‘നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നതു കൊണ്ട് സംഘിയാക്കിയാൽ അത് എനിക്ക് വിഷയമല്ല ‘ എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞോ…?

രാഷ്ട്രീയം സാമൂഹികം

വിവരണം

Archived Link

“#ഞാനൊരു_യഥാർത്ഥ_ഇന്ത്യക്കാരനാണ് നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നതു കൊണ്ട് സംഘിയാക്കിയാൽ അത് എനിക്ക് വിഷയമല്ല” ഉണ്ണി മുകുന്ദൻ ???” എന്ന അടിക്കുറിപ്പോടെ 2019 മെയ്‌ 24 മുതല്‍ WE Love Bharathamba എന്ന ഫെസ്ബൂക്ക് പേജ് ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ സംഘി എന്ന് വിളിച്ചാല്‍ ഒരു വിഷയമല്ല എന്ന് ഈ പോസ്റ്റിന്‍റെ ഒപ്പമുള്ള ചിത്രത്തിന്‍റെ മോകളില്‍ എഴുതിയ വാചകത്തിലൂടെ പ്രചരിപ്പിക്കുകയാണ്. ഉണ്ണി മുകുന്ദന്‍റെ ചിത്രത്തിന്‍റെ ഒപ്പമുള്ള വാചകം ഇപ്രകാരം: “ഞാന്‍ ഒരു യഥാര്‍ത്ഥ ഇന്ത്യകാരനാണ്, നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നതു കൊണ്ട് സംഘിയാക്കിയാൽ അത് എനിക്ക് വിഷയമല്ല.” എന്നാല്‍ ബിജെപി സംഘപരിവാറിനോട് ബന്ധമുള്ളവരും ഇവരെ പിന്തുണയ്ക്കുന്നവരെയും വിളിക്കുന്ന വിശേഷണമാണ് സംഘി എന്നത്. തന്നെ സംഘി എന്ന് വിളിച്ചാല്‍ വിഷയമല്ല എന്ന് ഉണ്ണി മുന്കുന്ദന്‍ പറഞ്ഞോ…? ഉണ്ണി മുകുന്ദന്‍ ബിജെപിയെയും സംഘപരിവാറിനെയും പിന്തുണയ്ക്കുന്ന ഒരു നിലപാട് വ്യക്തമാക്കിയോ? എന്നി ചോദ്യങ്ങള്‍ക്ക് ഉത്തരം നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

ഉണ്ണി മുകുന്ദന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയോ എന്ന് അറിയാനായി ഞങ്ങള്‍ പ്രമുഖ മാധ്യമങ്ങളില്‍ ഇതിനെ സംബന്ധിച്ച വാര്‍ത്ത‍കള്‍ പരിശോധിച്ചു. വാര്‍ത്ത‍കള്‍ പരിശോധിക്കുമ്പോള്‍ ഞങ്ങള്‍ക്ക് പോസ്റ്റില്‍ ഉന്നയിക്കുന്ന പോലെയുള്ള തലകെട്ട് ഉപയോഗിച്ച് ജനം ടിവിയുടെ വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍  ലഭിച്ചു.

Janam TVArchived Link

ഈ ലേഖനത്തില്‍ ഉണ്ണി മുകുന്ദന്‍റെ ഇന്സ്ടഗ്രാം അക്കൗണ്ടില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധികരിച്ച പോസ്റ്റിന്‍റെ മലയാളം പരിഭാഷ നല്‍കിട്ടുണ്ട്. ഈ പരിഭാഷ ഇപ്രകാരം:

കഴിഞ്ഞ ദിവസം ഞാൻ ബഹുമാന്യനായ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഇട്ട പോസ്റ്റിനെ വർഗീയതയുടെ ഭാഗത്ത് ചിലർ ചേർത്ത് നിർത്തുന്നത് കണ്ടു . അത് ഞാൻ കാര്യമായെടുക്കുന്നില്ല . ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ പറയട്ടെ, ജനങ്ങൾ തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചു തെരഞ്ഞെടുത്ത നമ്മുടെ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നത് തെറ്റാണെന്ന് ഞാൻ കരുതുന്നില്ല . ഞാൻ ഒരു ജാതി-മത- വർഗ രാഷ്ട്രീയ കക്ഷികൾക്കും എന്റെ പിന്തുണ ഒരു കാലത്തും നൽകിയിട്ടില്ല. പക്ഷേ എന്റെ പോസ്റ്റിൽ വന്ന ചില കമന്റുകളും അതിൽ നിറഞ്ഞ വിദ്വേഷത്തിന്റെ വിഷവും കണ്ടാൽ ഞാൻ അങ്ങനെയെന്തോ വലിയ തെറ്റാണ് ചെയ്തത് എന്നുള്ള രീതിയിൽ ആണ് ചിലർ എടുത്തിരിക്കുന്നത് എന്നു മനസ്സിലാക്കാൻ കഴിയുന്നു.

നിങ്ങൾ എന്നെ സംഘി എന്നോ ചാണകം ( ഏറ്റവും കൂടുതൽ ഔഷധഗുണമുള്ളത് ) എന്നോ ഉള്ള ലേബലിൽ മുദ്ര കുത്താൻ ആണ് ശ്രമിക്കുന്നത് എങ്കിൽ നിങ്ങൾ നിങ്ങളെപറ്റി തന്നെ പൊതു സമൂഹത്തിനു മുന്നിലേക്ക് നൽകുന്നത് വളരെ മോശമായ ഒരു ഇമേജ് ആണ്. ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ഏറ്റവും വലിയ നിരാശയ്ക്കു കാരണം, ജാതിയും മതവും വർഗവും നമ്മളിൽ ഒരുപാട് പേരെ അന്ധരാക്കി എന്ന സത്യമാണ്. നമ്മുടെ മുന്നിൽ നടക്കുന്ന പലതും നേരായ രീതിയിൽ കാണാനോ, വിവേചന ബുദ്ധിയോടെ അതിനെ മനസ്സിലാക്കി എടുക്കാനോ, ധൈര്യപൂർവം അതിനെ സ്വീകരിക്കാനോ അല്ലെങ്കിൽ നേരിടാനോ നമുക്ക് കഴിയാത്ത വിധം, മേൽ പറഞ്ഞ ജാതി മത വർഗ വർണ ചിന്തകൾ നമ്മളെ അന്ധരാക്കി കഴിഞ്ഞു എന്ന് ഈ സമൂഹ മാദ്ധ്യമം തന്നെ നമ്മെ മനസിലാക്കി തരുന്നു .

ചിലരെ എങ്കിലും ഇന്നലത്തെ ഫല പ്രഖ്യാപനം നിരാശരാക്കിയിരിക്കാം. പക്ഷെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്തത് ആരെ ആയാലും അവരെ ഒന്നു അഭിനന്ദിക്കാന്‍ എല്ലാ സങ്കുചിത ചിന്തകള്‍ക്കും അപ്പുറമുള്ള ഒരു മനസ്സ് നമ്മുക്കുണ്ടെങ്കിലെ പറ്റൂ. അങ്ങനെ ഒരു മനസ് അല്ലെങ്കില്‍ മനോഭാവം നമ്മള്‍ ഉണ്ടാക്കിയെടുക്കണം.. അല്ലാതെ എന്നെയോ അതോ മറ്റുള്ളവരെയോ കുറെ പേരുകള്‍ വിളിച്ചത് കൊണ്ടോ ചില വാക്കുകള്‍ക്കുള്ളില്‍ ഒതുക്കാന്‍ ശ്രമിച്ചത് കൊണ്ടോ ഇവിടെ ഒന്നും മാറാന്‍ പോകുന്നില്ല എന്നത് മനസ്സിലാക്കുക.

രാഷ്ട്രീയത്തിനും അപ്പുറം നമ്മള്‍ എല്ലാവരും സഹജീവികള്‍ ആണെന്നും എന്നും പരസ്പരം കാണേണ്ടവരും സഹവര്‍ത്തിത്വം പുലര്‍ത്തേണ്ടവര്‍ ആണെന്നും ഏറ്റവും കൂടുതല്‍ ഓര്‍ത്തിരിക്കേണ്ടത് രാഷ്ട്രീയം വലിയ പ്രാധാന്യത്തോടെ ഏറ്റെടുക്കുന്നവര്‍ തന്നെയാണ്. വെറുപ്പും വിദ്വേഷവും നമ്മളെ ജീവിതത്തില്‍ എവിടെയും എത്തിക്കുന്നില്ല..ഒന്നും നേടി തരുന്നുമില്ല..

ഒരു കാര്യം കൂടി പറഞ്ഞു നിര്‍ത്തുന്നു. എന്നെ കുറിച്ചു അറിയാത്തവര്‍ അറിയാന്‍ ആയി പറയുകയാണ്..ഹിന്ദു തമിഴന്മാരും, സിഖ് മതക്കാരും, സിന്ധികളും, ബീഹാറികളും, ബംഗാളികളും നിറഞ്ഞ ഒരു ചുറ്റുപാടില്‍ വളര്‍ന്നു വന്ന ആളാണ് ഞാന്‍. എന്റെ അടുത്ത സുഹൃത്തുക്കള്‍ മുസ്ലിങ്ങളും ബംഗാളികളും ആണ്. ഞാന്‍ പഠിച്ച സ്‌കൂള്‍ നടത്തിയിരുന്നത് പാര്‍സികളും അതിനു ശേഷം ഒരു ജൂത മാനേജ്മെന്റും ആണ്. അത്രമാത്രം വ്യത്യസ്ത സംസ്‌കാരങ്ങള്‍ എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ചിലരോട് എങ്കിലും അത് തെളിയിക്കുന്ന രീതിയില്‍ സംസാരിക്കേണ്ടി വന്നതില്‍ എനിക്ക് എന്നെ കുറിച്ചോര്‍ത്തു തന്നെ ലജ്ജ തോന്നുന്നുണ്ട്.

എങ്കിലും നമ്മുടെ മഹാരാജ്യത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പില്‍ വിജയി ആയി നമ്മുടെ പ്രധാന മന്ത്രി ആയി വന്ന വ്യക്തിയെ അഭിനന്ദിച്ചതിലും അദ്ദേഹത്തിന് സ്വാഗതം നല്‍കിയതും ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ എന്റെ കര്‍ത്തവ്യം ആയി കൂടി ഞാന്‍ ഇപ്പോഴും കരുതുന്നു.

എന്ന് നിങ്ങളുടെ സ്വന്തം ജീവിതത്തില്‍ അഭിനയിക്കാത്ത, കണ്ണുകളിലും മനസ്സിലും ചിന്തകളിലും രാഷ്ട്രീയം നിറക്കാത്ത, ഉണ്ണി മുകുന്ദന്‍..

“ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ നമ്മുടെ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നത് തെറ്റാണെന്ന് ഞാൻ കരുതുന്നില്ല.  നിങ്ങൾ എന്നെ സംഘി എന്നോ ചാണകം എന്നോ ഉള്ള ലേബലിൽ മുദ്ര കുത്താൻ ആണ് ശ്രമിക്കുന്നത് എങ്കിൽ നിങ്ങൾ നിങ്ങളെപറ്റി തന്നെ പൊതു സമൂഹത്തിനു മുന്നിലേക്ക് നൽകുന്നത് വളരെ മോശമായ ഒരു ഇമേജ് ആണ്.” ഇതാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.  സംഘി എന്ന് വിളിച്ചാലും എനിക്ക് വിഷയമില്ല എന്ന് അദേഹം എവിടെയും പരയുന്നില്ല.

ഉണ്ണി മുകുന്ദന്‍ മെയ്‌ 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരെഞ്ഞെടുപ്പില്‍ ലഭിച്ച വമ്പന്‍ വിജയത്തിന് വേണ്ടി ആശംസകള്‍ അറിയിച്ചു. ഗുജറാത്തിയില്‍ ആശംസകള്‍ അറിയിച്ച ഉണ്ണി മുകുന്ദന്‍ താഴെ കേരളം തൂത്തുവാരിയ യുഡിഎഫിനും പ്രത്യേകിച്ച് ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെയും ആശംസകള്‍ അറിയിച്ചിരുന്നു.

Archived Link

ഈ പോസ്റ്റിനെ തുടർന്ന് ട്രോളുകള്‍ ഉണ്ണി മുകുന്ദനെ രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ അവര്‍ക്ക് മറുപടിയുമായി ഉണ്ണി മുകുന്ദന്‍ ഫെസ്ബൂക്കില്‍ ഈ പോസ്റ്റ്‌ പ്രസിദ്ധികരിച്ചിരുന്നു.

Archived Link

MathrubhumiArchived Link
Manorama OnlineArchived Link
News18 MalayalamArchived Link

നിഗമനം

ഈ പോസ്റ്റില്‍ പറയുന്ന പോലെ ഒരു പ്രസ്താവന ഉണ്ണി മുകുന്ദന്‍ നടത്തിയതായി കണ്ടെത്തിയിട്ടില്ല. അതിനാല്‍ ഈ പോസ്റ്റില്‍ ഉന്നയിക്കുന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

Avatar

Title:‘നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നതു കൊണ്ട് സംഘിയാക്കിയാൽ അത് എനിക്ക് വിഷയമല്ല ‘ എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞോ…?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •