
പ്രചരണം
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം നടത്തുമെന്നാണ് ആദ്യം സര്‍ക്കാര്‍ തലങ്ങളില്‍ നിന്നും വന്ന തീരുമാനം. പിന്നീട് കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ ഇത്തവണ നാമമാത്രമായ ചടങ്ങുകളോടെ മാത്രം പൂരം നടത്താന്‍ ഏപ്രില്‍ 20 ന് തീരുമാനം ഉണ്ടായതായി പ്രമുഖ മാധ്യമങ്ങൾ എല്ലാവരും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ ദേശീയ മാധ്യമമായ ടൈംസ് നൗ നൽകിയ ഒരു വാർത്ത പ്രകാരം കേരളത്തിൽ തൃശൂർ പൂരം നടക്കുന്നു എന്ന് അറിയിക്കുന്നു. പ്രക്ഷേപണം ചെയ്ത വാര്‍ത്തയുടെ ഒരു ഭാഗം അവര്‍ ട്വിറ്റര്‍ പേജില്‍ നല്കിയിരിക്കുന്നതിന് അടിക്കുറിപ്പായി ഇങ്ങനെയാണ് നല്‍കിയിട്ടുള്ളത്. കോവിഡ്-19 കേസുകൾ അതിവേഗം ഉയരുന്ന സാഹചര്യത്തിലും കേരളത്തിൽ വലിയ ജനകൂട്ടങ്ങൾ കാണാനാവുന്നു.
Large gatherings seen in Kerala despite skyrocketing of COVID-19 cases.
— TIMES NOW (@TimesNow) April 19, 2021
Details by Vivek K. pic.twitter.com/MkgGX0Syqz
വാർത്ത അവതാരകൻ കേരളത്തില്‍ തൃശ്ശൂർ പൂരം നടത്താന്‍ പോകുന്നു എന്ന് പറയുന്നതിനോടൊപ്പം ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ പങ്കു കൊള്ളാനെത്തിയ വലിയ ജനക്കൂട്ടത്തിന്‍റെ ദൃശ്യങ്ങൾ കാണിക്കുന്നുണ്ട്. ഇത് കേരളത്തില്‍ പൂരം നടക്കുന്നു എന്ന മട്ടിലാണ് ടൈംസ് നൌ നല്‍കിയിട്ടുള്ളത്. ഞങ്ങള്‍ ഇതേപ്പറ്റി നടത്തിയ അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ പറയാം.
വിശകലനം
ദൃശ്യങ്ങളില്‍ എഴുതിയ “കർനൂൾ, എപി 15 ഏപ്രിൽ 2021” എന്ന വാക്കുകള്‍ ഉപയോഗിച്ച് ഞങ്ങൾ അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളിൽ തന്നെ അത് ആന്ധ്രപ്രദേശിലെ കര്‍നൂളില്‍ നിന്നാണ് എന്ന് എഴുതി കാണിക്കുന്നുണ്ട്. കീവേഡ് ഉപയോഗിച്ച് അന്വേഷണം നടത്തിയപ്പോള്‍ നിരവധി മാധ്യമ സ്ഥാപനങ്ങൾ പ്രസിദ്ധീകരിച്ച വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു.
അത് പ്രകാരം വീഡിയോ ദൃശ്യങ്ങള്‍ ആന്ധ്രാപ്രദേശിലെ കർനൂളിൽ നിന്നുള്ളതാണെന്ന് എന്ന് ഉറപ്പിക്കാം. കർണൂലിലെ കൈരുപ്പാല ഗ്രാമത്തില്‍ ‘ഉഗാദി’ക്ക് ശേഷം ‘പിദകല പയറ്റിനായി’ ഒത്തുകൂടിയ ആയിരക്കണക്കിന് ഗ്രാമീണര്‍ രണ്ടായി പിരിഞ്ഞ് ആഘോഷത്തിന്‍റെ ഭാഗമായി പരസ്പരം ചാണക കട്ടകള്‍ എറിയുന്ന ദൃശ്യങ്ങള്‍ ആണ് വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്. ഇതിനു കേരളവുമായി യാതൊരു ബന്ധവുമില്ല. തൃശൂര്‍ പൂരത്തിന്‍റെ കുടമാറ്റവും വാദ്യമേളവും താളവും ആനച്ചമയവും തിടമ്പേറ്റിയ ഗജവീരന്‍മാരും മുത്തുക്കുടയും വെടിക്കെട്ടുമെല്ലാം ഓരോ മലയാളിക്കും സുപരിചിതമാണ്.
2021 ഏപ്രിൽ 15 നാണ് ആന്ധ്ര പ്രദേശിലെ കര്‍നൂളില്‍ ‘പിദകല പയറ്റ്’ നടന്നതെന്ന് വാർത്താ റിപ്പോർട്ടുകൾ പറയുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഈ ആഘോഷം നടത്തിയതെന്ന് വിമര്‍ശിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുള്ളത്. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് കേരളത്തിൽനിന്നുള്ള പൂരത്തിന്‍റെ ദൃശ്യങ്ങൾ എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിലാണ് വാർത്തയിൽ നൽകിയിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ പൂരം നടത്താന്‍ തീരുമാനിച്ച തിയതി ഏപ്രില്‍ 23 ആണ്.
തൃശ്ശൂർ പൂരം നാമമാത്രമായ ചടങ്ങുകളുടെ മാത്രമേ നടത്തൂ എന്ന് ഇരുപതാം തീയതിയാണ് സർക്കാർ തീരുമാനമെടുത്തത്. ഏപ്രിൽ 20ന് തന്നെ ഇക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ ഞങ്ങൾ കൂടുതൽ വിവരങ്ങൾക്കായി തൃശ്ശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യൂവലുമായി സംസാരിച്ചിരുന്നു.
അദ്ദേഹം ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്: തൃശ്ശൂർപൂരം നടക്കുന്നില്ല എന്ന തീരുമാനമെടുത്ത കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട് പൊതുജനങ്ങൾക്ക് ആർക്കും പൂരം നടക്കുന്ന മൈതാനത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പൂരം നടത്തിപ്പില്‍ പങ്കാളികളായ ദേവസ്വങ്ങൾക്കും സംഘാടകർക്കും ക്ഷേത്രം ജീവനക്കാർക്കും മാധ്യമപ്രവർത്തകർക്കും ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും ആനപാപ്പാന്മാർ ക്കും വാദ്യക്കാർക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇവർക്കെല്ലാം പാസ് വഴി ആയിരിക്കും പ്രവേശനം. കച്ചവട സ്ഥാപനങ്ങൾക്ക് പോലും നിയന്ത്രണമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ തൃശൂര്‍ ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസിന്‍റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയിട്ടുണ്ട്.
നിഗമനം
ടൈംസ് വാർത്തയിൽ നൽകിയിരിക്കുന്ന വാര്‍ത്താ വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. തൃശ്ശൂർ പൂരം ഇത്തവണ നാമമാത്രമായ ചടങ്ങു കൂടി മാത്രമായിരിക്കും നടത്തുക എന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത് കേരളത്തിൽ നിന്നുള്ള ദൃശ്യങ്ങളല്ല. ആന്ധ്രപ്രദേശിലെ കുർണൂൽ നിന്നുള്ളതാണ്
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.