
വിവരണം
പ്രാർത്ഥനകൾ എല്ലാം വിഫലമായി –
മനീഷാ വാൽമീകി മരണപ്പെട്ടു.
ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ടശേഷം ബലാൽക്കാരികൾ നാക്ക് മുറിക്കുകയും സ്പൈനൽ കോഡും കഴുത്തും ഒടിക്കുകയും ചെയ്ത – ഈ പാവം പത്തൊൻപതു വയസ്സുകാരി പെൺകുട്ടി ഇന്ന് വേദനകളില്ലാത്ത ലോകത്തേക്ക് തിരിച്ചു പോയി. പ്രണാമം അനുജത്തീ.. എന്ന തലക്കെട്ട് നല്കി ഒരു പെണ്‍കുട്ടിയുടെ ചിത്രം സഹിതമുള്ള പോസ്റ്റുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രമാണിതെന്ന പേരിലാണ് പ്രചരണം. ഉത്തമന് നാണു എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 416ല്‍ അധികം റിയാക്ഷനുകളും 1,800ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഹത്രാസ് ബലാത്സംഗ കൊലപാതകത്തിന് ഇരയായ പെണ്‍കുട്ടിയുടെ ചിത്രം തന്നെയാണോ ഇത്? വസ്തുത പരിശോധിക്കാം.
വസ്തുത വിശകലനം
ഞങ്ങളുടെ മറാത്തി ടീം (ഫാക്ട് ക്രെസെന്‍ഡോ മറാത്തി) നടത്തിയ വസ്തുത അന്വേഷണത്തില്‍ ഇത് വ്യാജ പ്രചരണമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഫാക്ട് ക്രെസെന്‍ഡോ മറാത്തിയുടെ വസ്തുത അന്വേഷണ റിപ്പോര്‍ട്ട് ഇങ്ങനെയാണ്-
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ബലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രമെന്ന പേരില്‍ പ്രചരിക്കുന്നത് മറ്റൊരു പെണ്‍കുട്ടിയുടേതാണ്. ഹത്രാസിലെ പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കീ വേര്‍ഡുകള്‍ സെര്‍ച്ച് ചെയ്യുന്നതിനിടയിലാണ് വിപിന്‍ തിവാരി എന്ന വ്യക്തിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. വിപിന്‍ തിവാരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്-
ഇത് ഹത്രാസ് ബലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രമെന്ന പേരില്‍ സമൂഹഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രമല്ല. എന്റെ സുഹൃത്ത് അജയ്യുടെ സഹോദരിയുടെ ചിത്രമാണ് യഥാര്‍ത്ഥത്തില്‍ ഇത്. 2018ല്‍ ചണ്ഡിഗഡില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം മരണപ്പെട്ടതാണ് അജയ്യുടെ സഹോദരി. സംഭവത്തിനെതിരെ വലിയ പ്രതിഷേധ ക്യാംപെയിനുകള്‍ അന്ന് നടത്തിയിരുന്നു. ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്. ദയവ് ചെയ്ത് സഹോദരിയുടെ ചിത്രം ദുരുപയോഗപ്പെടുത്തി ഹത്രാസ് കെസിന്റെ പേരില്‍ പ്രചരിപ്പിക്കാതിരിക്കുക.
വിപിന്‍ തിവാരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്-
വിപിന്‍ തിവാരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ച അജയ് എന്ന വ്യക്തിയുടെ പ്രൊഫൈലും ഞങ്ങള്‍ കണ്ടെത്തി. അജയ് ജീത്തു യാദവ് എന്നാണ് ഇദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് നാമം. ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍ തന്റെ സഹോദരിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ആരോപിച്ച് അജയ് തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ ചില സ്ക്രീന്‍ഷോട്ടുകള്‍ സഹിതം പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ദയവ് ചെയ്ത് ചിത്രം ആരും പ്രചരിപ്പിക്കരുതെന്ന് അപേക്ഷിച്ചാണ് അജയ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്-
2018 ജൂലൈ 24ന് തന്റെ സഹോദരിയുടെ ചിത്രങ്ങളും മൃതദേഹം സംസ്കരിക്കുന്ന ചടങ്ങുകളുടെ ചിത്രവും അജയ് ജീത്തു യാദവ് തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരുന്നു. അന്നത്തെ ചിത്രങ്ങള്‍ക്കൊപ്പവും ഇപ്പോള്‍ മനീഷയുടെ പേരില്‍ പ്രചരിക്കുന്ന ചിത്രം കാണാന്‍ സാധിക്കും-
ചണ്ഡിഗഡിലെ ലാന്‍ഡ്മാര്‍ക്ക് എന്ന ആശുപത്രിയിലെ ചികിത്സ പിഴവ് മൂലമാണ് പെണ്‍കുട്ടി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്പില് പ്രതിഷേധിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്ത 2018 ജൂലൈ 22ന് എഎന്‍വി ന്യൂസ് പഞ്ചാബി എന്ന ചാനലില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ വാര്‍ത്ത കാണാം-
കൂടാതെ ആജ് തക്ക് വാര്‍ത്ത ചാനല്‍ പ്രതിനിധി ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരനുമായി ബന്ധപ്പെട്ട ശേഷം പ്രചരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
സ്വകാര്യ ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം മരിച്ച പെണ്‍കുട്ടിക്ക് വേണ്ടി സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാംപെയിനിന്റെ ചിത്രങ്ങളില്‍ ചിലതാണ് ഇപ്പോള്‍ ഹത്രാസില്‍ മരിച്ച പെണ്‍കുട്ടിയുടെ പേരില്‍ പ്രചരിക്കുന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
നിഗമനം
2018ല്‍ ചണ്ഡിഗഡിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ചികിത്സ പിഴവ് മൂലം മരിച്ച പെണ്‍കുട്ടിയുടെ ചിത്രമാണിത്. യുപിയിലെ ഹത്രാസില്‍ ബലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രമല്ല ഇതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:യുപിയിലെ ഹത്രാസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രമാണോ ഇത്?
Fact Check By: Dewin CarlosResult: False
