
അര്‍ജന്റീന ഫിഫ ലോകകപ്പ് കിരീടം നേടിയ ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ലയണൽ മെസിയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് ആരാധകര്‍ സന്തോഷം പ്രകടിപ്പിക്കുകയാണ്. കേരളത്തിലെ ഫുട്ബോൾ ആരാധകര്‍ സംസ്ഥാനത്തെ തെരുവുകളിലും പുഴ വെള്ളത്തില്‍ പോലും സ്ഥാപിച്ച പ്രശസ്ത ഫുട്ബോൾ കളിക്കാരുടെ കട്ട് ഔട്ടുകൾ നേരത്തെ തന്നെ വൈറല്‍ ആയിരുന്നു. നെയ്മർ ജൂനിയർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി തുടങ്ങിയ കളിക്കാരുടെ കട്ട്-ഔട്ടുകളുടെ പേരില്‍ ഫിഫ, ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി കേരളത്തെ അംഗീകരിക്കുന്ന തരത്തിൽ ജനപ്രിയമായി.
ഇതിനിടയിലാണ് വെള്ളത്തിനടിയിലെ മെസ്സിയുടെ ഒരു കട്ട് ഔട്ടിന്റെ വീഡിയോ വൈറലായിരിക്കുന്നത്.
പ്രചരണം
ഏതാനും ചെറുപ്പക്കാര്‍ അര്‍ജന്റീനയുടെ ജേഴ്സി ധരിച്ച് മെസ്സിയുടെ കട്ട് ഔട്ടുമായി ഫിഷിങ് ബോട്ടില്‍ കഫലിലേയ്ക്ക് നീങ്ങുന്നത് കാണാം. തുടര്‍ന്ന് സ്കൂബ ഡൈവിങ് വസ്ത്രമണിഞ്ഞ ഒരാള്‍ പവിഴപ്പുറ്റുകളുടെ നടുവിൽ ലയണൽ മെസ്സിയുടെ കട്ട് ഔട്ട് സ്ഥാപിക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: കേരളത്തിലെ ഏറ്റവും ഭ്രാന്തൻ ഫുട്ബോൾ ആരാധകർ അത് വീണ്ടും തെളിയിച്ചു… അർജന്റീന ഫൈനലിൽ എത്തിയാൽ മെസ്സിയുടെ കട്ടൗട്ട് കടലിനടിയിൽ പാറക്കെട്ടുകൾക്കിടയിൽ സ്ഥാപിക്കുമെന്ന് അവർ വാക്ക് ൽകിയിരുന്നു, അവർ അത് ചെയ്തു… മെസ്സി കേരളം സന്ദർശിക്കണമെന്ന് എനിക്ക് തോന്നുന്നു…
malayalam translation from jasmin@prathamchem.com”
എന്നാല്‍ കൌതുകകരമായ ഈ ആരാധന കേരളത്തില്‍ നിന്നുള്ളതല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, അതിൽ ലക്ഷദ്വീപ് വ്ലോഗർ എന്ന വാട്ടർമാർക്ക് വ്യക്തമായി കാണാം. അര്‍ജന്റീന ഫാന്‍സ് കവരത്തി എന്നു കട്ട്ഔട്ടിന് ചുവട്ടില്‍ എഴുതിയിട്ടുള്ളതും കാണാം.

കവരത്തിയിൽ നിന്നുള്ള അര്‍ജന്റീന ആരാധകരാണെന്ന് വീഡിയോയിലുള്ളവർ പറയുന്നതും കേൾക്കാം. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ തലസ്ഥാനമാണ് കവരത്തി. മലയാളം തന്നെയാണ് അവിടെ സംസാരിക്കുന്നത്. അതിനാല്‍ കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ ഗൂഗിളിൽ തിരഞ്ഞപ്പോള്‍ ഈ കട്ട് ഔട്ടിനെ കുറിച്ചുള്ള ചില മാധ്യമ റിപ്പോർട്ടുകൾ ലഭ്യമായി.
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, കവരത്തി ദ്വീപിലെ അര്‍ജന്റീന ആരാധകർ, വ്ലോഗറായ മുഹമ്മദ് സ്വാദിഖിന്റെ നേതൃത്വത്തിൽ കടലിന്നടിയില്‍ ലയണൽ മെസ്സിയുടെ 4 മീറ്റർ ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചു. ആഴക്കടലിനോട് അതിരിടുന്ന വാൾ ഓഫ് വണ്ടറിന് സമീപം 15 മീറ്റർ താഴ്ചയിൽ പാറക്കെട്ടുകൾക്കും പവിഴപ്പുറ്റുകൾക്കും ഇടയിൽ ഒഴുകിപ്പോകാത്ത വിധത്തിലാണ് കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്. ലക്ഷദ്വീപ് സ്കൂബ അഡ്വഞ്ചർ ടീമിലെ സ്കൂബ ഡൈവർമാർ കട്ടൗട്ട് സ്ഥാപിക്കാൻ സഹായിച്ചു.

ഖലീജ് ടൈംസ് വാര്‍ത്ത അനുസരിച്ച്, “ലയണൽ മെസ്സിയുടെ കട്ട് ഔട്ട് 100 അടി വെള്ളത്തിനടിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഖത്തർ ഫിഫ ലോകകപ്പിലെ അര്‍ജന്റീന-ക്രൊയേഷ്യ സെമിഫൈനലിന് മുമ്പ് ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ കവരത്തി ദ്വീപ് സ്വദേശിയായ മുഹമ്മദ് സ്വാദിഖ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കടുത്ത അര്‍ജന്റീന ആരാധകനായ അദ്ദേഹം ടീം ഫൈനലിൽ എത്തിയാൽ അറബിക്കടലിൽ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തു. സെമിയിൽ ക്രൊയേഷ്യയെ 3-0ന് തോൽപ്പിച്ച് അര്‍ജന്റീന ഫ്രാൻസിനെതിരെ ഫൈനലിലെത്തി, സ്വാദിഖ് വാക്ക് പാലിച്ചു.
അടുത്തതായി, ഞങ്ങൾ സാദിഖിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പരിശോധിച്ചപ്പോൾ 2022 ഡിസംബർ 16-ന് എന്ന അടിക്കുറിപ്പോടെ അപ്ലോഡ് ചെയ്ത ഇതേ വീഡിയോ കണ്ടെത്തി.
“പറഞ്ഞ വാക്ക് പാലിച്ചിട്ടുണ്ട് അർജന്റീന ഫൈനൽ എത്തിയാൽ മെസ്സിയുടെ കട്ട് ഔട്ട് കടലിനടിയിൽ വെക്കും എന്ന് പറഞ്ഞു വെച്ചു, നമ്മടെ ചെക്കൻ പവിഴ പൂറ്റുകൾക്കും വർണ്ണമത്സ്യങ്ങൾക്കും ഇടയിൽ നിന്നത് കണ്ടോ.. 🥰🇦🇷
Thankz to Ammathi Scuba & Lakshadweep Adventures Team” എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ മുഹമ്മദ് സാദിഖിനോട് സംസാരിച്ചു. വൈറല്‍ വീഡിയോയ്ക്കൊപ്പമുള്ള അവകാശവാദം ശരിയല്ലെന്ന് അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു. “മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചത് ലക്ഷദ്വീപ് നിവാസികളായിരുന്നു, കേരളത്തില്‍ നിന്നുള്ളവരാരും ഇതില്‍ ഉൾപ്പെട്ടിരുന്നില്ല. ലക്ഷദ്വീപ് സ്വദേശിയാണെങ്കിലും, താൻ കേരളത്തിലെ കോളേജിൽ പഠിച്ചു, വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും സാധനങ്ങൾ വാങ്ങുന്നതിനും കേരളത്തെ ആശ്രയിക്കുന്നുണ്ട്.”
നിഗമനം
വൈറൽ വീഡിയോയ്ക്കൊപ്പം ഉന്നയിച്ച അവകാശവാദം തെറ്റാണ്. ലക്ഷദ്വീപിലെ കവരത്തിയിൽ വ്ലോഗർ മുഹമ്മദ് സാദിഖിന്റെ നേതൃത്വത്തിൽ ആരാധകർ ലക്ഷദ്വീപിലെ കടലിന്നടിയിലാണ് കട്ടൗട്ട് സ്ഥാപിച്ചത്. കേരളത്തിലെ അര്‍ജന്റീന ആരാധകരരുമായി വീഡിയോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:കടലിന്നടിയിലെ മെസ്സി കട്ടൗട്ട് ലക്ഷദ്വീപിൽ നിന്നുള്ളതാണ്, കേരളത്തിലെതല്ല…
Fact Check By: Vasuki SResult: MISLEADING
