യുപിയില്‍ ക്രിതൃമ വിരല്‍ ഉപയോഗിച്ച് കള്ളവോട്ട് ചെയ്യാന്‍ ബിജെപി ശ്രമിക്കുന്നുണ്ടോ?

ദേശീയം രാഷ്ട്രീയം | Politics

വിവരണം

ബിജെപിയുടെ തട്ടിപ്പിന്‍റെ പുതിയ മുഖം എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു പോസ്റ്റ് വൈറല്‍ ആകുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ സിലിക്കണ്‍ വിരല്‍ ഘടിപ്പിച്ച് വ്യാജ വോട്ട് രേഖപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നതാണ് പ്രചരണം. ചില ചിത്രങ്ങളും ആധികാരികമാണെന്ന് വരുത്തനായി ഉപയോഗിച്ചിട്ടുണ്ട്.വിരല്മുറിച്ചതല്ല.. കള്ളവോട്ട് ചെയ്യുമ്പോള്മഷി പുരട്ടാനുള്ള വിരലുറ. അഴിമതിയുടെ പുതിയ കണ്ടുപിടുത്തം യുപിയില്നിന്നും”. എന്ന ക്യാപ്ഷന്‍ നല്‍കി ഹരിദാസന്‍ കമ്മത്ത് കമ്മത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലിലാണ് ഏപ്രില്‍ 10ന് (2019) പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.  ഇതിനോടകം തന്നെ 4,000 ഷെയറുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ യുപി തെരഞ്ഞെടുപ്പില്‍ അട്ടിമറിയും തട്ടിപ്പും നടത്താന്‍ ഇത്തരം വസ്തുകള്‍ ബിജെപി ഉപയോഗിച്ചതായി ഏതെങ്കിലും റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ടോ? എന്ത് അടിസ്ഥാനമാണ് പോസ്റ്റിനുള്ളതെന്ന് പരിശോധിക്കാം.

ഫെയ‌സ്ബുക്ക് പോസ്റ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് –

http://archive.is/5lq12

വസ്‌തുത വിശകലനം

പ്രാഥമിക അന്വേഷണത്തില്‍ യുപിയില്‍ 2017 നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യാ ടുഡേ നടത്തിയ അന്വേഷണത്തില്‍ കൃത്രിമ കൈവിരലുകള്‍ വലിയ വിലയ്‌ക്ക് ചിലര്‍ വാങ്ങുന്നതായി തെളിവ് ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഫെയ്‌സ്ബുക്ക് പ്രചരണത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇന്ത്യാ ടുഡെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടില്ല. മാത്രമല്ല ഇത്തരം കൃത്രിമ വിരലുകള്‍ അന്വേഷിച്ച് എത്തുന്നവര്‍ ഏതൊക്കെ പാര്‍ട്ടിയിലുള്ളവരാണെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടില്ല.

ഇന്ത്യാ ടുഡെ അന്വേഷണത്തിന്‍റെ വീഡിയോ കാണാം –

India TodayArchived Link

അപ്പോള്‍ പിന്നെ യുപിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം ഏതാണ്..

ഇന്‍ഡോനേഷ്യയിലെ ജക്കാര്‍ത്തയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2017ല്‍ ഇതെ ചിത്രങ്ങള്‍ അവിടെ വൈറലായിരുന്നു. അവിടെയും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം വിരലുകള്‍ ഉപയോഗിച്ച് കള്ളവോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നത് തന്നെയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വിഷയം.

ഫെയ്‌സ്ബുക്കില്‍ നിന്നും ലഭിച്ച ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജില്‍ സര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. jari palsu pilkada dki എന്ന നിര്‍ദേശമാണ് ഗൂഗളില്‍ നിന്നും ലഭിച്ചത്. ഇന്‍ഡോനേഷ്യന്‍ ഭാഷയിലുളള ഈ വാക്കിന്‍റെ തര്‍ജ്ജിമ fake fingers അഥവ വ്യാജ വിരലുകള്‍ എന്നാണ്.

അതെ ചിത്രങ്ങള്‍ തന്നെയാണ് യുപിയില്‍ ബിജെപി തട്ടിപ്പ് നടത്താന്‍ കൊണ്ടുവന്നിരിക്കുകയാണെന്ന പേരില്‍ പ്രചരിക്കുന്നതും. ഇന്‍ഡോനേഷ്യയില്‍ വൈറലായ ആ ചിത്രങ്ങളുടെ ഉറവിടം എന്നാല്‍ ജപ്പാനില്‍ നിന്നുമായിരുന്നു. ഇന്‍ഡോനേൽ്യയിലും ഇത്തരം കള്ളവോട്ട് തന്ത്രങ്ങള്‍ പ്രയോഗിക്കുന്നു എന്ന വാര്‍ത്ത പ്രചരിച്ചതോടെ പല മാധ്യമങ്ങളും ഇതിന്‍റെ പിന്നാമ്പുറത്തെ കഥകള്‍ അന്വേഷിച്ച് ഇറങ്ങിയിരുന്നു. അതില്‍ നിന്നും

ABC NewsArchived Link

എന്ന വെബ്‌സൈറ്റില്‍ കൃത്യാമായ വിവരങ്ങളും ലഭിച്ചും. ജപ്പാനിലെ Yakuza Gangsters യക്കൂസ മാഫിയ സംഘങ്ങളില്‍പ്പെട്ടവര്‍ നടത്തിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയായിരുന്നു വിരല്‍ വെട്ടിക്കളയുന്നത്. അത്തരത്തില്‍ വിരലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കൃത്രിമമായി വിരല്‍ വച്ചു നല്‍കുന്നത് സംബന്ധിച്ച് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 2013 ജൂണ്‍ 7ന് ആണ് എബിസി ന്യൂസ് വാര്‍ത്ത വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. ഇതിന്‍റെ വീഡിയോയില്‍ ഉള്ള ചില ചിത്രങ്ങളാണ് യുപിയിലെ തെര‍ഞ്ഞെടുപ്പ് തട്ടിപ്പ് എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചിരിക്കുന്നത്.

http://archive.is/WamSf

വീഡിയോ കാണാം –

വീഡിയോയിലെ സ്ക്രീന്‍ഷോട്ടില്‍ ചിത്രം വ്യക്തമായി കാണാം-

നിഗമനം

ജപ്പാനില്‍ 2013 ല്‍ പ്രചരിച്ച ക്രിതൃമ വിരല്‍ മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ പ്രചരണങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്.  ഇന്‍ഡോനേഷ്യയിലും സമാന വ്യാജപ്രചരണങ്ങള്‍ 2017ല്‍ നടന്നിരുന്നു. ഇപ്പോള്‍ ബിജെപിക്കെതിരെയും 2017ല്‍ ഇന്‍ഡോനേഷ്യന്‍ തെരഞ്ഞെടുപ്പിനെതിരെയും ഉയര്‍ന്ന് വന്നത് ഒരേ ചിത്രങ്ങള്‍ തന്നെയാണെന്നും വ്യക്തമാണ്. വ്യാജ വാര്‍ത്തയാണ് ഹരിദാസന്‍ കമ്മത്ത് കമ്മത്ത് എന്ന പ്രൊഫൈലില്‍ നിന്നും പ്രചരിക്കുന്നത്. പ്രീയ വായനക്കാർ ദയവായി വാർത്ത പങ്കു വയ്ക്കാതിരിക്കുക .

Avatar

Title:യുപിയില്‍ ക്രിതൃമ വിരല്‍ ഉപയോഗിച്ച് കള്ളവോട്ട് ചെയ്യാന്‍ ബിജെപി ശ്രമിക്കുന്നുണ്ടോ?

Fact Check By: Harishankar Prasad 

Result: False