ല. 

archived linkabbtakk.tv
archived linkdawn
archived linkjasarat

വീഡിയോ എവിടെ നിന്നും കണ്ടെത്താനായിട്ടില്ല. പക്ഷെ ഇത് കേരളത്തിൽ ഇത്തവണ സംഭവിച്ച പ്രളയത്തിൽ നിന്നുമുള്ളതല്ല എന്ന് ഉറപ്പാണ്. പാകിസ്ഥാനിലെ രണ്ടു വെബ്‌സൈറ്റുകൾ വീഡിയോയിലെ ചിത്രങ്ങൾ ജൂലൈ മാസം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിൽ മഴ ശക്തി പ്രാപിച്ചതും പ്രളയക്കെടുതികൾ തുടങ്ങിയതും ഓഗസ്റ്റ് 5 മുതലാണ്.

നിഗമനം 

 ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കേരളത്തിൽ ഇപ്പോഴുണ്ടായ പ്രളയക്കെടുതിയിൽ നിന്നുമുള്ളതല്ല. ജൂലൈ മാസം അവസാനം രണ്ടു പാക് മാധ്യമങ്ങൾ ഇതിലെ ദൃശ്യങ്ങളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനാൽ വസ്തുതകൾ മനസ്സിലാക്കിയശേഷം മാത്രം പോസ്റ്റിനോട് പ്രതികരിക്കാൻ മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു 

Avatar

Title:കന്നുകാലികൾ പ്രളയത്തിലകപ്പെട്ട ദൃശ്യങ്ങൾ കേരളത്തിൽ വൈറലാകുന്നു….

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •