FACT CHECK: ‘ബിജെപി അധികാരത്തിൽ വരുന്നവരെ കേരളീയർക്ക് ബീഫ് അടക്കം എന്ത് ഭക്ഷണവും കഴിക്കാ’മെന്നുള്ള കുമ്മനത്തിന്‍റെ പേരിലുള്ള പ്രസ്താവന വ്യാജമാണ്…

പ്രാദേശികം രാഷ്ട്രീയം

പ്രചരണം  

ബിജെപിയുടെ നേമം സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്‍റെ ഒരു പ്രസ്താവന ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റിപ്പോർട്ടർ ചാനലിന്‍റെ ഓൺലൈൻ പതിപ്പിന്‍റെ സ്ക്രീൻ ഷോട്ടിലാണ് പ്രസ്താവനയുടെ പ്രചരണം.  പോസ്റ്റിലെ അദ്ദേഹത്തിന്‍റെ പ്രസ്താവന ഇതാണ്:  കേരളത്തിലുള്ളവർക്ക് ബീഫ് കഴിക്കാം. ബിജെപി അധികാരത്തിൽ വരുന്നതുവരെ കേരളീയർക്ക് ബീഫടക്കം ഇഷ്ടമുള്ള എന്ത് ഭക്ഷണവും കഴിക്കാം -കുമ്മനം 

archived linkFB post

പോസ്റ്റിന് അടിക്കുറിപ്പായി ഭരണം ലഭിക്കാതെ ആരുടെയും ഭക്ഷണ സ്വാതന്ത്ര്യത്തിൽ ഇടപെടില്ല; ഗോ സംരക്ഷണം ആഗ്രഹിക്കുന്നവർ ബിജെപി ക്ക് വോട്ട്ചെയ്യട്ടെ:കുമ്മനം.നിലപാട്💪🕉️🚩 എന്നും  നല്കിയിട്ടുണ്ട് ഒപ്പം റിപ്പോർട്ടർ ഓൺലൈൻ പതിപ്പിനെ ലിങ്കും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  

കുമ്മനം ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയെന്നാണ് പോസ്റ്റിലെ  അവകാശവാദം.  ഫാക്റ്റ് ക്രെസണ്ടോ  പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രചരണം മാത്രമാണിതെന്ന് കണ്ടെത്തുകയും ചെയ്തു 

വസ്തുത ഇങ്ങനെ 

ഞങ്ങൾ പോസ്റ്റിലെ ലിങ്കിൽ നൽകിയിരിക്കുന്ന റിപ്പോർട്ടർ ചാനലിന്‍റെ ഓൺലൈൻ പതിപ്പ് പരിശോധിച്ചു നോക്കി.  അതിൽ നൽകിയിരിക്കുന്ന തലക്കെട്ട് ഇങ്ങനെയാണ് കേരളത്തിലുള്ളവർക്ക് ബീഫ് കഴിക്കാം നിരോധിക്കില്ലെന്ന് കുമ്മനം. പ്രകടനപത്രികയിൽ മലക്കംമറിച്ചിൽ 

വാർത്തയുടെ ഉള്ളടക്കത്തിൽ നൽകിയിരിക്കുന്നത് ഇന്ത്യ ടുഡേയുടെ കൺസൾട്ടിംഗ് എഡിറ്റർ രാജ്ദീപ് സർദേശായി ക്ക് നൽകിയ അഭിമുഖത്തിലാണ് കുമ്മനം ഇക്കാര്യം വ്യക്തമാക്കിയത്. ബീഫ് നിരോധനത്തെക്കുറിച്ച് കുമ്മനം  പറഞ്ഞത് രാജ്ദീപ് തന്‍റെ ട്വിറ്ററിൽ നൽകിയിട്ടുണ്ട്. 

ഗോവധ നിരോധനം ആവശ്യപ്പെടില്ല എന്ന് കുമ്മനം പറഞ്ഞതായാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. എന്ത് വേണമെങ്കിലും കഴിക്കാൻ കേരളത്തില്‍ ആർക്കും സ്വാതന്ത്ര്യമുണ്ട് എന്ന് കുമ്മനം പറഞ്ഞതായും രാജ്ദീപ്  കുറിച്ചിട്ടുണ്ട്. 

റിപ്പോർട്ടർ ചാനൽ ഓൺലൈൻ പതിപ്പിൽ യഥാർത്ഥത്തിൽ നൽകിയ തലക്കെട്ട് ഇങ്ങനെയാണ്. അല്ലാതെ പോസ്റ്റിൽ നൽകിയത് പോലെയല്ല.  അദ്ദേഹത്തിന്‍റെ പ്രസ്താവന വളച്ചൊടിച്ച് മറ്റൊന്നാക്കി റിപ്പോര്‍ട്ടറിന്‍റെ  കൃത്രിമ സ്ക്രീൻ ഷോട്ടിലാണ് പോസ്റ്റിലെ വാര്‍ത്തയുടെ  പ്രചരണം. 

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ കുമ്മനം രാജശേഖരന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം ജെ എസ് ആനന്ദുമായി സംസാരിച്ചു. ആനന്ദ് പറഞ്ഞത് ഇങ്ങനെയാണ്: ബീഫ് നിരോധനം ആവശ്യപ്പെടില്ല എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിജെപി അധികാരത്തിൽ വരുന്നവരെ കേരളീയർക്ക് എന്ത് ഭക്ഷണവും കഴിക്കാം എന്നൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. ഇത് വെറും വ്യാജപ്രചരണം ആണ്.  

തുടർന്ന് ഞങ്ങൾ റിപ്പോർട്ടർ ചാനലിന്‍റെ എഡിറ്റോറിയൽ വിഭാഗവുമായി ബന്ധപ്പെട്ടു. എഡിറ്റര്‍ ബഷീർ ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്: “ഇതുമായി ബന്ധപ്പെട്ട്  ഞങ്ങൾ നൽകിയ ലേഖനം  ഞങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഞങ്ങളുടെ വാർത്ത എഡിറ്റ് ചെയ്തു വ്യാജവാർത്ത ഉണ്ടാക്കി പ്രചരിപ്പിക്കുകയാണ്. പോസ്റ്റിലെ  വാർത്തയുമായി ഞങ്ങൾക്ക് ബന്ധമൊന്നുമില്ല” 

ബീഫ് നിരോധനത്തെ പറ്റി കുമ്മനം രാജശേഖരൻ പറഞ്ഞ കാര്യം റിപ്പോർട്ടർ ചാനൽ ഓൺലൈൻ പതിപ്പിൽ വാർത്ത ആക്കിയപ്പോൾ അത് എഡിറ്റ് ചെയ്ത് മറ്റൊന്ന് ആക്കി പ്രചരിപ്പിക്കുകയാണ് പോസ്റ്റിലൂടെ ചെയ്യുന്നത്.  

നിഗമനം 

റിപ്പോർട്ടർ ചാനലിലെ സ്ക്രീൻഷോട്ട് എഡിറ്റ് ചെയ്ത് കുമ്മനത്തിന്‍റെ പ്രസ്താവന മറ്റൊന്നായി പ്രചരിപ്പിക്കുകയാണ് പോസ്റ്റിലൂടെ ചെയ്തിട്ടുള്ളത്. പോസ്റ്റിലെ സ്ക്രീൻഷോട്ടിലെ പോലെലല്ല വെബ്സൈറ്റിൽ വാർത്ത നൽകിയിരിക്കുന്നത്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വ്യാജപ്രചരണം മാത്രമാണിത് 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:‘ബിജെപി അധികാരത്തിൽ വരുന്നവരെ കേരളീയർക്ക് ബീഫ് അടക്കം എന്ത് ഭക്ഷണവും കഴിക്കാ’മെന്നുള്ള കുമ്മനത്തിന്‍റെ പേരിലുള്ള പ്രസ്താവന വ്യാജമാണ്…

Fact Check By: Vasuki S 

Result: Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *