പിണറായി വിജയനെപ്പറ്റി വിഎസ് അച്യുതാനന്ദൻ തരംതാണ പരാമർശം നടത്തിയോ…?

രാഷ്ട്രീയം

വിവരണം

ചെങ്കോടിയുടെ ചുവപ്പ് മാറ്റി കാവി ആക്കണം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  ഏപ്രിൽ 27  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ചുരുങ്ങിയ സമയം കൊണ്ട് 4000 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മുതിർന്ന സിപിഎം  നേതാവായ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റി നടത്തിയ തരംതാണ  പരാമർശങ്ങളാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പിണറായി വിജയന് ഭരിക്കാൻ അറിയില്ലെങ്കിൽ മറ്റു ചില പണികൾക്ക് പോകണമെന്നും പിണറായിയെപ്പോലെ നാണവും മാനവുമില്ലാത്തയാളെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും  വിഎസ് പറഞ്ഞതായി  പോസ്റ്റിൽ ഉന്നയിക്കുന്നു.

archived link FB post

വിഎസ് അച്യുതാനന്ദൻ പരാമർശങ്ങളിലൂടെ പലപ്പോഴും ശ്രദ്ധ നേടുന്നയാളാണ്. രാഷ്ട്രീയ എതിരാളികളെ അദ്ദേഹം പലപ്പോഴും നർമ്മം കലർന്ന പേരുകളിൽ സംബോധന ചെയ്യുമ്പോൾ എതിർ ചേരിയിലുള്ളവർ പോലും അത് ആസ്വദിക്കാറുള്ളതായി നിരവധി തവണ മാധ്യമങ്ങളിലൂടെ നാം വായിച്ചും കേട്ടും അറിഞ്ഞിട്ടുള്ളതാണ്. എ കെ ആന്റണിയെ ‘ആറാട്ട് മുണ്ടനെ’ന്നും രാഹുൽ ഗാന്ധിയെ ‘അമുൽ ബേബി’ എന്നും  പ്രസംഗത്തിനിടയിൽ സംബോധന ചെയ്തത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.  എന്നാൽ സ്വന്തം പാർട്ടിയിൽ നിന്നും മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട പിണറായി വിജയനെപ്പറ്റി വിഎസ് അച്യുതാനന്ദൻ ഇത്തരത്തിൽ മോശം പരാമർശം നടത്തിയോ….. നമുക്ക് പോസ്റ്റിന്‍റെ വസ്തുത ഒന്ന് അന്വേഷിച്ചു നോക്കാം

വസ്തുതാ വിശകലനം

പോസ്റ്റ് വിശ്വാസ്യത ഇല്ലാത്ത ഒന്നാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും. കാരണം ഈ പരാമർശം വിഎസ് എപ്പോൾ നടത്തി എന്നതിന് യാതൊരു തെളിവുകളും പോസ്റ്റിൽ നൽകിയിട്ടില്ല. പോസ്റ്റിന്  ലഭിച്ചിരിക്കുന്ന കമൻറുകളിൽ ഈ സംശയം പലരും ചോദിക്കുന്നുണ്ട്.

തുടർന്ന്  ഞങ്ങൾ ഈ പ്രസ്താവനയെപ്പറ്റി മാധ്യമ  വാർത്തകളെന്തെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന്  ഏറെ അന്വേഷിച്ചു നോക്കി. വിഎസ് അച്യുതാനന്ദൻ തന്‍റെ സ്വന്തം പാർട്ടിയിലെ മുഖ്യമന്ത്രി പദവിയിലിരിക്കുന്ന ഒരാളെപ്പറ്റി തരംതാണ പരാമർശം പ്രസംഗത്തിലൂടെയോ അല്ലെങ്കിൽ മറ്റു പൊതു ചടങ്ങുകളിലോ നടത്തുകയാണെങ്കിൽ അത് തീർച്ചയായും മാധ്യമങ്ങൾ വാർത്തയാക്കും.കൂടാതെ രാഷ്ട്രീയ എതിരാളികൾ പോരാടാൻ  ആയുധമാക്കുകയും ചെയ്യും. സാമൂഹ്യ മാധ്യമങ്ങളിലടക്കം പരാമർശം ചർച്ച ചെയ്യപ്പെടും. എന്നാൽ ഈ പോസ്റ്റിലല്ലാതെ ഈ പരാമർശം എവിടെയും കാണാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ ഞങ്ങൾ വിഎസ്സിന്റെയും പിണറായിയുടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചു. ഇതേപ്പറ്റി യാതൊരു സൂചനകളും ലഭ്യമല്ല.

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ വിഎസ് അച്യുതാനന്ദന്‍റെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടു നോക്കി. അദ്ദേഹത്തിൻറെ പേഴ്‌സണൽ  സ്റ്റാഫായ  ഉദയകുമാറിനെയാണ് ലൈനിൽ ലഭിച്ചത് . ഉദയകുമാറിനോട് പ്രസ്തുത പരാമർശത്തെപ്പറ്റി തിരക്കി. ” വിഎസ് തികഞ്ഞ കമ്മ്യൂണിസ്റ്റാണ്. അദ്ദേഹം ആരെപ്പറ്റിയും ഒരിക്കലും ഇങ്ങനെ പറയില്ല. പിണറായി വിജയനെപ്പറ്റി ഇങ്ങനെ പറഞ്ഞിട്ടേയില്ല. ഇത് ആരോ മനപ്പൂർവം ചെയ്തതാണ്. പോസ്റ്റുമായി  വിഎസ്സിന് യാതൊരു ബന്ധവുമില്ല.” ഇതായിരുന്നു അദ്ദേഹത്തിൻറെ വിശദീകരണം

ഞങ്ങളുടെ പരിശോധനയിൽ നിന്നും വ്യക്തമാകുന്നത് പോസ്റ്റ്  തെറ്റായ വിവരം പ്രചരിപ്പിക്കുന്നതാണ് എന്നാണ്. രാഷ്ട്രീയപരമായ വിരോധം തീർക്കാൻ മാത്രം സൃഷ്ടിച്ച പോസ്റ്റാണിത്.

നിഗമനം

ഈ പോസ്റ്റിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് പൂർണമായും തെറ്റായ കാര്യമാണ്. കേരളാ മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റി കേരളത്തിലെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായ വിഎസ് അച്യുതാനന്ദൻ തരംതാണ പരാമർശം പോസ്റ്റിൽ ഉന്നയിക്കുന്നതുപോലെ നടത്തിയിട്ടില്ല. അതിനാൽ വ്യാജമായ ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് പ്രീയ വായനക്കാരോട് അപേക്ഷിക്കുന്നു.

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:പിണറായി വിജയനെപ്പറ്റി വിഎസ് അച്യുതാനന്ദൻ തരംതാണ പരാമർശം നടത്തിയോ…?

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •