ബേപ്പൂര്‍ കോട്ടയില്‍ നിന്നും ലഭിച്ച ടിപ്പുവിന്‍റെ നിധി… പ്രചരിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം ഇതാണ്…

അന്തര്‍ദേശീയ സാമൂഹികം

മൈസൂർ രാജാവായ ടിപ്പു കോഴിക്കോടിനടുത്തുള്ള ഫെറോക്കിൽ മലബാറിന്‍റെ തലസ്ഥാനമായ ഫറോഖാബാദിന്‍റെ ഭാഗമായി രൂപകല്പന ചെയ്ത, ഒരു കോട്ടയെക്കുറിച്ച് ഈയിടെ അറിയപ്പെടാത്ത ചില വസ്തുതകൾ പുറത്തുവന്നിരുന്നു. കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട ടിപ്പു സുൽത്താൻ നിർമ്മിച്ച കേരളത്തിലെ ഏക കോട്ടയായിരുന്നു.

കേരള സംസ്ഥാന പുരാവസ്തുവകുപ്പ് പ്രദേശത്ത് നടത്തിയ ഖനനത്തിലാണ് ചില വിവരങ്ങള്‍ വെളിച്ചത്തുവന്നത്. വില്യം ലോഗന്‍റെ മലബാർ മാനുവൽ, ജോയിന്‍റ് കമ്മീഷണറുടെ ‘മലബാറിനെക്കുറിച്ചുള്ള റിപ്പോർട്ട്’, മൊഹിബുൾ ഹസന്‍റെ ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താന്‍ ചരിത്രരേഖകൾ തുടങ്ങിയവയിലെ വിവരങ്ഗ്ല് പ്രകാരം 1786-നും 1790-നും ഇടയിൽ ചാലിയാർ നദിയുടെ തെക്കേ കരയിൽ കോട്ട പണിയാൻ ടിപ്പു പദ്ധതിയിട്ടിരുന്നതായി പറയുന്നു. എന്നാല്‍ നിര്‍മ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പൂർണമായും ടിപ്പു നിർമിച്ച കേരളത്തിലെ ഏക കോട്ട ഫറോക്കിലെതാണെന്ന് പുരാവസ്തു വകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

സെപ്റ്റംബർ മാസം ഒടുവിൽ ഖനനത്തെ കുറിച്ചുള്ള വാർത്ത പുറത്തുവന്നശേഷം സാമൂഹ്യമാധ്യമങ്ങളില്‍ ടിപ്പുവിന്‍റെ നിധിശേഖരം കണ്ടെത്തി എന്ന പേരിൽ ചില പ്രചാരണങ്ങൾ നടത്തുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. 

 പ്രചരണം

ഖനനത്തിന്‍റെ ദൃശ്യങ്ങളാണ് കാണാൻ സാധിക്കുന്നത്. ഖനനത്തിനിടെ പുരാതന ശൈലിയിലുള്ള ഒരു പാത്രം കണ്ടു കിട്ടുന്നത് കാണാം.  മുത്തശ്ശി കഥകളിലെ പോലെ നിധിയുടെ കാവൽക്കാരൻ ഇവിടെയും പാമ്പ് തന്നെയാണ്. പാത്രം തുറക്കുമ്പോൾ പെട്ടെന്ന് പാമ്പിനെയാണ് കാണുന്നത്. ഒരു തവള, കൂടാതെ പുരാതന ശൈലിയിലുള്ള ഒരു സ്വര്‍ണ്ണമാലയും നിരവധി സ്വർണനാണയങ്ങളും പാത്രത്തില്‍ നിന്നും ഖനനം ചെയ്യുന്ന വ്യക്തി പുറത്തിറക്കുന്നുണ്ട്.

ഇത് ബേപ്പൂരിൽ നിന്നും കിട്ടിയ ടിപ്പുസുൽത്താന്‍റെ നിധിയാണ് എന്ന് സൂചിപ്പിച്ച്  വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ടിപ്പുവിന്റെ കോട്ട ബേപ്പൂരിൽ നിന്നും കണ്ടെടുത്ത നിധി”

archived linkFB post

എന്നാൽ ഇത് ബേപ്പൂരിൽ നിന്നുള്ള ദൃശ്യങ്ങൾ അല്ല എന്ന് അന്വേഷണത്തിൽ വ്യക്തമായി 

വസ്തുത ഇതാണ്

വൈറൽ വീഡിയോയുടെ കമൻറ് ബോക്സിലെ സമീപത്ത് കൂടുതൽ വീഡിയോകൾക്ക് Hazine avcısı എന്ന  ഫേസ്ബുക്ക് പേജ് സന്ദർശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

പ്രസ്തുത പേജ് ഞങ്ങൾ സന്ദർശിച്ചപ്പോൾ ഇതേ വീഡിയോ ആ പേജിൽ പങ്കു വച്ചിട്ടുണ്ട് എന്ന് കാണാൻ കഴിഞ്ഞു. ‘നിങ്ങൾ തുർക്കിയുടെ അതിർത്തിക്കുള്ളിൽ അനുമതിയില്ലാതെ ഗവേഷണം, ഖനനം സാംസ്കാരിക പ്രകൃതി ആസ്തികളുടെ സംരക്ഷണം സംബന്ധിച്ച നിയമമനുസരിച്ച് ശിക്ഷ ലഭിക്കു’മെന്ന് ഡിസ്ക്ലൈമർ പേജില്‍  നൽകിയിട്ടുണ്ട്.

“നിഗൂഢമായ ഒരു നിധി കണ്ടെത്തുന്ന നിമിഷം” എന്ന അടിക്കുറില്‍ ഇതേ വീഡിയോ 2022 സെപ്റ്റംബർ 23-നാണ് നല്‍കിയിട്ടുള്ളത്.  വൈറൽ വീഡിയോയുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോൾ ഇത് പ്രത്യേകം ചിത്രീകരിച്ചതാണ് എന്നു സൂചിപ്പിക്കുന്ന ചില സൂചനകള്‍ ലഭ്യമായി.   “ക്രിയേഷൻ ടീം”  എന്നു കൊടുത്തിരിക്കുന്നതിന് താഴെ Hazine avcısıtreasure.path എന്നിങ്ങനെ പേരുകള്‍ കാണാം. 

Treasure.path (@yourfactsx) ഒരു ഡിജിറ്റൽ ക്രിയേറ്റർ ആണെന്ന് ആ പേജിന്‍റെ എബൗട്ട് സെക്ഷന്‍ സൂചിപ്പിക്കുന്നു. “ലോകത്തിലെ ഏറ്റവും യഥാർത്ഥ പോപ്പുലർ വീഡിയോകൾ നിങ്ങൾക്ക് ഈ പേജിൽ   പിന്തുടരാനാകും എന്ന് കൊടുത്തിട്ടുണ്ട്.

Hazine avcısı യുടെ Facebook പേജിലെ വിവിധ പോസ്റ്റുകൾ ശ്രദ്ധിച്ചാല്‍ വൈറൽ ക്ലിപ്പിൽ കണ്ടതിന് സമാനമായ സ്വർണ്ണ ചെയിൻ മറ്റ് വീഡിയോകളിലും ഉപയോഗിച്ചിട്ടുള്ളതായി കാണാം. 2022 സെപ്റ്റംബർ 6 ലെ ഒരു വീഡിയോയില്‍ “ഭീതിയുണര്‍ത്തുന്ന ഒരു ഗുഹ”ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു പാത്രത്തിൽ നിന്നാണ് ചെയിൻ  കണ്ടെത്തിയത്. അതേസമയം 2022 സെപ്റ്റംബർ 20 ലെ മറ്റൊരു വീഡിയോയില്‍ ഭൂമിയിൽ നിന്ന് കുഴിച്ചെടുത്ത ഒരു ചെറിയ പാത്രത്തിനുള്ളിൽ നിന്നു കണ്ടെത്തുന്നത് ഇതേ മാല തന്നെയാണ്.  ടിപ്പുവിന്‍റെ ബേപ്പൂരിലെ കോട്ടയിൽ നിന്ന് കണ്ടു കിട്ടിയ നിധി എന്ന പേരിൽ വൈറലായ  വീഡിയോയിൽ “പാമ്പ് കാവലിരിക്കുന്ന ഒരു പാത്രത്തിൽ നിന്ന് വീണ്ടെടുക്കുന്ന മാലയും ഇതുതന്നെയാണ് എന്ന് നിസംശയം പറയാം. 

കൂടാതെ, ഞങ്ങൾ Hazine avcısı യുടെ  യുട്യൂബ് ചാനല്‍ പരിശോധിച്ചപ്പോള്‍  വൈറൽ വീഡിയോയുടെ മുഴുവൻ ‘ഖനന’ പ്രക്രിയയും കാണിക്കുന്ന ദൈർഘ്യമേറിയ ഒരു പതിപ്പ് അവിടെ കണ്ടെത്തി. ‘സ്‌കൂപ്പ് ഉപയോഗിച്ച് നിധി കണ്ടെത്തുന്ന നിമിഷം’ എന്ന തലക്കെട്ടോടെ 2022 ജൂലൈ 16-നാണ് അപ്‌ലോഡ് ചെയ്തത്.

ഇംഗ്ലീഷ്, ടർക്കിഷ്, ജോർജിയൻ എന്നീ ഭാഷകളിലാണ് വീഡിയോയുടെ വിവരണം എഴുതിയിരിക്കുന്നത്. വീഡിയോയോടൊപ്പമുള്ള കുറിപ്പ് ഇങ്ങനെയാണ്:  “നിങ്ങൾ തുർക്കിയിലാണ് താമസിക്കുന്നതെങ്കിൽ ഇത് വായിക്കാനും നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും  ഞാൻ ആഗ്രഹിക്കുന്നു. 

“അനുവാദമില്ലാതെ ഗവേഷണം, ഖനനം, എന്നിവ നടത്തുന്നവരെ സംസ്‌കാരത്തിന്‍റെ സംരക്ഷണം പ്രകൃതിദത്തമായ വസ്തുക്കള്‍ സംബന്ധിച്ച നിയമം നമ്പർ 5879 ലെ ആർട്ടിക്കിൾ 74 പ്രകാരം ശിക്ഷിക്കപ്പെടും. ഈ വ്യവസ്ഥ പ്രകാരം; “സാംസ്കാരിക സ്വത്തുക്കൾ കണ്ടെത്തുന്നതിനായി അനുമതിയില്ലാതെ കുഴിക്കുകയോ തുരക്കുകയോ ചെയ്യുന്ന ആർക്കും രണ്ട് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ശ്രദ്ധിക്കുക: പ്രദർശിപ്പിച്ചിരിക്കുന്ന എല്ലാ രംഗങ്ങളും എഡിറ്റ് ചെയ്തവയാണ്.”

കൂടാതെ, ജോർജിയൻ ഭാഷയിലുള്ള വിവരണം ഇങ്ങനെ: “ശ്രദ്ധിക്കുക. ഇതെല്ലാം കൃത്രിമമായി നിർമിച്ചതാണ്, യഥാർത്ഥമല്ല. എല്ലാ വീഡിയോകളും സാങ്കൽപ്പികമാണ്. ആളുകളെ രസിപ്പിക്കുക എന്നതാണ് ലക്ഷ്യം. ”

കൂടാതെ, 2022 മെയ് 21 ന് അപ്‌ലോഡ് ചെയ്‌ത മറ്റൊരു വീഡിയോ ദൃശ്യങ്ങളില്‍ 3 മീറ്ററിൽ നിന്ന് ഒരു തവി ഉപയോഗിച്ച് പെട്ടി നിറയെ സ്വർണ്ണം എടുത്തു’ എന്ന തലക്കെട്ടിലുള്ള വീഡിയോയുടെ  16 മിനിറ്റിൽ, വൈറൽ വീഡിയോയിൽ കണ്ടത് പോലെയുള്ള അതേ പാത്രം കുഴിച്ചെടുക്കുന്നത്  കാണാം. 

ടിപ്പുവിന്‍റെ ബേപ്പൂരിലെ കോട്ടയിൽ നിന്ന് കണ്ടു കിട്ടിയ നിധി എന്ന പേരില്‍ കാണിക്കുന്നത് മറ്റൊരു രാജ്യത്തു നിന്നുള്ള ദൃശ്യങ്ങളാണ്. 

നിഗമനം 

പോസ്റ്റിലെ വീഡിയോ ദൃശ്യങ്ങള്‍ക്കൊപ്പമുള്ള വിവരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ബേപ്പൂരിലെ ടിപ്പു സുല്‍ത്താന്‍റെ കോട്ടയില്‍ നിന്നും ഖനനത്തിലൂടെ ലഭിച്ച നീതിയുടെ ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് ടര്‍ക്കിയില്‍ നിന്നും ഡിജിറ്റല്‍ ക്രിയേഷന്‍ വഴി നിര്‍മ്മിച്ച ദൃശ്യങ്ങളാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബേപ്പൂര്‍ കോട്ടയില്‍ നിന്നും ലഭിച്ച ടിപ്പുവിന്‍റെ നിധി… പ്രചരിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം ഇതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •