
വിവരണം
” രാജ്യത്തെ 71% ആളുകളും മോഡി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു–ടൈംസ് നൗ സർവേ” എന്നൊരു വാർത്ത 2020 ഫെബ്രുവരി മൂന്നു മുതൽ പ്രചരിച്ചു വരുന്നുണ്ട്. “#ഇതാണ്_രാജ്യത്തിന്റെ_വികാരം
അല്ലാതെ ഇടതനും വലതനും മാമാധ്യമങ്ങളും പടച്ചുണ്ടാക്കുന്നതല്ല സത്യം” എന്ന അടിക്കുറിപ്പുംവാർത്തയ്ക്ക് നൽകിയിട്ടുണ്ട്. പോസ്റ്റിനു ഇതിനോടകം 5500 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞു.
archived link | FB post |
ടൈംസ് നൗ പൗരത്വ ഭേദഗതി നിയമത്തെ പറ്റി നടത്തിയ സർവേയിൽ 71% ഇന്ത്യക്കാർ നിയമത്തെ അനുകൂലിച്ചു വോട്ടു ചെയ്തു എന്നാണ് പോസ്റ്റിലുള്ള വാദം. ടൈംസ് നൗ ദേശീയ തലത്തിൽ തെരെഞ്ഞെടുപ്പ് കാലത്തും പൊതു വിഷയങ്ങളിലും അഭിപ്രായ സർവേകൾ നടത്താറുണ്ട്. പ്രസ്തുത സർവേയിൽ 71% പേര് പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചോ എന്നറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞപ്പോൾ പോസ്റ്റിലെ വാർത്തയുമായി സമാനതയുള്ള രണ്ടു വാർത്തകൾ ലഭിച്ചു. രണ്ടും ടൈംസ് നൗ അടുത്ത കാലത്ത് നടത്തിയ സർവേയുടേതാണ്.
2020 ജനുവരി 26 ന് പ്രസിദ്ധീകരിച്ച വാർത്തയിൽ ഇങ്ങനെ പറയുന്നു :
“പൗരത്വ (ഭേദഗതി) നിയമത്തിനും (സിഎഎ) ദേശീയ പൗരന്മാരുടെ രജിസ്റ്ററിനും (എൻആർസി) എതിരെ രാജ്യത്തുടനീളം നിരവധി പ്രതിഷേധ പ്രകടനങ്ങൾ നടന്നിട്ടും, ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇപ്പോഴും ജനപ്രിയമായി തുടരുന്നുവെന്ന് സർവേ ഫലങ്ങൾ കാണിക്കുന്നു.
ഭരണകക്ഷിയായ ബിജെപിയും പ്രധാനമന്ത്രി മോദിയുടെയും ഭരണത്തിൽ വളരെയധികം സംതൃപ്തരാണെന്ന് ഐഎഎൻഎസ്-സിവോട്ടർ സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു. ഞായറാഴ്ച പ്രസിദ്ധീകരിച്ച ‘സ്റ്റേറ്റ് ഓഫ് ദി നേഷൻ’ റിപ്പബ്ലിക് ദിന സർവേ പ്രകാരം 56.4% പേർ തങ്ങൾ ബിജെപിയോട് വളരെയധികം സംതൃപ്തരാണെന്നും 62.3 ശതമാനം പേർ പ്രധാനമന്ത്രി മോദിയെ പിന്തുണച്ചിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു
ഇതുകൂടാതെ 71 % എന്ന കണക്ക് വന്നത് എങ്ങനെയാണെന്ന് പറയാം. ടൈംസ്നൗ ഡൽഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തിയ അഭിപ്രായ സർവേയെ പറ്റി എക്കണോമിക് ടൈംസ് 2020 ഫെബ്രുവരി നാലിന് ഒരുവാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ ഇങ്ങനെ വിവരണമുണ്ട്.
പൌരത്വ ഭേദഗതി നിയമത്തിനെതിരായ നിലവിലെ എതിർപ്പ് ശരിയല്ലെന്ന് 71 ശതമാനം ഡെൽഹി വോട്ടർമാരും അഭിപ്രായപ്പെട്ടു. നടന്നുകൊണ്ടിരിക്കുന്ന ഷഹീൻ ബാഗ് ഉപരോധം നീതീകരിക്കാനാവില്ലെന്ന് പകുതിയിലധികം പേരും വിശ്വസിക്കുന്നു. 25 ശതമാനം പേർ മാത്രമാണ് പ്രതിഷേധക്കാരുമായി യോജിച്ചത്, സർവേയിൽ പങ്കെടുത്ത 24 ശതമാനം പേർ അഭിപ്രായമൊന്നും പ്രകടിപ്പിച്ചിട്ടില്ല. സർവേയിൽ മൊത്തം 7321 പേർ പങ്കെടുത്തു.
ഡൽഹിയിൽ മാത്രം നടത്തിയ സർവേയിലാണ് 71 സതമാനം പേർ പൌരത്വ ബില്ലിനെ അനുകൂലിച്ചത്. അല്ലാതെ ഇൻഡ്യ മുവുവനായി നടത്തിയ സർവേയിലല്ല. ഈ രണ്ടു വാർത്തകളിൽ നിന്നുമാണ് പോസ്റ്റിലെ വാർത്ത സൃഷ്ടിച്ചിരിക്കുന്നത്. 71% ഡൽഹിക്കാരാണ് പിന്തുണച്ചത്. അല്ലാതെ 71% ഇന്ത്യക്കാർ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നതായി ടൈംസ് നൗ നടത്തിയ അഭിപ്രായ സർവേ ഫലം കാണിക്കുന്നതായി വാർത്തകളില്ല.
നിഗമനം
ഈ പോസ്റ്റിലെ വാർത്ത ഭാഗികമായി തെറ്റാണ്. ഇന്ത്യയിൽ 71 % പേർ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിക്കുന്നുവെന്ന് ടൈംസ് നൗ സർവേ ഫലങ്ങൾ വന്നിട്ടില്ല. പൗരത്വ ഭേദഗതി ബില്ലിനെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും പ്രക്ഷോഭങ്ങൾ ഉണ്ടായെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമുള്ള പിന്തുണ കുറഞ്ഞിട്ടില്ല എന്ന സർവേ ഫലവും പൗരത്വ ബിൽ ശരിയായ സമയത്തല്ല നടപ്പിലാക്കാൻ ശ്രമിച്ചത് എന്ന് 71 ശതമാനം പേർ പറഞ്ഞതായി ഡൽഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേ ഫലവും ടൈംസ് നൗ വിന്റെ പേരിൽ പുറത്തു വന്നിട്ടുണ്ട്. മറ്റുള്ള വാർത്തകളെല്ലാം വളച്ചൊടിച്ചതോ അഭ്യൂഹങ്ങളോ ആണ്.

Title:രാജ്യത്ത് 71% പേർ പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നുവെന്ന് ടൈംസ് നൗ സർവേ ഫലമെന്ന് തെറ്റായ പ്രചരണം
Fact Check By: Vasuki SResult: Partly False
