RAPID FC : ഇപ്പോള്‍ കെ-റെയില്‍ സമരത്തില്‍ പങ്കെടുത്ത ഇതെ സ്ത്രീ തന്നെയാണോ മുന്‍പ് തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്തും കോട്ടയത്തും സമരം ചെയ്ത ആ കോണ്‍ഗ്രസ് പ്രവര്‍ത്തക? വസ്‌തുത അറിയാം..

രാഷ്ട്രീയം

കെ-റെയില്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. നിരവധി പേരെയാണ് പോലീസ് കെ-റെയില്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്. സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് കല്ലുകള്‍ ഇടുന്ന സ്ഥലങ്ങളിലാണ് പ്രക്ഷോഭങ്ങള്‍ നടക്കു്ന്നത്. നിരവധി വീഡിയോകള്‍ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നുണ്ട്. അതിനിടയിലാണ് മുന്‍പ് പുതുപ്പള്ളിയിലും കൊല്ലത്തുമെല്ലാം കോണ്‍ഗ്രസിന് വേണ്ടി സമരം ചെയ്ത സ്ത്രീ ഇപ്പോള്‍ കെ-റെയില്‍ സമരത്തിനുമെത്തിയിട്ടുണ്ട് എന്ന പേരില്‍ വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്.

അനങ്ങന്നടി സൈബര്‍ സഖാക്കള്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഇതെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഈ സെച്ചി അല്ലേ ആ സെച്ചി🥴🚶‍️ പുതുപ്പള്ളിയിലും , കൊല്ലത്തും ഇന്നലെ KRail സമരത്തിനും😇ആകെകൂടി കൺഫ്യൂഷൻ ആയാലോ.. എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് നിരവധി ഷെയറുകളും റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Video 

എന്നാല്‍ ഈ മൂന്ന് വീഡിയോയിലുമുള്ളത് ഒരെ സ്ത്രീ തന്നെയാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

2021ലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലത്ത് ബിന്ദുകൃഷ്ണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക ബിന്ദു കൃഷ്ണയ്ക്ക് വേണ്ടി സമരം ചെയ്യുന്നതും കോട്ടയം പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കാനില്ലെന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ അവിടെ പ്രതിഷേധിച്ച പ്രവര്‍ത്തകരുടെ വീഡിയോയാണ് പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഈ വീഡിയോയിലുള്ളവര്‍ രണ്ടും രണ്ട് സ്ത്രീകളാണെന്ന് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം മുന്‍പ് തന്നെ ഫാക്‌ട് ചെക്ക് ചെയ്തിരുന്നു. 2021 മാര്‍ച്ച് 16നാണ് ഫാക്‌ട് ചെക്ക് ചെയ്തത്.

പുതുപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് അംഗമായ സൂസന്‍ ചാണ്ടിയാണ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി അന്ന് മുദ്രാവാക്യം മുഴക്കിയ ആ കോണ്‍ഗ്രസ് പ്രവര്‍ത്തക. സൂസന്‍ ചാണ്ടി തന്നെ ഈ വിവരം ഞങ്ങളെ വീഡിയോ സഹിതം അയച്ചു നല്‍കി ബോധ്യപ്പെടുത്തിയതുമാണ്.

സൂസന്‍ ചാണ്ടി സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണത്തെ കുറിച്ച് ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിനോട്  പ്രതികരിച്ചപ്പോള്‍-

ബിന്ദു കൃഷ്ണയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണം എന്ന് ആവശ്യപ്പെട്ട് വൈകാരികമായി തന്‍റെ പ്രതിഷേധം അറിയിക്കുന്ന സ്ത്രീയുടെ പേര് ബ്രിജിറ്റ് പള്ളിത്തോട്ടം എന്നാണ്. കൊല്ലം സ്വദേശിനിയായ ബ്രിജിറ്റ് മഹിളാ കോണ്‍ഗ്രസിന്‍റെയും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്‍റെയും ജില്ലാ സെക്രട്ടറിയാണ്. ബിന്ദു കൃഷ്ണയെ കൊല്ലം സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ത്തിയത് തങ്ങളുടെ നേതൃത്വത്തിലാണെന്ന് ബ്രിജിറ്റ് അന്ന് ഫാക്‌ട് ക്രെസെന്‍‍ഡോ മലയാളത്തിനോട് പറഞ്ഞിരുന്നു.

ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന്‍റെ ഫാക്‌ട് ചെക്ക് സ്ക്രെീന്‍ഷോട്ട്-

Fact Ccrescendo Malayalam Fact Check 

ഇവര്‍ രണ്ട് പേരും രണ്ട് വ്യത്യസ്ഥ ജില്ലകളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് അന്ന് തന്നെ കണ്ടെത്താനും കഴിഞ്ഞിരുന്നു. ഇപ്പോള്‍ കെ-റെയിലുമായ ബന്ധപ്പെട്ട പ്രക്ഷോഭത്തിലെ സ്ത്രീയെ കുറിച്ച് അറിയാന്‍ യൂട്യൂബില്‍ കെ-റെയില്‍ എന്ന കീ വേര്‍ഡ് സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ മാതൃഭൂമി വാര്‍ത്തയില്‍ ഇവര്‍ അറസ്റ്റിലായ സാഹചര്യം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്ന വാര്‍ത്ത വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. കോട്ടയം തൃക്കൊടിത്താനം സ്വദേശിനിയായ വീട്ടമ്മയാണ് കെ-റെയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ഇത്തരത്തില്‍ അറസ്റ്റ് വരിച്ചതെന്ന് വാര്‍ത്തയിലൂടെ വ്യക്തമാണ്.

യൂട്യൂബില്‍ ലഭിച്ച മാതൃഭൂമി വാര്‍ത്തയുടെ വിശദവിവരങ്ങള്‍-

മുന്‍പ് തെറ്റായ തലക്കെട്ടോടെ പ്രചരിച്ച രണ്ട് ജില്ലകളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോയുടെ ഒപ്പം ഇപ്പോള്‍ മൂന്നാമത് മറ്റൊരാളെ കൂടി ചേര്‍ത്ത് വ്യാജ പ്രചരണം നടത്തുകയാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. രണ്ട് വീഡിയോയിലുള്ളവരുമായി മുഖസാദൃശ്യം പോലും ഇല്ലാത്ത സ്ത്രീയാണ് കെ-റെയില്‍ സമരത്തില്‍ പങ്കെടുത്തിട്ടുള്ളതെന്ന് അനായാസം കണ്ടെത്താന്‍ കഴിയുന്നതുമാണ്.

നിഗമനം

ഇപ്പോള്‍ കെ-റെയില്‍ സമരത്തില്‍ പങ്കെടുത്ത സ്ത്രീയാണ് മുന്‍പ് കൊല്ലത്തും കോട്ടയത്തും കോണ്‍ഗ്രസിന് വേണ്ടി സമരത്തില്‍ പങ്കെടുത്തതെന്ന പ്രചരണം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവര്‍ മൂന്നു പേരും മൂന്ന് വ്യത്യസ്ഥ ഇടങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:RAPID FC : ഇപ്പോള്‍ കെ-റെയില്‍ സമരത്തില്‍ പങ്കെടുത്ത ഇതെ സ്ത്രീ തന്നെയാണോ മുന്‍പ് തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്തും കോട്ടയത്തും സമരം ചെയ്ത ആ കോണ്‍ഗ്രസ് പ്രവര്‍ത്തക? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •