
ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് പരിശോധിക്കുന്ന ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയെ കുറിച്ചുള്ള ചൂടേറിയ ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ പുരോഗമിക്കുകയാണ്. ബിജെപി അനുകൂലികൾ ഡോക്യുമെന്‍ററിയെ വിമർശിക്കുമ്പോൾ പലതും വെളിപ്പെടുത്തുന്നതാണ് ഡോക്യുമെന്‍ററിയെന്നും കണ്ടിരിക്കണമെന്നും പ്രതിപക്ഷം ക്യാമ്പയിന്‍ നടത്തുന്നു. ഇതിനിടെ ഡോക്യുമെന്‍ററിക്കെതിരെ ബ്രിട്ടീഷുകാര്‍ തന്നെ ബിബിസിയുടെ മുന്നിൽ പ്രതിഷേധിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
വീഡിയോ ദൃശ്യങ്ങളിൽ ആയിരക്കണക്കിന് ആളുകള്‍ ലണ്ടനിൽ ബിബിസിയുടെ ഓഫീസിനു മുന്നിൽ ഷെയിം ഓൺ യു (നിങ്ങളെ കുറിച്ച് ലജ്ജിക്കുന്നു) എന്ന മുദ്രാവാക്യം ഉറക്കെ വിളിക്കുന്നത് കേൾക്കാം. വാക്സിനുകളെ കുറിച്ച് ബിബിസി യഥാർത്ഥ വാർത്തകൾ പുറത്തു വരാതെ ഒളിപ്പിക്കുകയാണെന്ന്, മുമ്പിലുള്ള സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന അവതാരക ആരോപിക്കുന്നുണ്ട്. മുന്നിൽ നിൽക്കുന്ന ജനക്കൂട്ടം അവരെ പിന്തുണച്ച് ആർത്തു വിളിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് ബിബിസി പുറത്തിറക്കിയ ഡോക്യുമെന്‍ററിക്കെതിരെ പ്രതിഷേധിച്ച് ബ്രിട്ടീഷുകാര്‍ ബിബിസിയുടെ മുന്നിൽ ഒത്തുകൂടിയ ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ലണ്ടനിലെ ബിബിസി ബ്രോഡ്‌കാസ്റ്റിംഗ് ഹൗസിന് പുറത്ത് നടന്ന പ്രകടനത്തിൽ ബ്രിട്ടീഷ് പൊതുജനങ്ങൾ ബിബിസിയോട് “നിങ്ങളുടെ നാണക്കേട്” എന്ന് മന്ത്രിക്കുന്നു. സ്വന്തം രാജ്യത്ത് വെറുക്കപ്പെടുകയും മറ്റ് രാജ്യങ്ങളിൽ വ്യാജ പ്രചരണം നടത്തുകയും ചെയ്യുന്നു. ഇന്ത്യ #BBC #BBC ഡോക്യുമെന്ററി”
എന്നാൽ ബിബിസിയുടെ മോദി ഡോക്യുമെന്‍ററിയുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും മറ്റൊരു കാര്യത്തിനെതിരെയുള്ള പ്രതിഷേധമാണിതെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി
വസ്തുത ഇതാണ്
ഞങ്ങൾ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോൾ rollingstone എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനം ലഭിച്ചു.കോവിഡ് വാക്സിന്‍ മനുഷ്യ ശരീരത്തിനു ഹാനികരമായ പല പരിണിത ഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ബിബിസി പോലുള്ള മാധ്യമങ്ങള്‍ വാക്സിനെതിരെയുള്ള വാര്‍ത്തകള്‍ മറച്ചു വയ്ക്കുകയാണെന്നും ആരോപിച്ചാണ് ബിബിസിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയത്. അല്ലാതെ നരേന്ദ്ര മോദിയെ കുറിച്ച് പുറത്തിറക്കിയ ഡോക്യുമെന്‍ററിയ്ക്ക് എതിരെയുള്ള പ്രതിഷേധമല്ലിത്.
“പരിപാടിയിൽ പങ്കെടുത്തവരിൽ പ്രമുഖ ആന്‍റി-വാക്‌സർ റോബർട്ട് എഫ്. കെന്നഡി ജൂനിയറും കൊവിഡ്-19 നെതിരെയുള്ള വാക്സിനേഷനെതിരായി ട്വീറ്റ് ചെയ്തതിന് ദിവസങ്ങൾക്ക് മുമ്പ് പാർട്ടി സസ്‌പെൻഡ് ചെയ്ത കൺസർവേറ്റീവ് എംപി ആൻഡ്രൂ ബ്രിഡ്ജനും ഉൾപ്പെടുന്നു. “ഹോളോകോസ്റ്റിനു ശേഷമുള്ള ഏറ്റവും വലിയ കുറ്റകൃത്യമെന്ന്” തടിച്ചുകൂടിയ പ്രതിഷേധകരോട് അദ്ദേഹം പറഞ്ഞു: സുരക്ഷിതമെന്ന് അവര്‍ പറഞ്ഞത് നുണയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിബിസിയുടെ മുന്നില്‍ ‘ലജ്ജിക്കുന്നു’ എന്ന ആക്രോശങ്ങളും ‘ബിബിസി നിരോധിക്കുക എന്ന് മുദ്രാവാക്യങ്ങളും പ്രതിഷേധകര്‍ മുഴക്കി.”- ലേഖനം വിശദമാക്കുന്നു.
പ്രചരിക്കുന്ന വൈറൽ വീഡിയോ ട്വിറ്റർ യൂസർ പങ്കുവെച്ചത് ലേഖനത്തോടൊപ്പം ചേർത്തിട്ടുണ്ട്.
വൈറൽ വീഡിയോയുടെ താഴെയായി ‘ഒറാക്കിൾ ഫിലിം’ എന്ന വാട്ടർ മാർക്ക് നൽകിയിട്ടുണ്ട് ഈ സൂചന ഉപയോഗിച്ച് കൂടുതൽ തിരഞ്ഞപ്പോൾ ടെലഗ്രാമിൽ നിന്നും അവരുടെ ഔദ്യോഗിക ചാനൽ ലഭിച്ചു. ചാനലിൽ ഇതേ വീഡിയോ നൽകിയിട്ടുണ്ട്.

വീഡിയോ മുഴുവൻ കാണുവാനും വീഡിയോയുടെ ഉദ്ദേശലക്ഷ്യങ്ങൾ അറിയാനും രണ്ട് ലിങ്കുകൾ ടെലഗ്രാം ചാനലിൽ നൽകിയിട്ടുണ്ട് ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ തിരഞ്ഞപ്പോൾ റമ്പിള്‍ എന്ന പ്ലാറ്റ്ഫോമില്‍ ഇതേ വീഡിയോ നൽകിയിട്ടുള്ളതായി കണ്ടു.
മറ്റൊരു ലിങ്ക് കൊവിലീക്സ് എന്ന പേരിലുള്ളതാണ്. അതിൽ നൽകിയിട്ടുള്ള വിവരങ്ങൾ ഇങ്ങനെ:
COVID-19 വാക്‌സിനുകളുടെ ഫലമായി ജീവിതത്തെ മാറ്റിമറിക്കുന്ന പരിക്കുകളും മരണങ്ങളും ഉൾപ്പെടെയുള്ള നാശനഷ്ടങ്ങളെ കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഈ കാമ്പെയ്‌ന്‍റെ ലക്ഷ്യം. വിവിധ ഗ്രൂപ്പുകളെ അവരുടെ ദൗത്യങ്ങളിലും പ്രചാരണങ്ങളിലും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ. മുഖ്യധാരാ മാധ്യമങ്ങൾ വസ്‌തുതകളെ അടിച്ചമർത്തുന്നതിനെതിരെ ഫലമായ പൊതുബോധത്തെ നാം മാറ്റേണ്ടതുണ്ട്.
ഏറ്റവും പ്രധാനമായി, പരിക്കേറ്റവർക്കും ദുഃഖിതർക്കും ശബ്ദം നൽകാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. കൊവിഡ് വാക്‌സിൻ ഇരകളെ പറ്റിയുള്ള ബോധവൽക്കരണ വിവരങ്ങളെക്കുറിച്ചും നിങ്ങൾക്ക് എങ്ങനെ ഇടപെടാം എന്നതിനെക്കുറിച്ചും ഇവിടെ നിങ്ങൾ കണ്ടെത്തും.”

കൂടുതല്‍ വിവരങ്ങള്‍ താഴെയുള്ള വീഡിയോയിലുണ്ട്:
പ്രധാനമന്ത്രി നരേന്ദ്രമോദി മോദിയെ കുറിച്ച് ബിബിസി പുറത്തിറക്കിയ ഡോക്യുമെന്‍ററിക്കെതിരെ ലണ്ടനിൽ എന്തെങ്കിലും പ്രതിഷേധം നടന്നിരുന്നോ എന്നും ഞങ്ങൾ അന്വേഷിച്ചു. “ഇന്ത്യ വിരുദ്ധ’ ബിബിസിയുടെ ലണ്ടൻ ആസ്ഥാനത്തിന് പുറത്ത് ഇന്ത്യൻ പ്രവാസികൾ പ്രതിഷേധിക്കും” എന്ന തലക്കെട്ടില്‍ ഫസ്റ്റ്പോസ്റ്റ് ഒരു ലേഖനം നൽകിയിട്ടുണ്ട്.
ഈ പ്രതിഷേധം ജനുവരി 29നാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഇതേക്കുറിച്ച് ബിബിസി ആസ്ഥാനത്തിന് മുന്നിൽ ഇന്ത്യൻ പ്രവാസികളുടെ കൂട്ടായ്മ ജനുവരി 29 ഉച്ചയ്ക്ക് 12 മണിക്ക് പ്രതിഷേധയോഗം സംഘടിപ്പിക്കും എന്ന അറിയിപ്പ് പ്രസിദ്ധീകരിച്ച ട്വീറ്റ് ഒപ്പം നൽകിയിട്ടുണ്ട്.
ഇന്ത്യൻ പ്രവാസികളാണ് ലണ്ടനിൽ പ്രതിഷേധം സംഘടിപ്പിച്ചിക്കുന്നത്, ബ്രിട്ടീഷുകാരല്ല എന്നാണ് വാർത്തയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. പോസ്റ്റിലെ വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ വൈറൽ വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ബിബിസി ചാനൽ പുറത്തിറക്കിയ ഡോക്യുമെന്‍ററിക്കെതിരെ പ്രതിഷേധിക്കുന്ന ബ്രിട്ടീഷുകാരാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നത് തെറ്റായ പ്രചരണമാണ്. കോവിഡ് വാക്സിൻ മൂലം ജീവിതം തന്നെ ഇല്ലാതാക്കുന്ന പരിക്കുകളും മരണങ്ങളും ഉൾപ്പെടെ നാശനഷ്ടങ്ങൾ ബിബിസി റിപ്പോർട്ട് ചെയ്യാതിരിക്കുകയോ മറച്ചുവയ്ക്കുകയോ ചെയ്തു എന്ന ആരോപണവുമായി നടത്തുന്ന ക്യാമ്പയിന്‍റെ ഭാഗമാണ് ദൃശ്യങ്ങളില്‍ കാണുന്ന പ്രതിഷേധം. നരേന്ദ്രമോദിയെ കുറിച്ച് ബിബിസി നിർമ്മിച്ച ഡോക്യുമെന്‍ററിയുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:മോദി ഡോക്യുമെന്‍ററിക്കെതിരെ ബ്രിട്ടീഷുകാര്‍ തന്നെ ബിബിസിയുടെ മുന്നിൽ പ്രതിഷേധിക്കുന്നു- ദൃശ്യങ്ങളുടെ യാഥാര്‍ഥ്യമിതാണ്…
Fact Check By: Vasuki SResult: MISLEADING
