യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രളയക്കെടുതിയിൽ പാഠ പുസ്തകം നഷ്ടപ്പെട്ട കുട്ടികൾക്ക്‌ യുപിയിലെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുമെന്ന് പറഞ്ഞോ..?

രാഷ്ട്രീയം

വിവരണം 

ശ്രീജിത്ത് പന്തളം‎ ‎ എന്ന പ്രൊഫൈലിൽ നിന്നും DEMOCRATIC THINKERS ജനാധിപത്യ ചിന്തകർ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് 2019 ഓഗസ്റ്റ് 14 ന്   പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയും   ജനറൽ ലോക്സഭാ തെരെഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന കെ സുരേന്ദ്രന്‍റേയും ചിത്രങ്ങളും ഒപ്പം കേരളത്തിൽ പ്രളയക്കെടുതി മൂലം പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് യോഗി സർക്കാർ യുപിയിലെ പാഠ പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്യും. ജയ് ബിജെപി ജയ് യോഗി..” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്. പോസ്റ്റിനു അടിക്കുറിപ്പായി “കേരളത്തിൽ പ്രളയക്കെടുതി മൂലം പാഠപുസ്തകങ്ങൾ നഷ്ട്ടപെട്ട കുട്ടികൾക്ക് യോഗി സർക്കാർ യുപിയിലെ പാഠപുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്യും..?

കയ്യടിച്ചു കേരള ജനത…പൂജനീയ യോഗി മഹാരാജാവിന് ശതകോടി പ്രമാണം….????” എന്നും ചേർത്തിട്ടുണ്ട്.

archived listFB post

പോസ്റ്റിൽ നൽകിയിരിക്കുന്ന വാദഗതി  കേരളം കഴിഞ്ഞ ഏതാനും ആഴ്ചകളിൽ അഭിമുഖീകരിച്ച പ്രളയത്തിൽ പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ യുപിയിലെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യും എന്നാണ്. കേരളത്തിലെ കുട്ടികൾക്ക് കേരളത്തിലെ പാഠപുസ്തകങ്ങളാണ് ആവശ്യമുള്ളത്. യുപിയിലെ പാഠപുസ്തകങ്ങൾ കേരളത്തിലെ കുട്ടികൾക്ക് ഏത് സന്ദർഭത്തിലാണ് യുപി മുഖ്യമന്ത്രി പറഞ്ഞത്..? നമുക്ക് ഈ വാർത്തയുടെ വസ്തുത അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം 

ഈ  പോസ്റ്റിന്‍റെ വിശദാംശങ്ങളറിയാൻ ഞങ്ങൾ പ്രമുഖ ദിനപത്രങ്ങളുടെ വെബ്‌സെറ്റുകൾ പരിശോധിച്ചു. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചതായി  കാണാൻ കഴിഞ്ഞില്ല. കഴിഞ്ഞ പ്രളയശേഷം യോഗി സർക്കാർ കേരളത്തിന് 15 കോടി സംഭാവന ചെയ്തു എന്ന് വാർത്തകളുണ്ട്. തുടർന്ന് ഞങ്ങൾ യോഗി ആദിത്യനാഥ്‌ന്‍റെ ഫേസ്ബുക്ക്  പേജ് ട്വിറ്റർ തുടങ്ങിയ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ വാർത്ത തിരഞ്ഞു. എന്നാൽ കേരളത്തിൽ  ഇത്തവണ പ്രളയാനന്തര സഹായമായി എന്തെങ്കിലും സഹായം നൽകുന്നതായി അദ്ദേഹം പോസ്റ്റുകൾ ഒന്നും തന്നെ ചെയ്തിട്ടില്ല. 

ഞങ്ങൾ കൂടുതൽ അറിയാനായി യുപി സർക്കാരിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ്  പരിശോധിച്ചു. അവരുടെ പബ്ലിക്ക് റിലേഷൻസ് ഡിപ്പാര്‍ട്ട്മെന്‍റ് സർക്കാർ ചെയ്യുന്ന കാര്യങ്ങളുടെ എല്ലാം അപ്‌ഡേറ്റുകൾ കൃത്യമായി നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത അവിടെയും കാണാനില്ല. തുടർന്ന് ഞങ്ങൾ ബിജെപി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി  ജി ഗിരീശനുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “ഇങ്ങനെ ഒരു അറിയിപ്പ് ഞങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. മാത്രമല്ല  ഇത് വെറും ഫേക്ക് ന്യൂസ് ആണ്. ഇതിനായി മാത്രം കുറെ പ്രൊഫൈലുകളുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.  ഇത്തരം നിരവധി വ്യാജ പ്രചരണങ്ങൾ ഫേസ്‌ബുക്കിൽ വരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനിയും തുടർന്നാൽ നിയമനടപടി സ്വീകരിക്കും.” 

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഈ പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്ത തെറ്റിധാരണ പരത്താനായി മനഃപൂർവം പ്രചരിപ്പിക്കുന്നതാണ് എന്നാണ്. യുപി മുഖ്യമന്ത്രി  യോഗി ആദിത്യനാഥ്‌ കേരളത്തിൽ പ്രളയത്തിൽ പാഠപുസ്തകം നഷ്ടപ്പെട്ട കുട്ടികൾക്ക് യുപിയിലെ പാഠപുസ്തകം നൽകും എന്ന് എവിടെയും പറഞ്ഞിട്ടില്ല. ബിജെപി കേരള സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഇക്കാര്യം ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. 

നിഗമനം 

 ഈപോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും വ്യാജമായ വിവരമാണ്. കേരളം 2019 ൽ അഭിമുഖീകരിച്ച  പ്രളയക്കെടുതിയിൽ പാഠപുസ്തകം നഷ്ടപ്പെട്ട കുട്ടികൾക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യുപിയിലെ പാഠ പുസ്തകങ്ങൾ വിതരണം ചെയ്യുമെന്നത് തെറ്റിധാരണ പരത്താനുള്ള വ്യാജ പ്രചരണമാണ്. അതിനാൽ മാന്യ വായനക്കാർ ഈ പോസ്റ്റ് ഷെയർ ചെയ്യാതിരിക്കുക.

Avatar

Title:യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രളയക്കെടുതിയിൽ പാഠ പുസ്തകം നഷ്ടപ്പെട്ട കുട്ടികൾക്ക്‌ യുപിയിലെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുമെന്ന് പറഞ്ഞോ..?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •