
വിവരണം
Shibu Jasy എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഏപ്രിൽ 27 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 4000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. unibic കമ്പനിയുടെ ഒരു സ്നാക്ക് ജാറിന്റെ ചിത്രങ്ങൾക്കൊപ്പം ” Unibic എന്ന പ്രേമുക ബിസ്ക്കറ്റ് കമ്പനിയുടെ പുതിയ, തമ്പാക്ക് മിട്ടായി. ഇതിന്റെ വില 10 രൂപാ. ഒരു മിട്ടായി കഴിച്ചാൽ സാധാരണ ആളുകൾ 30 രൂപായിക്ക് വാങ്ങി കഴിക്കുന്ന മീട്ടാ പാനിന്റെ അതേ ലഹരി.. ഇതാണ് ഇന്ന് പത്തനാപുരം സ്കൂളിന്റെ പരിസരത്തുള്ള ഒരു ഹോൾസെയിൽ കടയിൽ നിന്നും, എന്റെ വീടിന്റ അടുത്തുള്ള ഒരു ചില്ലറ വില്പനക്കാരന്റെ കടയിൽ വിൽക്കുവാൻ വെച്ചിരുന്നത്. എന്റെ നാലര വയസ്സുള്ള മകൾ പോയി അത് വാങ്ങി കഴിച്ചു. പാവം അതിന് എന്ത് അറിയാം. ഇതിൽ ലഹരി ആണെന്ന്. കുറച്ചു കഴിഞ്ഞു അവൾ ആകെ ഛർദിച്ചു ഹോസ്പിറ്റലിൽ കൊണ്ടുപോയി. സ്റ്റൊമക് ക്‌ളീൻ ചെയ്യിപ്പിച്ചു.
ഇത് എന്റെ എല്ലാ സുഹേർത്തുക്കളും ഷെയർ ചെയ്യണേ. ഈ കമ്പനിയുടെ ഇങ്ങനെ ഉള്ള ലഹരി വസ്തുക്കളുടെ കച്ചോടം പൊളിച്ചുകെട്ടിക്കണേ. പ്ലീസ്..” എന്ന വിവരണമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്.
ഇതേ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് എടുത്ത് Tripunithura എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ജൂൺ 14 ഇതേ പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. അതിന് ഏകദേശം 500 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്
പോസ്റ്റിൽ ആരോപിക്കുന്നത് unibic എന്ന പ്രമുഖ ബിസ്‌കറ്റ് കമ്പനിയുടെ ഉൽപ്പന്നമായ മീട്ടാ പാൻ ‘തമ്പാക്ക് മിട്ടായി’ ആണെന്നാണ്. തമ്പാക്ക് മിട്ടായി രൂപത്തിൽ പൊതു വിപണിയിൽ ലഭ്യമാണോ..? മീട്ടാ പാൻ തന്നെയാണോ തമ്പാക്ക് മിട്ടായി..? ഈ വാർത്തയുടെ വസ്തുത നമുക്ക് അന്വേഷിച്ചു നോക്കാം
വസ്തുതാ വിശകലനം
നമുക്ക് ആദ്യം തമ്പാക്ക് എന്താണെന്നും അതിന്‍റെ ആരോഗ്യ പ്രശ്നങ്ങൾ എന്താണെന്നും അറിയാൻ ശ്രമിക്കാം.
Tobacco അഥവാ പുകയിലയുടെ ഹിന്ദി നാമമാണ് തമ്പാക്ക് പുകയിലച്ചെടിയുടെ ഇല സംസ്ക്കരിച്ചാണ് തമ്പാക്ക് നിര്മാണത്തിനുപയോഗിക്കുന്നത്. സിഗരറ്റ്, ബീഡി എന്നിവയാണ് പുകയില കൊണ്ട് പ്രധാനമായും നിർമ്മിക്കുക. പുകയിലയിൽ സുഗന്ധം കലർത്തി വിവിധ രൂപത്തിൽ ലഹരി പദാർത്ഥവുമായും പുകയില ഉപയോഗിക്കുന്നുണ്ട്.
കൂടുതൽ വിശദമായി അറിയാൻ താഴെയുള്ള ലിങ്കുകൾ സന്ദർശിക്കുക.
archived link | wikipedia |
archived link | ml.wikipedia |
പുകയില ഉൽപ്പന്നങ്ങൾ വിപണിയിൽ വിൽക്കാൻ സർക്കാർ ചില മാനദണ്ഡങ്ങളും നിയമങ്ങളും നിശ്ചയിച്ചിട്ടുണ്ട്. പുകയില അടങ്ങിയ ഉൽപ്പന്നങ്ങളുടെ ലേബലിൽ ആ വിവരം പ്രത്യേകം രേഖപ്പെടുത്തണം. കൂടാടെ ആരോഗ്യത്തിനു ഹാനികരമാണെന്ന മുന്നറിയിപ്പും നൽകണം. സിഗററ്റ്, ബീഡി പായ്ക്കറ്റുകൾ ഇത്തരത്തിൽ നമുക്ക് സുപരിചിതമാണ്.
ഇനി മീട്ടാ പാൻ എന്താണെന്ന് നോക്കാം.
വടക്കേ ഇന്ത്യയിൽ വളരെ സുപരിചിതമായ ഒരു മൗത് ഫ്രഷ്ണറാണ് മീട്ടാ പാൻ. അതിൽ വെറ്റിലയിൽ ചില സുഗന്ധ ദ്രവ്യങ്ങളും അടയ്ക്കയും ഉണങ്ങിയ ഫലങ്ങളും മറ്റും ചേർത്താണ് പരമ്പരാഗത രീതിയിൽ മീട്ടാ പാൻ ഉണ്ടാക്കുന്നത്. എന്നാൽ പിന്നീട് ചേരുവകളിൽ പ്രാദേശികമായും രുചിയുടെ പേരിലും മാറ്റങ്ങൾ വരുകയും വിവിധ രുചിഭേദങ്ങളിൽ പാൻ ലഭ്യമാകുകയും ചെയ്തു. മീട്ടാ പാൻ ചെറിയ മുറുക്കാൻ കടകളിലാണ് കൂടുതലായും വിൽക്കുന്നത്.
മീട്ടാ പാൻ ലഹരി പദാർത്ഥങ്ങളൊന്നും ചേർക്കാതെ മൗത് ഫ്രഷ്നർ എന്ന രീതിയിൽ പരക്കെ ഉപയോഗിക്കുന്നുണ്ട്
മീട്ടാ പാനിനെ പറ്റി കൂടുതലറിയാൻ താഴത്തുള്ള ലിങ്കുകൾ സന്ദർശിക്കുക

archive link | quora |
archived link | en.wikipedia |
ഇനി unibic അവരുടെ മീട്ടാ പാൻ എന്ന ഉൽപ്പന്നത്തിൽ ഉപയോഗിച്ചിരിക്കുന്ന ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം

സ്ക്രീൻഷോട്ട് ശ്രദ്ധിക്കുക. ലേബലിൽ ഒരിടത്തും ഇതിൽ ലഹരി പദാര്ഥങ്ങളായ പുകയിലയോ പാക്കോ അടങ്ങിയതായി രേഖപ്പെടുത്തിയിട്ടില്ല.
unibic മീട്ടാ പാൻ എന്ന ഉത്പന്നം വിപണിയിലിറക്കിയപ്പോൾ afaqs എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ സ്ക്രീൻഷോട്ടുകൾ താഴെ കൊടുക്കുന്നു.


archived link | afaqs |
unibic മാർക്കറ്റിങ് മേധാവി ആരതി അയ്യരുമായി afaqs മാധ്യമ പ്രതിനിധി മീട്ടാ പാൻ എന്ന ഉത്പന്നത്തെക്കുറിച്ച് നടത്തിയ സംഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങളാണ് ലേഖനത്തിലുള്ളത്. അവരുടെ ചേരുവകളെ കുറിച്ച് ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്. പ്രസക്ത ഭാഗങ്ങളുടെ പരിഭാഷ താഴെ കൊടുക്കുന്നു “പ്രധാനമായും വൈകുന്നേരങ്ങളിൽ അനാരോഗ്യകരമായ വറുത്ത ഭക്ഷണ സാധനങ്ങൾ വഴിവക്കിൽ നിന്നും വാങ്ങി കഴിക്കുന്നവരെ ഉദ്ദേശിച്ചാണ് ഈ ഫ്ലേവർ വിപണിയിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. മൗത്ത് ഫ്രഷ്‌നർ എന്ന രീതിയിലുള്ള ഒരു സ്നാക്കാണിത്. ഇതൊരു ഇന്ത്യൻ ഫ്ളേവറാണ്. ബിസ്‌ക്കറ്റിന്‍റെ സാധാരണ ചേരുവകളായ മാവ്, പഞ്ചസാര, മറ്റുള്ള ചേരുവകൾ എന്നിവയ്‌ക്കൊപ്പം ഇതിൽ ഉണങ്ങിയ പഴങ്ങളും നട്ട്സുകളും ചേർക്കും. പാനിന്‍റെ പ്രധാന ചേരുവയായ വെറ്റിലയോടൊപ്പം ജീരകം, ചില്ലി ബട്ടർ, അയമോദകം എന്നിവയും ഇതിൽ ചേർത്തിരിക്കുന്നു. റോസ് ഇതളുകൾ പഞ്ചസാരയിലിട്ട് അലിയിപ്പിച്ചുണ്ടാക്കുന്ന ഗുൽക്കുണ്ടാണ് മീട്ടാ പാനിന്റെ മറ്റൊരു പ്രധാന ചേരുവ. പാൻ പ്രേമികൾക്കായി രൂപപ്പെടുത്തിയതാണ് ഈ ഉത്പന്നം.” ഇതിൽ സുഗന്ധ പാക്കോ, പുകയിലയോ അടങ്ങിയിരിക്കുന്നതായി അവർ പറയുന്നില്ല. ഉൽപ്പന്നത്തിന്‍റെ ലേബലിലും ഇവ അടങ്ങിയിട്ടുണ്ടെന്ന് പരാമർശമില്ല.
ഇന്ത്യയിലെ പാക്കേജിങ് ആൻഡ് ലേബലിംഗ് നിയമപ്രകാരം ഉല്പന്നത്തിന്‍റെ സത്യസന്ധമായ വിവരങ്ങൾ പായ്‌ക്കറ്റിനു പുറത്ത് രേഖപ്പെടുത്തേണ്ടതുണ്ട്. ഏതെല്ലാം ചേരുവകളാണ്, ഏതൊക്കെ അളവുകളിലാണ്, കാലാവധി എന്നുവരെയാണ്, നിറത്തിനോ ഗന്ധത്തിനോ ആയി ഉത്പന്നത്തിൽ രാസവസ്തുക്കൾ കലർത്തിയിട്ടുണ്ടെങ്കിൽ അവയുടെ വിശദാംശങ്ങൾ എല്ലാം പായ്‌ക്കറ്റിനു പുറത്ത് രേഖപ്പെടുത്തണം. വിവരങ്ങളിൽ കൃത്രിമത്വം കാണിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കാൻ അനുശാസിക്കുന്നതാണ് നിയമം. നിയമത്തിന്‍റെ വിഷ വിവരങ്ങൾ താഴെയുള്ള ലിങ്ക് സന്ദർശിച്ചു വായിക്കാം :


archived link | icpe food n packaging |
fssai യുടെ വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്
മുകളിൽ നൽകിയ വസ്തുതകൾ അനുസരിച്ചു പരിശോധിക്കുമ്പോൾ പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്ത വാസ്തവ വിരുദ്ധമാണെന്ന് എളുപ്പം മനസ്സിലാക്കാൻ കഴിയും.
നിഗമനം
പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്ത തീർത്തും തെറ്റാണ്. unibic കമ്പനിയുടെ മീട്ടാ പാൻ എന്ന ഉത്പന്നത്തിൽ തമ്പാക്ക് അഥവാ പുകയില അടങ്ങിയിട്ടില്ല. ലഹരി ഉണ്ടാക്കുന്ന യാതൊരു വസ്തുക്കളും ഉൽപ്പന്നത്തിൽ അടങ്ങിയിട്ടില്ല. വ്യാജപ്രചാരണം വഴി ഒരു പ്രമുഖ കമ്പനിയുടെ കീർത്തിയെ പ്രതികൂലമായി ബാധിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കുന്നതിന് മുമ്പ് വായനക്കാർ മുകളിൽ നൽകിയിട്ടുള്ള വസ്തുതകൾ മനസ്സിലാക്കുക

Title:Unibic കമ്പനിയുടെ മീട്ടാ പാൻ എന്ന ഉല്പന്നം ‘തമ്പാക്ക് മിട്ടായി’ ആണോ..?
Fact Check By: Deepa MResult: False
