ഉന്നാവോ പെൺകൂട്ടി അപകടത്തിൽ മരിച്ചു എന്ന വാർത്ത സത്യമോ..?

രാഷ്ട്രീയം | Politics സാമൂഹികം

വിവരണം 

അഷ്റഫ് കോഴിക്കോട്

 എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും RIGHT THINKERS- യഥാര്‍ത്ഥ ചിന്തകര്‍ എന്ന ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്ത ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. “ഉന്നാവോ പെൺകുട്ടി മരിച്ചു…

പേരറിയാത്ത ആ പെങ്ങൾക്ക് ആദാരഞ്ജലികൾ??” 

FB postarchived link

ഉത്തർ പ്രദേശിലെ ഉന്നാവോയിൽ കഴിഞ്ഞ ദിവസം പീഡനത്തിനിരയായ പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് പെൺകുട്ടിയുടെ അമ്മായിമാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഇരുവരും മരിക്കുകയും ചെയ്ത വാർത്ത മാധ്യമങ്ങളിലൂടെ നാം അറിഞ്ഞിരുന്നു. എന്നാൽ ആ പെൺകുട്ടി മരിച്ച വാർത്ത പുറത്തു വന്നോ..? നമുക്ക് അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു നോക്കി. പെൺകുട്ടി മരിച്ചതായി വാർത്തകളില്ല. എന്നാൽ പെൺകുട്ടിയുടെ നില ഗുരുതരമാണ് എന്ന് ഒരു മാധ്യമം വാർത്ത നൽകിയിട്ടുണ്ട്. 

ന്യൂസ് മിനിട്ട് എന്ന മാധ്യമം നൽകിയ വാർത്തയുടെ പ്രസക്ത ഭാഗങ്ങളുടെ പരിഭാഷ താഴെ കൊടുക്കുന്നു.

archived linkthe news minute

” ഉത്തർപ്രദേശിലെ റെയ്ബറേലിക്ക് സമീപം ട്രക്കുമായി കൂട്ടിയിടിച്ച് ഉന്നാവോ പീഢനത്തിനിരയായ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും രണ്ട് അമ്മായിമാർ കൊല്ലപ്പെടുകയും ചെയ്തു. 2017 ൽ ബിജെപി എം‌എൽ‌എ കുൽദീപ് സിംഗ് സെംഗർ തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പെൺകുട്ടി ആരോപിച്ചത്. 

അപകടത്തിൽ കാറിന്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി പോലീസ് പറഞ്ഞു. അപകടസമയത്ത് കാറിൽ നാല് പേരുണ്ടായിരുന്നു – ബലാത്സംഗത്തിനിരയായ പെൺകുട്ടി, അമ്മായിമാർ, അഭിഭാഷകൻ മഹേന്ദ്ര സിംഗ്.

അപകടത്തെ കൊലപാതകത്തിനുള്ള ഗൂഡാലോചനയായി കണക്കാക്കി  പോലീസ് കേസ് അന്വേഷണം ആരംഭിച്ചു.

പീഡനത്തിനിരയായ പെൺകുട്ടി റെയ്ബറേലിയിലേക്ക് പോകുമ്പോഴാണ് സംഭവം. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു.

അമ്മായിമാർ മരിച്ച അപകടത്തിൽ പെൺകുട്ടിയെയും അഭിഭാഷകനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുണ്ട്.

ബിജെപി എം‌എൽ‌എ സെംഗർ തന്നെ ബലാത്സംഗം ചെയ്തുവെന്ന് അന്ന് 16 വയസുണ്ടായിരുന്ന പെൺകുട്ടി ആരോപിച്ചതിനെ തുടർന്ന് 2017 ൽ ഉന്നാവോ ബലാത്സംഗ കേസ് പ്രധാനവാർത്തകളിൽ ഇടം നേടി.

കേസിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ നിരവധി മാസങ്ങളായി സെംഗർ ജയിലിലാണ്. പെൺകുട്ടിയുടെ പിതാവിനെ മരത്തിൽ കെട്ടിയിട്ട ശേഷം സെംഗാറിന്റെ സഹോദരൻ മർദ്ദിച്ചതായി പരാതി വന്നിരുന്നു.. തുടർന്ന് പിതാവിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് പോലീസ് കസ്റ്റഡിയിൽ മരിക്കുകയും ചെയ്തു” 

അപകടം സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ച ഏതാനും മാധ്യമങ്ങളുടെ ലിങ്കുകൾ താഴെ കൊടുക്കുന്നു

archived linkindiatoday
archived linkndtv

ഉന്നാവോ കേസുമായി ഏറ്റവും ഒടുവിൽ പുറത്തു വന്ന വാർത്ത ഇങ്ങനെയാണ്: 

പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.  ബലാത്സംഗ കേസ് സുപ്രീം കോടതിഇന്ന് ഉച്ചയ്ക്ക് ഹിയറിംഗിന് വച്ചിരിക്കുന്നു. സിബിഐ ഉദ്യോഗസ്ഥരോട് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന്  ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു.

ഉന്നാവോ ബലാത്സംഗം, അപകടം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉത്തർപ്രദേശിൽ നിന്ന് മാറ്റുമെന്ന് കോടതി വ്യക്തമാക്കി. കേസിൽ സിജെഐ രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉച്ചയ്ക്ക് 12 ന് കേസ് പരിഗണിക്കും.

ഉനാവോ കേസിലെ കോടതി നടപടികളുടെ തത്സമയ അപ്‌ഡേറ്റുകൾ ഇതാണ് :

ഉച്ചക്ക് 1:03: മെഡിക്കൽ ബുള്ളറ്റിൻ പരിശോധിച്ചതിന് ശേഷം  ആരോഗ്യം അനുവദിക്കുകയാണെങ്കിൽ, പെൺകുട്ടിയെ എയിംസിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകും.

indiatodayarchived link

2019 ഓഗസ്റ്റ് 1 ന് ഞങ്ങൾ ലേഖനം പ്രസിദ്ധീകരിക്കുന്ന സമയം വരെ ഒരു മാധ്യമവും  ഉന്നാവോ പെൺകുട്ടി മരിച്ചതായി വാർത്ത നല്‍കിയിട്ടില്ല. റായ്ബറേലിയിൽ നടന്ന കാറപകടത്തിൽ പെൺകുട്ടിയുടെ രണ്ട് അമ്മായിമാരാണ് മരിച്ചത്.

നിഗമനം 

ഉന്നാവോ  പെൺകുട്ടി മരിച്ചു എന്ന് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. പെൺകുട്ടിക്ക് ഇതുവരെ മരണം സംഭവിച്ചിട്ടില്ല. പെൺകുട്ടിയുടെ രണ്ട്  അമ്മായിമാർ മരിച്ചു എന്നാണ് വാർത്തകൾ വന്നിട്ടുള്ളത്. അതിനാൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:ഉന്നാവോ പെൺകൂട്ടി അപകടത്തിൽ മരിച്ചു എന്ന വാർത്ത സത്യമോ..?

Fact Check By: Vasuki S 

Result: False