ഈ ആശുപത്രി കിർഗിസ്ഥാനിൽ അവിടുത്തെ സൈനികർ രണ്ടു വർഷം മുമ്പ് നിർമ്മിച്ചതാണ്

Coronavirus അന്തർദേശിയ൦ ആരോഗ്യം ദേശീയം

വിവരണം 

കോവിഡ് 19 വൈറസ് ബാധ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇന്ത്യയിലും പടർന്നു കൊണ്ടിരിക്കുന്നു. രോഗപ്രതിരോധത്തിനായി കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ അതീവ ജാഗ്രതയോടെ പ്രവർത്തനമുഖത്തുണ്ട്. സർക്കാർ സേനാ  വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഈ അവസരത്തിൽ കർമ്മ നിരതരായി പ്രവർത്തന രംഗത്തുണ്ട്. ഇതിനിടയിൽ രണ്ടു മൂന്നു ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത്തരത്തിലൊരു പോസ്റ്റിന് 5000 ലധികം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. 

ഇന്ത്യൻ ആർമിയ്ക്ക് ബിഗ് സല്യൂട്ട് …

വെറും രണ്ട് ദിവസങ്ങൾ കൊണ്ട് കോവിഡ് രോഗികൾക്കായി രാജസ്ഥാനിലെ ബാർമേറിൽ ആയിരം കിടക്കകളോടുകൂടിയ ആശുപത്രി പണിത ഇന്ത്യൻ ആർമി ക്ക് ഒരു ബിഗ് സല്യൂട്ട് … വന്ദേ മാതരം.. ജയ് ഹിന്ദ്… എന്ന വിവരണത്തോടെ സേന നിർമ്മിച്ച താൽക്കാലിക ആശുപത്രിയുടെ ചിത്രങ്ങളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. 

archived linkFB post

എന്നാൽ ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ ഇന്ത്യൻ സേന നിർമ്മിച്ചതല്ല, ഇത് ഇന്ത്യയിലുമല്ല. വിശദാംശങ്ങൾ ഇങ്ങനെ: 

വസ്തുതാ വിശകലനം 

ഇങ്ങനെയൊരു ആശുപതി ഇന്ത്യൻ ആർമി പണിതു എന്ന മട്ടിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്ന്‌ ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഇന്ത്യൻ ആർമിയുടെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക്ക് ഇൻഫോർമേഷൻ   വാർത്ത നൽകിയിട്ടുണ്ട്. 

archived link

ഇനി പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രങ്ങളുടെ യാഥാർഥ്യമറിയാം.  ഞങ്ങൾ ഈ ചിത്രങ്ങളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇതേ ചിത്രം നിരവധി വെബ്‌സൈറ്റുകളിൽ ഉപയോഗിച്ചിരുന്നതായി കാണാൻ കഴിഞ്ഞു. റഷ്യൻ ഭാഷയിലെ ഒരു വെബ്‌സൈറ്റായ ട്രെൻഡ് 2017 ഒക്ടോബർ 17 ന് ഒരു ലേഖനത്തിലാണ് ഈ ചിത്രം ആദ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

archived link

കിർഗിസ്ഥാനിൽ യുഎൻ ദൗത്യങ്ങളിൽ പങ്കെടുക്കാൻ ഒരു സൈനിക ഫീൽഡ് ആശുപത്രി രൂപീകരിക്കും. “കിർഗിസ് റിപ്പബ്ലിക്കിന്‍റെ പ്രതിരോധ സ്റ്റേറ്റ് കമ്മിറ്റി ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന ദൗത്യത്തിലേയ്ക്കായി ഒരു സൈനിക ഫീൽഡ് ഹോസ്പിറ്റൽ (എച്ച്എസ് സി) രൂപീകരിക്കുന്നത് അവസാന ഘട്ടത്തിൽ” എന്ന തലക്കെട്ടില്‍ കബര്‍ എന്ന കിര്‍ഗിസ് മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് ട്രെന്‍ഡ് വാര്‍ത്ത നല്‍കിയിട്ടുള്ളത്

കിർഗിസ് റിപ്പബ്ലിക്കിന്‍റെ സംസ്ഥാന പ്രതിരോധ സമിതി ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന ദൗത്യങ്ങളിലേക്ക് സൈനിക ഫീൽഡ് ഹോസ്പിറ്റൽ രൂപീകരിക്കുന്നതിന്‍റെ അവസാന ഘട്ടത്തിൽ എത്തിയതായി കെ‌ഐ‌എ കെ‌എ‌എ റിപ്പോർട്ട് ചെയ്യുന്നു.

അടിയന്തിര സാഹചര്യങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര വൈദ്യസഹായം നൽകാനും ഉയർന്ന തലത്തിലുള്ള ചികിത്സാ സൗകര്യങ്ങളില്‍ രോഗികളെ അഡ്മിറ്റ് ചെയ്യാനും കഴിയുന്ന സൗകര്യമാണ് ഫീൽഡ് മൊബൈൽ ഹോസ്പിറ്റലില്‍ ഒരുക്കിയിട്ടുള്ളത്.

പിന്നീട് ഇതേ വെബ്‌സൈറ്റ് ആശുപത്രി നിർമ്മാണം പൂർത്തിയായയെന്നും റഷ്യ കാര്യമായ സംഭാവന ഈ മൊബൈല്‍ ആശുപത്രിക്ക് നല്‍കുമെന്നുമുള്ള വാർത്ത 2019 സെപ്റ്റബർ 11 നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഈ ആശുപത്രി കിർഗിസ്ഥാനിലാണ്. ഇന്ത്യയിലേതല്ല. ഇപ്പോൾ പടർന്നു പിടിച്ച കൊറോണ വൈറസ് ബാധയുമായി ഈ ആശുപത്രി നിർമ്മാണത്തിന് യാതൊരു ബന്ധവുമില്ല. 

നിഗമനം 

പോസ്റ്റിലെ വാർത്ത പൂർണ്ണമായും തെറ്റാണ്. ഈ ആശുപത്രി പ്രതിരോധ സേനയുടെ നേതൃത്വത്തിൽ കിർഗിസ്ഥാനിൽ 2017 ൽ നിർമ്മാണം ആരംഭിച്ച ആശുപത്രിയുടേതാണ്. ഈ ചിത്രങ്ങൾക്ക് ഇന്ത്യയുമായോ ഇപ്പോൾ ലോകത്ത് പടർന്നു കൊണ്ടിരിക്കുന്ന  കൊറോണവൈറസ് ബാധയുമായോ യാതൊരു ബന്ധവുമില്ല 

Avatar

Title:ഈ ആശുപത്രി കിർഗിസ്ഥാനിൽ അവിടുത്തെ സൈനികർ രണ്ടു വർഷം മുമ്പ് നിർമ്മിച്ചതാണ്

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •