FACT CHECK: ബംഗാളില്‍ പെണ്‍കുട്ടിയെ ഒരു സംഘം പുരുഷന്മാര്‍ ഉപദ്രവിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ ബംഗ്ലാദേശിലേതാണ്…

അന്തര്‍ദേശിയ൦ കലാപം

പ്രചരണം 

ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം അവിടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു.  ഒരു സംഘം ആളുകൾ മറ്റു പാർട്ടിയുടെ അനുയായികളെ കൊല്ലുന്നുവെന്നും പാർട്ടി ഓഫീസ് കത്തിച്ച സംഭവങ്ങളുണ്ടെന്നും ആരോപണമുണ്ട്. കലാപത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍  ദേശീയ തലത്തിൽ കോളിളക്കമുണ്ടാക്കുന്നുണ്ട്. കലാപത്തിന്‍റെ  വിവിധ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.

ബംഗാളിൽ ടിഎംസി പ്രവർത്തകർ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന ചില പോസ്റ്റുകള്‍ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പങ്കുവച്ചിരുന്നു. എന്നാല്‍ സംഭവത്തിന് അവിടെ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കലാപവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ലേഖനം വായിക്കാം.

FACT CHECK – ബംഗാളില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി രാഷ്ട്രീയ വൈരാഗ്യത്തിന് ഇരയാണോ? വസ്‌തുത അറിയാം..

ഇപ്പോള്‍ ഒരു സ്ത്രീയെ ഏതാനും പുരുഷന്മാര്‍ ഉപദ്രവിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. കുറച്ച് പുരുഷന്മാർ അവളെ ബലംപ്രയോഗിച്ച് എടുത്ത് പോകുമ്പോൾ പെണ്‍കുട്ടി കൈകാലുകള്‍ ഇട്ടടിക്കുന്നതും നിലവിളിക്കുന്നതും നമുക്ക് കാണാം.

പോസ്റ്റിനൊപ്പം നല്‍കിയ വിവരണം ഇങ്ങനെയാണ്: “ഇത് സിനിമ അഭിനയം അല്ല യാഥാർഥ്യം ജിഹാദികൾ പെൺകുട്ടിയെ പിടിച്ചു കൊണ്ടു പോകുന്ന കാണാൻ പറ്റാത്ത കാഴ്ച്ച.ഇത് കാണുന്നവരുടെ നെഞ്ച് കിടന്ന് പിടക്കും 😥

#SaveBengal”

archived linkFB post

ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ കലാപത്തിന്‍റെ ഭാഗമാണ് ഈ അക്രമം എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. ഞങ്ങള്‍ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. തെറ്റായ പ്രചാരണമാണ് ഇതെന്ന് കണ്ടെത്തുകയും ചെയ്തു. 

വസ്തുതാ വിശകലനം 

ഇൻ‌വിഡ്-വി വെരിഫൈയുടെ സഹായത്തോടെ ഞങ്ങൾ വിവിധ ഫ്രെയിമുകളായി വീഡിയോ വിഭജിച്ച ശേഷം  പ്രധാനപ്പെട്ട ഒന്നിന്‍റെ  റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോള്‍ ബംഗ്ലാദേശില്‍ നിന്നുള്ള റഹ്മത്ത് അലി ഹെലാലി എന്ന വ്യക്തിയുടെ ഒരു പോസ്റ്റ് ലഭിച്ചു. പോസ്റ്റിലുള്ള അതേ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പാണ്  ഏപ്രിൽ 27 ന് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. 

Facebook Post

പോസ്റ്റിലെ വിവരണം അനുസരിച്ച് വീഡിയോയിലെ സ്ത്രീ ശ്രബന്തി റാണിയെന്ന ജന്നത്തുല്‍ ഫിര്‍ദൌസ് ആണ്. ശ്രബന്തിയെ കമ്രോള്‍ ഇസ്ലാം എന്നയാള്‍ വിവാഹം ചെയ്തശേഷം മതംമാറ്റി. ചാര്ഖലിഫ ഉപജില്ലയിലെ ദിദര്‍ ഉല്ല ഗ്രാമത്തിലാണ് സംഭവം നടന്നത്. അലി ഹുസൈന്‍ എന്ന ദിവസക്കൂലി തൊഴിലാളിയുടെ മകനാണ് കമ്രോള്‍. ഗാസീപുരിലെ ഒരു ഫാക്ടറിയില്‍ ജോലിചെയ്യുമ്പോള്‍ രണ്ടു വര്‍ഷം മുമ്പ് ചന്ദ്ര മണ്ഡലിന്‍റെ മകള്‍ ശ്രബന്തി മണ്ഡലുമായി പ്രണയത്തിലായി. വിവാഹശേഷം ഇരുവരും ദൌലക്തനിലേയ്ക്ക് പോയി. കഴിഞ്ഞ വെള്ളിയാഴ്ച ചില നാട്ടു പ്രമാണികള്‍ ശ്രബന്തിയെ ബലമായി പിതാവിന്‍റെ അരികിലേയ്ക്ക് തിരികെ എത്തിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണിത്. സംഭവമറിഞ്ഞെത്തിയ ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പെട്ടെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. 

പിതാവ് മകളെ തട്ടിക്കൊണ്ടുപോയതായി പോലീസില്‍ പരാതി നല്‍കിയിരുന്നു. 18 വയസ് പൂര്‍ത്തിയായ ശ്രബന്തിയെ വിവാഹം ചെയ്ത് കൂടെ പാര്‍പ്പിക്കുകയാണെന്നും ഒളിപ്പിച്ചു വച്ചിട്ടില്ലെന്നും കമ്രോള്‍ അറിയിച്ചു. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിക്ക് 15 വയസും രണ്ടു മാസവുമാണ് പ്രായം….. തുടങ്ങിയ വിവരങ്ങളാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്. 

വീഡിയോ ബംഗ്ലാദേശില്‍ നിന്നുമുള്ളതാണ്. ബംഗാളിലെതല്ല. പോസ്റ്റിലെ വാര്‍ത്തയുടെ വിവരങ്ങള്‍ ഉള്ള കീ വേര്‍ഡ്സ് ഉപയോഗിച്ച് വാര്‍ത്താ മാധ്യമങ്ങളില്‍ തിരഞ്ഞപ്പോള്‍ പ്രസക്തമായ വാർത്താ റിപ്പോർട്ടുകൾ കണ്ടെത്തി. അമാദർ ഷോമോയ് പ്രസിദ്ധീകരിച്ച ഒരു വാർത്ത റിപ്പോർട്ടില്‍, ശ്രബന്തി റാണി കമ്രുൽ ഇസ്ലാമിനെ വിവാഹം കഴിച്ചുവെന്നും ഇസ്ലാം മതം സ്വീകരിച്ചതായും വിവരണമുണ്ട്. അവളുടെ പിതാവ് ശങ്കർ ചന്ദ്ര മണ്ഡൽ നല്‍കിയ പരാതിയെ തുടര്‍ന്ന്  ശ്രബാന്തിയെ ലോക്കൽ പോലീസ് ‘രക്ഷപ്പെടുത്തി’ കുടുംബത്തിന് കൈമാറി.

തന്റെ ഭാര്യയ്ക്ക് 18 വയസ്സ് പ്രായമുണ്ടെന്ന് ശ്രബാന്തിയുടെ ഭർത്താവ് കമ്രുൽ അവകാശപ്പെട്ടതായി ധാക്ക പോസ്റ്റിന്റെ ഒരു വാർത്താ റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തി. 2003 മാർച്ച് 3 നാണ് ഗാസിപ്പൂരിൽ ശ്രബന്തി ജനിച്ചത് എന്ന് വാര്‍ത്ത അറിയിക്കുന്നു. 

കീവേഡ് ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍, ദൌലത്ഖാൻ പോലീസിന്‍റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഞങ്ങൾ കണ്ടെത്തി.

daulatkhan.thana

പെൺകുട്ടി പ്രായപൂർത്തിയാകാത്ത ആളാണെന്നും മതപരിവർത്തനം നടത്താനോ വിവാഹം കഴിക്കാനോ നിയമപരമായ അധികാരമില്ലെന്നും പോലീസ് ഓഫീസർ ഇൻ ചാർജ് ലുഫ്തര്‍ റഹ്മാൻ പറഞ്ഞു.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. വീഡിയോ ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള കലാപത്തില്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്‍റെതല്ല. ബംഗ്ലാദേശില്‍ നിന്നുള്ള ഈ വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് മുസ്ലിം യുവാവിനെ വിവാഹം കഴിച്ച ഹിന്ദു പെണ്‍കുട്ടിയെ സ്ഥലത്തെ പ്രമാണികള്‍ പോലീസ് സഹായത്തോടെ തിരികെ പിതാവിനെ ഏല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ബംഗാളില്‍ പെണ്‍കുട്ടിയെ ഒരു സംഘം പുരുഷന്മാര്‍ ഉപദ്രവിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ ബംഗ്ലാദേശിലേതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •