ഫൂട്ബോള്‍ പ്രേമി ഗാലറിയിൽ നിന്ന് മൈതാനത്തേക്ക് പേപ്പർ വിമാനം പറത്തുന്ന രസകരമായ വീഡിയോയ്ക്ക് ഫിഫ ലോകകപ്പുമായി ബന്ധമില്ല…

കായിക വിനോദം അന്തര്‍ദേശീയം

ഫിഫ ലോകകപ്പ് 2022 മായി ബന്ധപ്പെട്ട് ഖത്തറിൽ നിന്നും നിരവധി വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. രസകരവും കൌതുകകരമായ ദൃശ്യങ്ങളും അവയിലുണ്ട്. ഇപ്പോള്‍ ഖത്തറിലെ ഫിഫ മല്‍സരങ്ങള്‍ക്കിടയില്‍ നടന്ന രസകരമായ സംഭവം എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. 

പ്രചരണം 

42 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു പയ്യന്‍ ഗാലറിയിൽ നിന്ന് മൈതാനത്തേക്ക് പേപ്പർ വിമാനം പറത്തുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പേപ്പര്‍ വിമാനം വായുവിലൂടെ പറന്നപ്പോൾ ആരാധകർ ആർത്തുവിളിക്കുന്നതും ഒടുവിൽ വിമാനം മെല്ലെ പറന്ന്  ഗോൾ പോസ്റ്റിനുള്ളിൽ വീഴുന്നതും കാണാം. ഖത്തറിൽ നിന്നുള്ളതാണ് വീഡിയോ എന്നു അവകാശപ്പെട്ട് ദൃശ്യങ്ങള്‍ക്ക് നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: 

A magic moment from Football Match

ഇങ്ങനെ ഒരു ഗോൾ സ്വപ്നങ്ങളിൽ മാത്രം!!!!!

#fifaworldcup2022 #fifa #football #viral #trending #Goal #magic moment #instareel #RedFM #redfmmalyalam”

FB postarchived link

എന്നാല്‍ ഞങ്ങളുടെ അന്വേഷണത്തിൽ, ഈ വീഡിയോയ്ക്ക് ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മത്സരവുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തി.

വസ്തുത ഇതാണ് 

വീഡിയോ കീ ഫ്രെയിമുകളിലൊന്ന് ഉപയോഗിച്ച് ഞങ്ങൾ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഒരു ഐറിഷ് മാധ്യമ  വെബ്‌സൈറ്റ് ലഭിച്ചു. ഇതേ വീഡിയോ 2022 ജൂൺ 16-ന് അതില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.  “ഫുട്‌ബോൾ ആരാധകന്‍ കടലാസ് വിമാനം പറത്തി ഗോള്‍ പോസ്റ്റില്‍ എത്തിച്ചപ്പോള്‍ ജനക്കൂട്ടം പൊട്ടിത്തെറിച്ചു.” എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. 

ജൂണിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് ഫിഫ കപ്പ് 2022 മായി യാതൊരു ബന്ധവുമുണ്ടാകില്ല എന്നുറപ്പാണ്. ഈ സൂചനകളോടെ ഇന്‍റർനെറ്റിൽ കൂടുതൽ തിരഞ്ഞപ്പോള്‍, 2022 ജൂൺ 7-ന് “പേപ്പർ എയർപ്ലെയിൻ ടേക്ക്സ്” എന്ന അടിക്കുറിപ്പോടെ ഇതേ വീഡിയോ പോസ്റ്റ് ചെയ്ത ഒരു യുട്യൂബ് ചാനൽ ഞങ്ങൾ കണ്ടെത്തി. ജർമ്മനിയിലെ സോക്കർ സ്റ്റേഡിയത്തിലെ ഫ്ലൈറ്റ്”

ജൂണ്‍ 17 നുള്ള വീഡിയോമാന്‍ റിപ്പോർട്ട് അനുസരിച്ച്, 2022 ജൂൺ 7 ന് മ്യൂണിക്കിലെ അലയൻസ് അരീനയിൽ ജർമ്മനിയും ഇംഗ്ലണ്ടും തമ്മിലുള്ള നേഷൻസ് ലീഗിനായുള്ള ഫുട്ബോൾ മത്സരത്തിനിടെ, ഒരു ആരാധകൻ ഒരു പേപ്പർ വിമാനം സ്റ്റേഡിയത്തിലേക്ക് എറിഞ്ഞു. തുടർന്ന് സെക്കൻഡുകളോളം പറന്ന ചെറുവിമാനം ഇംഗ്ലീഷ് ഗോൾകീപ്പറുടെ വലയിൽ പതിക്കുകയായിരുന്നു.

ഖത്തറിൽ ഫിഫ ലോകകപ്പ് ആരംഭിച്ചതിന് തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. “ഈ വ്യക്തിക്ക് ലക്ഷ്യമുണ്ട്! മ്യൂണിക്കിലെ അലയൻസ് അരീനയിൽ ജർമ്മനിയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിൽ ഒരു ആരാധകൻ തന്‍റെ പ്രവേശന ടിക്കറ്റ് പേപ്പർ വിമാനമാക്കി മാറ്റി” എന്ന അടിക്കുറിപ്പോടെ  ഡിസംബർ 1 ന്, യു‌എസ്‌എ ടുഡേ സ്‌പോർട്‌സ് ഇതേ വീഡിയോ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. 

നവംബർ 26-ന് ന്യൂസ് 18 ഓണ്‍ലൈന്‍ പതിപ്പ് “കാണുക: വിരസമായ ഒരു ഫുട്ബോൾ ആരാധകൻ പേപ്പർ എയർക്രാഫ്റ്റ് ഉപയോഗിച്ച് ‘വിമാന ഗോൾ’ നേടിയപ്പോൾ” എന്ന തലക്കെട്ടിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകളെല്ലാം വ്യക്തമാക്കുന്നത് ഫിഫ ലോകകപ്പ് 2022 മായി പോസ്റ്റിലെ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ്. 

ഇതേ ഫാക്റ്റ് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാം: 

Video From Germany Shared As FIFA World Cup 2022 Qatar

നിഗമനം

വൈറൽ വീഡിയോയിലൂടെയുള്ള അവകാശവാദം തെറ്റാണെന്ന് ഫാക്റ്റ് ക്രെസെൻഡോ കണ്ടെത്തി. ജർമ്മനിയിലെ മ്യൂണിക്കിലെ അലയൻസ് അരീനയിൽ ജർമ്മനിയും ഇംഗ്ലണ്ടും തമ്മിലുള്ള നേഷൻസ് ലീഗ് ഫുട്ബോൾ മത്സരത്തിനിടെ 2022 ജൂൺ 7 ന് എടുത്ത വീഡിയോയാണ്, ഫിഫ ലോകകപ്പ് 2022 ഖത്തർ സ്റ്റേഡിയത്തിൽ നിന്നുള്ളതാണെന്ന്  തെറ്റായി ചിത്രീകരിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഫൂട്ബോള്‍ പ്രേമി ഗാലറിയിൽ നിന്ന് മൈതാനത്തേക്ക് പേപ്പർ വിമാനം പറത്തുന്ന രസകരമായ വീഡിയോയ്ക്ക് ഫിഫ ലോകകപ്പുമായി ബന്ധമില്ല…

Fact Check By: Vasuki S 

Result: Misleading