
വിവരണം
കോവിഡ് പകരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടികൊണ്ടു പോകുന്നത് മൂലം ജോലി നഷ്ടപ്പെട്ടും താമസസൗകര്യം നഷ്ടപ്പെട്ടും നാട്ടിൽ എത്താനായി എല്ലാ സംസ്ഥാനക്കാരും സംസ്ഥാന അതിർത്തി കളിലേക്ക് എത്തുകയാണ് കഴിഞ്ഞദിവസം കേരള അതിർത്തികളിൽ എത്തിയ പാസ്സ് ഇല്ലാത്ത ആളുകളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് ചെക്ക് പോസ്റ്റുകളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പാസ് ഇല്ലാത്തവരെ കടത്തിവിടാൻ പോലീസ് തയ്യാറായില്ല. തിരികെ പ്രവേശിക്കാന്‍ അവിടുത്തെ പോലീസുകാരും അനുവദിച്ചില്ല. ഈ സന്ദർഭത്തിൽ വാളയാർ ചെക്പോസ്റ്റിൽ കുറച്ചു കോൺഗ്രസ് നേതാക്കൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വാളയാറില്‍ സംഘര്‍ഷം ഉണ്ടായത് മേയ് ഒമ്പതാം തീയതി ആയിരുന്നു. വാളയാറില്‍ ചെക്ക് പോസ്റ്റില്‍ വന്നവരില്‍ ഒരാള്‍ കോവിഡ് ബാധിതനായിരുന്നു എന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ അയാളുമായി സാമീപ്യം പുലര്‍ത്തി എന്നുമുള്ള വാര്‍ത്തകള്‍ ഇതേത്തുടര്‍ന്നു പ്രചരിച്ചു.
കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളിൽ അനില്‍ അക്കരയുടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഞാനിന്നലെ കടത്തിവിട്ട ഒരാൾക്ക് ഒരു പാസും ഉണ്ടായിരുന്നില്ല…… ഇങ്ങിനെ പറയുന്നത് ഒരു എം.എൽ.എ ആണ്…. അതിർത്തിയിലേക്ക് പാസില്ലാതെ വന്ന് കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുത്ത
വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചു.😯 കോൺഗ്രസേ നിങ്ങളീ നാടിനെ ശവപ്പറമ്പാക്കുമോ??? എന്ന അടിക്കുറിപ്പോടെ നൽകിയിരിക്കുന്ന വീഡിയോയിൽ അനിൽ അക്കര എംഎൽഎ ഒരിടത്ത് ഇരിക്കുന്നതും ഇതേ വാചകങ്ങൾ പറയുന്നതും നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. വാളയാര്‍ ചെക്ക് പോസ്റ്റിലെ എന്ന മട്ടിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്.
എന്നാൽ ഈ സംഭവം ചെക്ക്പോസ്റ്റിലേതല്ല. തൃശൂര്‍ കളക്ടറേറ്റില്‍ നിന്നുമുള്ളതാണ്. വാർത്തയുടെ യാഥാർത്ഥ്യം താഴെക്കൊടുക്കുന്നു.
വസ്തുത വിശകലനം
ഞങ്ങൾ ഈ വാർത്തയുടെ യാഥാർത്ഥ്യം അറിയാൻ ഓൺലൈനിൽ തിരഞ്ഞപ്പോൾ ഞങ്ങൾക്ക് അനിൽ അക്കര ഈ ആരോപണം നിഷേധിച്ചു എന്ന വാർത്ത ലഭിച്ചു. കൂടാതെ അദ്ദേഹം തനിക്കെതിരെ ഉയർന്ന ഈ ആരോപണത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിൽ ഒരു വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മെയ് എട്ടാം തീയതി അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കടത്തി വിടുന്നതുമായി സംബന്ധിച്ച് ഉയര്‍ന്ന പ്രശ്നങ്ങളെ കുറിച്ചു അന്വേഷിക്കാന്‍ അനില്‍ അക്കര, ടി എന്‍ പ്രതാപന്‍ എന്നീ എംഎല്‍എമാരും രമ്യ ഹരിദാസ് എംപിയും തൃശൂര്‍ കളക്ടറേറ്റിന് മുന്നില്‍ എത്തിയിരുന്നു. അപ്പോള്‍ അവിടെ നിന്നുള്ള ചില ദൃശ്യങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ് എന്ന് അനില്‍ അക്കര എംഎല്‍എ തന്‍റെ ഫേസ്ബുക്കില്‍ വിശദീകരണം നല്‍കിക്കൊണ്ട് പ്രസിദ്ധീകരിച്ച വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്നലെ എന്ന് വീഡിയോയില്‍ പറയുന്നത് മേയ് എട്ടാം തീയതി ആണെന്നും അദ്ദേഹം എടുത്തു പറയുന്നുണ്ട്. പോസ്റ്റില്‍ പ്രചരിപ്പിക്കുന്നതുപോലെ ഈ ദൃശ്യം വാളയാര്‍ ചെക്ക് പോസ്റ്റിലെതല്ല. ഇക്കാര്യം ഞങ്ങള്‍ രമ്യ ഹരിദാസ് എംപിയോടും അന്വേഷിച്ചിരുന്നു. ഇതേ മറുപടി തന്നെയാണ് അവരും നല്കിയത്.
കൂടാതെ തൃശൂര്‍ കലക്ടറേറ്റിന് മുന്നില്‍ നടന്ന സംഭവത്തിന്‍റെ മനോരമ ചാനല്‍ വാര്‍ത്ത അനില്‍ അക്കര തന്‍റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വീഡിയോ കാണുമ്പോള്‍ സംഭവത്തെ പറ്റി കൂടുതല്‍ വ്യക്തത ലഭിക്കും.
അനില്‍ അക്കരയുടെ വീഡിയോ ഉപയോഗിച്ച് തെറ്റായ വാര്‍ത്തയാണ് പ്രചരിപ്പിക്കുന്നത്.
അനിൽ അക്കര വാളയാറിൽ പ്രതിഷേധത്തിന് പോകുന്നതിനു മുമ്പേ ഉള്ള വീഡിയോയാണ് വാളയാറിലെ പ്രതിഷേധം എന്ന മട്ടിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. വാളയാറിലെ പ്രതിഷേധവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. പോസ്റ്റിലെ വീഡിയോ വാളയാർ ചെക്ക് പോസ്റ്റില്‍ പാസ് നൽകാത്തതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വാളയാറിൽ നടത്തിയ പ്രതിഷേധത്തിൽ നിന്നും ഉള്ളതല്ല. മുന്‍ ദിവസത്തെ വീഡിയോ തെറ്റായ പ്രചരണത്തിന് ഉപയോഗിക്കുകയാണ്.

Title:അനിൽ അക്കര എം എൽ എക്കെതിരെ തൃശൂര്‍ കളക്ട്രേറ്റിന് മുന്നിലെ സമരത്തിന്‍റെ വീഡിയോ ഉപയോഗിച്ച് ദുഷ്പ്രചരണം…
Fact Check By: Vasuki SResult: False
