
വിവരണം
സമൂഹമാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഒടുവില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പോസ്റ്റാണ് മുന്‍ പ്രധാന മന്ത്രി മന്മോഹന് സിങിനെ കുറിച്ച്. ഒരു പൊതുവേദിയില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കാലില്‍ സിഖ് ടര്ബന് അണിഞ്ഞ ഒരാള്‍ തൊട്ടു വന്ദിക്കുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം. ഇത് പ്രധാനമന്ത്രിയായിരുന്ന സമയത്ത് മന്മോഹന് സിങ് സോണിയ ഗാന്ധിയുടെ കാലില്‍ തൊട്ടുവന്ദിച്ചതാണെന്നാണ് പോസ്റ്റിലെ പ്രചരണം. നെല്‍സണ്‍ ജോസഫ് എന്നയൊരു വ്യക്തിയാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്. 5,300ല്‍ അധികം ഷെയര്‍ ചെയ്യപ്പെട്ട പോസ്റ്റിന് ഇതിനോടകം 700ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെ പോസ്റ്റിന് ഒരു തലക്കെട്ടും നല്‍കിയിട്ടുണ്ട്. അത് ഇപ്രകാരമാണ് –
“അഞ്ചു വര്‍ഷം മുൻപ് ദിവസവും മദാമ്മയുടെ കാലിൽതൊട്ടു വന്ദിക്കുന്ന പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു
അഞ്ചുവർഷം മുൻപ് അനുവാദത്തിനായി ഫയലുമായി മദാമ്മയുടെ വീടിനുമുൻപിൽ ക്യു നിൽക്കുന്ന പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു
ഇന്ത്യൻ പ്രധാനമന്ത്രി ഒപ്പിട്ട കരാറുകൾ പൊതുവേദിയിൽ മദാമ്മയുടെ മോൻ വലിച്ചുകീറി കാറ്റിൽപറത്തിയതും അഞ്ചുവർഷം മുൻപായിരുന്നു ..
ഇനിയും ഇറ്റാലിയൻ ലോബിയുടെ കാൽകീഴിൽ ഇന്ത്യൻ ഭരണം അടിയറവെക്കാനോ ……നമ്മളോരുരുത്തരുമാണ് തീരുമാനിക്കേണ്ടത്”

Archived Link |
എന്നാല്‍ ചിത്രത്തില്‍ കാല്‍ത്തൊട്ട് വന്ദിക്കുന്നത് മന്മോഹന് സിങ് തന്നെയാണോ? പ്രചരിപ്പിക്കുന്ന ചിത്രത്തിനു പിന്നിലെ വസ്തുത എന്താണെന്നത് പരിശോധിക്കാം.
വസ്തുത വിശകലനം
ചിത്രത്തിലുള്ള ഗെറ്റി ഇമേജസിന്റെ (GettyImages) വാട്ടര്‍മാര്‍ക്ക് നോക്കിയാണ് പോസ്റ്റിലെ ചിത്രത്തിന്റെ ഉറവിടം ഞങ്ങള്‍ കണ്ടെത്തിയത്. 2011 നവംബര്‍ 29ന് ഡല്‍ഹിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയതല കണ്‍വന്‍ഷന്റെ ചിത്രമാണിത്. ഇന്ത്യാ ടുഡെ ഗ്രൂപ്പിന്റെ ഫോട്ടോഗ്രാഫര്‍ ശേഖര്‍ യാദവാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ചിത്രത്തിന് ഫോട്ടോഗ്രാഫര്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷനിലും വസ്തുതകള്‍ വ്യക്തമാക്കുന്നുണ്ട്. അതായത് 2011 നവംബര്‍ 29നു ന്യൂഡല്‍ഹിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ കാല്‍ത്തൊട്ടു വന്ദിക്കുന്ന ഒരു പാര്‍ട്ടി പ്രതിനിധി എന്നാണ് ഫോട്ടോ ക്യാപ്ഷന്‍. ഇതെ ചിത്രം വാട്ടര്‍മാര്‍ക്ക് സഹിതമാണ് മന്മോഹന് സിങാണ് ചിത്രത്തിലുള്ളതെന്ന അവകാശവാദം ഉന്നയിച്ച് ഫെയ്സ്ബുക്കില്‍ പ്രചരിപ്പിച്ചിരിക്കുന്നത്.
മാത്രമല്ല അന്ന് അതെ വേദിയില്‍ നീല നിറമുള്ള ടര്ബന് അണിഞ്ഞ് അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ് വിശിഷ്ടാഥിതിയായി പങ്കെടുക്കുകയും ചെയ്തിരുന്നു. ആ ചിത്രങ്ങളും ഗെറ്റി ഇമേജില്‍ ലഭ്യമാണ്. ശേഖര്‍ യാദവ് തന്നെയാണ് ആ ചിത്രങ്ങളും പകര്‍ത്തിയിരിക്കുന്നത്.
പണം നല്കി വാര്‍ത്തയ്ക്ക് ആവശ്യമായ ചിത്രങ്ങള്‍ വാങ്ങാന്‍ കഴിയുന്ന അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗെറ്റി ഇമേജസില്‍ നിന്നു തന്നെയാണ് ഇത്രയും വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചത്. സൈറ്റില്‍ കയറിയാല്‍ ആര്‍ക്കും വസ്തുതകള്‍ മനസിലാക്കാന്‍ സാധിക്കും. യൂത്ത് കോണ്‍ഗ്രസ് കണ്‍വന്‍ഷന്റെ വിവിധ ചിത്രങ്ങള്‍ ഗെറ്റി ഇമേജസില്‍ ലഭ്യമാമ്. ലിങ്ക് ചുവടെ ചേര്‍ക്കുന്നു-
Getty Images | Archived Link |




നിഗമനം
ഒരു പൊതുയോഗത്തില്‍ സാധരണ പ്രവര്ത്തകന് 2011ല്‍ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയുടെ കാലില്‍ തൊട്ട് വന്ദിക്കുന്ന ചിത്രം തെറ്റായി വ്യാഖ്യാനിച്ച് അത് അന്നത്തെ പ്രധാന മന്ത്രി മന്മോഹന് സിങ് ആണെന്ന് വരുത്തിത്തീര്‍ക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ സാന്നദ്ധ്യത്തിലുള്ള ചിത്രമാണിത്. യൂത്ത് കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ നിന്നും പകര്‍ത്തിയിരിക്കുന്ന ചിത്രത്തിന്റെ പൂര്‍ണ്ണമായ സീരീസ് ഗെറ്റി ഇമേജസില്‍ ലഭ്യവുമാണ്. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ ജനങ്ങള്‍ തെറ്റുധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാജപ്രചരണം നടത്തുകയാണ്. അതുകൊണ്ടു തന്നെ പോസ്റ്റ് പൂര്‍ണമായി വ്യാജമെന്ന് തെളിഞ്ഞിരിക്കുന്നു.
ചിത്രങ്ങള്‍ കടപ്പാട്: ഗെറ്റി ഇമേജസ്

Title:പൊതുവേദിയില്‍ സോണിയ ഗാന്ധിയുടെ കാല്‍ത്തൊട്ട് വന്ദിച്ചത് മന്മോഹന് സിങ് തന്നെയാണോ?
Fact Check By: Harishankar PrasadResult: False
