ചിന്തൻ ശിബിറിനെ കുറിച്ചുള്ള പ്രതികരണത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമപ്രവർത്തകർക്ക് നേരെ ക്ഷോഭിച്ചു എന്ന് വ്യാജ പ്രചരണം

രാഷ്ട്രീയം

കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനായി കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് കോണ്‍ഗ്രസ്സ് പാർട്ടി നേതൃത്വത്തിൽ ചിന്തൻ ശിബിർ സംഘടിപ്പിച്ചിരുന്നു. കെപിസിസിയുടെ മുന്‍ അധ്യക്ഷൻമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും പരിപാടിയിൽ നിന്നും വിട്ടു നിന്നുവെന്നത്  മാധ്യമശ്രദ്ധ നേടിയിരുന്നു

ചിന്തൻ ശിബിരത്തെ കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാതെ, മുല്ലപ്പള്ളി രാമചന്ദ്രൻ അവരോട് ക്ഷുഭിതനായി എന്ന് വാദിച്ച് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് 

പ്രചരണം

മാധ്യമപ്രവർത്തകർ നീട്ടിപ്പിടിച്ച മൈക്കിനു മുന്നിൽ, ‘നിങ്ങൾ അതിനെ കുറിച്ച് കൂടുതൽ സംസാരിക്കേണ്ട എന്ന മറ്റെന്തെല്ലാം കാര്യങ്ങൾ സംസാരിക്കാനുണ്ട്’ എന്ന് ദേഷ്യത്തോടെ മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നത് കാണാം. 

ചിന്തൻ ശിബിരത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പ്രതികരിക്കുന്നത് എന്നാരോപിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: കോഴിക്കോട്ടെ ചിന്തൻ ചിവിരത്തിനു 

പോയീലേന്ന് ചോദിച്ചു 😐

അയിനാണ് ഈ ചൂടാവുന്നത് 🤦‍😂🤭🤭

archived linkFB post

എന്നാൽ ഞങ്ങൾ വീഡിയോ ദൃശ്യങ്ങളെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ചിന്തൻ ശിബിറുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി 

വസ്തുത ഇതാണ്

ചിന്തൻ ശിബിരത്തെ കുറിച്ച് മുല്ലപ്പള്ളിയുടെ പ്രതികരണം ഞങ്ങൾ യൂട്യൂബിൽ അന്വേഷിച്ചപ്പോൾ മീഡിയവൺ ചാനൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ ലഭിച്ചു.  

ചിന്തന്‍ ശിബിരത്തിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെ: “ഞാന്‍ കളിച്ചു നടന്ന, എന്‍റെ വീടുപോലുള്ള കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനാവാത്തതില്‍ അതീവ ദുഃഖമുണ്ട്. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് ഞാന്‍. മാധ്യമങ്ങളോടല്ല, പാര്‍ട്ടി അദ്ധ്യക്ഷയോടാണ് കാര്യങ്ങള്‍ വ്യക്തമാക്കുക. നിരവധി ഗൗരവമുള്ള വിഷയങ്ങളാണ് കോഴിക്കോട്ടെ ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ച ചെയ്തത്. 2024ലേക്കുള്ള കോണ്‍ഗ്രസിന്‍റെ റോഡ്മാപ്പ് തയ്യാറാക്കുന്ന പരിപാടിയായിരുന്നു അത്.  കോഴിക്കോട് ഡിസിസി അദ്ധ്യക്ഷന്‍ എന്നെ പരിപാടിയ്ക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നു. നേതാക്കളോടും പ്രവര്‍ത്തകരോടും എനിക്ക് വൈരാഗ്യമില്ല. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം വാസ്തവ വിരുദ്ധമാണ്. ബാക്കി കാര്യങ്ങളൊന്നും ഇപ്പോള്‍ പറയുന്നില്ല.”

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങള്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി സംസാരിച്ചിരുന്നു. അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്:  “പ്രചരിക്കുന്നത് പഴയ ഒരു വീഡിയോ ആണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഏതോ ചോദ്യമാണ് അന്ന് മാധ്യമപ്രവർത്തകന്‍ ചോദിച്ചത്.  ആ വീഡിയോ  ഇപ്പോഴത്തെത് എന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്.  ചിന്തന്‍ ശിബിരത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ക്ഷുഭിതനായി ഞാന്‍ സംസാരിച്ചിട്ടില്ല. മാധ്യമങ്ങളിൽ ഇതിന്‍റെ വീഡിയോ ലഭ്യമാണ്. നിങ്ങൾക്ക് അത് നോക്കാവുന്നതേയുള്ളൂ.”

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ചോദ്യം വന്നപ്പോഴാണ് 2021  ജനുവരി പന്ത്രണ്ടാം തീയതി മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമപ്രവർത്തകരോട് കോപത്തോടെ സംസാരിച്ചത്. ഈ വീഡിയോ 24 ന്യൂസിന്‍റെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്. ഈ വീഡിയോയ്ക്ക് ഇപ്പോൾ നടന്ന ചിന്തന്‍ ശിബിരുമായി യാതൊരു ബന്ധവുമില്ല.  

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. 2021ല്‍ അദ്ദേഹം ലൈഫ് മിഷൻ പദ്ധതിയെ കുറിച്ചുള്ള ചോദ്യത്തിൽ മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി സംസാരിക്കുന്ന വീഡിയോ ആണ് ചിന്തന്‍ ശിബിരത്തെ കുറിച്ചുള്ള ചോദ്യത്തില്‍ അദ്ദേഹം പരുഷമായി സംസാരിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.  ഈ വീഡിയോയ്ക്ക് ചിന്തന്‍ ശിബിരുമായി യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ചിന്തൻ ശിബിറിനെ കുറിച്ചുള്ള പ്രതികരണത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമപ്രവർത്തകർക്ക് നേരെ ക്ഷോഭിച്ചു എന്ന് വ്യാജ പ്രചരണം

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.